Current Date

Search
Close this search box.
Search
Close this search box.

നോട്ട് അസാധുവാക്കല്‍; വെളുക്കാന്‍ തേച്ചത് പാണ്ടാവുകയാണോ?

demonetisation.jpg

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി കൊണ്ട് നവംബര്‍ എട്ടിന് സര്‍ക്കാറെടുത്ത തീരുമാനം ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി അയയുന്ന ലക്ഷണമൊന്നും കാണുന്നില്ല. അതിനനുസൃതമായി ബി.ജെ.പിയുടെ ഉത്കണ്ഠയും വളരുകയാണ്. താഴെതട്ടില്‍ നിന്നുള്ള പ്രതികരണം മനസ്സിലാക്കാന്‍ നിശ്ചയിച്ച പാനലിന്റെ റിപോര്‍ട്ട് ആ ഉത്കണ്ഠ ഒന്നുകൂടി ഉയര്‍ത്തിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ സ്ഥിതി വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടി സര്‍ക്കാറിന് വലിയ തിരിച്ചടിയാകുമെന്നാണ് റിപോര്‍ട്ടിന്റെ കണ്ടെത്തല്‍.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ കമ്മറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികരണം ശേഖരിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം ആദ്യത്തില്‍ അസംബ്ലി തെരെഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പ്രത്യേക ഊന്നല്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ ഉടനെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആണ് കമ്മറ്റിയെ നിയമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച അത് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ പാര്‍ട്ടി നേതാക്കളില്‍ നിന്നും കിട്ടിയ വിവരമാണിത്.

”പണത്തിന്റെ പ്രതിസന്ധി വളരെ പെട്ടന്ന് പരിഹരിക്കാന്‍ സാധിച്ചാല്‍ ഈ തീരുമാനം സര്‍ക്കാറിന് ഗുണം ചെയ്യുമെന്നാണ് കമ്മറ്റിയുടെ റിപോര്‍ട്ട്. അല്ലാത്തപക്ഷം അത് വിപരീത ഫലമാണ് ഉണ്ടാക്കുക. അതിന്റെ ഭാരം പാര്‍ട്ടി സഹിക്കേണ്ടി വരികയും ചെയ്യും.” എന്ന് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

വിജയ ചിഹ്നങ്ങളില്ല
‘കള്ളപ്പണത്തിനെതിരെയുള്ള സര്‍ജിക്കല്‍ സട്രൈക്കിന്’ അഭിവാദ്യമര്‍പ്പിച്ച രാജ്യത്തുടനീളം എം.പിമാരെ കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അമിത് ഷാക്ക് സാധിക്കാത്തതിലും ഉത്കണ്ഠ പ്രകടമാണ്. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടവും സെപ്റ്റംബറില്‍ നിയന്ത്രണ രേഖക്കപ്പുറം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും ചേര്‍ത്ത് വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടത്താന്‍ – പ്രത്യേകിച്ചും തെരെഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളില്‍ – ബി.ജെ.പി പ്രസിഡന്റ് പാര്‍ട്ടിയിലെ മുഴുവന്‍ എം.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നേതാക്കളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ എംപിമാര്‍ താല്‍പര്യമെടുത്തില്ലെന്നാണ് വ്യക്തമാവുന്നത്. പഴയ നോട്ടുകള്‍ മാറാന്‍ ദീര്‍ഘനേരം വരി നിന്ന് ക്ഷീണിച്ച ജനങ്ങളുടെ മാനസികാവസ്ഥയെ അഭിമുഖീകരിക്കാന്‍ അവര്‍ ഭയക്കുന്നു.

”ചുരുക്കം ചിലരൊഴിച്ച് പാര്‍ട്ടിയിലെ മിക്ക എം.പിമാരും പാര്‍ട്ടി അധ്യക്ഷന്റെ ഉത്തരവിനെ അവഗണിക്കുകയാണ് ചെയ്തത്.” ഒരു ബി.ജെ.പി ജനറല്‍ സെക്രട്ടറിയുടെ വാക്കുകളാണിത് (ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ). ”ബോര്‍ഡുകള്‍ സ്ഥാപിച്ചില്ലെന്ന് മാത്രമല്ല, ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എടുത്തുകാണിക്കാനുള്ള ധൈര്യം പോലും പാര്‍ട്ടി എം.പിമാര്‍ കാണിച്ചില്ല. ഇരുട്ടു നിറഞ്ഞ ഒരു ഇടവഴിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഞങ്ങള്‍. അതിന്റെ അറ്റത്ത് വെളിച്ചം ഉണ്ടാവുമോ എന്ന് ഞങ്ങള്‍ക്കുറപ്പില്ല.” എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സര്‍ക്കാര്‍ നീക്കത്തിനെതിരെ സ്വകാര്യ സംഭാഷണത്തില്‍ പരസ്യമായി പ്രതികരിച്ചത് ബി.ജെ.പിയുടെ പോര്‍ബന്ദര്‍ എം.പി വിത്തല്‍ രദാദിയ മാത്രമാണെങ്കിലും ഈ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ആത്മവിശ്വാസം മിക്ക പാര്‍ട്ടി നേതാക്കള്‍ക്കും ഇല്ല എന്നതാണ് വസ്തുത. തീരുമാനം കാര്‍ഷിക മേഖലയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മുഴുവന്‍ കാഷികോല്‍പാദന സംഘങ്ങളും രണ്ട് മാസമെങ്കിലും അടച്ചിടേണ്ടി വരുമെന്നുമാണ് രദാദിയ പറഞ്ഞത്.

മോദിയുടെ അറ്റകൈ പ്രയോഗത്തിന്റെ തുടക്കത്തില്‍ ബി.ജെ.പി നേതൃനിരയില്‍ നിലനിന്നിരുന്ന ഉത്സാഹമെല്ലാം മങ്ങിയിരിക്കുകയാണ്. സാധാരണ ജനത്തിന്റെ ക്ഷമ നശിക്കുകയും പ്രതിപക്ഷത്തിന്റെ ആക്രമണം ശക്തിപ്പെടുകയും ചെയ്യുന്നതിനനുസരിച്ച് അത് നേര്‍ത്തില്ലാതായി കൊണ്ടിരിക്കുകയാണ്.

Source: scroll.in

വിവ: നസീഫ്‌

Related Articles