Current Date

Search
Close this search box.
Search
Close this search box.

മല്ല്യമാരെ സേവിക്കുന്ന സംവിധാനങ്ങള്‍

kingfisher-mallya.jpg

രാജ്യത്തെ നിയമ സംവിധാനങ്ങളെയും 130 കോടി ജനങ്ങളെയും നോകുകുത്തിയാക്കി വിജയ് മല്ല്യ കഴിഞ്ഞ മാര്‍ച്ച് 2 ന് നാടുകടന്നിരുക്കുന്നു. മാസാമാസം പലിശ അടക്കാതിരുന്നാല്‍ പോലും പാവങ്ങളുടെ കഴുത്തിന് കുത്തിപ്പിടിച്ച് വാങ്ങുന്ന നാട്ടിലാണ് 9000 കോടി കടബാധ്യത വരുത്തി മല്ല്യ മുങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് കേളി കേട്ട നമ്മുടെ രാജ്യത്തെ രാജ്യസഭാംഗം എന്ന നിലയില്‍ ലഭിച്ച പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മല്ല്യ നാടുകടന്നത്. മല്ല്യയെ ചുറ്റിപറ്റിയും, 9000 കോടി കടബാധ്യതയെ ചുറ്റിപറ്റിയുമാണ് ഏതാനും ദിവസങ്ങളായി വാര്‍ത്തകള്‍ നിറഞ്ഞു നില്‍കുന്നത്. വെറുമൊരു മല്ല്യയില്‍ ഒതുങ്ങുന്നതാണോ ഈ പ്രശ്‌നം. 2002-2015 വര്‍ഷത്തിനിടയില്‍ 2.14 ലക്ഷം കോടി രൂപയാണ് കിട്ടാകടമായി ബാങ്കുകള്‍ എഴുതി തള്ളിയത്. ഇതില്‍ 1.14 ലക്ഷം കോടിയും കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ (2013-2015). 2015 ല്‍ മാത്രം 40000 കോടി രൂപയാണ് പൊതുമേഖല ബാങ്കുകളുടെ കിട്ടാകടം. ഇതില്‍ ഏറിയ പങ്കും കോര്‍പറേറ്റുകളുടെത്. 2016 ന്റെ തുടക്കത്തില്‍ കിട്ടാകടം 3.00 ലക്ഷം കോടി കവിഞ്ഞെന്നും 5 ഓ 6 ലക്ഷം ആയിട്ടുണ്ടാവാമെന്നും ബാങ്കിംഗ് മേഖലയിലെ വിദഗ്ദ്ധര്‍ക്കിടയില്‍ സംസാരങ്ങളുണ്ട്. തിരിച്ചടക്കാന്‍ ശേഷി ഉണ്ടായിട്ടും മനപൂര്‍വ്വം തിരിച്ചടക്കാത്തവരാണ് അധിക ഇടപാടുകാരുമെന്ന് ബാങ്കിംഗ് മേഖലയില്‍ ഉള്ളവര്‍ പറയുന്നു. All India Bank Employees Association റിപ്പോര്‍ട്ട് പ്രകാരം 7035 ഇടപാടുകാര്‍ 58792 കോടി രൂപ മനപൂര്‍വ്വം തിരിച്ചടക്കാത്തവരാണെന്നാണ്. ഇത്തരക്കാരില്‍ നിന്ന് പണം തിരിച്ച് പിടിക്കാന്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെ നികുതി പണം ഉപയോഗിച്ച് ബാങ്കുകളെ സഹായിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ബാങ്കിംഗ് മേഖലയെ കൃത്യമായി നിരീക്ഷിക്കാനും നടപടികള്‍ കൈകൊള്ളാനും ശക്തമായ നിയമങ്ങളും സംവിധാനങ്ങളും ഉണ്ടെന്ന് അവകാശപ്പെടുന്ന നാട്ടിലാണ് ഇതെന്ന് ഓര്‍ക്കണം.
    
100 കോടിയിലധികം ബാധ്യത വരുത്തിയവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞപ്പോള്‍ കൃത്യമായ വിവരങ്ങള്‍ കയ്യിലില്ലെന്നാണ് RBIമറുപടി നല്‍കിയത്. RBIക്ക് നേരെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഏതൊരു സാധാരണക്കാരന്റെയും ന്യായമായ ചോദ്യങ്ങളാണ്. നഷ്ട്ടത്തിലാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയതും, ആര്‍ഭാട ജീവിതം നയിക്കുന്നവര്‍ക്കും ലോണുകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ സന്തോഷവാന്മാരാണോ? തിരിച്ചടവ് ലഭിക്കാതിരുന്നിട്ടും പൊതു ധനകാര്യ സ്ഥാപനങ്ങള്‍ ലോണുകള്‍ നല്‍കി കൊണ്ടിരിക്കുമ്പോള്‍, ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന RBIഎന്താണ് ചെയ്യുന്നത്? തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയവരുടെ കൃത്യമായ വിവരങ്ങള്‍ കയ്യിലില്ലാതെ എന്താണ് നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്? 500 കോടിക്ക് മുകളില്‍ കടബാധ്യത വരുത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉടനെ ഹാജറാക്കാനും പരമോന്നത കോടതി ആവശ്യപ്പെടുകയും ചെയ്തു. ലോണുകള്‍ തിരിച്ച് പിടിക്കാനും മറ്റും ബാങ്കുകള്‍ക്ക് പ്രത്യേകം സംവിധാനങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ കാര്യത്തില്‍ ഇതൊന്നും പക്ഷെ പ്രാവര്‍ത്തികമാവാറില്ല. മഹാരാഷ്ട്രയിലെ അന്തേരിയിലെ കിങ്ങ്ഫിഷറിന്റെ ഉടമസ്ഥതയിലുള്ള 17000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വസ്തു വകകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് (PNB) കണ്ടുകെട്ടാന്‍ വഴി തെളിഞ്ഞിട്ടും നടക്കാതെ പോയത് ഒരു ഉദാഹരണം മാത്രം. സാധാരണക്കാരന്റെതാവുമ്പോള്‍ ഏജന്‍സികള്‍ വഴിയും, ഗുണ്ടാ മാഫിയകള്‍ക്ക് കൊട്ടേഷന്‍ നല്‍കിയും കുത്തിപ്പിടിച്ച് വാങ്ങും, കോര്‍പ്പറേറ്റുകളുടെതും, കോടികളുടെ ഇടപാടുകളും ആവുമ്പോള്‍ കൈപൊളും, കാര്യങ്ങള്‍ കോടതികയറി നിരങ്ങി തീരും. ബിസിനസ് സ്ഥാപനങ്ങളും, പ്രമോട്ടര്‍മാരും വ്യത്യസ്ത സംവിധാനമായതിനാല്‍ തന്നെ ബിസിനസ് സ്ഥാപനങ്ങളുടെ കടബാധ്യതയില്‍ നിന്നും വ്യക്തികള്‍ മാറ്റി നിര്‍ത്തപ്പെടും എന്ന അടിസ്ഥാന തത്വം തന്നെ മല്ല്യക്കും രക്ഷയാവും അല്ലെങ്ങില്‍ മല്ല്യയും മറ്റു കോര്‍പ്പറേറ്റുകളും ഇതിനെയാണ് ദുരുപയോഗം ചെയ്യുന്നത്.
    
ബാങ്കുകള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി സാധാരണ നടപ്പ് ശീലങ്ങള്‍ മാത്രമാണെന്നും ആശങ്കകള്‍ക്ക് വകയില്ലെന്നും ഗവണ്‍മെന്റും റിസര്‍വ് ബാങ്കും അടിക്കടി പറയുമ്പോഴും, പൊതു മേഖല ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ധന സഹായങ്ങള്‍ എന്തിനെന്ന ചോദ്യത്തിന് പക്ഷെ ഉത്തരമില്ല. 2018 ഓടെ 70000 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ നല്‍ക്കാന്‍ ഉദേശിക്കുന്നത്. പ്രാഥമികമായി 7940 കോടി രൂപ 2014 ലും, 25000 കോടി രൂപ ഈ ബജറ്റിലും പ്രഖാപിച്ചു. പുറമെ നിലവില്‍ 27 പൊതുമേഖല ബാങ്കുകളിലെ 56% മുതല്‍ 84% വരെ കൈവശമുള്ള ഗവണ്‍മെന്റ് ഓഹരികള്‍ 52% ആയി ചുരുക്കി 160000 കോടി സമാഹരിക്കാനും ഇന്ദ്രധനുഷ് എന്ന് പേരിട്ട പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു. ചുരുക്കി പറഞ്ഞാല്‍ 3 ലക്ഷത്തോളം വരുന്ന കിട്ടാകടങ്ങള്‍ ഘട്ടം ഘട്ടമായി സര്‍ക്കാര്‍ എഴുതി തള്ളും.
    
7 ലക്ഷം കോടി രൂപയോളം നികുതി പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് പുതുതായി പുറത്ത് വന്ന കണക്കുകള്‍ പറയുന്നത്. ഇതില്‍ നല്ലൊരു പങ്കും കോര്‍പറേറ്റ് ഭീമന്‍മാരില്‍ നിന്നാണ്. 6 ടെലികോം കമ്പനികളില്‍ നിന്ന് മാത്രം 12900 കോടിയാണ് കിട്ടാനുള്ളത്.തീര്‍പ്പാവാതെ കിടക്കുന്നവ വേറെയും. ബിസിനസ് വഴി ജനങ്ങളില്‍ നിന്ന് നികുതി പിരിച്ചെടുത്ത് സര്‍ക്കാര്‍ ഗജനാവിലെക്ക് അടക്കാതിരിക്കുക,ബാങ്കുകളുമായി ഒത്തുകളിച്ച് കോടിക്കണക്കിന് രൂപ ലോണ്‍ സംഘടിപ്പിച്ച് തിരിച്ചടക്കാതിരിക്കുക, വ്യവസായ/ കാര്‍ഷിക/ സേവന മേഖലകളെ സംരക്ഷിക്കാനും സഹായിക്കാനുമെന്ന പേരില്‍ ഇതെല്ലാം ഗവണ്‍മെന്റ് എഴുതി തള്ളുക. എല്ലാ ഒത്താശകള്‍ക്കും കൂട്ടായി രാഷ്ട്രിയ നേതൃത്വങ്ങളും. ആര്‍ക്ക് വേണ്ടിയാണ് ഈ ജനാധിപത്യ നിയമ സംവിധാനങ്ങള്‍ നിലകൊള്ളുന്നത്. ഒരു തരത്തില്‍ ഇതും അഴിമതിയായി കണക്കാക്കണം, ബാങ്കുകളെ ഇടനിലക്കാരാക്കി ഒരു തരം വളഞ്ഞ് മൂക്ക് പിടിക്കുന്ന ഏര്‍പ്പാട്.

Related Articles