Current Date

Search
Close this search box.
Search
Close this search box.

നിസാമിയുടെ വധശിക്ഷ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

nizami-bang.jpg

”73 വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചു. പല രോഗങ്ങളും എന്നെ ബാധിച്ചിട്ടുണ്ട്. മരണത്തിന് ഏത് നിമിഷവും എന്നെ പിടികൂടാമായിരുന്നു. എന്നാല്‍ അല്ലാഹു അവന്റെ മാര്‍ഗത്തിലുള്ള രക്തസാക്ഷിത്വം കൊണ്ട് എന്നെ ആദരിച്ചിരിക്കുന്നു. നിങ്ങള്‍ ഉത്കണ്ഠപ്പെടേണ്ടതില്ല, അല്ലാഹുവല്ലാത്ത മറ്റൊരാളോടും നിങ്ങള്‍ മാപ്പു തേടുകയും വേണ്ട. എന്റെ ജീവന് വേണ്ടിയല്ല നിങ്ങള്‍ പ്രാര്‍ഥിക്കേണ്ടത്; മറിച്ച് എന്റെ സ്ഥൈര്യത്തിനും റബ്ബിന്റെ അടുക്കല്‍ സ്വീകാര്യത കിട്ടാനും വേണ്ടിയായിരിക്കണം നിങ്ങളുടെ പ്രാര്‍ഥന. അവന്റെ മാര്‍ഗത്തിലുള്ള രക്തസാക്ഷിത്വമാണ് എന്റെ ഏറ്റവും വലിയ അഭിലാഷം.” കഴിഞ്ഞ ദിവസം ബംഗ്ലാദേശ് തൂക്കിലേറ്റിയ ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമി അവസാന കൂടിക്കാഴ്ച്ചയില്‍ കുടുംബത്തിന് നല്‍കിയ സന്ദേശമാണിത്.

ആരാണ് നിസാമി? ആരാണ് അദ്ദേഹത്തെ തൂക്കിലേറ്റിയത്? എന്തിനായിരുന്നു അത്? നിസാമിയെ പോലുള്ള നേതാക്കളെയും പണ്ഡിതന്‍മാരെയും ബംഗ്ലാദേശ് ഉന്മൂലനം ചെയ്യുന്നതെന്തിന്?

തുടര്‍ച്ചയായി 1991ലും 2001ലും പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മുതീഉര്‍റഹ്മാന്‍ നിസാമി. 58 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. 2001 മുതല്‍ മരിക്കുന്നത് വരെയുള്ള നാല് പ്രവര്‍ത്തന കാലയളവില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അതിന്റെ അധ്യക്ഷനായി അദ്ദേഹത്തെയാണ് തെരെഞ്ഞെടുത്തത്. അതിന് മുമ്പ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും നേതൃസ്ഥാനത്ത് അദ്ദേഹമുണ്ടായിരുന്നു. ഖാലിദ സിയ ഭരണകൂടത്തില്‍ കൃഷി മന്ത്രിയായും വ്യവസായ മന്ത്രിയായും അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു. മന്ത്രിയെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹം കാഴ്ച്ചവെച്ചത്.

ഒരിക്കല്‍ അദ്ദേഹവുമായി ഇടപഴകുകയോ സംസാരിക്കുകയോ ചെയ്തവര്‍ പോലും അദ്ദേഹത്തെ ആദരിച്ചു. അത്രത്തോളം ഗുണങ്ങള്‍ അദ്ദേഹത്തിലുണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന 16 ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. കൊലപാതകം, ബലാല്‍സംഗം, ഭീകരപ്രവര്‍ത്തനം, കൊലപാതകത്തിന് പ്രേരണ നല്‍കല്‍, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ അക്കൂട്ടത്തിലുണ്ട്.

യഥാര്‍ഥത്തില്‍ ഇത്രത്തോളം ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ഒരു ഭീകരനായിരുന്നു അദ്ദേഹമെങ്കില്‍ അദ്ദേഹത്തിന്റെ ആയുസ്സിന്റെ നല്ല കാലത്ത് അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും എന്തുകൊണ്ട് ചുമത്തിയില്ല എന്നത് അവഗണിക്കാനാവാത്ത ചോദ്യമാണ്. 1971ല്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയിട്ട് കാലം ഏറെ പിന്നിട്ടല്ലോ? അദ്ദേഹത്തിനെതിരെ ശക്തമായ മാധ്യമ പ്രചരണങ്ങളുണ്ടായിട്ടും തെരെഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിനെതിരെ നിന്ന പ്രമുഖര്‍ പരാജയപ്പെട്ടു? മരണത്തിന് ശേഷവും അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കാന്‍ പതിനായിരങ്ങളാണ് കാത്തുനിന്നത്. 1988ല്‍ ജനറല്‍ ഇര്‍ഷാദിനെതിരെ ശൈഖ് ഹസീന കാമ്പയിന്‍ നടത്തിയപ്പോള്‍ ഈ ‘കൊടുകുറ്റവാളി’യെയും അദ്ദേഹത്തിന്റെ കൂട്ടുപിടിച്ചത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നത് സുപ്രധാനമായ ചോദ്യമാണ്.

തെരെഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഭൂരിപക്ഷത്തോടെ പാര്‍ലമെന്റില്‍ എത്തിയ ഹസീന വാജിദ് 2008ന്റെ അവസാനത്തോടെ അവരുടെ പ്രതികാര രാഷ്ട്രീയം പുനരാരംഭിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പ്രതികാര ശബ്ദങ്ങളുയര്‍ത്തി അവര്‍ അന്താരാഷ്ട്ര യുദ്ധകുറ്റ ട്രൈബ്യൂണല്‍ എന്ന ഓമനപ്പേരിട്ട് ഒരു കോടതി രൂപീകരിച്ചു. തുടര്‍ന്ന് അറസ്റ്റുകള്‍ക്കും വിചാരണകള്‍ക്കും വധശിക്ഷകള്‍ക്കും തുടക്കം കുറിക്കുകയും ചെയ്തു.

രാജ്യത്തിന്റെ ഭരണഘടനാ കോടതിയുടെ നിലവാരം പോലുമില്ലാത്ത ഒരു പ്രാദേശിക കോടതി സംവിധാനത്തിന് എന്തിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ എന്നു വിളിക്കുന്നതെന്ന് നിയമവിദഗ്ദരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കോടതിയാണെങ്കില്‍ അന്താരാഷ്ട്ര നിയമ വിദഗ്ദര്‍ക്ക് പങ്കാളിത്തം നല്‍കുകയോ അവര്‍ക്ക് നിരീക്ഷണം അനുവദിക്കുകയോ ചെയ്യണമെന്ന നിരസ്സിക്കാന്‍ കാരണമെന്താണ്? അന്താരാഷ്ട്ര കോടതിയാണെങ്കില്‍ അല്‍ജസീറ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് അവിടെ നടക്കുന്ന വിചാരണയും മറ്റും നിരീക്ഷിക്കാന്‍ അനുവാദം നല്‍കാത്തതെന്താണ്? ഈ കോടതിക്ക് നിയമസാധുതയുണ്ടെങ്കില്‍ 1971-ല്‍ ബംഗ്ലാദേശും ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഉടമ്പടിക്ക് എന്ത് പ്രസക്തിയാണുള്ളത്? 1971ലെ സംഭവങ്ങളുടെ ഫയല്‍ ഒരു കാരണവശാലും വീണ്ടും തുറക്കരുതെന്ന് പറയുന്ന ഉടമ്പടിയാണത്.

സംഗ്രഹം: നസീഫ്‌

Related Articles