Current Date

Search
Close this search box.
Search
Close this search box.

ബില്‍ക്കീസ് ബാനു കേസും മോദിയുടെ മൗനവും

Bilkis-modi.jpg

കഴിഞ്ഞ മാസം നടത്തിയ ഒരു പ്രസംഗത്തില്‍ ഭരണമഘടന മുസ്‌ലിം സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്ന് നരേന്ദ്ര മോദി പറയുകയുണ്ടായി. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹമത് ആഗ്രഹിച്ചിട്ടില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ബില്‍ക്കിസ് ബാനു സംഭവം നമുക്ക് നല്‍കുന്നത്.

2002ന്റെ പാപക്കറ യഥാര്‍ത്ഥത്തില്‍ തന്റെ പിറകില്‍ തന്നെയാണെന്ന് പ്രധാനമന്ത്രിക്ക് ബോധ്യം വന്നിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാല്‍സംഘത്തിന് വിധേയമാക്കുകയും ലിംഖേദയിലെ പതിനാല് മുസ്‌ലിംകളൈ കൂട്ടക്കൊല ചെയ്യുകയും ചെയ്ത  പതിനൊന്ന് പേരുടെയും ശിക്ഷാവിധിയെ ബോംബെ ഹൈക്കോടതി ശരിവെക്കുന്നത്. കൂടാതെ കുറ്റകൃത്യം മറച്ച് പിടിച്ച പോലീസുകാരുടെയും ഡോക്ടര്‍മാരുടെയും മേല്‍ കോടതി കുറ്റം ചുമത്തുകയുണ്ടായി. ഗോധ്ര സംഭവത്തിന് ശേഷം ആ വര്‍ഷം ഗുജറാത്തില്‍ നടന്ന ഭീകരവും മനുഷ്യത്വരഹിതവുമായ അക്രമങ്ങളില്‍ ഒന്നായിരുന്നു അത്.

സി.ബി.ഐ യാണ് ബില്‍ക്കിസിന്റെ കേസ് അന്വേഷിച്ചിരുന്നത്. ഗുജറാത്ത് പോലീസായിരുന്നില്ല. മാത്രമല്ല, കുറ്റാരോപിതരുടെ വിചാരണ മുബൈയിലാണ് നടന്നത്. കാരണം നീതിപൂര്‍വ്വകമായ ഒരു വിചാരണ ഗുജറാത്തില്‍ സാധ്യമല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പക്ഷം.

ഈ സംഭവങ്ങളെല്ലാം നടക്കുന്ന സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയാകേണ്ടി വന്നു എന്നതൊഴിച്ച് നിര്‍ത്തിയാല്‍ എന്താണ് മോദിക്ക് അവയുമായുള്ള ബന്ധം എന്ന് ഒരുപക്ഷെ ബി.ജെ.പി ചോദിച്ചേക്കാം. അതേസമയം, മോദിയാണ് മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തതെന്ന ആരോപണം സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ പങ്ക് ഇത്‌വരെ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ വിവാദകരമായ കണ്ടെത്തലുകള്‍ക്കെതിരെ സക്കിയ ജഫ്രി അപ്പീല്‍ കൊടുത്തെങ്കിലും 2013 ല്‍ അന്വേഷണ സംഘ്ം മോദിക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഗുജറാത്ത് ഹൈക്കോടതിക്കോ സുപ്രീം കോടതിക്കോ മാത്രമാണ് അതില്ലാതാക്കാന്‍ കഴിയുക.

കൂട്ടക്കൊലയുടെ പേരില്‍ കുറ്റാരോപണം നേരിടുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവല്ല മോദി. 1984 ല്‍, ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന സിക്ക് വിരുദ്ധ കലാപത്തില്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് വരുന്ന സിക്കുകാരുടെ ജീവന്‍ സംരക്ഷിക്കാന്‍ ദല്‍ഹി പോലീസിന്റെ നേരിട്ടുള്ള നിയന്ത്രണം കൈയ്യിലുണ്ടായിരുന്നിട്ട് കൂടി രാജീവ് ഗാന്ധിയും നരസിംഹറാവുവും ഒന്നും ചെയ്തിരുന്നില്ല. ദല്‍ഹി, ഗുജറാത്ത് വംശഹത്യകള്‍ക്ക് പൊതുവായ ഒരുപാട് പ്രത്യേകതകളുണ്ട്: ഉന്നതരായ നേതാക്കന്‍മാരടക്കമുള്ളവരുടെ അത്യന്തം പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങള്‍, ഗുണ്ടകളുടെ രാഷ്ട്രീയ സംഘാടനം, അക്രമത്തിനിരയാകുന്ന ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനുള്ള പോലീസിന്റെ വിസമ്മതം, കൊലപാതങ്ങളില്‍ പങ്കാളികളായിട്ടുള്ള (ഉദാഹരണത്തിന് എച്ച്.കെ. എല്‍ ഭഗത്, മായ കൊട്‌നാനി) രാഷ്ട്രീയക്കാര്‍ക്ക് മന്ത്രിപദവിയടക്കമുള്ള സമ്മാനങ്ങള്‍.

ഒരുപക്ഷേ, അക്രമത്തിലുള്ള നേരിട്ടുള്ള പങ്കിനെക്കുറിച്ച തെളിവുകളൊന്നും ലഭ്യമല്ലായിരിക്കാം. എന്നാല്‍ കുറ്റക്കാരായവരെ സംരക്ഷിക്കാനും ഇരകള്‍ക്ക് നീതി നിഷേധിക്കാനും വേണ്ടതെല്ലാം ചെയ്ത ഒരു ഭരണകൂടത്തെ നയിച്ചതിലൂടെ പല തവണ മോദി തന്റെ കുറ്റം സമ്മതിച്ചതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഒളിച്ച് വെക്കാനൊന്നുമില്ലാത്ത ഒരു നേതാവിന്റെ സമീപനമല്ല മോദിയില്‍ നിന്നുണ്ടായത്.

2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസും അവരുടെ കുടുംബവും ഒരു വലിയ ജനക്കൂട്ടത്താല്‍ ആക്രമിക്കപ്പെടുന്നത്. 57 ഹിന്ദു യാത്രികര്‍ കൊല്ലപ്പെട്ട, ഫെബ്രുവരു 27ന് നടന്ന ഗോധ്ര ട്രയിന്‍ അക്രമത്തിന് ശേഷം ഗുജറാത്തിലുടനീളം മുസ്‌ലിംകള്‍ക്കെതിരായ കൂട്ട അക്രമങ്ങളില്‍ നിന്ന് രക്ഷതേടി വീട് വിട്ടിറങ്ങിയ സന്ദര്‍ഭത്തിലാണ് അവര്‍ക്കെതിരെ അക്രമമുണ്ടായത്. ആ സമയത്ത് ബില്‍ക്കീസ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. എന്നിട്ടും അവരും കൂടെയുണ്ടായിരുന്ന സ്ത്രീകളും കൂട്ട ബലാല്‍സംഘത്തിന് വിധേയമാവുകയുണ്ടായി. അവരുടെ മൂന്ന് വയസ്സുള്ള കുട്ടി പതിമൂന്നോളം വരുന്ന ഇതര കുടുംബാഗങ്ങളോടൊപ്പം കൊല്ലപ്പെടുകയും ചെയ്തു. ബില്‍ക്കീസ് ഒരുവിധം പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും അക്രമകാരികളുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ചേര്‍ക്കാന്‍ പോലീസ് വിസമ്മതിക്കുകയാണുണ്ടായത്. ഒരു വര്‍ഷത്തിന് ശേഷം, 2003 മാര്‍ച്ചില്‍ ‘അനൗചിത്യങ്ങള്‍’ ആരോപിച്ച് കൊണ്ട് ലിംഖേദയിലെ ഒരു പ്രാദേശിക കോടതി അവരുടെ പരാതി പൂര്‍ണ്ണമായും തള്ളുകയാണുണ്ടായത്.

അതിന് ശേഷം ബില്‍ക്കീസ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും അത് സുപ്രീം കോടതി ഈ വിഷയത്തിലിടപെടാന്‍ കാരണമാക്കുകയും ചെയ്തു. സുപ്രീം കോടതി ഇടപെട്ട ഉടന്‍ തന്നെ ഗുജറാത്ത് പോലീസ് രംഗത്തെത്തുകയുണ്ടായി. അത് പക്ഷെ, കൃത്യമായ അന്വേഷണം നടത്താനോ കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാനോ ആയിരുന്നില്ല. മറിച്ച് ബില്‍ക്കീസിനെയും അവരുടെ കുടുംബത്തെയും അവഹേളിക്കാനും ഭീഷണിപ്പെടുത്താനുമായിരുന്നു. അതേത്തുടര്‍ന്ന്, 2003 സെപ്റ്റംബര്‍ 25 ന് സുപ്രീംകോടതി ഗുജറാത്ത് പോലീസിനോട് ഇരകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് 2003 ഡിസംബറില്‍ സുപ്രീംകോടതിയുടെ മൂന്ന് ജഡ്ജിമാര്‍ വരുന്ന ഒരു ബെഞ്ച് സി.ബി.ഐ യോട് കേസെറ്റുടാക്കാന്‍ ആവശ്യപ്പെടുന്നത്.

വളരെ കാര്യക്ഷമമായി കേസന്വേഷണം നടത്തിയ സി.ബി.ഐ 2004 ഏപ്രീല്‍ 19 ന് രണ്ട് ഗവണ്‍മെന്റ് ഡോക്ടര്‍മാരും ആറ് ഗുജറാത്ത് പോലീസ് ഓഫീസര്‍മാരുമടക്കമുള്ള ഇരുപതോളം പേര്‍ക്കെതിരെ ഒരു ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്യുകയുണ്ടായി. 2004 മെയ് 12നാണ് സി.ബി.ഐ സുപ്രീംകോടതിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2002  മാര്‍ച്ചില്‍ നടന്ന അക്രമ സംഭവങ്ങളെ മൂടിവെക്കുന്നതില്‍ ഗുജറാത്ത് ഭരണകൂടം വഹിച്ച പങ്കിനെക്കുറിച്ച് അതില്‍ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ കുറ്റവിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നും കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയുടെ ഗവണ്‍മെന്റിനെ വിശ്വസിക്കാന്‍ സാധിക്കുകയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2004 ആഗസ്റ്റ് ആറിനാണ് വിചാരണ ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുന്നത്. 2008 ജനുവരി 18ന് കുറ്റാരോപിതരായ 13 പേര്‍ കുറ്റക്കാരാണെന്ന് (അതിലൊരാള്‍ വിധി വരുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു) കോടതി കണ്ടെത്തിയെങ്കിലും രണ്ട് ഡോക്ടര്‍മാരെയും അഞ്ച് പോലീസ് ഓഫീസര്‍മാരെയും കുറ്റവിമുക്തരാക്കുകയുണ്ടായി. അതിനെതിരെ സി.ബി.ഐ മുംബൈ ഹൈക്കോടതിയില്‍ അപ്പീലിന് പോവുകയും അതേത്തുടര്‍ന്ന് 2017 മെയ് നാലിന് പ്രധാന കുറ്റാരോപിതരായ പതിനൊന്ന് പേരുടെ ശിക്ഷ കോടതി ശരിവെക്കുകയും ഏഴ് പേരെ കുറ്റവിമുക്തരാക്കിയ നടപടി റദ്ദ് ചെയ്യുകയും ചെയ്തു.

ബില്‍ക്കിസ് ബാനു പറയുന്നു:  ”ക്രിമിനലുകളെ സംരക്ഷിക്കുകയും അവര്‍ക്ക് പ്രചോദനമാവുകയും ഒരു സമുദായത്തിന്റെ ജീവിതം മുഴുവന്‍ നശിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ നിഷ്‌കളങ്കത ചോദ്യം ചെയ്യപ്പെട്ടു എന്നതും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നു എന്നതും എന്നെസംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്. പൗരന്‍മാരെ സംരക്ഷിക്കുകയും അവരുടെ നീതി ഉറപ്പാക്കുകയും ചെയ്യേണ്ട ഭരണകൂട ഉദ്യോഗസ്ഥര്‍ക്ക് ഇത് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന ധാര്‍മ്മികമായ അപമാനമായിരിക്കണം.

സി.ബി.ഐ ഈ കേസ് അന്വേഷിച്ച കാലയളവിലുടനീളം കേന്ദ്രം ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നു. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു ‘കൂട്ടിലടക്കപ്പെട്ട തത്ത’ യായിരുന്നു സി.ബി.ഐ എന്ന് ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ പൊതുവെ ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കെതിരെ നിലകൊള്ളാന്‍ തയ്യാറാകാറില്ല. അേേതസമയം ബില്‍ക്കിസ് ബാനു കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് കൊണ്ട് സി.ബി.ഐ ചെയ്ത കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രമകരമായ ദൗത്യം തന്നെയാണ്.

ഗുജറാത്തില്‍ നിയമം നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയെ തുടര്‍ച്ചയായി ലംഘിക്കുന്നതില്‍ മോദി ഭരണകൂടത്തിന്റെ പങ്കിനെ വെളിച്ചത്ത് കൊണ്ട് വരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച എന്‍.എച്ച്.ആര്‍.സിയെ അക്കാലത്ത് നയിച്ചിരുന്നത് ആദ്യം ജസ്റ്റിസ് ജി.എസ് വര്‍മ്മയും പിന്നീട് ജസ്റ്റിസ് എ.എസ് ആനന്ദുമായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണകൂടമായിരുന്നു രണ്ട് പേരെയും നിയോഗിച്ചിരുന്നത്. സുപ്രീംകോടതിയില്‍ വെച്ച് ഹിന്ദുത്വമാണ് ജീവിതവഴിയെന്ന് പറഞ്ഞ വര്‍മ്മയെ അതിന്റെ പേരില്‍ ബി.ജെ.പി എപ്പോഴും പരാമര്‍ശിക്കാറുണ്ട്.

അന്നത്തെ ഗുജറാത്ത് ഭരണകൂടത്തിലുള്ള അവിശ്വാസ വോട്ടെടുപ്പിലേക്ക് നയിച്ച പ്രക്രിയകളെ കപട മതേതര ഗൂഢാലോചനയെന്നും മോദി വിരുദ്ധതയെന്നും കോണ്‍ഗ്രസ്സ് പ്രീണനമെന്നും ഒരിക്കലും വിശേഷിപ്പിക്കാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്നു എന്ന തന്റെ അവകാശവാദങ്ങള്‍ക്കും പ്രതിഞ്ജകള്‍ക്കും എല്ലാം നേര്‍വിപരീതമായ കാര്യങ്ങളാണ് ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മോദി ചെയ്തത് എന്നത് ഇപ്പോള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മോദിക്ക് മനംമാറ്റമുണ്ടാകുന്നു എന്ന് വിശ്വസിക്കല്‍ വളരെ ആശ്വാസകരം തന്നെയാണ്. എന്നാല്‍ സത്യത്തില്‍ മോദിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുത്തലാഖിന്റെ പൈശാചികതയില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ രക്ഷിച്ചെടുക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. എന്നാല്‍ പെഹ്‌ലു ഖാന്റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വിധവകളടക്കമുള്ള മുസ്‌ലിം സ്ത്രീകളോട് ആശ്വാസകരമായ യാതൊരു കാര്യവും ഇന്നേവരെ അദ്ദേഹം സംസാരിച്ചിട്ടില്ല. ‘പശു സംരക്ഷകരുടെ’ അക്രമമാണ് അവരെ വിധവകളാക്കിയത് എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണഘടനയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളോടും മുസ്‌ലിംകളോടുമുള്ള വിദ്വേഷത്താല്‍ പ്രശസ്തനായ ഒരാളെയാണ് യു.പിയുടെ മുഖ്യമന്ത്രിയാകാന്‍ അദ്ദേഹം സഹായിച്ചിരിക്കുന്നത്. ജന്‍മനാ ഹിന്ദുവെന്നും ദേശീയവാദിയെന്നുമാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ ജമ്മുവിലെ റിആസിയില്‍ കഴിഞ്ഞ മാസം (Reasi) നടന്ന ദാരുണമായ ഒരു സംഭവത്തോട് ഇത് വരെയും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ജയ്ശ്രീരാം എന്നും ഭാരത് മാതാ കീ ജയ് എന്നുമെല്ലാം വിളിച്ച് കൊണ്ട് വലിയൊരു ജനക്കൂട്ടം പ്രതിരോധിക്കാന്‍ പോലും കഴിയാത്ത മൂന്ന് മുസ്‌ലിം സ്ത്രീകളെ ഭീകരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു ആ സംഭവം.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഘണ്ഡ്, ജമ്മു തുടങ്ങിയ ഏത് സംസ്ഥാനങ്ങളിലുമായിക്കൊള്ളട്ടെ. എവിടെയൊക്കെ ബി.ജെ.പി ഭരിച്ചാലും അക്രമകാരികളോട് അനുഭാവപൂര്‍വ്വമായ സമീപനവും ന്യൂനപക്ഷ ഇരകളോട് അവഗണനയുമാണ് അവര്‍ സ്വീകരിക്കുന്നത്. എന്‍.എച്ച്. ആര്‍.സി, സിബി.ഐ, എന്തിന് സുപ്രീം കോടതി പോലും മോദി ഗുജറാത്ത് ഭരിച്ച സന്ദര്‍ഭത്തില്‍ നിസ്സഹായമായിരുന്നു. ബില്‍ക്കീസ് ബാനുവിന് നീതി ലഭിച്ചത് തന്റെ സംസ്ഥാനത്ത് മോദി കുത്തിവെച്ച വൈറസ് ബാധിക്കാത്ത ജനവിഭാഗവും സ്ഥാപനങ്ങളും ഇപ്പോഴും ഇന്ത്യയില്‍ സജീവമാണ് എന്നതിനാലാണ്. എന്നാല്‍, ആ വൈറസിപ്പോള്‍ ദേശീയ തലത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.

വിവ: സഅദ് സല്‍മി

Related Articles