Current Date

Search
Close this search box.
Search
Close this search box.

മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ മതയുദ്ധം

africans.jpg

മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും അനന്തരഫലമായി ജീവന്‍ നഷ്ടപ്പെട്ട അനവധി പേരുടെ മൃതദേഹങ്ങള്‍ കൊണ്ട് ചരിത്രം അലങ്കോലപ്പെട്ടിരിക്കുന്നു. റോം അഗ്നിക്കിരയാക്കാന്‍ ഉത്തരവിട്ടത് നിറോയാണ്. എന്നിട്ട് കുറ്റം മുഴുവന്‍ ക്രിസ്ത്യാനികളുടെ മേല്‍ ചാര്‍ത്തി. ക്രിസ്തുമതവിശ്വാസികള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.

1506-ല്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ജൂത മതം സ്വീകരിച്ച 5000-ത്തിലധികം പേരാണ് 48 മണിക്കൂറിനുള്ളില്‍ ലിസ്ബണില്‍ വെച്ച് കൂട്ടക്കൊലക്ക് ഇരയായത്. 1572-ല്‍ പാരിസില്‍ 30000-ത്തോളം ഹ്യൂഗനോട്ടുകള്‍ വധിക്കപ്പെട്ടു. ‘സെന്റ് ബാര്‍ത്തൊലൂമ്യു കൂട്ടക്കൊല ദിനം’ എന്ന പേരിലാണ് ചരിത്രത്തില്‍ ഇത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കുരിശു യുദ്ധക്കാര്‍, മതദ്രോഹവിചാരണയുടെ ‘പരിശുദ്ധ’ ഓഫിസ്, അഥവാ മുപ്പത് വര്‍ഷത്തെ യുദ്ധം എന്നിവയാണ് മതപൈശാചികയെ സംബന്ധിച്ച യൂറോപ്യന്‍ ഭീകര പുസ്തകത്തിലെ മറ്റു പ്രധാനപ്പെട്ട അധ്യായങ്ങള്‍.

എന്നിരുന്നാലും, ഭൂതകാല പൈശാചിക കൃത്യങ്ങളുടെ ആഴത്തിലുള്ള മുറിവുകള്‍ മായാതെ അവശേഷിക്കുന്നുണ്ടെങ്കിലും, 20-ാം നൂറ്റാണ്ടിനും 21-ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലയളവില്‍ മത അസഹിഷ്ണുതയും, ഹിംസയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. മതന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള വിദ്വേഷം ഒരു പ്ലേഗ് തന്നെയാണ്. അത് ദശലക്ഷകണക്കിന് പേരെ ഗുരുതരമായി ബാധിച്ചു, മതവിശ്വാസത്തിന്റെ പേരില്‍ അവര്‍ വധിക്കപ്പെട്ടു, പീഢനത്തിന് ഇരയായി, ആട്ടിയോടിക്കപ്പെട്ടു, ബലാത്സംഗം ചെയ്യപ്പെട്ടു.

21-ാം നൂറ്റാണ്ടിലെ മതയുദ്ധങ്ങള്‍
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് (CAR) അതിന്റെ തന്നെ നാശത്തിന്റെ പിടുത്തത്തിലാണ്. മതഅസഹിഷ്ണുത തന്നെയാണ് ഇതിന് പ്രധാന ഹേതു. മുസ്‌ലിം സംഘമായ ‘സെലെക’യും ക്രിസ്ത്യന്‍ അനിമിസ്റ്റ് സംഘമായ ‘ആന്റി-ബലാക’യും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.

പ്രധാനമായും രാഷ്ട്രീയ പ്രേരിതമായി തുടങ്ങിയ ഈ ഏറ്റുമുട്ടലിന് ക്രമേണ മതത്തിന്റെ നിറം കൈവരികയായിരുന്നു. ക്രിസ്ത്യാനികളും മുസ്‌ലിംകളും പരസ്പരം പ്രതികാര കൊലകള്‍ നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 2012-ല്‍, രാജ്യത്തിന്റെ വടക്കു-കിഴക്കന്‍ ഭാഗങ്ങളിലെ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന സായുധ വിമത പ്രസ്ഥാനമായ ‘സെലെക’യും മറ്റു സംഘങ്ങളും അന്നത്തെ പ്രസിഡന്റ് ഫ്രാങ്കോയിസ് ബോസിസിന്റെ ഭരണത്തില്‍ അസംതൃപ്തരായി സര്‍ക്കാറിനെതിരെ സൈനിക ആക്രമണം നടത്തിയതോടു കൂടിയാണ് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകള്‍ക്ക് തുടക്കം കുറിച്ചത്. എന്നിരുന്നാലും ബാങ്കുയിക്ക് അടുത്ത് വെച്ച് സംഘത്തിന്റെ മുന്നേറ്റം തടയപ്പെട്ടെങ്കിലും, 2013 മാര്‍ച്ചില്‍ അവര്‍ അധികാരം പിടിച്ചെടുത്തു. അങ്ങനെ അവരുടെ നേതാവ് മിഷേല്‍ ജൊതോദിയ CAR-ന്റെ പ്രസിഡന്റായി സ്ഥാനമേറ്റു.

അതിന് ശേഷം, തത്വത്തില്‍ സെലെക പിരിച്ചുവിട്ടു. പക്ഷെ അതിലെ നിരവധി അംഗങ്ങള്‍ അധികാരത്തിന്റെ ബലത്തില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ സൈന്യങ്ങളില്‍ ചേര്‍ന്ന് രാജ്യത്തിന് മേല്‍ പൂര്‍ണ്ണമായും അധികാരം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തുടര്‍ന്നു. 2013 ജൂണില്‍ ആന്റി-ബലാക സംഘം സെലെക ഫോഴ്‌സിനെതിരെയുള്ള ആക്രമണത്തിന് തുടക്കമിടുകയും, സാധാരണക്കാരായ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഇതിന് പ്രതികാരമായി സെലെക അമുസ്‌ലിംകളെ കൊന്നൊടുക്കാന്‍ തുടങ്ങി, പ്രത്യേകിച്ച് ഗബായ ഗോത്രക്കാരെ.

Multidimensional Integrated Stabilization Mission in the Central African Republic (MINUSCA) എന്ന ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘത്തിന് രാജ്യത്ത് നടക്കുന്ന കൊള്ളരുതായ്മകള്‍ തടയാനുള്ള ശേഷിയില്ല. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടാത്ത ഒരു സംസ്‌കാരത്താലാണ് CAR ഇന്നും ഭരിക്കപ്പെടുന്നത്. ഇതാണ് പൈശാചികതകള്‍ക്ക് വളംവെച്ചു കൊടുക്കുന്നത്.

മതവിദ്വേഷത്തിന്റെ ഈ പുതിയ അധ്യായത്തില്‍, ആയിരക്കണക്കിന് സിവിലിയന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്; ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. മതാന്ധതയുടെ ഭീകരതയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി 5 ലക്ഷം സിവിലിയന്‍മാര്‍ വീടുകള്‍ ഉപേക്ഷിച്ച് ഓടിപ്പോയി. മതഅസഹിഷ്ണുതയുടെ പ്ലേഗ് ഒരിക്കല്‍ കൂടി രക്തപ്പുഴകള്‍ സൃഷ്ടിച്ചു. കണങ്കാലിന് മുകളില്‍ കൂടിയാണ് അവ ഒഴുകുന്നത്.

പഠിച്ച പാഠങ്ങള്‍
എന്നിരുന്നാലും, പ്രതീക്ഷകളെല്ലാം അവസാനിച്ചിട്ടൊന്നുമില്ല. കൊലപാതകം, ബലാത്സംഗം, ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിപ്പിക്കല്‍, സന്നദ്ധസഹായ ദൗത്യസംഘങ്ങള്‍ക്കെതിരെയുള്ള ആക്രമണം, കുട്ടികളെ സൈനികരായി ഉപയോഗിക്കല്‍ തുടങ്ങിയ യുദ്ധകുറ്റങ്ങളും, മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ഇരുകൂട്ടരും നടത്തിയിട്ടുണ്ടോ എന്ന ഐ.സി.സിയുടെ (INTERNATIONAL CRIMINAL COURT) അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ കാല മതഅസഹിഷ്ണുതകളില്‍ നിന്നും മാനവരാശി ചിലതെല്ലാം പഠിച്ചിട്ടുണ്ട്. പഴയ മതയുദ്ധങ്ങളുമായി ബന്ധപ്പെട്ടാണ് ഐ.സി.സി സ്ഥാപിക്കപ്പെട്ടത്. അവ തന്നെയാണ് അന്താരാഷ്ട്ര നിയമമെന്ന ആധുനിക ആശയത്തിനും, മനുഷ്യാവകാശ നിയമത്തിനും രൂപം നല്‍കിയത്.

ഉദാഹരണമായി, വെസ്റ്റ്ഫാലിയ ഉടമ്പടി. ഈ ഉടമ്പടിയാണ് മുപ്പത് വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര നിയമത്തിന്റെ തറക്കല്ലായിട്ടാണ് ഇതിനെ അധികമാളുകളും ഗണിക്കുന്നത്. ഈ മതയുദ്ധം യൂറോപ്പിനെ അടിമുടി നശിപ്പിക്കുകയും മുപ്പത് ലക്ഷം പേരുടെ ജീവനെടുക്കുകയും ചെയ്തു. ‘ആരുടെ ഭരണമാണോ, അയാളുടെ മതം’ എന്ന സിദ്ധാന്തത്തിന് നാന്ദി കുറിക്കുന്നതിന് യൂറോപ്യന്‍ രാജാക്കന്‍മാര്‍ക്ക് അത് പ്രോത്സാഹനം നല്‍കി. പരമാധികാരം (sovereigtny) എന്ന ആധുനിക ആശയത്തിന്റെ അടിസ്ഥാനമായ ഈ സിദ്ധാന്തം, പ്രൊട്ടസ്റ്റന്റുകള്‍ക്കും കത്തോലിക്കര്‍ക്കും ഇടയിലുള്ള മതപരമായ എല്ലാ ശത്രുതകളെയും അവസാനിപ്പിക്കാനുള്ള വഴികളാണ് ആരാഞ്ഞത്.

അതിനേക്കാളുപരി, ‘മനുഷ്യാവകാശങ്ങള്‍’ എന്ന ആശയത്തിന്റെ വികാസപരിണാമത്തെ കുറിച്ച് മനസ്സിലാക്കാന്‍ മതയുദ്ധങ്ങള്‍ അനിവാര്യമാണ്. സഹിഷ്ണുതയില്‍ അധിഷ്ടിതമായ വോള്‍ട്ടയറുടെ ഉടമ്പടി, അല്ലെങ്കില്‍ മതസഹിഷ്ണുതക്ക് ആഹ്വാനം ചെയ്യുന്നതും, മതഭ്രാന്തിനെ അപലപിക്കുന്നതുമായ, സഹിഷ്ണുതയെ കുറിച്ച് സംസാരിക്കുന്ന ലോക്കെയുടെ കത്തുമാണ് 18-ാം നൂറ്റാണ്ടിലെ മനുഷ്യാവകാശങ്ങള്‍ എന്ന ആശയത്തിന്റെ സുപ്രധാന മുന്‍ഗാമികള്‍. മനുഷ്യാവകാശങ്ങള്‍ എന്ന ആശയം, അതിന്റെ സത്തയില്‍ മതസഹിഷ്ണുത, ന്യൂനപക്ഷങ്ങളെ മാനിക്കല്‍, മതം ആചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രസ്തുത ആശയം 20-ാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര നിയമത്തെ അടിമുടി പരിഷ്‌കരണത്തിന് വിധേയമാക്കി. മതഭ്രാന്തിന്റെയും, മതപരമായ ഹിംസയുടെ സാഹചര്യങ്ങളെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെ അത് ത്വരിതപ്പെടുത്തി.

എവിടെയെങ്കിലും അസഹിഷ്ണുതയോ, കൊള്ളരുതായ്മകളോ നടന്നാല്‍ അവിടങ്ങളില്‍ ഇടപെടാന്‍ അനുവാദം നല്‍കുന്ന പുതിയ തത്വങ്ങളും, കോടതികളും വളരെ പെട്ടെന്ന് തന്നെ അന്താരാഷ്ട്ര സമൂഹത്തിന് കൈവന്നിട്ടുണ്ട്. അതിനാല്‍, മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ സാഹചര്യങ്ങളെ അന്താരാഷ്ട്ര സമൂഹം ഇനിയും കൂടുതല്‍ വൈകിക്കാതെ അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നടമാടുന്ന മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളെ വിചാരണ ചെയ്യാന്‍ CAR-ന്റെ താല്‍ക്കാലിക ഗവണ്‍മെന്റ് സ്ഥാപിച്ച സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതിയുടെ പുരോഗതിയെ അന്താരാഷ്ട്രസമൂഹം നിര്‍ബന്ധമായും പിന്തുണക്കണം. ദേശീയ-അന്താരാഷ്ട്ര ജഡ്ജിമാര്‍ അടങ്ങിയ ഈ ട്രൈബ്യൂണല്‍ ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കും. സംഘട്ടനങ്ങളുടെ നേര്‍ക്കു നേരെയുള്ള ഇരകളായ മധ്യാഫ്രിക്കന്‍ ജനതക്ക് അത് നീതി ലഭ്യമാക്കും.

പ്രസ്തുത കോടതിയുടെ രൂപീകരണത്തിനും, പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും, കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന പൂര്‍വ്വസമ്പ്രദായത്തിനെതിരെയും, ഭാവിയില്‍ കൂട്ടക്കൊലകളില്‍ നിന്നും പൗരന്‍മാരെ സംരക്ഷിക്കുന്നതിനും വേണ്ട സാമ്പത്തികവും ക്രിയാത്മകവുമായ സഹായങ്ങള്‍ അന്താരാഷ്ട്രസമൂഹം അവര്‍ക്ക് നല്‍കേണ്ടതുണ്ട്. അതിനേക്കാളുപരി, ഈ സമീപകാല മതയുദ്ധങ്ങള്‍ ഭൂതകാല തെറ്റുകളില്‍ നിന്നും പാഠം പഠിക്കുന്നതിനും, അന്താരാഷ്ട്രനിയമവും മനുഷ്യ സംരക്ഷണവും വ്യാപകമാക്കുന്നതിനും ഒരു പുതിയ അവസരമാണ് അന്താരാഷ്ട്രസമൂഹത്തിന് നല്‍കിയിരിക്കുന്നത്.

മതഭ്രാന്തിനാലും ഹിംസയാലും ചുറ്റപ്പെട്ട ഈ ലോകത്ത്, വോള്‍ട്ടയറുടെയും ലോക്കെയുടെയും പരസ്പരബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും ആത്മാവ് വീണ്ടെടുക്കേണ്ട സമയം എന്നെത്തേക്കാളുമുപരി ഇന്ന് അനിവാര്യമായിരിക്കുകയാണ്. എല്ലാ മതവിശ്വാസികള്‍ക്കും സമാധാനത്തോടെ സഹവര്‍ത്തിക്കാന്‍ കഴിയുന്ന സമൂഹങ്ങളുടെ സൃഷ്ടിയെ സഹായിക്കേണ്ട സമയമാണിത്.

(അന്താരാഷ്ട്ര ക്രിമിനല്‍ നിയമ വിദഗ്ദനാണ് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ബ്യൂറോ അംഗമായ ടോബി കാഡ്മാന്‍.)

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : അല്‍ജസീറ

Related Articles