Current Date

Search
Close this search box.
Search
Close this search box.

പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത്

kashmir-article.jpg

ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക്
ഞാന്‍ ഈ കത്ത് എഴുതാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു, കാരണം ജമ്മു കാശ്മീരിലെ നിലവിലെ സംഭവവികാസങ്ങളും പത്താന്‍കോട്ടിലെ നമ്മുടെ വ്യോമസേനത്താവളത്തില്‍ നടന്ന ആക്രമണവും, ഇപ്പോള്‍ ഉറിയില്‍ നടന്ന ആക്രമണവും എവിടെയായാലും നമുക്ക് നഷ്ടപ്പെട്ടത് മഹത്തായ ജീവനുകളാണ്. നിരവധിപ്പേര്‍ക്ക് പരിക്കുപറ്റി എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രതികരണമില്ലാതിരിക്കാന്‍ കാരണം ഇരുപക്ഷത്തും വലിയതോതില്‍ ആണവായുധങ്ങല്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് എന്നതിലാണ്. 1998 ലാണ് ഇന്ത്യ ആണവ പരീക്ഷണം നടത്തിയത്. ഇത് മേഖലയില്‍ ആണവായുധങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വലിയപങ്കായിരുന്നു വഹിച്ചത്. ആണവായുധങ്ങള്‍ക്കെതിരായ എന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ തന്നെ അതിനെക്കുറിച്ച് വിവരിക്കേണ്ടതില്ല. നമ്മുടെ ആണവായുധ ശക്തിയെക്കുറിച്ചുള്ള പരസ്യമായ പ്രഖ്യാപനം നടത്തുക വഴി പാകിസ്താനുമുകളില്‍ നമുക്ക്  പരമ്പരാഗതമായി ഉണ്ടായിരുന്ന മേല്‍ക്കോയ്മ നഷ്ടമാകാന്‍ നിമിത്തമാകുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും,  സൈനിക മേധാവി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രിസഭാ കമ്മറ്റി എന്നിവരോട് മാത്രമല്ല ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടത്. മറിച്ച് നാവിക-വ്യോമ സേനാമേധാവികളുമായും തുല്യപ്രാധാന്യത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. നമ്മള്‍ യുദ്ധം ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ പാകിസ്താന്‍ അത്തൊരുമൊരു സാഹചര്യം വികസിപ്പിക്കുകയാണെങ്കില്‍ ഈ മൂന്ന് വിഭാഗം സേനാമേധാവിമാരുടെയും നിര്‍ദേശങ്ങളും പങ്കാളിത്തവും അനിവാര്യമാണ്. എല്ലാ സംഭവങ്ങളുടെയും ആഘാതങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ സൈന്യത്തെ നാം തയ്യാറാക്കേണ്ടതുണ്ട്.

ഇന്ത്യാ പാക് ബന്ധങ്ങളിലെ മൊത്തം ചോദ്യങ്ങളിലേക്ക് തിരിച്ചു വരുമ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത തുടരുവാനുള്ള പ്രധാനപ്പെട്ട കാരണം കാശ്മീര്‍ വിഷയം പരിഹരിക്കാന്‍ കഴിയാത്തതാണെന്ന് കാണാന്‍ കഴിയും. 1948 മുതല്‍ തുടര്‍ന്നുവരുന്ന ഇന്ത്യന്‍ സര്‍ക്കാറുകള്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. താഴ്‌വരയിലെ ആക്രമണങ്ങളും അശാന്തിയുമുള്‍പ്പെടയുള്ള നിലവിലെ സംഭവവികാസങ്ങളില്‍ പലരും വ്യക്തമാക്കിയിട്ടുള്ളതുപോലെ  സൈന്യമല്ല കാശ്മീര്‍ പ്രശനത്തിന്റെ പരിഹാരം എന്ന വാദത്തെ ശക്തിപ്പെടുത്തുന്നു. പരിഹാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഭാഷണങ്ങളിലൂടെ മാത്രമേ ഇവിടെ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ.

ദൗര്‍ഭാഗ്യവശാല്‍, നാം ഇപ്പോഴും സ്വീകരിക്കുന്നത് ഒട്ടും അയവില്ലാത്ത നിലപാടുകളാണ്, ഈയിടെ നടന്ന പാര്‍ലമെന്റ് അംഗങ്ങളുടെ സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിലും പാതിവെന്ത നിലപാടുകളായിരുന്നു സ്വീകരിച്ചതെന്നും പ്രകടമായിരുന്നു. കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് സംവാദങ്ങള്‍ അനിവാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. എല്ലാപാര്‍ട്ടികള്‍ക്കും സ്വീകാര്യമായ രീതിയില്‍ രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ ഇന്ത്യ സന്നദ്ധമാണെതെന്നത് ഭാവനാത്മകതക്കപ്പുറം തെളിയിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

ഇതിന്റെ അര്‍ഥം ജമ്മു കാശ്മീരിന് ഇന്ത്യ നല്‍കിയിട്ടുള്ള കരാറുകള്‍ പൂര്‍ത്തീകരിരിക്കുന്നതിനെപ്പറ്റി പുനപരിശോധന നടത്തേണ്ടതുണ്ട് എന്നതാണ്. മാത്രവുമല്ല ഇതിന്റെ മറ്റൊരര്‍ഥം അവരോട് വാഗ്ദാനം ചെയ്തിട്ടുള്ള സ്വയംഭരണ പുനസ്ഥാപനമെന്നതിനോട് വളരെ അയഞ്ഞനിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത് എന്നതുമാണ്. ഇത് നേടിയെടുക്കണമെങ്കില്‍ വിഷയത്തെ സംബന്ധിച്ച് കാശ്മീരിലെ മുഴുവന്‍ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ നാം സന്നദ്ധമാകേണ്ടതുണ്ട്. 2004 ജമ്മുകാശ്മീര്‍ നിയമസഭ പാസ്സാക്കിയ സ്വയംഭരണം നടപ്പിലാക്കണമെന്ന പ്രമേയത്തെപ്പറ്റി നാം  ബോധവാന്മാരാണ്. പക്ഷേ അതിനാരും ചെവികൊടുക്കകയുണ്ടായില്ല. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലം മുതല്‍ ഈ വിഷയം മുന്നോട്ട് കൊണ്ടുവരുന്നതിനായി ഒന്നും ചെയ്യുകയുണ്ടായില്ല. ഇവിടെ സമാധാനം പുനസ്ഥാപിക്കാനുള്ള ഏറ്റവും വലിയ കടമ്പ വിശ്വാസം വീണ്ടെടുക്കുക എന്നതാണെന്ന വാദത്തോട് നിങ്ങള്‍ യോജിക്കണം സര്‍.

ഈ വിഷയത്തില്‍ താങ്കള്‍ക്ക് എഴുതുവാനുള്ള എന്റെ യോഗ്യത ഞാന്‍ ഇന്ത്യന്‍ നാവികസേനയുടെ മേധാവിയായരുന്നു എന്നത് മാത്രമല്ല, 1971 ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ സജീവസേവനമര്‍പ്പിക്കുകയും കുറഞ്ഞകാലത്തെ സര്‍വീസിനിടയില്‍ നമ്മുടെ മേഖലയിലെ സുരക്ഷയെയും മൊത്തം വികസനത്തെക്കുറിച്ചും നിര്‍ണായകമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്‌തൊരാള്‍ എന്നതുമാണ്. നമ്മുടെ മുതിര്‍ന്ന പല ഉദ്യോഗസ്ഥരും വെച്ചുപുലര്‍ത്തുന്ന അഭിപ്രായത്തിന് വിരുദ്ധമായി ഞാന്‍ മനസ്സിലാക്കുന്നു, പാകിസ്താനുമായുള്ള മൂന്നരയുദ്ധങ്ങള്‍ നമുക്ക് കാണിച്ചുതന്നത് നമ്മുടെ പ്രദേശത്തെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് സൈനിക നടപടി ഒരിക്കലും പരിഹാരമാവുകയില്ല എന്നതാണ്.

വിഷയത്തില്‍ സജീവമായി ഇടപെട്ട ഒരാള്‍ എന്ന നിലയില്‍ ശത്രുത കുറക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്താം എന്നതിനെക്കുറിച്ചും ഏറ്റവും ഉചിതമായരീതിയില്‍  എങ്ങനെ അതിര്‍ത്തി വിഷയം കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചും നമ്മുടെ പ്രദേശത്ത് ദീര്‍ഘകാലം എങ്ങനെ ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാം എന്നതിനെക്കുറിച്ചുമാണുവിടെ പ്രതിപാദിക്കുന്നത്.

1992ല്‍ സര്‍വീസിലായിരിക്കെ, ഞങ്ങള്‍ ഇന്ത്യന്‍ നാവിക സേന ‘ഇന്ത്യന്‍ മഹാമുദ്രത്തിലെ വെല്ലുവിളികളും അവസരങ്ങളും 21 ാം നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. തീരദേശ സഞ്ചാരം ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍ നാവിക പൈതൃകങ്ങളെപ്പറ്റിയും വെല്ലുവിളികള്‍ നേിരിടുന്നതിന് സംയുക്ത സംരഭങ്ങള്‍ ആരംഭിക്കുന്നതിനെപ്പറ്റിയും രൂപകല്‍പ്പനചെയ്യാനുള്ള ഒരുമിച്ചുകൂടലായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഇന്ത്യന്‍ മഹാസമുദ്രത്തെ സംഘര്‍ഷത്തില്‍ നിന്നും സഹകരണത്തിന്റെ പാതയിലേക്ക് മാറ്റണമെനന്ന എന്റെ നിര്‍ദേശത്തെ ഏകകണ്‌ഠേന പിന്തുണക്കുകയായിരുന്നു. അതോടൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിന് ‘ഇന്ത്യന്‍ സമുദ്ര പഞ്ചായത്ത്’ രൂപവത്കരിക്കണം എന്ന നിര്‍ദേശവും ഞാന്‍ മുന്നോട്ട് വെച്ചു. ഇന്ത്യന്‍ സര്‍ക്കാറിന്‍െയും നാവികസേനയുടെയും സമീപകാല സംരഭങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.

വിരമിക്കലിനു ശേഷമുള്ള വര്‍ഷങ്ങളില്‍ പാകിസ്താന്‍ ഇന്ത്യാ പീപ്പ്ള്‍സ് ഫോറം ഫോര്‍ പീസ് ആന്‍ഡ് ഡെമോക്രസി (പി.ഐ.പി.എഫ്.പി.ഡി) എന്ന കൂട്ടായ്മയക്ക് നേതൃത്വം കൊടുക്കുക വഴി സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സിവില്‍ സംഘടനകളെ കണ്ടെത്താനും ജനങ്ങളുമായി ഇടപഴകാനുമാണ് എന്റെ ശ്രമം. മറ്റൊരു സംരംഭം ആണവ നിരായുധീകരണണാണ്. ഇതിന് എന്നെയും എന്റെ സഹപ്രവര്‍ത്തകന്‍ പാകിസ്താനിലെ ഐ.എ റഹ്മാനെയും 2004ല്‍ സമാധാനത്തിനുള്ള മാഗ്‌സെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ എല്ലാശ്രമവും പരിഹരിക്കാന്‍ കഴിയാത്ത തടസ്സങ്ങളിലും കാശ്മീരിനെക്കുറിച്ചുള്ള സങ്കീര്‍ണ്ണമായ ചോദ്യങ്ങളിലുമാണ് അവസാനിക്കുന്നത്. ആദരണീയനായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജിപേയുമായും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബജറേഷ് മിശ്ര എന്നിവരുമായും ഞാന്‍ ഇത് പങ്കുവെച്ചിട്ടുണ്ടായിരുന്നു. സംവാദത്തിന്റെ പാത തുടരണമെന്ന അഭിപ്രായമാണ് അപ്പോള്‍ ഇരുവരും പങ്കുവെച്ചത്.

കാശ്മീരിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ആത്മാര്‍ഥവും കളങ്കരഹിതവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ നടപടികളാണ് ആവശ്യം. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ അവര്‍ ഈ സമൂഹത്തിന്റെ മൂല്യമേറിയ വിഭാഗമാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കണം. ആക്രമണങ്ങള്‍ കൂടുതല്‍ ആക്രണങ്ങളെ സൃഷ്ടിക്കുകയേ ഉള്ളു എന്നും അതൊരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും അവരെ ബോധ്യപ്പെടുത്തണം. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ക്രമേണെ സൈന്യത്തെ പിന്‍വലിക്കുന്നതിനെപ്പറ്റിയും സൈനിക പ്രത്യേക അധികാര നിയമ (അഫ്‌സ്പ)ത്തെപ്പറ്റിയും അവരുമായി തുറന്ന ചര്‍ച്ച നടത്തുന്നതിനും നമ്മള്‍ മുന്‍കൈയ്യെടുക്കണം.

പ്രധാനമന്ത്രി എന്ന നിലയില്‍  മുതിര്‍ന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥ മേധാവിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ നിര്‍ദേശങ്ങളിലെ ചിലതെങ്കിലും നിങ്ങള്‍ ഗൗരവത്തില്‍ സമീപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ മറ്റൊരഭ്യര്‍ഥന വിവേകശൂന്യതയാലും വൈകാരികതയാലും ആരെങ്കിലും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന് നിങ്ങള്‍ വഴങ്ങരുത് എന്നതാണ്. എന്റെ അഭിപ്രായത്തില്‍ ഇത് ഏറെ വിപത്തുകളുണ്ടാക്കുന്ന ഒന്നാണിത്.

അവസാനിപ്പിച്ചുകൊണ്ട് എനിക്ക് പറയാനുള്ളത് വര്‍ഷങ്ങളായി പാകിസ്താനും കാശ്മീരും സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി സമാധാന സംരംഭങ്ങളില്‍ ഭാഗവാക്കാകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ ജമ്മുകാശ്മീരിലെ ജനങ്ങളുമായി തുറന്ന സംവാദത്തിന് അവസരം ഒരുക്കേണ്ടിയിരിക്കുന്നു. അതുപോലെ പാകിസ്താനുമായും. എനിക്ക് ഇപ്പോള്‍ 83 വയസ്സ് പിന്നിട്ടിരിക്കുന്നു. ഞാന്‍ ഇപ്പോഴും ഊര്‍ജ്വസലനാണ്, ഇതിനു വേണ്ടിയുള്ള ഏത് പ്രവര്‍ത്തനങ്ങളിലും സ്വമേധയാ സേവനമനുഷ്ഠിക്കാന്‍ ഞാന്‍ സന്നദ്ധനുമാണ്.

വിശ്വസ്തതയോടെ,
അഡ്മിറല്‍ എല്‍. രാംദാസ് .        
(അഡ്മിറല്‍ എല്‍. രാംദാസ് ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ മേധാവിയാണ്)

വിവ: റഈസ് വേളം

 

Related Articles