Current Date

Search
Close this search box.
Search
Close this search box.

പ്രധാനമന്ത്രി മോദിക്കും ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനും ആംനസ്റ്റി എഴുതിയ കത്ത്‌

amnesty.jpg

1987 മെയ് 22ന് ഹാശിംപുരയിലെ 42 നിരായുധരായ മുസ്‌ലിം പുരുഷന്മാരെ ഉത്തര്‍പ്രദേശിലെ അര്‍ധസൈനിക വിഭാഗമായ പിഎസി (പ്രവിന്‍ശ്യല്‍ ആംഡ് കൊണ്‍സറ്റബുലറി) യിലെ അംഗങ്ങള്‍ നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തത്. കൊലപാതകത്തെ തുടര്‍ന്ന് ക്രിമിനല്‍ അന്വേഷണം, അന്വേഷണ കമ്മീഷന്‍, രണ്ട് സംസ്ഥാനങ്ങളിലെ കോടതികളിലായി വാദം കേള്‍ക്കലും, കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട 5 പേരുള്‍പ്പെടെ അനേകം പേരുടെ സാക്ഷിവിസ്താരവുമെല്ലാം നടന്നു. ഹാശിംപുരയിലെ ഇരകളും കൂട്ടക്കൊലയെ അതിജീവിച്ചവരും 28 വര്‍ഷം നീതിക്കായി കാത്തുനിന്നു. പക്ഷേ അവര്‍ 2015 മാര്‍ച്ച് 21-ന് കേട്ടത് ദല്‍ഹിയിലെ ഒരു വിചാരണാകോടതി കേസില്‍ ആരെയും ശിക്ഷിക്കാനാവില്ലെന്ന് പറയുന്നതാണ്.

കുറ്റാരോപിതരായ 16 പിഎസി അംഗങ്ങളെ വെറുതെ വിട്ടുകൊണ്ട് വിചാരാണകോടതി നിരീക്ഷിച്ചത് ഇങ്ങനെയാണ്: നിഷ്‌കളങ്കരായ അനേകം പേരെ ഭീതിയിലാഴ്ത്തുകയും ഒരു ഭരണകൂട ഏജന്‍സി തന്നെ അവരുടെ ജീവനപഹരിക്കുകയും ചെയ്തു എന്ന് നിരീക്ഷിക്കുന്നതില്‍ കടുത്ത വേദനയുണ്ട്. എന്നാല്‍ അന്വേഷണ ഏജന്‍സിയും പ്രൊസിക്യൂഷനും കുറ്റവാളികള്‍ ആരൊക്കെയാണെന്ന് കൃത്യമായി സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.

അപര്യാപ്തും ദുര്‍ബലവുമായ തെളിവുകളുടെ പുറത്തും പിശകുകളുള്ള അന്വേഷണത്തിന്റെ പുറത്തും കുറ്റാരോപിതനായ വ്യക്തി ശിക്ഷിക്കാനാവില്ല, കോടതി പറഞ്ഞു.

നീതിലംഘനങ്ങളുടെ പരിധിക്കുമപ്പുറത്തുള്ളതാണ് ഹാശിംപുരയില്‍ സംഭവിച്ചത്. ഇന്ത്യയുടെ ക്രിമിനല്‍ നീതി വ്യവസ്ഥയുടെ അങ്ങേയറ്റത്തെ പരാജയമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കഴിവ്‌കെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍, നിഷ്‌ക്രിയരും കുറ്റവാളികളുമായ ഭരണകൂടവും, ഇഴയുന്ന നീതിവ്യവസ്ഥയുമെല്ലാം ചേര്‍ന്ന് ഹാശിംപുര സംഭവത്തില്‍ കാണിക്കുന്നത് കുറ്റകൃത്യങ്ങള്‍ എങ്ങനെ തഴച്ചുവളരുന്നുവെന്നും ഇന്നത്തെ ഇന്ത്യയില്‍ ഇരകള്‍ക്കു കിട്ടേണ്ട നീതി എപ്രകാരം വലിച്ചുകീറപ്പെടുന്നു എന്നതുമാണ്.

എടുത്തുപറയേണ്ട പാളിച്ചകള്‍ എമ്പാടുമുണ്ട്. ആദ്യം തയ്യാറാക്കപ്പെട്ട രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ ഒന്ന് നശിപ്പിക്കപ്പെട്ടു. ഇരകളെ കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ പിഎസിക്ക് തുടര്‍ന്നും ഉപയോഗിക്കാന്‍ തിരിച്ചുനല്‍കി. ദല്‍ഹി കോടതി നിരീക്ഷിച്ചു: വിചാരണസമയത്ത് റൈഫിളുകള്‍ പൊതിയാതെയാണ് ഹാജരാക്കിയത്. കൂടാതെ, ഒരുപാട് തവണ വെടിവെച്ച് എന്നാണ് പറയപ്പെടുന്നതെങ്കിലും ഒരൊറ്റ വെടിയുണ്ടയും കണ്ടെടുത്ത് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തെളിവുകള്‍ ഉപേക്ഷിച്ചു, പ്രധാനപ്പെട്ട സാക്ഷികളെ ചോദ്യംചെയ്യാതെ വിട്ടു. വളരെ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം പതുക്കെ നിലച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നീതിക്ക് പ്രൗഢമായ സ്ഥാനമുണ്ട്. പരിഹാരത്തിനുള്ള അവകാശം, യാഥാര്‍ഥ്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരല്‍, നീതിയും നഷ്ടപരിഹാരവുമെല്ലാം അന്താരാഷ്ട്ര നിയമത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ഹാശിംപുരയില്‍ പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും, ഒരു പരിധിയോളം കോടതിയുടെയും നടപടികള്‍ കാണിക്കുന്നത് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് തന്നെയാണ്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ ഹീനമായ പരാജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയമായി നിന്നുകൂടാ.
            -ആത്മാര്‍ഥതയോടെ, അനീതിക്കെതിരെ പോരാടുന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ 25 ലക്ഷം അനുയായികള്‍.

 

അവലംബം: amnesty.org.in
മൊഴിമാറ്റം: മുഹമ്മദ് അനീസ്

Related Articles