Current Date

Search
Close this search box.
Search
Close this search box.

മഅ്ദനി എന്താണ് ഇനിയുമൊരു മുസ്‌ലിം രാഷ്ടീയ ചോദ്യമാവാത്തത്?

madani.jpg

ജാമ്യാപേക്ഷ തള്ളപ്പെടുന്നതിലൂടെയ്യും നീട്ടി വക്കുന്നതിലൂടെയുമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി അബ്ദുന്നാസിര്‍ മഅ്ദനി വാര്‍ത്തയാവുന്നത്. തികഞ്ഞ നീതി നിഷേധം ഒരായിരം തവണ ആവര്‍ത്തിച്ചാലും വിളികേള്‍ക്കാത്ത നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഈ  വാര്‍ത്തകള്‍ ഇനിയും തുടരുമെന്ന് നമ്മുക്കെല്ലാം അറിയാം. ഈ തുടര്‍ച്ചക്കിടയില്‍ മഅ്ദനിക്കായുള്ള സമരങ്ങള്‍ക്ക് നഷ്ടപ്പെട്ട് പോകുന്ന ചില ചോദ്യങ്ങളെ വീണ്ടടുക്കാനാണ് ഈ കുറിപ്പ്.

മുസ്‌ലിം സമുദായത്തിന്റെ ന്യായമായ വികാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു നേതൃനിരയുടെ അഭാവത്തിലാണ് മഅ്ദനി തന്റെ ഇടം രൂപപ്പെടുത്തിയത്. മുസ്‌ലിം പാരമ്പര്യത്തില്‍ നിന്ന് മഅ്ദനി രൂപപ്പെടുത്തിയ ഇസ്‌ലാമിക രാഷ്ട്രീയം സൂഫീ വേരുകളില്‍ നിന്ന് പടുത്തുയര്‍ത്തിയ മുസ്‌ലിം സാമൂഹികതയുടെ ചരിത്രത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഈ രാഷ്ട്രീയം പ്രത്യക്ഷത്തില്‍ തന്നെ ചേര്‍ത്ത് നിര്‍ത്തിയിരുന്ന ഇസ്‌ലാമിക അടയാളങ്ങള്‍ മറ്റേതൊരു മുസ്‌ലിം സാന്നിധ്യത്തെയും പോലെതന്നെ ‘പുരോഗമന മതേത്വര’ കേരളത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. ഇന്നും പലവിധത്തില്‍ തുടരുന്ന ഈ ‘അസ്വസ്ഥത’കളെയാണ് തീവ്രവാദം വൈകാരികത എന്നല്ലാം വിവക്ഷിച്ച് ഇനിയും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നത്.
    
തമിഴ്‌നാട് ജയിലിലെ പത്തോളം വര്‍ഷങ്ങളും കര്‍ണാടകയിലെ ഈ കഴിഞ്ഞ മൂന്നര വര്‍ഷവും മഅ്ദനിയുടെ നീതിക്കായി വിത്യസ്ഥ സമരങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ട്. അനേകം സംഘടനകള്‍, വ്യത്യസ്ത തുറകളിലുള്ള വ്യക്തികള്‍, വ്യത്യസ്ത പ്രദേശങ്ങള്‍ എന്നിവയെല്ലാം  ഉള്‍കൊള്ളുന്ന ഈ ഈ സമരങ്ങള്‍ എന്ത് കൊണ്ട് നീതി നേടിത്തരുന്ന ഒരു ശബ്ദമായി മാറുന്നില്ല/മാറിയില്ല എന്നതിന്റെ പ്രധാന കാരണം മഅ്ദനി ഉയര്‍ത്തിയ ‘അസ്വസ്ഥത’കളെ ഈ സമരങ്ങളൊന്നും തന്നെ അഭിമുഖീകരിക്കുന്നില്ല എന്നതാണ്. സാമാന്യാര്‍ത്ഥത്തില്‍ മഅ്ദനി അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണങ്കിലും ‘മനുഷ്യാവകാശം’ എന്ന പേരില്‍ മഅ്ദനിക്കായി ഉയര്‍ന്നു വന്ന സമരങ്ങള്‍ക്ക് അദ്ദേഹം ഉയര്‍ത്തിയ രാഷ്ടീയ ചോദ്യങ്ങളെ  പരിഗണിക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്. അത് ‘മനുഷ്യാവകാശം’ എന്ന സമൂഹിക വ്യവഹാരത്തിന്റെ തന്നെ അടിസ്ഥാന പരിമിതിയുമാണ് എന്ന് പ്രമുഖ ഇറ്റാലിയന്‍ ഫിലോസഫര്‍ അകമ്പന്‍ (Giorgio Agamben, ‘Beyond Human Rights’ -1993) നിരീക്ഷിക്കുന്നുണ്ട് (Andrew Schaap, Political Abandonment and the Abandonment of Politics in Agamben’s Critique of Human Rights). സമാന നിരീക്ഷണം പ്രമുഖ സാംസ്‌കാരിക നരവംശ ഗവേഷകനായ തലാല്‍ അസദും (Talal Asad, What Do Human Rights Do? An Anthropological Enquiry. -2000) ഉന്നയിക്കുന്നുണ്ട് . മുസ്‌ലിം, ദലിത്, കറുത്തവന്‍, ഇതര ന്യൂനപക്ഷങ്ങള്‍ എന്നി സവിശേഷതകള്‍ ജീവിതത്തിന്റെ ഭാഗമായതിനാല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ ‘മനുഷ്യന്‍’ എന്ന ഒറ്റ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അവരുടെ പ്രശ്‌നങ്ങളെ അതിന്റെ വേരുകളില്‍ നിന്ന് മനസിലാക്കുക സാധ്യമല്ല. ഈ പരിമിതികളെ പരിഗണിക്കാതെ സമരങ്ങള്‍ക്ക് മുന്നോട്ട് പോകാനും സാധിക്കുകയില്ല. ഈ പരിമിതികളെകൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു മനുഷ്യാവകാശ സമര വ്യവഹാരമാണ് മഅ്ദനിയുടെ മോചനത്തിനായി ഉയര്‍ന്ന് വരേണ്ടത്.

മഅ്ദനി ഉയര്‍ത്തിയ അസ്വസ്ഥതകളില്‍ പ്രധാനം ബാബരിയാനന്തര ഇന്ത്യയിലെ ഒരു മുസ്‌ലിമിന്റെ സ്വഭാവിക വികാരങ്ങളായിരുന്നു. വലതുപക്ഷ ഫാസിസത്തിന്റെയും മതേതരത്വത്തിന്റെയും വികാരങ്ങളാല്‍ ബന്ധിതമായ ഇന്ത്യ പോലുള്ള ഒരു സമൂഹത്തില്‍ സുരക്ഷിതത്വം നഷ്ടപ്പെട്ട ഒരു സമുദായത്തിന്റെ വികാരങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി പരിഹരിക്കാനാവശ്യമായ സംവിധാങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. എന്നാല്‍ അതിനു പകരം മഅ്ദനിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സ്വസ്ഥത നഷ്ടപ്പെട്ട വലതു പക്ഷ ഫാസിസവും ന്യായസാധുത നഷ്ടപ്പെട്ട മതേതര/ഇതര പക്ഷങ്ങളും മഅ്ദനി ഉയര്‍ത്തിയ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി അതിന് തീവ്രവാദ മുദ്രപതിച്ചു നല്‍കി മാറ്റി നിര്‍ത്തുകയായിരുന്നു. ഈ മാറ്റി നിര്‍ത്തലിന്റെ ഭാഗമായിതന്നെയാണ് മഅ്ദനിക്കെതിരെയുള്ള വ്യാജ കേസുകളും അദ്ദേഹത്തിന്റെ നീണ്ട കാലത്തെ ജയില്‍ ജീവിതവും രൂപപ്പെടുന്നത്. മഅ്ദനിയുടെ ചോദ്യങ്ങളില്‍ അവശേഷിക്കുന്ന ‘തീവ്രവാദം,’ ‘വൈകാരികത’ എന്നിങ്ങനെ മുദ്രകുത്തപ്പെട്ട വിവക്ഷകളെ കൂടി അഭിമുഖീകരിക്കുമ്പോഴാണ് മഅ്ദനിക്കായുള്ള സമരത്തിന് കൂടുതല്‍ മാനങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

ജയിലടക്കപ്പെട്ട നിരപരാധികളുടെ പ്രതിനിധിയായാണ് മഅ്ദനിയെ മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഉയര്‍ത്തിക്കാട്ടാറ്. എന്നാല്‍, മഅ്ദനി താന്‍ ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങളുടെ കൂടി തടവുകാരനാണന്ന യാഥാര്‍ത്ഥ്യത്തെയാണ് ഈ പ്രതീകവല്‍ക്കരണം മറച്ച് വക്കുന്നത്. ഇതിലൂടെ, മുസ്‌ലിം സമുദായത്തിന്റെ സുരക്ഷിതത്വവും അടിച്ചമര്‍ത്തപ്പെട്ട ഇതര സമൂഹങ്ങളുടെ പ്രാതിനിധ്യവും മുന്‍നിര്‍ത്തി അദ്ദേഹം ഉയര്‍ത്തിയ രഷ്ട്രീയ ചോദ്യങ്ങളെ കൂടിയാണ് തടവറയിലിട്ടിരിക്കുന്നത്. ഇസ്‌ലാമിക വേരുകളില്‍ നിന്ന് അദ്ദേഹം ഉയര്‍ത്തിയ അടിച്ചമര്‍ത്തപ്പെട്ടവന് അധികാരം എന്ന രാഷ്ട്രീയ മുദ്രാവാക്യം മതേതര ഇന്ത്യയില്‍ അസ്വസ്ഥതകളോടെ കഴിയുന്ന ഒരു സമുദായം ഉയര്‍ത്തുന്ന ഏറ്റവും വലിയ രഷ്ട്രീയ ചോദ്യമാണ്. ഈ അര്‍ത്ഥത്തില്‍ മഅ്ദനിക്കായുള്ള സമരങ്ങളെ വളര്‍ത്തിയെടുക്കുമ്പോള്‍ മാത്രമേ പീഡിത ജനതകളുടെ വിശാല ഐക്യം എന്ന മഅ്ദനിയോടൊപ്പം ജയിലിലടക്കപ്പെട്ട രാഷ്ട്രീയ സ്വപ്നത്തേയും മോചിപ്പിക്കാനാവൂ. മഅ്ദനി ഉയര്‍ത്തിയ മുസ്‌ലിം ചോദ്യത്തോടൊപ്പം മഅ്ദനികൂടി ഒരു മുസ്‌ലിം ചോദ്യമായിമാറുന്ന സമരത്തിലാണ് മഅ്ദനിയുടെ രാഷ്ട്രീയ സ്വപനത്തിന്റെ ഭാവി.

(ഈ ലേഖനത്തിലൂടെ ലേഖകന്‍ ഒരു പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. വായനക്കാരില്‍ ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകാം. നിങ്ങളുടെ പ്രതികരണങ്ങള്‍ [email protected] ലേക്ക് അയക്കുക. ശ്രദ്ധേയമായ പ്രതികരണങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവ് പ്രസിദ്ധീകരിക്കുന്നതാണ്.)

Related Articles