Current Date

Search
Close this search box.
Search
Close this search box.

ബ്രസല്‍സും അങ്കാറയും; മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്

eiffel.jpg

പാരീസിലെ ഈഫല്‍ ഗോപുരവും റോമിലെ ട്രെവി ഫൗണ്ടനും ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബെര്‍ഗ് ഗേറ്റുമെല്ലാം ബ്രസല്‍സ് ആക്രമണത്തിന് പിന്നാലെ ബെല്‍ജിയന്‍ പതാകയുടെ നിറങ്ങളണിഞ്ഞു. തുര്‍ക്കി നിവാസികളായ ഞങ്ങള്‍ക്ക് ഒരു വട്ടം കൂടി തോന്നിപ്പോയി, നമ്മുടെ രാജ്യത്തെ ഭീകരാക്രമണങ്ങളെ പാശ്ചാത്യ മാധ്യമങ്ങള്‍ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന്. അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു ഐ.എസ് ബോംബര്‍ ഇസ്തംബൂള്‍ നഗരഹൃദയത്തില്‍ അഞ്ച് പേരുടെ ജീവനെടുത്തത്. അതിന് മുമ്പ് 36 പേരുടെ മരണത്തിനിരയാക്കിയ ആക്രമണങ്ങള്‍ക്ക് അങ്കാറയും സാക്ഷ്യം വഹിച്ചു. എന്നാല്‍ ഭീകരാക്രമണങ്ങള്‍ നടന്നത് തുര്‍ക്കിയിലാണെങ്കില്‍ ലോകം അതിനോട് പ്രതികരിക്കുന്നതിന്റെ രീതിയാണ് ഏറെ വേദനിപ്പിക്കുന്നത്.

പാരീസിലെയും ബ്രസല്‍സിലെയും ആക്രമണങ്ങള്‍ക്ക് പിന്നാലെ ലോകത്തെ പ്രമുഖ മാധ്യമങ്ങളൊക്കെ ദിവസങ്ങളോളം അതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. തങ്ങളുടെ മികച്ച റിപ്പോര്‍ട്ടര്‍മാരെ തന്നെ അതിനായി നിയോഗിക്കുകയും സംഭവത്തിന്റെ സാധ്യമായ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതും നമ്മള്‍ കണ്ടതാണ്. ഇരകളുടെ ജീവിതത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമുള്ള വിവരണങ്ങള്‍ വന്നുകൊണ്ടിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഫേസ്ബുക്കില്‍ തങ്ങളുട പ്രൊഫൈല്‍ പിക്ചറുകള്‍ ഫ്രാന്‍സിന്റെയും ബെല്‍ജിയത്തിന്റെയും ദേശീയ പതാകയാക്കി. ‘Je Suis Paris’, ‘Je Suis Bruxelles’ എന്നിങ്ങനെയുള്ള ഐകദാര്‍ഡ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. ലോക നേതാക്കള്‍ അവിടങ്ങളിലേക്ക് ഒഴുകി. ഭീകരവാദത്തെ ചെറുക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളില്‍ ഏര്‍പെട്ടു.

എന്നാല്‍ തുര്‍ക്കിയില്‍ സമാനമായ സംഭവം നടക്കുമ്പോഴോ? ചാനലുകള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേറെ കുറേ വിഷയങ്ങള്‍ ലഭിക്കും. പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റാനോ ഐക്യദാര്‍ഡ്യ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനോ ആര്‍ക്കും സമയമില്ല. തുര്‍ക്കികള്‍ തന്നെ പരസ്പരം ആശ്വസിപ്പിക്കും, അവര്‍ തന്നെ പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റും. ഒരു സ്മാരകവും നിറം മാറാന്‍ തയ്യാറാവാതെ കുത്തനെ നില്‍ക്കും. തീര്‍ച്ചയായും തുര്‍ക്കിയില്‍ ഭീകരമാക്രമണങ്ങള്‍ക്ക് ശേഷം സാമൂഹ്യമാധ്യമങ്ങള്‍ക്കും മറ്റും കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. പാരീസിലെയോ ബ്രസല്‍സിലെയോ പോലെ സ്വതന്ത്രമായ ഇന്റര്‍നെറ്റ് സുരക്ഷാ കാരണങ്ങളാല്‍ തുര്‍ക്കിയില്‍ ഇന്ന് സാധ്യമല്ല. മാളുകളുടെ കവാടങ്ങളില്‍ സുരക്ഷാ ഭടന്മാരെ കണ്ടുകൊണ്ടാണ് ഓരോ ടര്‍ക്കിഷ് പൗരനും വളരുന്നത്. കുര്‍ദിഷ് ഗ്രൂപ്പായ പി.കെ.കെയുമായി മൂന്ന് പതിറ്റാണ്ടുകളായി പോരാട്ടത്തിലാണ് ടര്‍ക്കിഷ് സര്‍ക്കാര്‍. 30,000 ജീവനുകള്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ആറു മാസങ്ങള്‍ അത്യന്തം ഭീകരവുമായിരുന്നു.

ഐ.എസ് ഒരു ആഗോള ഭീകരസംഘടനയാണ്. തങ്ങളുടെ ഇരകളെ തേടുന്നതില്‍ മുസ്‌ലിംകളെന്നോ അമുസ്‌ലിംകളെന്നോ ഉള്ള വേര്‍തിരിവ് അവര്‍ കാണിക്കില്ല. കിഴക്കന്‍ അര്‍ധഗോളത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുമ്പോഴും പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുമ്പോഴും ഉള്ള മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ഈ ഇരട്ടത്താപ്പ് വളരെ ഖേദകരം തന്നെ. എന്നാല്‍ പടിഞ്ഞാറിന് ലഭിക്കുന്ന സഹതാപം പടിഞ്ഞാറന്‍ നഗരങ്ങളെ വേട്ടയാടാന്‍ ഭീകരസംഘടനകളെ കൂടുതല്‍ പ്രേരിപ്പിക്കുകയേ ഉള്ളൂ. ഇന്ന് യൂറോപ്പും സിറിയന്‍ അഭയാര്‍ത്ഥിത്വത്തിന്റെ ദുരിതം മനസ്സിലാക്കുന്നു. അവരെ അവഗണിക്കുകയും രാജ്യത്ത് നിന്ന് പുറന്തള്ളുകയും ചെയ്യുന്നത് അതിന് ഒരു പരിഹാരമല്ല. സിറിയന്‍ അഭയാര്‍ത്ഥി പ്രവാഹം ആരംഭിച്ചതിന് ശേഷം നിരന്തരം ഭീകരാക്രമണങ്ങള്‍ നേരിട്ട തുര്‍ക്കി ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യമാണ്.

രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് പോലെ, യൂറോപ്യന്‍ നഗരങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരൊക്കെ തദ്ദേശീയ മൗലികവാദികളായിരുന്നു എന്നാണ്. അതുകൊണ്ട് രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അറബ്-യൂറോപ്യന്‍ യുവതയെ സമൂഹത്തിന്റെ മുഖ്യധാരക്കൊപ്പം നിര്‍ത്തുക എന്നതാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള ബാധ്യത. ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരായ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുമ്പോഴും ആഭ്യന്തരമായി മുസ്‌ലിം യുവതയെ രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഗമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ യൂറോപ്പില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭവിഷ്യത്തുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് യൂറോപ്പിലെ നിരപരാധികളായ മുസ്‌ലിംകളും. പരസ്പര ഐക്യവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിലൂടെ ആയിരിക്കണം തീവ്രവാദത്തെ ചെറുക്കേണ്ടത്. മാധ്യമങ്ങള്‍ വളരെ നിഷ്പക്ഷമായി തങ്ങളുടെ ദൗത്യങ്ങള്‍ നിറവേറ്റണം. ഭീകരവാദത്തിന് മതമോ അതിര്‍ത്തികളോ ഇല്ല. അതിന്റെ ഇരകള്‍ക്ക് നല്‍കുന്ന പരിഗണനയ്ക്കും മതമോ അതിര്‍ത്തികളോ നിശ്ചയിക്കരുത്.

വിവ: അനസ് പടന്ന

Related Articles