Current Date

Search
Close this search box.
Search
Close this search box.

ഭൂതകാലത്തെ സംഹരിക്കുന്നവര്‍ക്ക് ഭാവിയെ നിര്‍മിക്കാനാവില്ല

tariqsuvaidan.jpg

ഭൂതകാലത്തെ സംഹരിക്കുന്നവര്‍ക്ക് ഭാവിയെ നിര്‍മിക്കാനാവില്ല ഇറാഖിലെ മോസുളിലെ പുരാതന മൂസിയം ഐസിസ് തകര്‍ത്തപ്പോള്‍ ഡോ. ത്വാരിഖ് സുവൈദാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വരികളാണ് മുകളില്‍ കുറിച്ചത്. തന്റെ സവിശേഷമായ കാഴ്ച്ചപ്പാടുകളിലൂടെയും പരിപക്വമായ നിലപാടുകളിലൂടെയും അറബ് ലോകത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ഡോ. സുവൈദാന്‍. സമകാലിക വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍, വെച്ച് പുലര്‍ത്തുകയും, തന്റെ നിരീക്ഷണങ്ങള്‍ സമൂഹത്തോട് തുറന്നു പറയുകയും ചെയ്യാറുണ്ട്, അദ്ദേഹം. പ്രത്യേകിച്ചും മുസ്‌ലിം പ്രശ്‌നങ്ങളിലും, അറബ്–മുസ്‌ലിം ലോകത്ത് നടക്കുന്ന ചലനങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും, അഭിപ്രായങ്ങള്‍ക്കും സവിശേഷമായ സ്ഥാനമുണ്ട്. അതിലുപരി മുസ്‌ലിം നേതൃത്വങ്ങള്‍ക്ക് സമകാലീന പ്രശ്‌നങ്ങളില്‍ ഡോ. സുവൈദാന്‍ മുന്നോട്ടു വെക്കുന്ന ചിന്തകളെ തങ്ങളുടെ നയരൂപീകരണത്തില്‍ നല്ലൊരു പരിധിവരെ ആശ്രയിക്കാവുന്നതാണ്.

വിവിധ സമകാലിക സംഭവങ്ങളില്‍ സോഷ്യല്‍ മീഡിയകളിലൂടെയും, തന്റെ  പ്രഭാഷണങ്ങളിലൂടെയും ഡോ. സുവൈദാന്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ചിലത് വായനക്കാരുമായി പങ്ക് വെക്കുന്നു:

ഐസിസ്
2014 ഒക്ടോബര്‍ പാസ് ഇന്ററര്‍നാഷണല്‍ ബ്യൂറോയും പാസ് യൂത്ത് ഇന്റര്‍നാഷണല്‍ ബ്യൂറോയും സംയുക്തമായി ‘ഇസ്‌ലാം, ജനാധിപത്യം, ഐ.എസ്’ എന്ന തലകെട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ ഐ.എസിനെ കുറിച്ച് സൂക്ഷ്മവും കൃത്യവുമായ വിലയിരുത്തലുണ്ട്, രൂക്ഷമായ രീതിയില്‍ തന്നെ:
‘സുന്നി വിശ്വാസം വെച്ച് പുലര്‍ത്തുന്ന, സുന്നി ഖവാരിജുകള്‍. അവരുടെ പ്രവര്‍ത്തിയും, ചിന്തയും എല്ലാം ഖവാരിജുകള്‍ക്ക് സമാനമായത്. ഈ കൂട്ടര്‍ വളരെ അപകടകാരികളാണ്.സാധാരണ ജനങ്ങള്‍ക്ക്  മാത്രമല്ല ഇവര്‍ അപകടകാരികളാകുന്നത്, രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും, സമാധാനത്തിനും, സ്ഥിരതക്കും, വിഘ്‌നം സൃഷ്ടിക്കുന്നവരുമാണ്. അതിലുപരി ഇസ്‌ലാമിനും, മുസ്‌ലിംകള്‍ക്കും വരെ അവര്‍ അപകടം ചെയ്യുന്നു. അതുകൊണ്ട് ആരുമായി സഖ്യം ഉണ്ടാക്കിയാണെങ്കിലും അവരെ ഉന്മൂലനം വരുത്തേണ്ടത് ആവശ്യമാണ്. അലി(റ) ഖവാരിജുകള്‍ക്കെിതിരെ സ്വീകരിച്ച അതെ സമീപനം സ്വീകരിക്കണം.’

2014 സെപ്റ്റംബര്‍ 23-നുള്ള പോസ്റ്റില്‍ ‘ഭീകരത’ക്ക് അദ്ദേഹം നല്‍കുന്ന വിശദീകരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലെ സന്തുലിതത്വം വ്യക്തമാക്കുന്നു: ‘രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്  വേണ്ടി ജനങ്ങളുടെ ജീവനും, സ്ഥാപനങ്ങള്‍ക്കും  നേരെ നടക്കുന്ന ആക്രമണം.’ മുസ്‌ലിംകളും അമുസ്‌ലിംകളും, ജനങ്ങള്‍ക്ക് നേരെ അതിക്രമം കാണിക്കാത്ത സൈനികരും അല്ലാത്തവരുമെല്ലാം ഈ നിര്‍വചനത്തിന്റെ കീഴില്‍ വരുന്നു. തീവ്രവാദികളും, ഭീകരവാദികളുമായ മുസ്‌ലിംകള്‍ അവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അപകടകാരികളാണ്. എന്തുകൊണ്ടെന്നാല്‍, അവര്‍ ജനങ്ങള്‍ക്ക് മാത്രമല്ല ഇസ്‌ലാമിനും അപകടം വരുത്തി വെക്കുന്നു. അവര്‍ ചെയ്യുന്ന സകല ക്രൂരകൃത്യങ്ങളും ഇസ്‌ലാമിന്റെക പേരില്‍ കെട്ടിവെക്കുന്നു’.

 

2015 മാര്‍ച്ച്  9ന് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ മുകളില്‍ ഉദ്ധരിച്ച വസ്തുതകളെ ഒന്നുകൂടി ഊന്നിപ്പറയുന്നു, അദ്ദേഹം. മാത്രമല്ല അടുത്ത നാളുകളില്‍ ഐസിസ് നടത്തിയ മനുഷ്യഹത്യകളെ ഇസ്‌ലാമിന്റെ  പേരില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതില്‍ അതിശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. കാടത്തം നിറഞ്ഞ ഇത്തരം പൈശാചിക ചെയ്തികളെ വേദനയോടെ അനുസ്മരിച്ചുകൊണ്ട്, സമൂഹം ഒന്നായി നേരിടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാട്ടുന്നു: ‘പ്രതിമകള്‍ തകര്‍ക്കപ്പെടേണ്ടതാണ്’ എന്ന വാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചരിത്രപരമായ ശേഷിപ്പുകളെ തച്ചുടച്ച് സംസ്‌കാരശൂന്യമായ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇസ്‌ലാമിക ചരിത്രവുമായി ബന്ധിപ്പിക്കുന്നത് എന്നെ വളരെയധികം വ്യസനിപ്പിക്കുന്നു. ആരാധനയ്ക്ക് പാത്രമായ ബിംബങ്ങള്‍ അല്ലാതെ മറ്റൊന്നിനെയും ഇസ്‌ലാമിക ചരിത്രത്തില്‍ തകര്‍ത്തതായി കാണാന്‍ കഴിയുകയില്ല. ചരിത്രമില്ലാതെ ഭാവിയെ മനസ്സിലാക്കാന്‍ കഴിയുകയില്ല.’ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം, ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നിലകൊണ്ടുള്ള ആധികാരിക വീക്ഷണമാണ് ഡോ. സുവൈദാന്റേത്.

ഐസിസിന്റെ പ്രവര്‍ത്തനങ്ങളെ വിശദമായി പഠന വിധേയമാക്കുന്ന അദ്ദേഹം, അവസാനമായി പ്രസദ്ധീകരിച്ച തന്റെ ‘ഇസ്‌ലാമിക ചരിത്രം സമഗ്രപഠനം’ എന്ന പുസ്തകത്തിന്റെ പണിപുരയില്‍ നിന്നുമുള്ള ചില അനുഭവങ്ങള്‍ സ്മരിക്കുന്നുണ്ട്. ‘ഇസ്‌ലാമിക ചരിത്രത്തെ കുറിച്ചുള്ള പഠനത്തില്‍ ഞാന്‍ സ്തംഭിച്ചു നിന്ന ചില ഘട്ടങ്ങളുണ്ട്. ഖവാരിജുകള്‍ രംഗപ്രവേശം ചെയ്ത സമയം. അവര്‍ മഹാനായ പണ്ഡിതനും അമീറുല്‍ മുഅ്മിനീനുമായ അലി ബിന്‍ അബിത്വാലിബ്(റ) അടക്കമുള്ള സഹാബാക്കളുടെ മേല്‍ ദൈവനിഷേധം (തക്ഫീര്‍)  ആരോപിച്ചു. നിരപരാധികളായ മനുഷ്യരുടെ രക്തംചിന്തുന്നതും, ജനങ്ങളെ പള്ളികളില്‍ വെച്ച് പോലും വധിക്കുന്നതും അവര്‍ അനുവദനീയമാക്കി. അവര്‍ അബ്ദുല്ല ബിന്‍ ഖബ്ബാബ് ബിന്‍ അല്‍-അറത്തിനെ വധിച്ചു; ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ് പ്രിയപത്‌നിയുടെ വയര്‍ കുത്തികീറി. എന്നിട്ടും എന്തുകൊണ്ടാണ് ആയിരകണക്കിന് ആളുകള്‍ അവരിലേക്ക് ചേക്കേറിയത് എന്നതില്‍ എനിക്ക് അത്ഭുതകരമായി തോന്നി. അതിന്റെ കാരണം, ഞാന്‍ കണ്ടെത്തിയത്, ഇപ്രകാരമാണ്; വികാരഭരിതരായ യുവാക്കളെ ആകര്‍ഷികക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. ‘അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും  വിധിക്കാന്‍ അവകാശമില്ല’, ‘അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക്  മരണം’ ‘ദീനിന്റെ പവിത്രത സംരക്ഷിക്കുക’ ‘മുസ്‌ലിംകള്‍ക്ക് മാത്രമാണ് ഔന്നത്യം’ ‘ശരിയായ ഖിലാഫത്ത് പുന:സ്ഥാപിക്കുക’ ‘ഉലമാക്കള്‍ വഴിപിഴച്ചു, അവര്‍ ദീനിനെ വിറ്റു’ ഇങ്ങിനെ മനസ്സുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു അവരുടെ കൈമുതല്‍. ജനങ്ങള്‍ പണ്ഡിതരെയും, സ്വന്തം ബുദ്ധിയേയും, യുക്തിയേയും കൈവെടിഞ്ഞു ഖവാരിജുകളിലേക്ക് ചേക്കേറിയതിന്റെ കാരണം ദാഇശി (ഐ.എസ്)ന്റെ പ്രവര്‍ത്തനങ്ങള്‍ കാണുന്നതുവരെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല’.

ചുരുക്കത്തില്‍, ഇത്തരം വിഷയങ്ങളില്‍ ഇസ്‌ലാമിക സമൂഹം സ്വീകരിക്കേണ്ട നയനിലപാടുകള്‍ എന്തായിരിക്കണം എന്നുള്ള വ്യക്തമായ കാഴ്ചപ്പാടാണ് ഡോ. സുവൈദാന്‍ മുന്നോട്ട് വെക്കുന്നത്.

അറബ് നാടുകളിലെ ജനകീയപ്രശ്‌നങ്ങള്‍
ഐസിസ് ഭീകരതയുമായി ബന്ധപ്പെട്ട് ഇത്തരം സമീപനങ്ങള്‍ ഒരു വശത്ത് സ്വീകരിക്കുമ്പോള്‍, മറുവശത്ത് തുനീഷ്യ, ഈജിപ്ത്, യമന്‍, സിറിയ തുടങ്ങിയ അറബ് നാടുകളില്‍ നടക്കുന്ന ജനകീയ സമരങ്ങളിലെ തന്റെ നിലപാടുകളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

ഇറാഖ്, സിറിയ പ്രശ്‌നങ്ങളിലെ എന്റെ വിശദീകരണം എന്ന മുഖവുരയോടെ മാര്‍ച്ച്  9-ന് എഴുതിയ പോസ്റ്റില്‍ പറയുന്നത് ഇങ്ങിനെയാണ്: ‘ഇറാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന വിഭാഗീയതക്ക് ഇന്ധനം നല്‍കുന്ന തരത്തിലുള്ള വക്രമായ രാഷ്ട്രീയനയം മുസ്‌ലിംകള്‍ക്ക്  മാത്രമായിരിക്കും നഷ്ടം വരുത്തുക. അതില്‍ വലിയ നഷ്ടം അനുഭവിക്കേണ്ടി വരിക ഇറാനുമായിരിക്കും. സിറിയയില്‍ ബശാറിന്റെ ഭരണകൂടത്തെ പിന്താങ്ങുന്നതും, ഇറാഖിലെയും ഇറാനിലെയും സുന്നി വിരുദ്ധ വിഭാഗിയതയെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇറാന്റെയും, ഹിസ്ബുല്ലയുടെയും നിലപാടുകള്‍ കുറ്റകരവും, വിദ്വേഷവും ദുഷിച്ചു നാറിയ വിഭാഗീയതയും നിറഞ്ഞതുമാണ്. അവര്‍ അവകാശപ്പെടുന്നതുപോലെ, അതിനു ഇസ്‌ലാമുമായി ബന്ധമില്ലെന്ന് മാത്രമല്ല, ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക്  കടകവിരുദ്ധവുമാണ്. ഇറാഖിലെയും, സിറിയയിലെയും സുന്നികള്‍ക്കും ശിയാക്കള്‍ക്കും െ്രെകസ്തവര്‍ക്കും മറ്റു നിരപരാധികളായ മനുഷ്യര്‍ക്കും നേരെ നടക്കുന്ന ക്രൂരകൃത്യങ്ങളില്‍ എന്റെ മനസ്സ് വേദനിക്കുന്നു. ഈ രാജ്യങ്ങളിലെ പൊതുസമൂഹം ഈ ദുഷിച്ച വിഭാഗിയ ഇടപ്പെടലുകള്‍ക്ക്  എതിരെ നിലയുറപ്പിക്കുകയും, സാധ്യമാകുന്ന മാര്‍ഗങ്ങളിലൂടെ ചെറുത്ത്‌തോല്‍പിക്കുകയും ചെയ്യേണ്ടത് അനിവാര്യവുമാണ്.’
 
‘ഇസ്‌ലാം ആത്യന്തികമായി ലക്ഷ്യം വെക്കുന്നതെന്ത്?’ തന്റെ പ്രഭാഷണങ്ങളിലും, എഴുത്തുകളിലും മറ്റും ഡോ. സുവൈദാന്‍ ആവര്‍ത്തിച്ചു ചോദിക്കുന്ന ചോദ്യമാണിത്. ‘ഇഹലോകത്തും പാരത്രികലോകത്തും മനുഷ്യന് സന്തോഷം പ്രദാനം ചെയ്യുക, ഇതാണ് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്’, എന്ന വിശാലമായ കാഴ്ച്ചപ്പാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നത്.

Related Articles