Current Date

Search
Close this search box.
Search
Close this search box.

നീതി വൈകിപ്പിക്കല്‍ ഒരു നീതിന്യായ വൈകൃതമാണ്

Rafeeq_sha.jpg

2005-ല്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ ഒരു ബസ്സിനുള്ളില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെടുകയും, 12 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം എല്ലാ കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത കാശ്മീരി മുസ്‌ലിം യുവാവായ മുഹമ്മദ് റഫീഖ് ഷായുടെ ഞെട്ടിക്കുന്ന കേസ് നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ അങ്ങേയറ്റം ശോചനീയമായ അവസ്ഥയുടെ മികച്ച ഉദാഹരണമാണ്. ശ്രീനഗര്‍, കാശ്മീര്‍ സര്‍വകലാശാലയിലെ എം.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു റഫീഖ്. 2005 നവംബര്‍ 21 അര്‍ധരാത്രിയില്‍ റഫീഖ് എന്ന വിദ്യാര്‍ത്ഥി ഒരു ഭീകരവാദിയായി മാറുകയായിരുന്നു.

ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥന്‍മാരും, കാശ്മീര്‍ പോലിസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമാണ് (എസ്.ടി.എഫ്) റഫീഖിനെ അന്ന് പിടിച്ചു കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞ് – എസ്.ടി.എഫ് ക്യാമ്പില്‍ വെച്ച് നടന്ന മര്‍ദ്ദനപീഢനങ്ങള്‍ക്ക് ശേഷം- അവര്‍ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. 2005 ഒക്ടോബര്‍ 29-ന് ഗോവിന്ദ്പുരിയിലെ ഒരു ഡി.ടി.സി ബസ്സില്‍ ബോംബ് വെച്ചു എന്ന കുറ്റമാണ് റഫീഖിന് മേല്‍ ചാര്‍ത്തിയത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

12 വര്‍ഷത്തിന് ശേഷം, റഫീഖിനെതിരെയുള്ള എല്ലാ കേസുകളും വ്യാജമാണെന്ന് കോടതി കണ്ടെത്തി. സ്‌ഫോടനം നടക്കുന്ന സമയത്ത് താന്‍ സര്‍വകലാശാലയില്‍ ക്ലാസിലായിരുന്നു എന്നും, അതെനിക്ക് തെളിയിക്കാന്‍ കഴിയുമെന്നുമുള്ള റഫീഖിന്റെ വാദം അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും പോലിസ് തള്ളികളയുകയാണ് ചെയ്തിരുന്നത്. അതേസമയം, റഫീഖ് കുറ്റവാളിയാണെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം മുന്നോട്ട് പോയി. തങ്ങളുടെ കണ്ടെത്തലിനെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ ഹാജറാക്കാന്‍ പോലിസ് ശ്രമിച്ചു.

തല്‍ഫലമായി, തന്റെ യുവത്വത്തിന്റെ 12 വര്‍ഷങ്ങളാണ് റഫീഖിന് നഷ്ടമായത്. കഠിനമായ വേദനകളിലൂടെയും, അപമാനങ്ങളിലൂടെയും അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹത്തിന് ഒരു നിരപരാധിയും അനുഭവിക്കാന്‍ പാടില്ലാത്ത പലതും അനുഭവിക്കേണ്ടി വന്നു. അദ്ദേഹം കടന്ന് പോയ ദുരിതസാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം റഫീഖിന് നഷ്ടപ്പെട്ടാല്‍, ആര്‍ക്കെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ സാധിക്കുമോ?

റഫീഖിന്റെ കേസ് രണ്ട് നിരീക്ഷണങ്ങളിലേക്കാണ് എന്നെ നയിക്കുന്നത്. അതില്‍ ആദ്യത്തേത്, നാം നമ്മുടെ നീതിന്യായ വ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ തയ്യാറായില്ലെങ്കില്‍,  ഭീകരവാദത്തിനെതിരെ പോരാടാനും, ഒരു പുരോഗമന സമൂഹമായി ഉയര്‍ന്ന് വരാനും നമുക്ക് സാധിക്കില്ല. നീതിന്യായ വ്യവസ്ഥ അതിന്റെ നിലവാരത്തിലേക്ക് ഇപ്പോഴും ഉയര്‍ന്നിട്ടില്ല. ജൂഡീഷ്യറി ഒച്ചിനേക്കാള്‍ സാവധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പോലിസും, നിയമപാലന ഏജന്‍സികളും കാര്യക്ഷമതയില്ലായ്മയിലും, അഴിമതിയിലും മികച്ച നിലവാരം വെച്ചുപുലര്‍ത്തുന്നുണ്ട്. എന്ന് കരുതി നല്ല പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ ഇല്ല എന്ന് ഇതിനര്‍ത്ഥമില്ല. പക്ഷെ അത്തരക്കാര്‍ വളരെ തുച്ഛമാണെന്ന് മാത്രം. നീതിന്യായ വ്യവസ്ഥ മൊത്തത്തില്‍ ജീര്‍ണ്ണിച്ച് അവശമായിരിക്കുന്നു. സമ്പന്നരെയും, അധികാരസ്വാധീനങ്ങള്‍ ഉള്ളവരെയും മാത്രമാണ് നിയമം സംരക്ഷിക്കുന്നത് എന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ വളരെ ശക്തമാണ്. ദുര്‍ബലന് നീതി ഒരു വിദൂരസ്വപ്‌നമായി മാറിയിരിക്കുന്നു.

രണ്ടാമതായി, നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നത് വരേക്കും കുറ്റവാളിയാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ ഭീകരവാദ കേസില്‍ കുറ്റാരോപിതരാവുന്നവരെ വിചാരണ ചെയ്യാന്‍ തുനിയുന്നവര്‍ക്കുള്ള ശക്തമായ ഒരു മറുപടി കൂടിയാണ് റഫീഖിന്റെ കേസ്. നിരപരാധിയായ ഒരാളെ പിടിച്ച് കൊണ്ടുപോകാനും, ഒരു തെളിവുമില്ലാതെയും അല്ലെങ്കില്‍ തെളിവുകള്‍ കെട്ടിച്ചമച്ചും അയാളെ കുറ്റക്കാരനാക്കാനും ഇവിടുത്തെ നിയമപാലക സംവിധാനങ്ങള്‍ക്ക് കഴിയുന്ന തരത്തിലാണ് നമ്മുടെ നീതിന്യായ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത, നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നത് വരേക്കും കുറ്റവാളിയാണ് എന്ന നിര്‍ദ്ദേശകതത്വത്തിന്റെ അടിസ്ഥാനത്തിലല്ല ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം മുന്നോട്ട് പോകേണ്ടത് എന്ന് വിളിച്ച് പറയാന്‍ ഇടവരുത്തുന്നുണ്ട്.

നമ്മുടെ നീതിന്യായ വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നാം നമ്മുടെ ജുഡീഷ്യല്‍, പോലിസ് സംവിധാനങ്ങളെ പരിഷ്‌കരിക്കല്‍ നിര്‍ബന്ധമാണ്. ആധുനിക പോലിസ് സംവിധാനവും, കേസുകളില്‍ വേഗത്തിലുള്ള വിധികല്‍പ്പിക്കലും കൂടാതെ നിയമങ്ങളുടെ യഥാര്‍ത്ഥ ധര്‍മ്മം നിര്‍വഹിക്കപ്പെടുകയില്ല. പോലിസ് ഡാറ്റാബേസുകള്‍ ഏകോപിപ്പിക്കുക, ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുക തുടങ്ങി അടിസ്ഥാനകാര്യങ്ങളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, റഫീഖിന്റെ കേസില്‍ സംഭവിച്ചത് പോലെ, നീതി വൈകുക മാത്രമല്ല, നീതി എന്ന സങ്കല്‍പ്പം തന്നെ ഒരു വൈകൃതമായി മാറും.

വിവ: Irshad Shariati

Related Articles