Current Date

Search
Close this search box.
Search
Close this search box.

ഭട്കല്‍ സ്വദേശിയാണെന്നത് തന്നെ തടവിലിടാന്‍ മതിയായ കാരണമായിരുന്നു

Shabbir-Gangawali.jpg

ഭരണകൂടവും, പോലീസും, മാധ്യമങ്ങളും ചേര്‍ന്ന് എങ്ങനെയാണ് തങ്ങളുടെ നിഷ്‌ക്രിയത്വത്തെ മറച്ച് പിടിക്കുന്നതിനും, തങ്ങള്‍ പ്രതിനിതീകരിക്കുന്ന ആദര്‍ശ മേധാവിത്വത്തിനും വേണ്ടി രാജ്യത്തോ സമൂഹത്തിലോ പൊതു ശത്രുവിനെ നിര്‍മ്മിച്ചിരിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇന്ത്യയില്‍ ഉടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്ന മുസ്‌ലിം-ദലിത് ബഹുജന്‍ പീഡനങ്ങളും അതിനൊപ്പം നടക്കുന്ന അന്യവല്‍ക്കരണവും ഭീകരവല്‍ക്കരണവും. അതിന്റെ പല ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യയില്‍ നടന്ന ‘പ്രധാന’ ഭീകരാക്രമണങ്ങള്‍ അല്ലെങ്കില്‍ സ്‌ഫോടനങ്ങള്‍. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ഏല്‍പിക്കപ്പെടുകയോ ചെയ്ത് പുറത്തുവരുന്ന അറബ്-ആംഗ്ലോ പേരുകളില്‍ ഉള്ള ഭീകരസംഘടനകള്‍ നമ്മുടെ ടെലിവിഷന്‍ ഫ്ലാഷ് വാര്‍ത്തകളില്‍ കത്തി നില്‍ക്കാറുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ (ചിലപ്പോഴൊക്കെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ) മുസ്‌ലിംകളായ മുസ്‌ലിം നാമധാരികള്‍ എന്ന് നിഷ്പക്ഷ വ്യവഹാരങ്ങള്‍ വിശേഷിപ്പിക്കാറുള്ള വ്യക്തികളുടെ പട്ടിക നിരത്തി കുറ്റവാളികള്‍ എന്ന് യാതൊരാടിസ്ഥാനവുമില്ലാതെ പ്രഖ്യാപിക്കപ്പെടും. ഇതെല്ലാം ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്.

മുഖ്യധാരാ പത്രമാധ്യമങ്ങള്‍ വെണ്ടക്ക നിരത്തി ‘കുറ്റാരോപിതാറാവുന്ന’ മുസ്‌ലിമിന്റെ പേരില്‍ എല്ലാ വിചാരണക്കും അന്വേഷണങ്ങള്‍ മുന്നേ തന്നെ പോലീസ് ഭാഷ്യം അപ്പടി വിഴുങ്ങി അനിഷ്ട സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചാര്‍ത്തുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണങ്ങള്‍ക്കും വിചാരണകള്‍ക്കും ഒടുവില്‍ തടവിലാക്കപ്പെട്ടവര്‍ നിരപരാധികള്‍ ആണെന്നും പല സംഭവങ്ങള്‍ക്കും പിന്നില്‍ ഇന്ത്യയിലെ ഡീപ് സ്‌റ്റേറ്റ് ആയ ആര്‍.എസ്.എസ് ഹിന്ദുത്വ ശക്തികളുടെ കരങ്ങളാണെന്നും കണ്ടതപ്പെടുന്ന സമയത്ത്, നേരത്തെ കുറ്റമാരോപിച്ച് തടവിലാക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളാണോ യഥാര്‍ത്ഥ ഭീകരരെ ശിക്ഷിക്കാന്‍ വേണ്ടി നിലകൊള്ളാനോ ഭരണകൂടവും മാധ്യമങ്ങളും അവയുടെ കുറ്റത്തിലുള്ള പങ്കിന്റെ (complictiy) പാപഭാരം നിമിത്തം തയ്യാറാവുകയുമില്ല. അറബിക്-ആംഗ്ലോ പേരുകളുള്ള ‘ഭീകരസംഘടനകള്‍’ ഗവണ്മെന്റിന്റെ അടുത്ത ഒരു പ്രതിസന്ധിയോ ലക്ഷ്യ സാക്ഷാത്കാര ദൗത്യം വരെയോ തങ്ങളുടെ യജമാനന്മാരുടെ ഭാവനാ അഗ്രഹാരങ്ങളില്‍ വിശ്രമത്തിലാവുകയും ചെയ്യും.

ഗവണ്മെന്റും പോലീസും ജുഡീഷ്യറിയും വ്യവസ്ഥിതിയുടെ ആന്തരിക ഭാഗമാണെന്നിരിക്കെ, അല്‍പ്പമെങ്കിലും ബാഹ്യസമ്മര്‍ദം (external pressure) ഉള്‍ക്കൊള്ളുന്ന മാധ്യമങ്ങള്‍പോലും ഭരണകൂടത്തിന്റെ അനൗദ്യോഗിക തടങ്കലിനും, പീഡനത്തിനും ഇരയാവേണ്ടി വരുന്ന നിരപരാധികള്‍ക്ക് വേണ്ടി കുറ്റം ആരോപിക്കാന്‍ ആദ്യമവര്‍ പ്രകടിപ്പിച്ച ഉത്സാഹത്തിന്റെ പത്തിലൊന്നെങ്കിലും കാണിക്കാത്തത് ഭീരുത്വം മാത്രമല്ലേ.

ഇത്തരം അപര നിര്‍മ്മാണ പ്രക്രിയയിലൂടെ, ഭരണകൂട സംവിധാനങ്ങളിലൂടെ ഇന്ത്യയിലെ സവര്‍ണ്ണ അധീശത്വ കേന്ദ്രങ്ങള്‍ ലക്ഷ്യം വെക്കുന്നതും മുഖ്യധാരാ മാധ്യമങ്ങളും, സെക്യുലര്‍ ലിബറല്‍ ചിന്തകരും നിറവേറ്റിക്കൊണ്ടിരിക്കുന്നതും ഒരേ അജണ്ട തന്നെയാണ്.

ഇത്തരം കേസുകളില്‍ ഇരയാക്കപ്പെടുന്നവര്‍ എങ്ങനെയാണ് അവരുടെ മേല്‍ കുറ്റവാളിയെന്ന ചാപ്പ കുത്തപ്പെടുന്നതെന്നതോ, വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കും തടങ്കലിനും ശേഷം നിരപരാധിയെന്ന് തെളിയിക്കപ്പെട്ട് പുറത്തിറങ്ങുന്ന അവരുടെ സാമൂഹിക, ഗാര്‍ഹിക ജീവിതം എങ്ങനെയാണെന്നതോ പൊതുമനസാക്ഷിയെ അലോസരപ്പെടുത്താറില്ല എന്നത് അപകടകരം തന്നെയാണ്. കാരണം അത്തരം അലോസരപ്പെടലുകളും ഐക്യപ്പെടലുകളുമാണ് ഈ അന്യായങ്ങള്‍ക്കെതിരെയുള്ള പ്രതിരോധങ്ങളെ രൂപപ്പെടുത്തുക എന്നത് തന്നെ.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍, 9 വര്‍ഷത്തെ അന്യായമായ തടവിനും പോലീസ് പീഡനങ്ങള്‍ക്കും ശേഷം നിരപരാധിയെന്ന് തെളിഞ്ഞ് വിമോചിക്കപ്പെട്ട ഷബീര്‍ ഗംഗാവാലി എന്ന 35 വയസ്സുകാരനായ മദ്രസ്സ അധ്യാപകനെ കുറിച്ചുള്ള അമിത് കുമാറിന്റെ ലേഖന പരമ്പര പ്രസക്തമാകുന്നത്.

പോലീസിന്റെ അവകാശ വാദങ്ങള്‍ക്കൊ ആരോപണങ്ങള്‍ക്കോ ഒരു തെളിവും ഇല്ലാതിരുന്നിട്ടു പോലും ഷബീര്‍ ഉള്‍പ്പടെ മൂന്ന് ഭട്കല്‍ നിവാസികളെ എങ്ങനെ ഇത്ര നീചമായി കുറ്റം കെട്ടിച്ചമച്ച് അകത്താക്കി എന്നതിനെ കുറിച്ചും , അധിക്ഷേപങ്ങളും അപകീര്‍ത്തികളും ബാധിക്കപ്പെട്ട അവിടുത്തെ ജനതക്കും മാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രീതിച്ഛായയെ മറികടന്ന് സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൃദ്ധമായ ആ സമൂഹവും എങ്ങനെ മുന്നോട്ട് പോകുന്നു എന്നും അമിത് കുമാര്‍ അന്വേഷിക്കുന്നു.

ഭട്കല്‍ എന്ന പേര് സൂചിപ്പിക്കുമ്പോള്‍ തന്നെ മാധ്യമങ്ങള്‍ക്ക് ആദ്യം പറയാനുള്ളത് തീവ്രവാദവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു തീരദേശ പട്ടണത്തിന്റെ മെനഞ്ഞെടുത്ത കഥകളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി പല കേന്ദ്രങ്ങളും അഹോരാത്രം ‘പണിയെടുത്തത്’ ഭട്കലും തീവ്രവാദവുമായുള്ള ബന്ധം ‘കണ്ടെത്താനും’ ‘വിശദീകരിക്കാനും’, എന്തിന്, ബന്ധം കണ്ടെത്താതെ തന്നെ അതിനു പിന്നിലെ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുവാനും വേണ്ടിയായിരുന്നുവെന്നത് ലജ്ജാകരം തന്നെ. പക്ഷെ അതേ മാധ്യമങ്ങള്‍, തങ്ങള്‍ കൂട്ടുനിന്നു തടവിലാക്കി അന്യായമായി 9 വര്‍ഷം ശിക്ഷിച്ച, ഷബീര്‍ ഗംഗാവാലി ‘കുറ്റവിമുക്തനാക്കപ്പെട്ട’ (പദ പ്രയോഗത്തിന്റെ പ്രശ്‌നത്തെ പിന്നീട് വിശദീകരിക്കാമെന്ന് തോന്നുന്നു) സമയത്ത് കുറ്റകരമായ നിശ്ശബ്ദതയാണ് പാലിച്ചത്.

Related Articles