Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടങ്ങള്‍ ദുശാഠ്യം വെടിയണം : റജീബ്

rajeeb.jpg

രാജ്യത്ത് തുല്യതയില്ലാത്ത നീതി നിഷേധമാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ നടക്കുന്നത്. ഭരണകൂടങ്ങള്‍ തുടരുന്ന നീതി നിഷേധത്തോടൊപ്പം ശാരീരികമായ അവശതകളും അനുഭവിക്കുന്നുണ്ടദ്ദേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിനം പ്രതി വര്‍ദ്ധിക്കുന്നത് മൂലം കണ്ണിന്റെ കാഴ്ച്ച ശക്തി ഏതാണ്ട് ഇല്ലാതായിരിക്കുന്നു. വളരെ പരിതാപകരമായ അവസ്ഥയിലാണ് മഅ്ദനി ഇപ്പോള്‍ ഉള്ളതെങ്കിലും അദ്ദേഹത്തിന്റെ കേസിന്റെ വിസ്താരം ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. കേസിന്റെ വിചാരണ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെങ്കിലും 525 ഓളം സാക്ഷികളില്‍ 40 പേരെ മാത്രമാണ് ഇത്രയും കാലത്തിനിടയില്‍ വിസ്തരിച്ചു കഴിഞ്ഞത്. ഇങ്ങനെ പോയാല്‍ കേസിന്റെ വിസ്താരം പൂര്‍ത്തിയാവാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പിടിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. ഈ അവസരത്തില്‍ ഇനിയും അദ്ദേഹത്തിന്റെ ജയില്‍ ജീവിതം നീണ്ടു പോയാല്‍ മഅ്ദനി ജീവനോടെ പുറത്തു വരില്ലെന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടി പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ മഅ്ദനിയുടെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ തുടരുന്ന നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. മഅ്ദനിക്കെതിരെ നിരന്തരം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഭരണകൂടങ്ങള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ തുടരുന്ന ദുശാഠ്യം അവസാനിപ്പിക്കാനും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും സന്നദ്ധമാകണം. കോയമ്പത്തൂര്‍ കേസില്‍ നിന്നും കുറ്റമുക്തനായി പുറത്തു വന്ന മഅ്ദനി കേരള സര്‍ക്കാറിന്റെ ബി കാറ്റഗറി സുരക്ഷയിലാണ് കഴിഞ്ഞിരുന്നത്. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ ജീവിച്ച അദ്ദേഹത്തിന്റെ എല്ലാ ചലനങ്ങളും ഇന്റലിജന്‍സ് ബ്യൂറോ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്നിരിക്കെ ബംഗളൂരു സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നുവെന്ന് പറയുന്ന കുടകില്‍ അദ്ദേഹം പോയിട്ടില്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ രേഖകള്‍ തന്നെ മതിയാകുന്നതാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് വിധേയനായി മാത്രം നിന്നിട്ടുള്ള മഅ്ദനിക്കെതിരെ തികച്ചും തെറ്റായ കാര്യങ്ങളാണ് കര്‍ണാടക പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിക്കുന്നത്. ജാമ്യം ലഭിച്ചാല്‍ മഅ്ദനി വിചാരണക്ക് ഹാജരാകില്ലെന്നാണ് പ്രോസിക്യൂട്ടറുടെ വാദം. മഅ്ദനിക്കെതിരെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കുവാന്‍ വേണ്ടിയും കോടതി ആവശ്യപ്പെടുന്ന അവസരങ്ങളിലെല്ലാം കോടതിയില്‍ ഹാജരാകുമെന്ന് ഉറപ്പ് നല്‍കാനും കൂടിയാണ് സര്‍ക്കാര്‍ ഈ കേസില്‍ കക്ഷി ചേരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും.

(പി.ഡി.പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് റജീബ്)

Related Articles