Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷയേകുന്ന കേരളത്തിലെ ഇസ്‌ലാമിക് ഫൈനാന്‍സ് സംരംഭങ്ങള്‍

islamic_finance.jpg

സാമ്പത്തിക മാന്ദ്യം എന്ന സൂനാമി വന്‍കിട രാഷ്ട്രങ്ങളെയൊന്നടങ്കം പിടിച്ചുലച്ചപ്പോള്‍ ഒരു പോറലുമേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്ക് കഴിഞ്ഞു എന്നത് തന്നെ വരാനിരിക്കുന്ന ലോകത്ത് അതിന്റെ സ്വാധീനം നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. പലിശരഹിതമായ സാമ്പത്തിക സംരംഭങ്ങളിലൂടെ സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിതിയും സമഗ്രവികസനവും കൈവരിക്കാമെന്നതിനുള്ള പ്രായോഗിക മാതൃകളാണ് ഇസ്‌ലാമിക് ഫൈനാന്‍സ് സംരംഭങ്ങള്‍.

പലിശയില്‍ നിന്നു മാത്രമല്ല, ചൂഷണാത്മകമായ എല്ലാ ഇടപാടുകളില്‍ നിന്നും സമ്പദ്ഘടനയെ മോചിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇസ്‌ലാമിക് ഫൈനാന്‍സ്. ആധുനിക ലോകത്ത് എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദുവാണ് പലിശ. അതിനാല്‍ തന്നെ ഇതിന്റെ ബദലിനെ കുറിച്ച് ലോകം ഇന്ന് വളരെ ഗൗരവതരത്തില്‍ തന്നെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ബ്രിട്ടനില്‍ 16 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം ബി എ ഇസ്‌ലാമിക് ഫിനാന്‍സ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. 25 സമുന്നത നിയമ സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക് ഫിനാന്‍സുമായി ബന്ധപ്പെട്ട നിയമസേവനങ്ങള്‍ നല്‍കി വരുന്നു എന്നത് തന്നെ ഇസ്‌ലാമിക ലോകത്തിനപ്പുറത്ത് പശ്ചാത്യ രാജ്യങ്ങളില്‍ വരെ ഇതിനുള്ള പ്രാധാന്യമാണ് നമ്മെ ബോ്ധ്യപ്പെടുത്തുന്നത്. 2013-ല്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ആസ്തികള്‍ 1.8 ട്രില്യന്‍ എത്തിനില്‍ക്കുന്നു. ആറ് വര്‍ഷംകൊണ്ട് ഇരട്ടിയിലധികം വളര്‍ച്ചയാണു ഈ മേഖലയിലുണ്ടായത്. പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഉഖുവത്ത് മൈക്രാഫിനാന്‍സ് വലിയ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നു. 380000 ദരിദ്രകുടുംബങ്ങള്‍ ഈ സംരംഭത്തെ വായ്പക്ക് ആശ്രയിക്കുന്നു. 98% വും കടം തിരിച്ചടക്കുന്നു എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

 ‘പശ്ചാത്യലോകത്തെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ഏറ്റവും വലിയ കേന്ദ്രമായി ലണ്ടനെ മാററുക എന്നതോടൊപ്പം തന്നെ, ഇസ്‌ലാമിക ഫൈനാന്‍സിന്റെ പ്രധാന കേന്ദ്രങ്ങളായ കോലാലംബൂര്‍, ദുബൈ എന്നിവയെ കവച്ചുവെക്കുന്ന തരത്തില്‍ തന്നെ ലോക ഇസ്‌ലാമിക് ഫിനാന്‍സിന്റെ കേന്ദ്രമായി ലണ്ടനെ വളര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ കഴിഞ്ഞ ഒക്ടോബര്‍ 29 മുതല്‍ 31വരെ ലണ്ടനില്‍ നടന്ന 9-ാമത് വേള്‍ഡ് ഇസ്‌ലാമിക് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്തുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വിവരിക്കുകയുണ്ടായി.  

ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വിരോധമുള്ളതോടൊപ്പം തന്നെ തങ്ങള്‍ക്ക് ഗുണകരമായ ഒരു സമ്പ്രദായം അവതരിപ്പിച്ചത് ഇസ്‌ലാം ആയതിന്റെ പേരില്‍ തള്ളിക്കളയുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ബ്രിട്ടനും ഫ്രാന്‍സും തിരിച്ചറിഞ്ഞിരിക്കുന്നു. അതേ സമയം ഇന്ത്യയെ പോലുള്ള രാഷ്ട്രത്തില്‍ ഈ ഉദാത്ത സംരംഭത്തിന്റെ പേരില്‍ ഇസ്‌ലാം എന്ന പദം ഉള്ള ഒറ്റക്കാരണത്താല്‍ അതിനോട് അയിത്തം കല്‍പിച്ച് പുറകോട്ട് നടക്കുന്ന ദുഖകരമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

ജനങ്ങളില്‍ നിന്ന് സമ്പാദ്യങ്ങള്‍ സ്വരൂപിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന ബാങ്കുകളുടെ സേവനം (പലിശാധിഷ്ഠിതമായാലും അല്ലെങ്കിലും)മിക്കരാജ്യങ്ങളിലും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരിലും ഇടത്തരക്കാരിലും പരിമിതമാണ്. അതിനാല്‍ തന്നെ നല്ലൊരു ശതമാനം വരുന്ന ദരിദ്ര്യര്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും ബാങ്കുകളുടെ സേവനം അന്യമാണ്. കാരണം അവര്‍ക്ക് സമ്പാദിക്കാന്‍ വരുമാനമില്ല. ഭൂമിയോ മറ്റ് ആസ്ഥികളോ സ്വന്തമായി കൈവശമില്ലാത്തതിനാല്‍ വായ്പയും ലഭ്യമാവുന്നില്ല. അതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ 40% ജനങ്ങള്‍ ഈ മേഖലയില്‍ നിന്നകന്നു നില്‍ക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

 കേരളത്തില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനമുപയോഗപ്പെടുത്തി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ, കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനശ്രീ എന്നതിന് പുറമെ എസ് എന്‍ ഡി പി, വെള്ളാള്‍ മഹാസഭ, കൃസ്ത്യന്‍ സംഘടനകള്‍ തുടങ്ങിയ സാമുദായിക സംഘടനകള്‍ക്ക് മൈക്രോ ഫൈനാന്‍സ് മേഖലകളില്‍ ശക്തമായ സാന്നിദ്ധ്യമുണ്ട്. പക്ഷെ ഇത്തരം സംവിധാനങ്ങളെല്ലാം പലിശാധിഷ്ഠിതമാണ്. വ്യത്യസ്ത കോര്‍പ്പറേറ്റുകളുടെ നേതൃത്വത്തില്‍ ഈ സംരംഭങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കഴുത്തറപ്പന്‍ പലിശ ഈടാക്കി സ്ത്രീകളടക്കമുള്ളവരെ ചൂഷണം ചെയ്യുന്ന സംഘങ്ങളും ഇന്ന് വ്യാപകമാണ്. ഇവിടെയാണ് പലിശ രഹിത അയല്‍ക്കൂട്ട സംവിധാനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ആസൂത്രിതമായ സംഘാടനവും നിസ്വാര്‍ഥ സേവനവുമുണ്ടെങ്കില്‍ ഈ രംഗത്ത് അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി ഇതിനെ വളര്‍ത്താന്‍ സാധിക്കും.

ഇന്ത്യയുടെയും കേരളത്തിന്റെയും സവിശേഷ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പലിശരഹിതവും നീതിയിലധിഷ്ടിതവുമായ മൈക്രോഫൈനാന്‍സ് സംരംഭങ്ങളുടെ സാധ്യതകളും പ്രായോഗിക മാതൃകളും അന്വേഷണ വിധേയമാക്കുക എന്നത് ഇത്തരത്തില്‍ വളരെ പ്രസക്തമാണ്. അതോടൊപ്പം തന്നെ സഹകരണ പ്രസ്ഥാനത്തിലൂടെ പലിശരഹിത സമ്പദ് വ്യവസ്ഥ പണിതുയര്‍ത്തുവാനുള്ള സംരംഭങ്ങളുമെല്ലാം കേരളീയ പരിസരത്തില്‍ വളര്‍ന്നുവരുന്നുണ്ട്. ഇത്തരം പദ്ദതികളെ പരിചയപ്പെടുത്തുകയും ബദല്‍ അന്വേഷണവുമാണ് ഈ ചര്‍ച്ച ലക്ഷ്യം വെക്കുന്നത്. വായനക്കാരും ഇത്തരം സംരംഭങ്ങളിലിടപെടുന്നവരും ഈ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട്([email protected]) ഇതിനെ ധന്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles