Current Date

Search
Close this search box.
Search
Close this search box.

ഭീഷണികൾക്ക് മുമ്പിൽ തകരുന്നതല്ല ഖത്തറിന്റെ മൂല്യങ്ങൾ

Tamim-bin-Hamad.jpg

നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ ദിവസം (ജൂലൈ 21) രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം:

ബിസ്മില്ലാഹി റഹ്മാനി റഹീം. ആദരണീയരായ പൗരന്‍മാരെ, ഖത്തറിന്റെ മണ്ണില്‍ ജീവിക്കുന്ന നല്ലവരായ ആളുകളേ, സഹോദരീ സഹോദരന്‍മാരെ, നമ്മുടെ നാട് കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിലാണ് ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. നാം കടന്നുപോകുന്ന ഘട്ടത്തെ വിലയിരുത്തുന്നതിനും നല്ല ഭാവിക്കും വേണ്ടിയാണ് ഈ സംസാരം. നമ്മുടെ ജനത തങ്ങള്‍ അതിന് യോഗ്യരാണെന്ന് തെളിയിച്ചിരിക്കുകയാണ്. കാരണം നാമെല്ലാം പ്രകടിപ്പിച്ചിരിക്കുന്നത് ഐക്യദാര്‍ഢ്യവും പരസ്പര പൊരുത്തവും ചെറുത്തുനില്‍പുമാണ്. നമ്മുടെ സമൂഹത്തെയും ജനതയെയും കുറിച്ച അജ്ഞത കാരണം അവരുടെ മോഹങ്ങളെല്ലാം തകര്‍ത്തെറിയപ്പെട്ടിരിക്കുകയാണ്.

ഉപരോധത്തിന്റെ തുടക്കം മുതല്‍ ഖത്തറിലെ ജീവിതം സാധാരണ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് നിങ്ങള്‍ക്കറിയാം. ഖത്തര്‍ ജനത സ്വയംസന്നദ്ധരായി തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ നിലകൊള്ളുകയായിരുന്നു. ഈ മണ്ണില്‍ ജീവിക്കുന്ന ഓരോരുത്തരും ഖത്തറിന്റെ വക്താക്കളായി മാറുകയായിരുന്നു. ഉപരോധത്തിനും പ്രചാരങ്ങള്‍ക്കും എതിരെ നിലകൊണ്ട ഈ ജനതയുടെ ഉയര്‍ന്ന ധാര്‍മിക നിലവാരത്തെ കുറിച്ച് അഭിമാനത്തോടെ ഞാന്‍ സൂചിപ്പിക്കട്ടെ. രാജ്യങ്ങള്‍ക്കിടയിലെ അന്താരാഷ്ട്ര ബന്ധത്തില്‍ പരിചിതമല്ലാത്ത ഉപരോധത്തിനും ശക്തമായ പ്രചാരങ്ങള്‍ക്കും വിധേയരായിട്ടും സ്ഥിതിഗതികളെ അഭിമുഖീകരിക്കുന്നതില്‍ അവര്‍ കാണിച്ച ഉയര്‍ന്ന നിലവാരം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

അക്ഷരാര്‍ഥത്തിലൊരു ധാര്‍മിക പരീക്ഷണമായിരുന്നു ഇത്. നമ്മുടെ സമൂഹം അതില്‍ വലിയ വിജയം വരിച്ചു. വിയോജിപ്പുകളുടെയും സംഘര്‍ഷങ്ങളുടെയും സന്ദര്‍ഭത്തില്‍ പോലും നാം മൂല്യങ്ങളും അടിസ്ഥാനങ്ങളും പാലിച്ചു എന്ന് തെളിയിച്ചിരിക്കുകയാണത്. ഈ രീതി തുടരാനും നമ്മുടെ അടിസ്ഥാനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും നിരക്കാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുമാണ് എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നത്. ജനത അവരുടെ കൃത്യമായ ധാരണയും രാഷ്ട്രീയബോധവും കൊണ്ട് തങ്ങളുടെ രാജ്യത്തിനെതിരെ നടക്കുന്ന കാമ്പയിന്റെ അപകടവും അതിന് മേല്‍ അടിച്ചേല്‍പിച്ച ഉപരോധത്തിന്റെ ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞു.

ആരോപണങ്ങളുടെയും പ്രചാരണങ്ങളുടെയും കട്ടിയുള്ള മറക്ക് പിന്നിലേക്കും അവര്‍ നോട്ടമെറിഞ്ഞു. അതവരെ ആശങ്കയിലോ തെറ്റിധാരണകളിലോ അകപ്പെടുത്തിയില്ല. ഈ നാടിന് മേല്‍ രക്ഷാകര്‍തൃത്വം അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ മനസ്സിലാക്കി. പ്രചാരണങ്ങളുടെയും ഭീഷണികളുടെയും ശാസനകളുടെയും ഭാഷക്ക് കീഴൊതുങ്ങുന്നതിന്റെ അപകടവും അവര്‍ തിരിച്ചറിഞ്ഞു.

ഈ കാമ്പയിനും അതിന് തുടര്‍ന്നുണ്ടായ നീക്കങ്ങളും നേരത്തെ ആസൂത്രണം ചെയ്തതായിരുന്നുവെന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കുകയാണ്. അത് ആസൂത്രണം ചെയ്തവരും നടപ്പാക്കിയവരും ഇല്ലാത്ത പ്രസ്താവനകള്‍ ഉയര്‍ത്തി ഖത്തറിന്റെ പരമാധികാരത്തിന് നേരെ അതിക്രമത്തിന് മുതിര്‍ന്നിരിക്കുകയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ലോകരാഷ്ട്രങ്ങളെയും ജനങ്ങളെയും തെറ്റിധരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്. ഇത്ര പച്ചയായ അതിക്രമം ലോകം അംഗീകരിക്കില്ലെന്ന് ഈ പദ്ധതികള്‍ നടത്തിയവര്‍ മനസ്സിലാക്കിയില്ല. ജനങ്ങള്‍ തങ്ങളുടെ ബുദ്ധിക്ക് നിരക്കാത്ത വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കില്ലെന്നും അവര്‍ തിരിച്ചറിഞ്ഞില്ല. അതിന്റെ പ്രായോഗികതയില്‍ അവര്‍ക്ക് തന്നെ വലിയ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പൊതുവികാരം മാനിക്കുന്ന അറബ് രാഷ്ട്രങ്ങളും അല്ലാത്ത രാഷ്ട്രങ്ങളും നമുക്കൊപ്പം നിലകൊള്ളുകയാണ് ചെയ്തത്. നന്നെ ചുരുങ്ങിയത് ഉപരോധക്കാര്‍ക്കൊപ്പം ചേരാതിരിക്കാനെങ്കിലും അവര്‍ ശ്രദ്ധിച്ചു.

പാശ്ചാത്യ ലോകത്തെ ചില വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുന്ന തീവ്രവാദ ആരോപണങ്ങളെ അവലംബിച്ചായിരുന്നു ഈ രാഷ്ട്രങ്ങളുടെ നീക്കം. എന്നാല്‍ കേവലം രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ ഭീകരാരോപണം നടത്തുന്നതും ഒരു രാഷ്ട്രത്തിന്റെ ചിത്രം വികൃതമാക്കുന്നതും നമ്മെ പോലെ പാശ്ചാത്യ സമൂഹവും അംഗീകരിക്കില്ലെന്ന് വളരെ പെട്ടന്ന് അവര്‍ക്ക് വ്യക്തമായി. ഈ സ്വഭാവം അക്രമമാണെന്നതിലുപരിയായി ഭീകരതക്കെതിരെയുള്ള പോരാട്ടത്തെയും ദോഷകരമായി ബാധിക്കും. നമുക്ക് മേല്‍ അവര്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച ഉപാധികളോടുള്ള ലോകത്തിന്റെ പ്രതികരണത്തില്‍ അത് വളരെ വ്യക്തമായി.

ഖത്തര്‍ സ്വീകരിക്കുന്ന സ്വതന്ത്രമായ വിദേശകാര്യ നയത്തോട് വിയോജിപ്പുള്ളവര്‍ ജി.സി.സിയില്‍ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് എന്നും നമുക്കറിയാം. അതിലെ ചില രാഷ്ട്രങ്ങളുടെ നയങ്ങളോട് നമുക്കും യോജിപ്പില്ല. അറബ് ജനതയുടെ താല്‍പര്യങ്ങളോടുള്ള സമീപനം, ന്യായമായ പ്രശ്‌നങ്ങളിലെ നിലപാട്, അധിനിവേശത്തിനെതിരെയുള്ള ന്യായമായ പ്രതിരോധത്തെയും ഭീകരതയെയും വേര്‍തിരിക്കുന്നതിലെ സമീപനം തുടങ്ങിയ അതില്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ അഭിപ്രായം മറ്റാര്‍ക്കും മേല്‍ അടിച്ചേല്‍പിക്കാന്‍ നാം ശ്രമിക്കാറില്ല. ഇത്തരം വിയോജിപ്പുകള്‍ സൗഹൃദം തകര്‍ക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ പ്രാദേശിക കൂട്ടായ്മക്ക് നിര്‍വഹിക്കാനുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ചില സഹോദര രാഷ്ട്രങ്ങള്‍ കരുതുന്നത് ഈ ലോകത്ത് തങ്ങള്‍ ഒറ്റക്കാണെന്നാണ്. പണം കൊണ്ട് എന്തും വാങ്ങാമെന്ന് അവര്‍ വിചാരിക്കുന്നു. പല രാഷ്ട്രങ്ങളും അടിസ്ഥാനങ്ങളേക്കാളും സ്ഥായിയായ താല്‍പര്യങ്ങളേക്കാലും താല്‍ക്കാലിക താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു.

രണ്ട് സുപ്രധാന അടിസ്ഥാന തത്വങ്ങള്‍ക്ക് പരിക്കേല്‍പിക്കാനാണ് അവര്‍ ശ്രമിച്ചത്. അതില്‍ ഒന്നാമത്തേത് രാഷ്ട്രങ്ങളുടെ പരമാധികാരവും സ്വതന്ത്ര തീരുമാനവുമാണ്. രണ്ടാമത്തേത് അഭിപ്രായ സ്വാതന്ത്ര്യവും വിവരങ്ങള്‍ അറിയാനുള്ള അവകാശവുമാണ്. വിവരങ്ങള്‍ അറിയാന്‍ പൗരന് അവകാശമില്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല. മാധ്യമ വിപ്ലവത്തിലൂടെ ഖത്തര്‍ തകര്‍ത്തെറിഞ്ഞിട്ടുള്ള ഒന്നാണ് വിവരങ്ങളുടെ പൂഴ്ത്തിവെപ്പ്. മുഴുവന്‍ അറബ് ജനതയുടെയും നേട്ടമായി അത് മാറിയിരിക്കെ ഇനി പിന്നോട്ടടിക്കാന്‍ സാധ്യമല്ല. ചില രാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തിയ കുപ്രചരണങ്ങളുടെയും ആക്ഷേപങ്ങളുടെയും ശൈലി ഞങ്ങളെ വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട്. ഏതര്‍ത്ഥത്തിലും ശരിയല്ലാത്ത കാര്യമാണത്.

സഹോദരങ്ങളെ, തീര്‍ച്ചയായും ഖത്തര്‍ ഭീകരതക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ച്ചയുമില്ലാതെ പോരാടുന്നുണ്ട്. ഈയര്‍ത്ഥത്തിലുള്ള ഖത്തറിന്റെ ശ്രമങ്ങളെ ലോകം അംഗീകരിച്ചതുമാണ്. കിഴക്കോ പടിഞ്ഞാറോ ഉള്ള ആരെയെങ്കിലും തൃപ്തിപ്പെടുത്താനല്ല ഖത്തര്‍ അത് ചെയ്യുന്നത്. മറിച്ച് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിരപരാധികളായ സിവിലിയന്‍മാര്‍ക്കെതിരെയുള്ള ആക്രമണമായിട്ടാണ് ഖത്തര്‍ ഭീകരതയെ പരിഗണിക്കുന്നതെന്നതാണ് കാരണം. അറബ് ലോകത്തിന്റെ ന്യായമായ പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഭീകരത ക്ഷതമേല്‍പിക്കുമെന്ന് ഖത്തര്‍ മനസ്സിലാക്കുന്നു.

ഭീകരതയുടെ സ്രോതസ്സിന്റെ കാര്യത്തില്‍ ചിലരുമായെല്ലാം ഞങ്ങള്‍ക്ക് വിയോജിപ്പുകളുണ്ട്. ഉദാഹരണത്തിന്, മതം പ്രചരിപ്പിക്കുന്നത് ഭീകരതയല്ല, മറിച്ച് ധാര്‍മിക ഗുണങ്ങളുടെ വിതരണമാണ് അത് നിര്‍വഹിക്കുന്നതെന്ന് നാം പറയുന്നു. നിരാശയും മോഹഭംഗവും ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് തീവ്രവാദ ആശയങ്ങളുടെ സ്രോതസ്സ്. ഭീകരതയുടെ അപകടത്തെ ഗൗരവത്തില്‍ കാണുന്നതിനൊപ്പം ലോകത്തെ മറ്റ് പ്രശ്‌നങ്ങളെ കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ദാരിദ്ര്യം, അതിക്രമം, അധിനിവേശം പോലുള്ള നിരവധി പ്രശ്‌നങ്ങളെ നമ്മുടെ ചുറ്റുവട്ടത്തു തന്നെ നാം കാണുന്നു. ഭീകരതയുടെ ഉറവിടങ്ങളായി മാറുന്നത് കൊണ്ട് ചികിത്സിക്കപ്പെടേണ്ടത് തന്നെയാണ് ആ പ്രശ്‌നങ്ങള്‍.

സഹോദരീ സഹോദരന്‍മാരെ, ഉപരോധത്തിന്റെ ഫലമായിട്ടുള്ള പ്രയാസങ്ങളെയും വേദനകളെയും ഞാന്‍ ലഘൂകരിക്കുന്നില്ല. സഹോദരങ്ങള്‍ക്കിടയിലെ ഈ പെരുമാറ്റ ശൈലി അവസാനിക്കുകയും വിയോജിപ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ശൈലി ലോകത്തിന് മുമ്പില്‍ ജി.സി.സിക്കും അതിലെ അംഗരാഷ്ട്രങ്ങള്‍ക്കും കളങ്കമുണ്ടാക്കിയിട്ടുണ്ട്. ഭരണകൂടങ്ങള്‍ക്കിടയിലെ രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് ജനതകള്‍ വിലയൊടുക്കേണ്ടി വരുന്നത് അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. ഭരണകൂടത്തോടുള്ള വിയോജിപ്പിന്റെ പേരില്‍ അവിടത്തെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്ന പ്രതികാര ശൈലി നമ്മുടെ പ്രദേശത്തുണ്ടായിരിക്കുന്നു. ആ ശൈലി ഒഴിവാക്കുന്നതില്‍ ഇതുവരെ ഗള്‍ഫ് വിജയിച്ചിരുന്നു. ഈ ശൈലി സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് രാഷ്ട്രങ്ങള്‍ ഖത്തറുകാരോട് അവിടം വിടാന്‍ ആവശ്യപ്പെടുകയും കുടുംബത്തിലെ അംഗങ്ങളെ വേര്‍പിരിക്കുകയും ചെയ്തത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ജനങ്ങളോട് പെരുമാറുമ്പോള്‍ പാലിക്കേണ്ട മൂല്യങ്ങള്‍ക്കും നിരക്കാത്തതാണത്. സമാന പ്രതികരണം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രസ്തുത രാജ്യങ്ങളിലുള്ള പൗരന്‍മാര്‍ക്ക് ഖത്തറില്‍ തന്നെ തുടരണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്തത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുമ്പോള്‍ ഈ ശൈലി ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങളും സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

ഏറെ കയ്പ്പുറ്റ സംഭവങ്ങളാണെങ്കിലും ഖത്തര്‍ സമൂഹത്തിന് ഏറെ ഗുണങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. ‘നിങ്ങള്‍ അരോചകമായി കരുതുന്ന കാര്യങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഗുണകരമായിരിക്കാം’ എന്ന ഖുര്‍ആനിക പരാമര്‍ശം പോലെ ഉര്‍വശീ ശാപം ഉപകാരമായി മാറിയിരിക്കുകയാണ്. തങ്ങളുടെ മാനുഷിക മൂല്യം തിരിച്ചറിയുന്നതിന് മാത്രമല്ല ഈ പ്രതിസന്ധി ഖത്തര്‍ സമൂഹത്തെ പ്രേരിപ്പിച്ചത്. അതോടൊപ്പം തങ്ങളുടെ അഖണ്ഡതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് തിരിച്ചറിയാനും സഹായിച്ചു. പ്രതിസന്ധിയിലും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി ഭരണകൂട സംവിധാനങ്ങള്‍ തെളിയിച്ചു. ഭക്ഷ്യവിഭവങ്ങളുടെ ഉല്‍പാദനത്തിലും വിദ്യാഭ്യാസ രംഗത്തും സാമ്പത്തികമായുമെല്ലാം സ്വന്തം കാലില്‍ നിലകൊള്ളാനും ശേഷി നാം നേടണമെന്നാണ് ഇത് നമ്മോട് ആവശ്യപ്പെടുന്നത്. നമ്മുടെ രാജ്യത്ത് ജീവിക്കുകയും തൊഴിലെടുക്കുകയും നമുക്കൊപ്പം ജീവിക്കുകയും ചെയ്യുന്നവരുടെ സഹകരണത്തോടെ മാത്രമേ നമുക്കത് സാധിക്കുകയുള്ളൂ. പ്രതിസന്ധിയില്‍ നമുക്കൊപ്പം നിന്നവരാണവര്‍. നിക്ഷേപരംഗത്തും വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുന്നതിലും തുറന്ന നയം സ്വീകരിക്കണമെന്ന് മുമ്പ് പലതവണ ഞാന്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. അക്കാര്യം ഈ ഘട്ടത്തില്‍ ഇനി നിസ്സാരമായി അവഗണിക്കാനാവില്ല. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണത്. ഇതെന്റെ കേവലം സ്വപ്‌നമോ മോഹമോ അല്ല, നമ്മുടെ ലക്ഷ്യവും നടപ്പാക്കേണ്ടതുമാണ്.

വളരെ സുപ്രധാനമായ ഒരു ഘട്ടത്തിലൂടെയാണ് ഖത്തര്‍ കടന്നു പോകുന്നത്. പുതിയ സാധ്യതകള്‍ തുറന്നതിനൊപ്പം വീഴ്ച്ചകള്‍ തിരുത്തുവാനും പരിഹരിക്കാനുമുള്ള അവസരം കൂടിയാണ് അത് ഒരുക്കിയിരിക്കുന്നത്. തെറ്റുകള്‍ കണ്ടെത്തി അത് തിരുത്തുന്നതില്‍ നമുക്കൊട്ടും ഭയമില്ലെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യാന്‍ ഭരണകൂടത്തിന് ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പുതിയ ധാരണകളും സഹകരണങ്ങളും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പ്രതിസന്ധിയുടെ തുടക്കം മുതല്‍ ഖത്തറിനെ പിന്തുണക്കുകയും മധ്യസ്ഥ ശ്രമം ഏറ്റെടുക്കുകയും ചെയ്ത കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സ്വബാഹിന്റെ പ്രവര്‍ത്തനങ്ങളെ നാം വളരെയേറെ വിലമതിക്കുന്നു. ഈയവസരത്തില്‍ അദ്ദേഹത്തോടുള്ള നന്ദി ഞാന്‍ രേഖപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയിക്കട്ടെ എന്നാണ് നാം ആഗ്രഹിക്കുന്നത്. അപ്രകാരം അമേരിക്ക നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും നാം വിലമതിക്കുന്നു. അതുപോലെ ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും യൂറോപ് ഒന്നടങ്കവും റഷ്യയും സ്വീകരിച്ച നിലപാടിനെയും നാം മാനിക്കുന്നു.

നയതന്ത്ര കരാര്‍ ഒപ്പുവെക്കല്‍ വേഗത്തിലാക്കിയും ഉടന്‍ അത് നടപ്പാക്കിയും തുര്‍ക്കി നിര്‍വഹിച്ച പങ്കിനെ എനിക്ക് പ്രശംസിക്കാതിരിക്കാനാവില്ല. ഖത്തര്‍ മാര്‍ക്കറ്റിന്റെ ആവശ്യങ്ങള്‍ക്ക് ഉടന്‍ ഉത്തരംനല്‍കിയ അവര്‍ക്ക് ഞാന്‍ നന്ദിയറിയിക്കുകയാണ്. സഹോദര രാഷ്ട്രങ്ങള്‍ അതിര്‍ത്തികള്‍ അടച്ചപ്പോള്‍ ജല, വ്യോമ മാര്‍ഗങ്ങള്‍ ഞങ്ങള്‍ക്ക് തുറന്നു തന്ന എല്ലാവര്‍ക്കും പ്രത്യേകം നന്ദിയറിയിക്കുന്നു.

നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചര്‍ച്ചകള്‍ നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ രാജ്യത്തിന്റെയും ജനതയുടെയും മാത്രം നേട്ടത്തിന് വേണ്ടിയല്ല. സഹോദര രാഷ്ട്രങ്ങള്‍ക്കെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു കൊണ്ടുള്ള പാഴ്പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഗുണമുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങളാക്കി മാറ്റിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്. രണ്ട് അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ടായിരിക്കണം പ്രതിസന്ധിക്ക് പരിഹാരം തേടേണ്ടത്. ഖത്തറിന്റെ പരമാധികാരം മാനിച്ചു കൊണ്ടായിരിക്കണം എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമതായി ഒരു കക്ഷി മറുകക്ഷിക്ക് മേല്‍ ശാസനകള്‍ അടിച്ചേല്‍പിക്കുന്നതായിരിക്കരുത് അത്. മറിച്ച് എല്ലാ ധാരണകളും പരസ്പരം പാലിക്കേണ്ടതുണ്ട്. ഈയര്‍ത്ഥത്തില്‍ വിയോജിപ്പുള്ള മുഴുവന്‍ വിഷയങ്ങളിലും പരിഹാരം കാണുന്നതിന് ചര്‍ച്ചക്ക് ഞങ്ങള്‍ തയ്യാറാണ്.

സഹോദരങ്ങളായ ഫലസ്തീന്‍ ജനതയോട്, വിശേഷിച്ചും ഖുദ്‌സ് നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതെയും ഒന്നാമത്തെ ഖിബ്‌ലയും മൂന്നാമത്തെ വിശുദ്ധ ഹറമുമായ മസ്ജിദുല്‍ അഖ്‌സ അടച്ചിട്ടതിനെ അപലപിക്കാതെയും ഈ സംസാരം അവസാനിപ്പിക്കാന്‍ എനിക്ക് സാധിക്കുകയില്ല. ഖുദ്‌സിന് നേര്‍ക്കുള്ള അതിക്രമങ്ങള്‍ വിയോജിപ്പിന് പകരം ഐക്യപ്പെടുന്നതിനും ഒന്നിക്കുന്നതിനും പ്രചോദനമായി മാറിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്.

അവസാനമായി നിങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരുമയെയും ഐക്യത്തെയും ഉയര്‍ന്ന നാഗരിക സ്വഭാവത്തെയും ഞാന്‍ പ്രശംസിക്കുകയാണ്. ഈ ഘട്ടത്തില്‍ നിങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹത്തിന്റെയും ഇണക്കത്തിന്റെയും പേരില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്. നാം കാത്തിരിക്കുന്ന വന്‍വെല്ലുവിളികളെ ചെറുക്കാനുള്ള വിഭവവും പാഥേയവും ആയുധവും ഈ ഗുണങ്ങളാണ്.

സംഗ്രഹം: നസീഫ്‌

Related Articles