Current Date

Search
Close this search box.
Search
Close this search box.

‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യവും മുസ്‌ലിംകളും

jai.jpg

കഴുത്തില്‍ കത്തിവെച്ചു ഭീഷണിപ്പെടുത്തിയാലും ‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ല എന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിക്കുകയുണ്ടായി. സ്വാഭാവികമായും പാകിസ്ഥാനിലേക്ക് വണ്ടി കയറാന്‍ ആക്രോശങ്ങള്‍ ഉയരുകയും ഉവൈസിക്കെതിരെ 124 ഏ പ്രകാരം രാജ്യദ്രോഹത്തിന് കേസെടുക്കുകയുമൊക്കെ ചെയ്തു. എന്നാല്‍ ഉവൈസിയുടെ പ്രസ്താവന ഉണ്ടാക്കിയ കോലാഹലം കെട്ടടങ്ങുന്നതിന് മുമ്പ് മഹാരാഷ്ട്രാ നിയമസഭയിലെ എം.എല്‍.എ വാരിസ് പത്താനെ ‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ല എന്നു പറഞ്ഞതിന് പുറത്താക്കുകയും ചെയ്തു.

എന്നാല്‍ ഇവിടെയുള്ള പ്രശ്‌നം ഉവൈസിയും പത്താനും എന്തു പറഞ്ഞു, എന്തു പറഞ്ഞില്ല എന്നതോ അവര്‍ അനുഭവിച്ച പ്രത്യാഘാതം എന്ത് എന്നുള്ളതോ അല്ല. മറിച്ച് മുസ്‌ലിം സമുദായത്തില്‍ നിന്ന് അതിനെതിരെ ഉയരാവുന്ന എതിര്‍പ്പുകള്‍ മനസ്സില്‍ വെച്ച് തന്നെ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തെ ദേശസ്‌നേഹത്തിന്റെ അടയാളമായി ചില ദേശീയവാദികള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു എന്നുള്ളതാണ്. ഇന്ത്യയിലെ 17 കോടിയോളം വരുന്ന മുസ്‌ലിം ജനസമൂഹത്തിന് ചരിത്രപരമായി തന്നെ വിസമ്മത ഭാവമുള്ള ‘ഭാരത് മാതാ കീ ജയ്’ എന്നതുപോലെ ‘വന്ദേമാതരം’ എന്നീ മുദ്രാവാക്യങ്ങളുടെ മത പശ്ചാത്തലമാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം മുസ്‌ലിംകള്‍ എന്തുകൊണ്ട് ഉരുവിടുന്നില്ല എന്നതിന്റെ മറുപടി വളരെ ലളിതമാണ്. കാരണം, അത് ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ ഒരു ആശയം ധ്വനിപ്പിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ.

‘ഭാരത് മാതാ’ അല്ലെങ്കില്‍ ‘ഭാരതാംബ’ എന്ന സങ്കല്‍പം ഹൈന്ദവ വിശ്വാസവുമായി ചേര്‍ന്നു വരുന്നതാണ്. കാരണം, ഭാരതത്തിന്റെ അമ്മദൈവ രൂപമാണ് ഭാരത് മാതാ എന്നത് പരക്കെ അറിയപ്പെടുന്നതാണ്. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചതാണ്. എന്നാല്‍ രാജ്യത്തെ ദേവി ആയിട്ടോ ദൈവമായിട്ടോ കാണുന്നത് അനിസ്‌ലാമികമാണ്. അല്ലാഹു അല്ലാതെ മറ്റൊരു ദൈവത്തെയും നിങ്ങള്‍ ആരാധിക്കരുത് എന്നു പഠിക്കുന്ന മുസ്‌ലിംകളോട് ഇന്ത്യയുടെ പ്രതീകമായി കരുതപ്പെടുന്ന ഭാരത മാതാവിന് വേണ്ടി ജയ് വിളിക്കണം എന്നു പറയുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. കാരണം, ഇത് മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. പകരം ‘ജയ് ഹിന്ദ്’ എന്നു വിളിക്കാന്‍ ഒരു മുസ്‌ലിമിനും എതിര്‍പ്പുണ്ടാവുകയില്ല. കാരണം ഇവിടെ ജയ് വിളിക്കുന്നത് ഇന്ത്യ എന്ന രാജ്യത്തിന് വേണ്ടിയാണ്. അത് അവന്റെ രാജ്യസ്‌നേഹത്തിന്റെ അടയാളമായാണ് അവന്‍ കാണുന്നത്.

അതുപോലെ, ‘വന്ദേമാതരം’ എന്ന ബങ്കിംഗ് ചന്ദ്ര ചാറ്റര്‍ജിയുടെ പ്രശസ്തമായ കവിതയിലെ ‘വന്ദേമാതരം’ എന്നു വിളിക്കാനും മുസ്‌ലിംകള്‍ തയ്യാറായി എന്നു വരില്ല. കാരണം, ‘അമ്മേ ഞാന്‍ നിന്നെ വന്ദിക്കുന്നു’ എന്നാണ് വന്ദേമാതരം എന്നതിന്റെ അര്‍ഥം. ദൈവമല്ലാതെ മറ്റൊന്നിനെയും വന്ദിക്കരുതെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമിന് വിരുദ്ധമാണ് വന്ദേമാതരം എന്ന മുദ്രാവാക്യവും. ‘വന്ദേമാതരം’ എന്ന കവിത സ്‌കൂളുകളില്‍ ചൊല്ലുമ്പോഴും രാജ്യസ്‌നേഹം തുളുമ്പുന്ന ഒരു കവിത എന്നതിലുപരി അത് ചൊല്ലാത്തവരെ ദേശദ്രോഹികളും രാജ്യദ്രോഹികളുമായി കാണുന്നത് മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണ്. മതസ്വാതന്ത്ര്യത്തിന് അനുസരിച്ചാണ് ഓരോരുത്തരും  എല്ലാ സംഗതികളെയും കാണുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിന് പശ്ചാത്തലമായ ബ്രിട്ടീഷ് നടപടിയും സമാന സ്വഭാവത്തിലുള്ളതാണ്. ഹൈന്ദവരും മുസ്‌ലിംകളുമായ സൈനികരെ പ്രകോപിപ്പിക്കാനായി പന്നി നെയ്യും പശു നെയ്യും പുരട്ടിയ വെടിയുണ്ടകള്‍ അവതരിപ്പിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. അത്തരം വെടിയുണ്ടകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന് സൈനികര്‍ തങ്ങളുടെ മതസ്വാതന്ത്ര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടം അവര്‍ക്കെതിരെ കിരാതമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തത്.

മേല്‍ സൂചിപ്പിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ മതേതരവും യുക്തിസഹവുമായ ഒരു ഭരണകൂടവും ‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തതിന്റെ പേരില്‍ മുസ്‌ലിമിനെ രാജ്യദ്രോഹിയാക്കില്ല എന്നു വ്യക്തമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്, ”ഞങ്ങള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവ ചിലയാളുകള്‍ക്ക് വിവാദങ്ങള്‍ക്കുള്ള വിഷയമാണ്” എന്നാണ്. അതെ, അത് തന്നെയാണ് ഇവിടെയുള്ള പ്രശ്‌നവും. ഒരു വിഭാഗം ആരാധിക്കുകയും പൂജിക്കുകയും ചെയ്യാത്തതിന്റെ പേരില്‍ ചിലര്‍ അത് വിവാദ വിഷയമാക്കുകയാണ്. സ്മൃതി ഇറാനി എന്തിനെയാണോ ആരാധിക്കാന്‍ ആഗ്രഹിക്കുന്നത് അതിനെ ആരാധിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ഇന്ത്യയെ പോലെ മതേതരമായ രാജ്യത്ത് എന്ത് മതവിശ്വാസം കൈകൊള്ളണം, എന്ത് ആരാധിക്കണം എന്നുള്ളത് ഓരോ പൗരന്റെയും അവകാശമാണ്. ആര്‍ക്കും അത് അടിച്ചേല്‍പിക്കാനുള്ള അധികാരമില്ല.

മതസ്വാതന്ത്യം എന്നത് ആര്‍ട്ടിക്കിള്‍ 15, 25 പ്രകാരം ഭരണഘടന ഇന്ത്യയിലെ ഓരോ പൗരനും നല്‍കിയ മൗലികാവകാശമാണ്. അതിനെതിരെ ശബ്ദിക്കാനോ പ്രതിഷേധിക്കാനോ ആര്‍ക്കും അവകാശമില്ല. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തതിന്റെ പേരില്‍ ഒരു ഇന്ത്യക്കാരനും പാകിസ്ഥാനിലേക്ക് പോകേണ്ടതില്ല. മറ്റ് മത സമൂഹങ്ങളുടെ മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്തുന്നവരാണ് അതിന് തയ്യാറാവേണ്ടത്. അവര്‍ക്ക് വേണമെങ്കില്‍ പാകിസ്ഥാനിലേക്കോ ചൊവ്വയിലേക്കോ പോകാം.

വിവ: അനസ് പടന്ന

Related Articles