Current Date

Search
Close this search box.
Search
Close this search box.

നോട്ട് അസാധുവാക്കല്‍; പൊതുജനത്തിനെതിരെയുള്ള ആക്രമണം

demonetisation.jpg

നോട്ട് അസാധുവാക്കലിലൂടെ മോദി രാജ്യത്തെ ഒന്നടങ്കം വലിയ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന കറന്‍സിയുടെ 86.4 ശതമാനം വരുന്ന 500, 1000 നോട്ടുകള്‍ റദ്ദാക്കിയതിലൂടെ സമൂഹത്തിന്റെ മിക്ക മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പിലെ വരികളില്‍ എഴുപതോളം മരണപ്പെട്ടിരിക്കുന്നു. പണം പിന്‍വലിക്കാന്‍ കൂലിപ്പണിക്കാര്‍ തങ്ങളുടെ പണിയുപേക്ഷിച്ച് പോകേണ്ട ഗതികേട് വന്നു. പണിയില്ലാത്തത് കാരണം നിരവധി നിത്യകൂലിക്കാര്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി. ചെറുകിട വ്യവസായങ്ങള്‍ കടുത്ത തകര്‍ച്ച നേരിട്ടിരിക്കുന്നു. കര്‍ഷകരുടെ ദുരിതം ഇരട്ടിയായിരിക്കുന്നു. എന്നാല്‍ ‘കള്ളപ്പണക്കാര്‍ക്ക്’ യാതൊരു കോട്ടവും ഇത് വരുത്തിയിട്ടുമുണ്ടാവില്ല. കള്ളപ്പണത്തിന്റെ 80 ശതമാനവും വിദേശത്താണെന്നാണ് കണക്കാക്കപ്പെടുന്നത്. അവശേഷിക്കുന്നതിലെ 15 ശതമാനം റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ രൂപങ്ങളിലുമാണ്. ശേഷിക്കുന്ന 5 ശതമാനം മാത്രമാണ് കറന്‍സിയായിട്ടുള്ളത്. ആ 5 ശതമാനത്തിന് വേണ്ടിയാണ് കറന്‍സിയുടെ 86 ശതമാനം അസാധുവാക്കി ജനങ്ങളെ ഒന്നടങ്കം പ്രയാസപ്പെടുത്തുന്നത്.

അതിന്റെ ഫലമായി കര്‍ഷകരും സാധാരണക്കാരും കഠിനാധ്വാനം ചെയ്തുണ്ടാക്കി സഹകരണ ബാങ്കുകളിലും കാര്‍ഷിക വായ്പാ സൊസൈറ്റികളും നിക്ഷേപിച്ചിരുന്ന പണം ഒറ്റയടിക്ക് മരവിപ്പിക്കപ്പെട്ടു. കാര്‍ഷിക- ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഏകദേശം പൂര്‍ണ തളര്‍ച്ച ബാധിച്ച അവസ്ഥയിലാണ്. കോര്‍പറേറ്റുകളുടെ വന്‍ കടങ്ങള്‍ കിട്ടാകടമായി എഴുതിതള്ളുകയും ചെയ്തിരിക്കുന്നു. ഇതിന്റെ യഥാര്‍ഥ ഉദ്ദേശ്യം കള്ളപ്പണം ഇല്ലാതാക്കലല്ല എന്നു വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങളെല്ലാം. മറിച്ച് പാവങ്ങളുടെ തുച്ഛമായ വരുമാനം കോര്‍പറേറ്റ് മുതലാളിമാരുടെ ഖജനാവിലെത്തിക്കാനുള്ള സാമൂഹ്യ സംവിധാനം ഒരുക്കുകയാണ് അതിലൂടെ. കിട്ടാകടം എഴുതിത്തള്ളിയതിലൂടെ ഇതിന്റെ ഫലം ലഭിക്കുന്ന കോര്‍പറേറ്റ് ഭീമന്‍മാരോ കള്ളപ്പണ ഇടപാടുകാരോ ആണ് ഈ നടപടിയെ പിന്തുണക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഇതിനോടുള്ള പ്രതികരണത്തിലും വൈവിധ്യങ്ങളുണ്ട്. നീണ്ട വരികളില്‍ നിലയുറപ്പിക്കേണ്ടി വന്ന മിക്കവരും അതിനോടുള്ള തങ്ങളുടെ എതിര്‍പ്പ് തുറന്ന് പ്രകടിപ്പിച്ചു. അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായ ഒരു പ്രവര്‍ത്തനമായി അതിനെ കാണുന്ന ചുരുക്കം ചിലരും അക്കൂട്ടത്തിലുണ്ട്. ഒറ്റകെട്ടായിട്ടല്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നു. പ്രമുഖ സാമ്പത്തിക വിദഗ്ദരും മാധ്യമങ്ങളും ഗവണ്‍മെന്റ് നീക്കത്തിനെതിരെ വിമര്‍ശനം ചൊരിഞ്ഞു. മോദി നയങ്ങളുടെ വിമര്‍ശകര്‍ പതിവുപോലെ ഇത്തവണയും ദേശവിരുദ്ധരായി മുദ്രകുത്തപ്പെട്ടു. ഈ വിമര്‍ശകരെ മോദി രാഷ്ട്രീയത്തിന്റെ സഹയാത്രികന്‍ ബാബ രാംദേവ് ‘ദേശദ്രോഹികള്‍’ എന്നും ആര്‍.എസ്.എസ്സിലൂടെ വര്‍ന്നുവന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസ് ‘ദേശവിരോധികള്‍’ എന്നും വിശേഷിപ്പിച്ചു. മോദി മാനിയ തലക്കുപിടിച്ച വലിയൊരു വിഭാഗം തങ്ങളുടെ അസ്വസ്ഥതകള്‍ മറച്ചുവെച്ചു കൊണ്ട് ഒരു നല്ല നീക്കമായി അതിനെ ഉയര്‍ത്തിപ്പിടിച്ചു. വിദൂരഭാവിയില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു തീരുമാനമായിരിക്കും എന്ന വ്യാമോഹത്തിലാണവര്‍. ഈ നീക്കത്തിനെതിരെയുള്ള ആളുകളുടെ അസംതൃപ്തി പ്രകടിപ്പിച്ചു കൊണ്ടുള്ള സര്‍വേ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വേ നടത്താനായി മോദി ഒരു ആപ്പും പുറത്തിറക്കി.

എന്തിന് വേണ്ടി ഇങ്ങനെയൊരു നീക്കം നടത്തിയെന്നത് ഒരു രഹസ്യമല്ല. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് രണ്ട് പ്രധാന ഗുജറാത്തി പത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ റിപോര്‍ട്ട് കൊടുത്തിരുന്നു. വരാനിരിക്കുന്ന, പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും തെരെഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തെ മുട്ടുകുത്തിക്കാനുള്ള ഒരു നടപടിയാണിതെന്ന് പലരും വാദിക്കുന്നു. ഇതിലൂടെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണ ശേഷി കുറിക്കുകയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അസാധുവാക്കല്‍ നടപടിക്ക് തൊട്ടുമുമ്പ് ബി.ജെ.പി ധാരാളമായി റിയല്‍എസ്റ്റേറ്റുകള്‍ സ്വന്തമാക്കിയതായും റിപോര്‍ട്ടുകളുണ്ട്. കോര്‍പറേറ്റ് മുതലാളിമാരുടെ ‘കിട്ടാകടങ്ങള്‍’ എഴുതിതള്ളുന്നതിന് പൊതുജനങ്ങളില്‍ നിന്നും വ്യാപകമായി നിക്ഷേപം ബാങ്കുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്നിരിക്കുന്ന പ്രവര്‍ത്തനമാണിത്.

വിദേശത്തുള്ള കള്ളപ്പണമെല്ലാം തിരിച്ചു കൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നും ‘അച്ഛേ ദിന്‍’ വരുമെന്നും വാഗ്ദാനം ചെയ്തായിരുന്നു 2014ല്‍ മോദിയുടെ തെരെഞ്ഞെടുപ്പ് പ്രചരണം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സാമൂഹിക സാഹചര്യം അങ്ങേയറ്റം വഷളായിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വില ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു. ഒരു കിലോ പരിപ്പിന്റെ വില 60ല്‍ നിന്ന് 150ല്‍ എത്തിയിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 119ല്‍ നിന്നും മുപ്പതിലേക്ക് കൂപ്പുകുത്തിയിട്ടും നാമമാത്രമായ കുറവ് മാത്രമാണ് ഇന്ത്യയിലെ പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. വന്‍ കടങ്ങള്‍ എഴുതിതള്ളി മല്യയെ പോലുള്ള കോര്‍പറേറ്റ് മുതലാളിമാരെയാണ് സര്‍ക്കാര്‍ സന്തോഷിപ്പിക്കുന്നത്. ഡോളറിനോട് കിടപിടിക്കുന്ന തരത്തില്‍ രൂപയുടെ മൂല്യം വര്‍ധിക്കുമെന്ന വീമ്പുപറച്ചിലൊന്നും പ്രയോഗതലത്തില്‍ കാണുന്നില്ല. അസാധുവാക്കലിലൂടെ കാര്‍ഷികമേഖലയും അസംഘടിത ഉല്‍പാദന മേഖലയും നിലച്ച മട്ടിലാണുള്ളത്. വിമര്‍ശകരാലും പ്രതിപക്ഷത്താലും തന്റെ വീമ്പുപറച്ചിലുകളുടെ പേരില്‍ ആക്ഷേപിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മോദി ഈ രംഗത്ത് ഇനിയും കുറേ പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെന്നാണ് പറയുന്നത്.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ സംഘ്പരിവാര്‍ ശക്തികള്‍ കൂടുതല്‍ ധൈര്യം കാണിക്കുന്നതും ഓരോരോ വൈകാരിക വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നതുമാണ് കാണുന്നത്. ഗോമാതാവ്, ബീഫ്, കപട ദേശീയത, ഭാരത് മാതാ കീജയ് തുടങ്ങിയ പല വൈകാരിക വിഷയങ്ങളും ഉയര്‍ത്തപ്പെട്ടിരിക്കുന്നു. അതിലൂടെയെല്ലാം അസഹിഷ്ണുതയുടെ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, തൊഴില്‍, പോഷകാഹാര കുറവ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ ആഴത്തിലുള്ള വിഷയങ്ങള്‍ കപട ദേശീയതയുടെ പേരിലുള്ള ബഹളത്തില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. തീവ്രദേശീയത അയല്‍രാഷ്ട്രങ്ങളുമായുള്ള ബന്ധത്തെയും ബാധിച്ചിട്ടുണ്ട്.

സാധാരണക്കാരായ ജനങ്ങളെ പ്രയാസപ്പെടുത്തി കൊണ്ട് കോര്‍പറേറ്റുകളെ സേവിക്കാനുള്ള ഒരു പ്രവര്‍ത്തനം മാത്രമായിട്ടാണ് നോട്ട് അസാധുവാക്കല്‍ നടപടിയെ കാണുന്നത്. ‘ഭാവിയില്‍ നമുക്ക് ഗുണം ചെയ്യും’ എന്ന പ്രചാരണം വലിയൊരളവോളം വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ യാഥാര്‍ഥ്യത്തിന് മുമ്പില്‍ എത്ര കാലം ഈ പ്രചരണം കൊണ്ട് പിടിച്ചു നില്‍ക്കാനാകും?

അവലംബം: peoplesvoice.in

Related Articles