Current Date

Search
Close this search box.
Search
Close this search box.

പെണ്ണ് ഒരുമ്പെട്ടാല്‍!

smriti-irani.jpg

ദാരിദ്ര്യത്തോടും നിരക്ഷരതയോടും പോരാടി ഇന്ത്യന്‍ ജനതയ്ക്ക് ‘അച്ചേ ദിന്‍’ (നല്ല നാളുകള്‍) നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി ഭരണകൂടം ഇന്ന് അടിപിടി കൂടുന്ന തിരക്കിലാണ്. ജെ.എന്‍.യുവിലെയും അലീഗഢിലെയും ഹൈദരാബാദിലെയും വിദ്യാര്‍ഥികളെ ‘മാന്താനും’ ‘പിച്ചാനും’ മാത്രമേ അവര്‍ക്ക് ഇന്ന് നേരമുള്ളൂ.

മുന്‍ സീരിയല്‍ നടിയും ഇപ്പോള്‍ മാനവ വിഭവശേഷി മന്ത്രിയുമായ സ്മൃതി ഇറാനി തരം താഴാനാവുന്നിടത്തോളം താണു കഴിഞ്ഞു. കോളേജിന്റെ പടി കാണാത്ത മന്ത്രി സര്‍വകലാശാല വി.സിയെ വിറപ്പിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. നാല്‍പതു വര്‍ഷത്തോളം രാജ്യസ്‌നേഹിയായ സൈനികനും ആര്‍മി സ്റ്റാഫിന്റെ ഡെപ്യൂട്ടി ചീഫും ആയിരുന്ന അഭിവന്ദ്യനായ ഒരു മനുഷ്യനോട് തന്റെ നിലവാരം എന്താണെന്ന് മന്ത്രി കാണിച്ചു കൊടുത്തു. ഐ.ഐ.ടിയും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും ജെ.എന്‍.യുവുമൊക്കെ ദഹിപ്പിച്ചതിന് ശേഷവും മന്ത്രി കലിയടങ്ങാതെ തുള്ളിക്കൊണ്ടിരിക്കുകയാണ്. അലീഗഢ് വി.സിയായ റിട്ട. ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷായോട് മന്ത്രി അപമര്യാദയായി പെരുമാറിയ വാര്‍ത്ത പുറത്തുവിട്ടത് മില്ലി ഗസറ്റ് ദൈ്വവാരികയാണ്.

അവര്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെ: ”കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാരും എം.പിമാരും അടങ്ങുന്ന ഒരു സംഘം എച്ച്.ആര്‍.ഡി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ സന്ദര്‍ശിക്കാനായി ഡല്‍ഹിയിലെ ഓഫീസില്‍ എത്തി. മലപ്പുറത്ത് ഉയര്‍ന്നുവരുമെന്ന് പറഞ്ഞ അലീഗഢ് ഓഫ് ക്യാമ്പസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യന്റെ നേത്യത്വത്തില്‍ സംഘം കേന്ദ്രമന്ത്രിക്ക് മുഖം കാണിച്ചത്. എന്നാല്‍ എടുത്തടിച്ചത് പോലെ സ്മൃതി ഇറാനി കൊടുത്ത മറുപടി ഈ ക്യാമ്പസും മറ്റ് അലീഗഢ് സെന്ററുകളും നിയമവിരുദ്ധമായാണ് സ്ഥാപിച്ചതെന്നും അതുകൊണ്ട് അവയെല്ലാം അടച്ചുപൂട്ടും എന്നുമായിരുന്നു. ഇറാനി ക്ഷുഭിതയായി കൊണ്ട് തുടര്‍ന്നു: ”നിങ്ങള്‍ക്ക് എങ്ങനെ ഇത്തരമൊരു സെന്റര്‍ തുടങ്ങാനാകും? ഇതിന് അനുമതി നല്‍കാന്‍ വി.സിക്ക് ആരാണ് അധികാരം നല്‍കിയത്? മന്ത്രാലയം ഒരു ചില്ലിക്കാശു പോലും തരില്ല. ഇവിടെ ഒരു അലീഗഢ് സെന്ററിന്റെയും ആവശ്യമില്ല. ഞാന്‍ എല്ലാം അടച്ചുപൂട്ടാന്‍ പോവുകയാണ്.”

”എല്ലാവിധ സൗകര്യങ്ങളോടെയും ഒരു അലീഗഢ് സെന്റര്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ 345 ഏക്കറോളം ഭൂമി പെരിന്തല്‍മണ്ണയില്‍ അനുവദിച്ചത്”, കേരളാ മുഖ്യന്‍ പറഞ്ഞുനോക്കി. ”അത് നിങ്ങള്‍ തിരിച്ചെടുക്കണം”, കേന്ദ്രമന്ത്രി ഗര്‍ജിച്ചു. കേരളാ മുഖ്യനും സംഘവുമായി കേന്ദ്രമന്ത്രിയുടെ ശുഭകരമല്ലാത്ത പ്രകടനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കെ അലീഗഢ് വി.സി സമീറുദ്ദീന്‍ ഷാ മുറിയിലേക്ക് കടന്നുവന്നു. ”നിങ്ങളോട് ആരാണ് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്?”, സ്മൃതി ഇറാനി അലറി. ”മാം, ഞാന്‍ കേരളാ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വന്നതാണ്”, വിനീതമായി വി.സി ഉണര്‍ത്തിച്ചു. മന്ത്രി കോപം കൊണ്ട് ജ്വലിച്ചു. ”കേരളാ മുഖ്യമന്ത്രിയാണോ നിങ്ങള്‍ക്ക് ശമ്പളം തരുന്നത് അതോ എച്ച്.ആര്‍.ഡി വകുപ്പോ? നിങ്ങള്‍ മുറിയിലേക്ക് തിരിച്ചുപോകൂ!’ അപമാനിതനായ വി.സി തിരിഞ്ഞു നടന്നു. ഇതൊക്കെ കണ്ട് കേരളാ മുഖ്യനും സംഘവും അന്ധാളിച്ചു നില്‍ക്കുകയാണ്, വന്നത് അബദ്ധമായിപ്പോയല്ലോ എന്ന ധാരണയില്‍.

ജനുവരിയില്‍ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോള്‍ മുഖ്യമന്ത്രി ചെന്ന് കണ്ടിരുന്നു. ബി.ജെ.പി സംഘം കൂടിക്കാഴ്ചക്ക് മുമ്പായി നിര്‍ദ്ദിഷ്ട അലീഗഢ് കേന്ദ്രം സന്ദര്‍ശിക്കുകയുമുണ്ടായി. രണ്ടാമത് കണ്ടപ്പോഴും കേന്ദ്രമന്ത്രി തന്റെ നിലപാട് ആവര്‍ത്തിച്ചു, ”ഒരുവിധ ധനസഹായവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ല.” ഇതില്‍ നിന്ന് മനസ്സിലാവുന്നത് കേന്ദ്രമന്തിക്കും അവരുടെ സര്‍ക്കാറിനും അലീഗഢ് കേന്ദ്രം അടച്ചുപൂട്ടാനൊന്നും നീക്കമില്ല. മറിച്ച് സ്വാഭാവികമായ മരണമാണ് അവര്‍ വിധിക്കുന്നത്. സര്‍വകാശാലാ ക്യാമ്പസിന്റെ ഭാഗമായി ഒരു സ്‌കൂള്‍ തുടങ്ങാനുള്ള അനുമതിയും മന്ത്രി നിഷേധിക്കുകയാണുണ്ടായത്.

2010-ലാണ് യു.പി.എ സര്‍ക്കാറിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് മുര്‍ഷിദാബാദ്, മലപ്പുറം, കിഷന്‍ഗഞ്ച്, ഭോപ്പാല്‍, പൂനെ എന്നീ അഞ്ച് കേന്ദ്രങ്ങളില്‍ ഓഫ് ക്യാമ്പസുകള്‍ ആരംഭിക്കാന്‍ അലീഗഢ് തീരുമാനിച്ചത്. 2006-ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മുസ്‌ലിം സമുദായത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിരുന്നു ഈ ഓഫ് ക്യാമ്പസുകള്‍. ഈ കേന്ദ്രങ്ങളെ നിയമവിരുദ്ധം എന്ന് വിളിക്കുന്നതിലൂടെ തങ്ങളുടെ നിരുത്തരവാദിത്വപരമായ നിലപാടിന് അടിവരയിടുകയാണ് എച്ച്.ആര്‍.ഡി മന്ത്രാലയവും കേന്ദ്രമന്ത്രിയും ചെയ്തിരിക്കുന്നത്. തന്റെ അഭിനയമികവിന് ‘ഔദാര്യമായി’ ലഭിച്ച ഈ പദവിയോട് ഒരു തരത്തിലും നീതി പുലര്‍ത്താന്‍ ഈ ‘അഭിനേത്രി’ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അവലംബം: മുസ്‌ലിം മിറര്‍

വിവ: അനസ് പടന്ന

Related Articles