Current Date

Search
Close this search box.
Search
Close this search box.

പ്രത്യയശാസ്ത്ര കൊലപാതകങ്ങളും രാഷ്ട്രീയ ആത്മഹത്യയും

murder-sangh.jpg

മഹാരാഷ്ട്രയില്‍ അന്ധവിശ്വാസത്തിനെതിരായ നിയമം പാസ്സാക്കാനും യുക്തിവാദത്തിന് വേണ്ടിയും പോരാടിക്കൊണ്ടിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ 2013 ലാണ് കൊല്ലപ്പെടുന്നത്. തന്റെ ജീവിതമുടനീളം അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തിനായിരുന്നു അദ്ദേഹം ഉഴിഞ്ഞുവെച്ചത്. അതിന് ശേഷം 2015 ലാണ് ഗോവിന്ദ് പന്‍സാരെയും എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെടുന്നത്. ഈ വര്‍ഷം നമ്മള്‍ സാക്ഷിയായത് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനാണ്. ജാതിക്കും സാമുദായിക മുന്‍വിധികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയായിരുന്നു അവരുടെ പോരാട്ടം. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ് അവരെഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നത്.

കടുത്ത മതയാഥാസ്ഥികനായ ഒരാളെ സംബന്ധിച്ചിടത്തോളം സമാധാനപരമായ സഹവര്‍ത്വിത്തത്തെക്കുറിച്ച സംസാരത്തെക്കാള്‍ ഭീഷണിയുയര്‍ത്തുന്ന യാതൊന്നുമില്ല. ഒരു മൗലികവാദിക്കൊരിക്കലും അപരരുമായുള്ള സമാധാനപരമായ ജീവിതം സാധ്യമല്ല. മനുഷ്യനിര്‍മ്മിത ദൈവങ്ങളോടും ആള്‍ദൈവങ്ങളോടുമാണ് അവര്‍ വിധേയത്വം കാത്തുസൂക്ഷിക്കുന്നത്. മാനവികതക്ക് അവിടെ യാതൊരു സ്ഥാനവുമില്ല.

എന്നാല്‍ എന്തുകൊണ്ടാണ് രാഷ്ട്രീയ-സാമ്പത്തിക ശക്തികള്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഈ ദൈവങ്ങളുടെയും അനുയായികളുടെയും രക്തക്കൊതി പ്രകടമാകുന്നത് എന്ന ചോദ്യം നാം ഉയര്‍ത്തേണ്ടതുണ്ട്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോഴും ആധിപത്യശക്തികള്‍ക്ക് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതിരിക്കുമ്പോഴുമാണ് ഈ ദൈവങ്ങള്‍ രംഗത്ത് വരുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി സംസ്‌കാരത്തെയും മതത്തെയും ആയുധവല്‍ക്കരിക്കുന്നതിനാണ് മൗലികവാദം എന്നുപറയുന്നത്. മതത്തെയും വിശ്വാസത്തെയുമെല്ലാം ഇവിടെ രാഷ്ട്രീയപരവും സാമ്പത്തികവുമായ അധീശത്വത്തിന് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മുതലാളിത്ത വ്യവസ്ഥ പ്രതിസന്ധി നേരിടുമ്പോഴെല്ലാം രാഷ്ട്രീയം വലത്തോട്ട് ചെരിയുന്നു എന്നത് ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുകയാണ്.

ഇന്ത്യയില്‍ നടന്ന സാമുദായിക സംഘര്‍ഷങ്ങളെയും അവയുടെ പശ്ചാത്തലങ്ങളെയും ഒന്ന് പരിശോധിച്ച് നോക്കുക. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് മുമ്പുള്ള വര്‍ഷങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു നിലനിന്നിരുന്നത്. അതിന് പരിഹാരമെന്നോണമാണ് 1991 ല്‍ സാമ്പത്തിക ഉദാരീകരണം നടപ്പിലാക്കിയത്. 1992 ലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. അതിനെത്തുടര്‍ന്ന് നിരവധി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ഒരുപാട് മനുഷ്യര്‍ കൊല്ലപ്പെടുകയും ചെയ്തു. അന്ന് നടന്ന അദ്വാനിയുടെ രഥയാത്ര സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും ചെയ്തത്.

ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുസ്‌ലിം ഭരണാധികാരികളുടെ അധിനിവേശവും ഹിന്ദുക്കള്‍ നേരിട്ട അടിച്ചമര്‍ത്തലുകളുമാണ് എന്നാണ് സാമുദായിക ആഖ്യാനത്തിലൂടെ വലതുപക്ഷം പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അതിന്റെ പേരില്‍ ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്.

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഫലങ്ങള്‍ അനുഭവിച്ചവര്‍ ഇപ്പോള്‍ വ്യക്തിവാദത്തെ (individualism) സ്വീകരിച്ചിരിക്കുകയാണ്. ‘അതിമോഹം നല്ലതാണ്’ (greed is good) എന്ന പുതിയ സാമ്പത്തിക തത്വചിന്ത ക്ഷേമവും സമത്വവും നീതിയും മുന്നോട്ട് വെക്കുന്നവരെയെല്ലാം ദേശത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായാണ് കണക്കാക്കുന്നത്. സാമുദായിക ഐക്യം എന്ന സങ്കല്‍പ്പത്തെ നിരാകരിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ ചെയ്യുന്നത്.

1984 ല്‍ ബിജെപിക്ക് രണ്ട് സീറ്റുകളാണ് ലോകസഭയിലുണ്ടായിരുന്നതെങ്കില്‍ 2014ല്‍ അത് 282 സീറ്റുകളായി വര്‍ധിച്ചിരിക്കുകയാണ്. അക്കാലയളവില്‍ നമ്മുടെ രാജ്യം സാക്ഷിയായത് ജാതീയവും സാമുദായികവുമായ നിരവധി അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കുമാണ്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചിരിക്കുകയാണ്. അതേസമയം, ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ സ്വകാര്യ മാധ്യമങ്ങളുടെ സഹായത്തോടെ ആധിപത്യ രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്തത്. അവര്‍ക്ക് വേണ്ടത് എല്ലാവിധ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുകയും രാജ്യത്തെ ഒരു സ്വതന്ത്ര വിപണിയായി മാറ്റാനും കഴിയുന്ന ശക്തനായ ഒരു നേതാവിനെയായിരുന്നു.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജനാധിപത്യവിരുദ്ധവും അഴിമതിയിലധിഷ്ഠിതവുമായ രാഷ്ട്രീയത്തെ ലോകശക്തികള്‍ മറച്ചുപിടിച്ചത് ഇസ്‌ലാമോഫോബിയയുടെ ആഗോളപ്രചാരണത്തിലൂടെയും മിഡിലീസ്റ്റിലെ ദേശരാഷ്ട്രങ്ങളില്‍ നടത്തിയ അധിനിവേശങ്ങളിലൂടെയുമായിരുന്നു. ഇസ്‌ലാമോഫോബിയയെ ഉപയോഗിച്ച് കൊണ്ടാണ് വലതുപക്ഷ രാഷ്ട്രീയക്കാര്‍ ജനാധിപത്യവിരുദ്ധവും നിഷ്ഠൂരവുമായ രാഷ്ട്രങ്ങള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഭീകരതക്കെതിരായ യുദ്ധം എന്ന പേരില്‍ എല്ലാ ചെറുത്തുനില്‍പ്പുകളെയും അവര്‍ അടിച്ചമര്‍ത്തുകയാണ്.

ഈ സന്ദര്‍ഭത്തിലാണ് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ചില വിഭാഗങ്ങള്‍ വ്യാജ രാഷ്ട്രീയ ദൈവങ്ങളിലും അവയുടെ അത്ഭുതപ്രവര്‍ത്തനങ്ങളിലും വിശ്വാസമര്‍പ്പിക്കുന്നത്. അതവര്‍ക്ക് സുരക്ഷാബോധവും സാമുദായിക ബോധവും നല്‍കുന്നുണ്ട്. അതേസമയം, മനുഷ്യ ചരിത്രത്തില്‍ അന്ധമായ വിശ്വാസം ആളുകളെ തങ്ങളുടെ മക്കളെയും സമുദായങ്ങളെയും വരെ ബലി കൊടുക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ ഗുരുക്കന്‍മാരെ പ്രീണിപ്പിക്കാന്‍ വേണ്ടി കൊല്ലാനും മടിക്കാത്തവരാണവര്‍.

കോളനിവാഴ്ച്ചയില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ നിര്‍ണ്ണായകമായ ചരിത്രഘട്ടത്തിലാണ് ഗാന്ധി കൊല്ലപ്പെടുന്നത്. ഗാന്ധിയുടെ കൊലപാതകത്തോടെ രാഷ്ട്രം ഹിന്ദു ആധിപത്യത്തെ സ്വീകരിക്കുമെന്നും ജനാധിപത്യത്തെ തള്ളിക്കളയുമെന്നുമായിരുന്നു വലതുപക്ഷ ശക്തികളുടെ പ്രതീക്ഷ. എന്നാല്‍ വെറുപ്പിനെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയം തള്ളപ്പെടുകയും ഭരണഘടനയുടെ സ്ഥാപനത്തിലൂടെ  മതേതരവും ജനാധിപത്യപരവുമായ അടിത്തറ സൃഷ്ടിക്കപ്പെടുകയുമാണ് ഗാന്ധിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചത്.

എന്നാല്‍ അംബേദ്കര്‍ പറഞ്ഞത് പോലെ സാമൂഹികവും സാംസ്‌കാരികവുമായ അടിത്തറ അസമത്വത്തിലും വിവേചനത്തിലും അധിഷ്ഠിതമായ ഒരു രാജ്യത്ത് സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെല്ലാം അസാധ്യമായ ഒരു സ്വപ്‌നം മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സമത്വമില്ലാതെ സാഹോദര്യവും സ്വാതന്ത്ര്യവും ഒരിക്കലും കൈവരിക്കാന്‍ സാധ്യമല്ല. അതുപോലെ മതയാഥാസ്ഥികതയും മുറുകെപ്പിടിക്കുന്നത് അസമത്വത്തെയും തീവ്രദേശീയതയെയും തന്നെയാണ്. അതിനാല്‍ തന്നെ രാജ്യത്ത് നിലനില്‍ക്കുന്ന മതയാഥാസ്ഥികമായ വിശ്വാസങ്ങളെ തകര്‍ക്കാതെ സമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് സാധ്യമല്ല.

അത്തരമൊരു സമൂഹത്തിന് വേണ്ടി ശബ്ദിച്ച് കൊണ്ടിരിക്കുന്നവരെല്ലാം ഇപ്പോള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഇപ്പോള്‍ ഭരണകൂടം മാത്രമല്ല ജനങ്ങളുടെ മേല്‍ അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ചില മിലിറ്റന്റ് സംഘങ്ങളും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ആരുമറിയാതെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം ടെലിവിഷന്‍ ചാനലുകളിലൂടെ ഖേദപ്രകടനം നടത്തുകയാണ് അവരുടെ രീതി. ഏതൊക്കെയാണ് ഈ സംഘങ്ങളെന്നും വിഷം വമിപ്പിക്കുന്ന മതവിദ്യാഭ്യാസത്തിലൂടെയും ആയുധപരിശീലനത്തിലൂടെയും മനുഷ്യത്വവിരുദ്ധമായ എന്തെല്ലാം പ്രവര്‍ത്തനങ്ങളിലാണ് അവരേര്‍പ്പെടുന്നതെന്നും നമുക്കറിയാം. ഇന്നവര്‍ ഭരണകൂടത്തിന്റെ തണലിലാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.

ഗാന്ധിയില്‍ നിന്നും ഗൗരി ലങ്കേഷിലെത്തുമ്പോള്‍ കൊലയുടെ രീതിയും കൊലയാളി സംഘങ്ങളുടെ ഡി.എന്‍.എയും ഒന്നുതന്നെയാണ്. ഇരകളുടെ നാമങ്ങള്‍ക്കാണ് മാറ്റം വന്നുകൊണ്ടിരിക്കുന്നത്. ഈ അക്രമകാരികള്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ മാത്രമല്ല നിശ്ശബ്ദരാക്കിക്കൊണ്ടിരിക്കുന്നത്. യുക്തിചിന്തക്കും ബഹുസ്വരതക്കും വേണ്ടി വാദിക്കുന്ന എല്ലാവരെയും അവര്‍ നോട്ടമിടുന്നുണ്ട്. ഇത്തരത്തില്‍ ഏകാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലാണ് ആഗോള-ദേശീയ സമ്പദ് വ്യവസ്ഥ സമ്പന്നമാകുന്നത്. എന്നാലതിന് വേണ്ടി നോട്ടുനിരോധനമടക്കമുള്ള പാവപ്പെട്ടവരെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങളാണ് ഭരണകൂടം നടപ്പിലാക്കുന്നത്. എന്നാലത്തരം നയങ്ങള്‍ ‘ധീരമായ പരിഷ്‌കരണങ്ങളായാണ്’ വിശേഷിപ്പിക്കപ്പെടുന്നത്.

പിന്തിരിപ്പന്‍ സാമ്പത്തിക തേര്‍വാഴ്ചയിലേക്കുള്ള മടങ്ങിപ്പോക്കാണ് ഇപ്പോള്‍ ഇന്ത്യയിലും ലോകത്തുടനീളവും നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം, സാധാരണ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ എത്ര പ്രബലമായ സാമ്രാജ്യങ്ങളും തകര്‍ന്നുവീഴുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സാധാരണ ജനങ്ങളാണ് മാനവികതയെയും ശരിയായ ചരിത്രത്തെയും വീണ്ടെടുക്കുക എന്നതാണ് യാഥാര്‍ത്ഥ്യം.

ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ തുടങ്ങിയ ധൈര്യശാലികള്‍ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുക തന്നെ ചെയ്യുമെന്നത് തീര്‍ച്ചയാണ്. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാന്‍ വലത്പക്ഷ ശക്തികള്‍ ശ്രമിക്കുന്നു എന്നതിനര്‍ത്ഥം അവര്‍ ആശയങ്ങളെ ഭയപ്പെടുന്നു എന്നതാണ്. അതേസമയം ആധിപത്യരാഷട്രീയത്തിനെതിരായ പോരാട്ടത്തിന് ധീരരായ ആ രക്തസാക്ഷികളുടെ മരണങ്ങള്‍ ശക്തിപകരുമെന്നത് തീര്‍ച്ചയാണ്. ചരിത്രപരമായ ഒരനിവാര്യതയാണത്.

വിവ: സഅദ് സല്‍മി

Related Articles