Current Date

Search
Close this search box.
Search
Close this search box.

പിടിമുറുക്കുന്ന ഹിന്ദുത്വ ഭീകരത

hindutwa.jpg

ഹിന്ദു ജന ജാഗ്ര്തി സമിതിയുടെ (എച്ച്.ജെ.എസ്) ഒരു ശാഖയാണ് ഇന്ത്യയിലെ ജനാധിപത്യ-മതേതര ബുദ്ധിജീവികളായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിന്റെ പേരിലും, ബോംബ് സ്‌ഫോടനങ്ങളുടെ പേരിലും അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന സനാതന്‍ സന്‍സ്ത എന്ന സംഘടന. ജനാധിപത്യ-മതേതര ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയും, ഗാന്ധിജിയുടെ വധം ആഘോഷപൂര്‍വ്വം കൊണ്ടാടുകയും ചെയ്യുന്ന ഒരു സംഘടനയാണ് ഹിന്ദു ജന ജാഗ്ര്തി സമിതി എന്ന എച്ച്.ജെ.എസ്.

എച്ച്.ജെ.എസ്സിനെ സംബന്ധിച്ച അധികമാരും അറിയാത്ത ഒരു ഞെട്ടിക്കുന്ന വസ്തുത എന്താണെന്നാല്‍, 2013-ല്‍ ബി.ജെ.പിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഗോവയില്‍ നടക്കുന്ന സമയത്ത് തന്നെ, ‘ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അഖിലേന്ത്യ ഹിന്ദുക്കളുടെ കണ്‍വെന്‍ഷന്‍’ എച്ച്.ജെ.എസ് ഗോവയില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു. കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി എത്തുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷെ ബി.ജെ.പി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നതിനാല്‍ (പ്രസ്തുത യോഗത്തില്‍ വെച്ചാണ് മോദി ആര്‍.എസ്.എസ്/ബി.ജെ.പി ്പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത്) എച്ച്.ജെ.എസ്സിനെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ശ്ലാഘിച്ച് കൊണ്ട് ഒരു കത്ത് അയക്കുകയാണ് മോദി ചെയ്തത്. 2013 ജൂണ്‍ 7-ന് എഴുതിയ കത്തിലെ സന്ദേശം ഇങ്ങനെ വായിക്കാം: ‘ഹിന്ദു ജന ജാഗ്ര്തി സമിതി ഇങ്ങനെയൊരു കണ്‍വന്‍ഷന്‍ നടത്തുന്നു എന്നറിഞ്ഞതില്‍ ഞാന്‍ അതിയായി അഭിമാനിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വരുന്ന മഹദ് വ്യക്തിത്വങ്ങള്‍ ലോകത്തിന്റെ എന്ന പോലെ ഹിന്ദുക്കളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. ഇത്തരമൊരു കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കണ്‍വെന്‍ഷന് എല്ലാവിധ വിജയഭാവുകങ്ങളും നേരുന്നു.’

എച്ച്.ജെ.എസിനെ പിന്തുണച്ച് കൊണ്ട് ഹിന്ദു ദേശീയവാദിയായ മോദി എഴുതിയ കത്ത് വളരെ കൃത്യവും സ്പഷ്ടവുമായിരുന്നു: ‘അഹിംസക്ക് മുന്‍ഗണന നല്‍കി, സ്‌നേഹം, കരുണ, ദൈവത്തോടുള്ള അടുപ്പം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഒരോ ഹിന്ദുവും പെരുമാറുന്നതെങ്കിലും, പൈശാചിക പ്രവണതകളെ പ്രതിരോധിക്കണമെന്ന് നമ്മുടെ ദൈവകല്‍പ്പനയിലുണ്ട്. പീഢനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതും, ജാഗ്രത പാലിക്കുന്നതും നമ്മുടെ പാരമ്പര്യമാണ്. നമ്മുടെ സംസ്‌കാരം സംരക്ഷിക്കുന്നതിലൂടെ മാത്രമേ ‘ധര്‍മ്മ’ത്തിന്റെ പതാകയും, ഐക്യവും കേടുപറ്റാതെ കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളു. ദേശീയത, ദേശസ്‌നേഹം, രാജ്യത്തിന് വേണ്ടിയുള്ള ആത്മസമര്‍പ്പണം എന്നിവയാല്‍ പ്രചോദിതരായ സംഘടനകളാണ് ജനശക്തിയുടെ യഥാര്‍ത്ഥ ആവിഷ്‌കര്‍ത്താക്കള്‍.’

മോദിയുടെ അഭിനന്ദന സന്ദേശം വായിച്ച അതേ വേദിയില്‍ വെച്ച് തന്നെ ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ വാഴ്ത്തപ്പെട്ടു എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ ഞെട്ടിപ്പിക്കുന്ന മറ്റൊരു സവിശേഷത.

ഗാന്ധിജി ഒരു ‘ഭയങ്കരനും, ദുഷ്ടനും, കൊടും പാപിയും’ ആണെന്ന് ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള ഹിന്ദുത്വ കേഡറും, പ്രമുഖ പ്രഭാഷകരില്‍ ഒരാളുമായ കെ.വി സീതരാമയ്യ അന്ന് പ്രഖ്യാപിച്ചു. ഗാന്ധി വധത്തിലുള്ള സന്തോഷം കാരണം അദ്ദേഹം ഇത്രയും കൂടി പറഞ്ഞു: ‘ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ‘നന്മ സംരക്ഷിക്കാനും, ദുഷ്ടന്‍മാരെ നിഗ്രഹിക്കാനും, ധര്‍മ്മം സ്ഥാപിക്കാനും, ഓരോ കാലഘട്ടത്തിലും ഞാന്‍ ജനിക്കും’ എന്ന് പറയുന്നത് പോലെ, 1948 ജനുവരി 30-ന് വൈകുന്നേരം, ശ്രീരാമന്‍ നാഥുറാം ഗോഡ്‌സെയുടെ രൂപത്തില്‍ വന്ന് ഗാന്ധിജിയുടെ ജീവനെടുത്തു.’

ഇതേ കെ.വി സീതരാമയ്യ തന്നെയാണ് ‘ഗാന്ധി ധര്‍മ്മദ്രോഹിയും ദേശദ്രോഹിയുമായിരുന്നു’ എന്ന പേരില്‍ നാഥുറാം വിനായക് ഗോഡ്‌സെക്ക് സമര്‍പ്പിച്ച് കൊണ്ടുള്ള ഒരു പുസ്തകം എഴുതിയത്. പുസ്തകത്തിന്റെ പിന്‍കവറില്‍ മഹാഭാരതത്തില്‍ നിന്നുള്ള ഒരു ഉദ്ധരണി കൊടുത്തിട്ടുണ്ട്, അത് ഇപ്രകാരം വായിക്കാം: ‘ധര്‍മ്മദ്രോഹികള്‍ നിര്‍ബന്ധമായും കൊല്ലപ്പെടണം.. കൊല്ലപ്പെടാന്‍ അര്‍ഹതയുള്ളവരെ കൊല്ലുന്നത് വന്‍പാപമല്ല’.

നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനും, ഒരു ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള അനേകം ബോംബ് സ്‌ഫോടനങ്ങളും അന്വേഷിക്കുന്ന മഹാരാഷ്ട്ര പോലിസിന് മുഴുവന്‍ ഹിന്ദുത്വ ഭീകര സംഘത്തെയും കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കും, കെ.വി സീതരാമയ്യയെ പോലുള്ള ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം.

കടപ്പാട്: countercurrents
മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles