Current Date

Search
Close this search box.
Search
Close this search box.

പോലീസ് ശൗര്യം കാണിക്കേണ്ടത് പൗരന്റെ മുതുകിലല്ല

police33.jpg

കായിക ശേഷിയുള്ളവര്‍ പ്രത്യേകം പരിഗണികപ്പെടുന്ന അവസ്ഥയില്‍ നിന്നും കാര്യ ശേഷിയും സാമാന്യ ബോധവുമുള്ളവരും പരിഗണിക്കപെടുന്ന തലത്തിലേക്ക് പൊലീസ് സേന മാറേണ്ടതുണ്ട്. പൗരന്റെ മുതുകില്‍ പൊലിസിന്റെ ശൗര്യം വര്‍ദ്ധിപ്പിക്കുന്ന കോളനി തമ്പ്രാക്കന്മാര്‍ വിട്ടേച്ചു പോയ തിട്ടൂരവും എടുത്തു മാറ്റപ്പെടണം. താനൂര്‍ മുതല്‍ തലസ്ഥാന നഗരിവരെയുള്ള വര്‍ത്തമാന സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഒറ്റ ശ്വാസത്തില്‍ ഉരുത്തിരിയുന്ന പ്രതികരണങ്ങളാണിവ.
കള്ളന്മാരെയും കൊള്ളക്കാരെയും കൊലപാതകികളെയും തെമ്മാടികളെയും പേടിക്കുന്ന പൊതുബോധത്തില്‍ നിന്നും ഒട്ടും ഭിന്നമല്ലാത്ത പേടി പൊലീസിനെക്കുറിച്ചും ശരാശരി ഇന്ത്യക്കാരന്‍ വെച്ചു പുലര്‍ത്തുന്നുണ്ട് എന്നു വിശ്വസിക്കാന്‍ നിര്‍ബന്ധിതമാവുന്ന കാഴ്ചകളാണ് ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്. പൊതുജന ദ്രോഹികളില്‍ നിന്നും ഭാഗ്യത്തിനു രക്ഷപ്പെടുന്ന പ്രതീതി മാത്രമെ പൊലീസിന്റെ ദുഷ് പ്രഭുത്വത്തില്‍ നിന്നും രക്ഷപ്പെടുന്നുവെങ്കില്‍ മനസ്സിലാക്കപ്പെടുന്നുള്ളൂ. നാട്ടുകാരുടെ മെക്കിട്ടു കേറുന്നതില്‍ വിരോധമില്ലെന്ന തോന്നല്‍ ഈ അര്‍ധ സൈന്യത്തിനും ഒരു പക്ഷെ അവര്‍ക്കിങ്ങനെയൊക്കെ ആകാമായിരിക്കാമെന്ന ഒരു പറ്റം ‘പാവപ്പെട്ടവരുടെ’ തോന്നലും വലിയ വിപത്തുകള്‍ക്ക് കാരണമാകുന്നുണ്ട്. ഒരു പടികൂടെ കടന്നു പറഞ്ഞാല്‍ നാട്ടില്‍ വിലസുന്ന സാമൂഹ്യ ദ്രോഹികളേക്കാള്‍ വലിയ പാതകികള്‍ നിയമപാലകരുടെ വേഷത്തില്‍ രംഗത്തുണ്ട് എന്നു തീര്‍ത്തും സംശയിക്കേണ്ടിയിരിക്കുന്നു. നീതി ന്യായ നിയമപാലകരുടെ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷാ ശിക്ഷണ നടപടികള്‍ നടപ്പില്‍ വരുത്താന്‍ ഇനിയും അമാന്തിച്ചുകൂടാത്തതാണ്. പൊലീസിന്റെ ശൗര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതിലൂടെ സാധാരണക്കാരുടെ വീര്യമാണ് ചോര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന് ഇനിയും മനസ്സിലാക്കപ്പെടാതെ പോകരുത്.

വ്യവസ്ഥാപിത ഭരണ ക്രമം ഒരു യാന്ത്രിക രീതിയായി വളര്‍ന്നു വികസിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഏതു രാഷ്ട്രീയ സംവിധാനം അധികാരത്തിലെത്തിയാലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല. വിശേഷിച്ച് നീതി ന്യായ നിയമപാലന രംഗത്ത്. കാരണം ലോകം മുഴുവനെന്നോണം കോളനികളാക്കിയ പാശ്ചാത്യരുടെ നെറികേടുകളുടേയും ധാര്‍ഷ്ട്യത്തിന്റേയും ഭൂത പ്രേതങ്ങളൊക്കെ തന്നെയാണ് ഈ ഇടനാഴിയിലൂടെ ഇന്നും ചൂരലുമായി മേഞ്ഞു കൊണ്ടിരിക്കുന്നത്.

ധര്‍മം അധര്‍മം എന്ന ബോധത്തേക്കാള്‍ അഹം ബോധത്തിന്റെ ശൗര്യമാണ് പ്രസ്തുത പ്രേതാത്മക്കളുടെ സംസ്‌കൃതികളുടെ സത്ത. ഇഷ്ടം പോലെ ഭുജിക്കുകയും ഭോഗിക്കുകയും ഭ്രാന്തമായി ജിവിതത്തെ ആസ്വദിക്കുകയും ചെയ്യുന്ന കോളനി പാരമ്പര്യക്കാരില്‍ അധികവും വിഹിതമായ വിവാഹ ബന്ധത്തിലൂടെ ആഗ്രഹിക്കുന്നത് പിതാവാകാനാണത്രെ. അല്ലെങ്കില്‍ മാതാവാകാന്‍. ഇതേ മാനദണ്ഡം തന്നെയായിരുന്നു രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് അധികാരികളായപ്പോഴും സംഭവിച്ചത്. അധികാരികളായി വിരാജിക്കണം . അതിനു കുറേ ജനങ്ങള്‍ രാജ്യത്തുണ്ടായിരിക്കണം. ലോകത്തെ ഞെട്ടിപ്പിക്കുന്ന പല സംവിധാനങ്ങളും രാജ്യത്തുണ്ടാക്കും. വലിയ സൗധങ്ങളും. സൗകര്യങ്ങളുണ്ടാക്കും. സുഖവാസ കേന്ദ്രങ്ങളും ആര്‍ഭാഢങ്ങളുടെ കോട്ട കൊത്തളങ്ങളും. ഇതൊക്കെ ആസ്വദിക്കാനും അനുഭവിക്കാനും ഒരു വിഭാഗത്തിന് ചിലപ്പോള്‍ കഴിഞ്ഞെന്നു വരും. നല്ലൊരു ശതമാനത്തിന് കാഴ്ചക്കാരാകാനും.

രാജ്യത്തുടനീളം തലപൊക്കി നില്‍ക്കുന്ന കണ്ണാടി മാളികകളും കണ്ണഞ്ചിപ്പിക്കുന്ന കൃത്രിമക്കാഴ്ചകളുടെ വര്‍ണ്ണ രാജികളുമുണ്ടാകാം. ഇത്തരം മായിക പ്രപഞ്ചത്തെ ചിത്രീകരിക്കുകയും പര്‍വതീകരിച്ച് വിവരിക്കുകയും വിളമ്പുകയും ചെയ്യുന്ന രാഷ്ട്ര പുനര്‍ നിര്‍മ്മാണ നാടകങ്ങളാണ് പൊതുവെ നടന്നു കൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളുടെ താഴ്‌വരകളില്‍ തല ഉയര്‍ത്താന്‍ പോലും പാടില്ലെന്നു ആജ്ഞാപിക്കപ്പെട്ട അടിച്ചമര്‍ത്തപ്പെട്ടവരുണ്ടാകാം. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ക്ക് കാവലിരിക്കുന്ന രക്ഷിതാക്കളുണ്ടാകാം. അടച്ചുറപ്പില്ലാത്ത ചെറ്റകളില്‍ പ്രായ പൂര്‍ത്തിയെത്തിയ പെണ്‍മക്കളുടെ മാനാഭിമാനത്തിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമ്മൂമമാരുണ്ടാകാം. അടുക്കളയില്‍ എന്തു പുകയുന്നു എന്നതിന്റെ പേരില്‍ വേട്ടയാടപ്പെട്ടവരുണ്ടാകാം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കാട്ടുവാസികളും നാട്ടുവാസികളും ഉണ്ടാകാം. വിദ്യയും അഭ്യാസവും നിഷേധിക്കപ്പെട്ടവരുണ്ടാകാം. ശുദ്ധ ജലം തടയപ്പെട്ടവരും ശുദ്ധികലശത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ടവരുമുണ്ടാകാം. രാജ വീഥികള്‍ക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ടവരുണ്ടാകാം. വര്‍ഗ വര്‍ണ്ണങ്ങളുടെ പേരില്‍ നടയടക്കപ്പെട്ടവരും നടുവൊടികപ്പെട്ടവരും ഉണ്ടാകാം. നീതി തേടി അലയുന്നവരുണ്ടാകാം. നിയമ സഹായത്തിന് കെഞ്ചുന്നവരുണ്ടാകാം. വ്യവസ്ഥയുടെ ദുരവസ്ഥ ചോദ്യം ചെയ്തതിന്റെ പേരില്‍ നാവറുക്കപ്പെട്ടവരും കഴുത്തറക്കപ്പെട്ടവരും ഉണ്ടാകാം. അവകാശങ്ങള്‍ക്ക് വേണ്ടി ആര്‍ത്തലച്ചു കേഴുന്ന അമ്മമാരുണ്ടാകാം. സഹോദരിമാരുണ്ടാകാം. എന്നു മാത്രമല്ല സാക്ഷാല്‍ കോളനി തമ്പ്രാക്കന്മാരുടെ പ്രേതം കേറിയ നിയമപാലകപ്പിശാചുക്കളുടെ കയ്യൂക്കിന്റെ ഈണത്തില്‍ മണ്ണില്‍ തളര്‍ന്ന് വീണവരുമുണ്ടാകാം.

ഭരണ കര്‍ത്താക്കള്‍ മാറി വരുന്നതോടെ എസ്റ്റാബ്ലിഷ്ഡ് റൂളിങ് മെക്കാനിസത്തിന് പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. എന്നതിനെക്കാള്‍ നിലവിലെ മെക്കാനിസത്തിനനുസരിച്ച് റൂളര്‍മാരെ മെരുക്കാന്‍ എക്‌സിക്യൂട്ടീവ് ശ്രമിക്കുന്നു എന്ന അത്യന്തം അപകടരമായ അവസ്ഥ ഗൗരവപുര്‍വ്വം നിരിക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.

ജനാധിപത്യമെന്നാല്‍ അഞ്ചാണ്ടിലൊരിക്കല്‍ വരിനിന്നു ഇഷ്ടപ്പെട്ട ഒരു ചിഹ്നത്തില്‍ അടയാളപ്പെടുത്തുക എന്നു മാത്രം പ്രബുദ്ധരായ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കണം. വര്‍ത്തമാന കാലത്ത് ഏകാധിപത്യ രാജ്യങ്ങളിലുള്ള മിണ്ടാ പ്രാണികള്‍ക്കുള്ള വെളിവു പോലും രാജ്യനിവാസികള്‍ക്ക് ഇല്ലാതെ പോകുന്നു. തേരാളികള്‍ തങ്ങളാണെന്ന സ്വരജതിയില്‍ ഭയ ചകിതരാകേണ്ടവരല്ല ജനങ്ങള്‍. ചെങ്കോല്‍ ഏല്‍പിച്ചവര്‍ ജനങ്ങളാണെന്ന താക്കീതു നല്‍കി അധികാരികളെ വിറപ്പിക്കാന്‍ ഒരുമ്പെടുന്നവരാകണം ജനാധിപത്യ വിശ്വാസികള്‍. സേനയുടെ ബൂട്ടിന്റെ തിളക്കത്തേക്കാള്‍ പൗരന്റെ മുഖത്തെ തെളിച്ചം ആഗ്രഹിക്കുന്ന അധികാരികള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം.

Related Articles