Current Date

Search
Close this search box.
Search
Close this search box.

നരോദപാട്യ കൂട്ടക്കൊല: മുഖ്യസൂത്രധാരി എങ്ങനെ കുറ്റവിമുക്തയായി?

Untitled-1.jpg

2002ല്‍ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന നരോദപാട്യ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരിയായിരുന്ന മായ കൊട്‌നാനിയെ കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കിയല്ലോ. കലാപത്തില്‍ പങ്കുണ്ടായിരുന്ന ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗിയുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെക്കുകയും ചെയ്തു. 97 മുസ്‌ലിം യുവാക്കളും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ട ഗുജറാത്ത് കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരിയായിരുന്നു അന്നത്തെ ബി.ജെ.പി എം.എല്‍.എ ആയിരുന്ന മായ കൊട്‌നാനിയെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. രാജ്യത്ത് വര്‍ഗ്ഗീയ കലാപത്തില്‍ ശിക്ഷ വിധിക്കപ്പെടുന്ന ആദ്യത്തെ മന്ത്രിയായിരുന്നു മായ കൊട്‌നാനി. 2007ലെ ഗുജറാത്ത് മന്ത്രിസഭാംഗമായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതി വിധി ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സംഘ് പരിവാറിന്റെയും നിയമപരമായ വിജയങ്ങളായാണ് കണക്കാക്കുന്നത്. ഹിന്ദുത്വ ഭീകരത ആരോപിക്കപ്പെട്ട വര്‍ഗ്ഗീയ കലാപ കേസുകളില്‍ പ്രതിയായിരുന്ന സ്വാമി അസിമാനന്ദയുടെയും പ്രഗ്യാസിങ് ഠാകൂറിനെയും മോചിപ്പിച്ചതിന്റെ അതേ വഴി തന്നെയാണ് ഇതും.

ആരാണ് മായ കൊട്‌നാനി ?

ആര്‍.എസ്.എസിന്റെ വനിത വിഭാഗമായ രാഷ്ട്രീയ സേവിക സമിതിയുടെ നേതാവായിരുന്ന കൊട്‌നാനി ബറോഡ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് സംഘടനയില്‍ ചേര്‍ന്നത്. ഗൈനക്കോളജിസ്റ്റായ അവര്‍ അഹ്മദാബാദില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 1995ലാണ് അവര്‍ ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്. തുടര്‍ന്ന് അവര്‍ ബി.ജെ.പിക്ക് വളരെ വേണ്ടപ്പെട്ടവളായി മാറി. അവരുടെ വിജയം ബി.ജെ.പിയുടെ വളര്‍ച്ചക്ക് സഹായകമായി. തുടര്‍ന്ന് 1998ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അഹ്മദാബാദില്‍ നിന്നും അവര്‍ വിജയിച്ചു കയറി. രണ്ടു വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടെ അഹ്മദാബാദ് സിറ്റി പ്രസിഡന്റായി അവരെ ഉയര്‍ത്തി.

എന്താണ് കൊട്‌നാനിക്കു മേലുള്ള കുറ്റം ?

തന്റെ മണ്ഡലത്തിലെ നരോദ ഗ്രാം എന്ന സ്ഥലത്തുവെച്ച് ഹിന്ദു സമൂഹത്തെ വിളിച്ചുചേര്‍ത്ത് കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് ഇവര്‍ക്കു മേലുള്ള പ്രധാന കുറ്റം. സംഭവത്തിനു ദൃക്‌സാക്ഷിയെ ഉദ്ധരിച്ചാണ് ഇവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നത്.
അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം 97 മുസ്ലിംകളെ കൊലപ്പെടുത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. ഗോധ്ര തീവണ്ടി തീവെപ്പ് സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദ് ദിനത്തിലാണ് ഈ കൂട്ടക്കൊല നടക്കുന്നത്. പത്തു മണിക്കൂറോളം നീണ്ടുനിന്ന ഈ കലാപത്തില്‍ കൂട്ടബലാല്‍സംഘം,മാനഭംഗം, ആളുകളെ ഒറ്റക്കും കൂട്ടമായും തീവെച്ച് കൊലപ്പെടുത്തല്‍,കടകളും വീടുകളും മുസ്ലിം പള്ളികളും സ്ഥാപനങ്ങളും നശിപ്പിക്കല്‍, കവര്‍ച്ച എന്നിങ്ങനെ ഭീകരമായ ക്രൂരതയാണ് അരങ്ങേറിയതെന്ന് 2003ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആളുകളെ കൂട്ടത്തോടെ ഓടിച്ച് വലിയ കുഴികളിലും കിണറുകളിലും തള്ളിയിട്ടശേഷം, എല്‍.പി.ജി.സിലിണ്ടറുകള്‍ ഉപയോഗിച്ച് തീകൊളുത്തി ജീവനോടെ ചുട്ടു കൊന്നു. മൃതശരീരങ്ങള്‍ അടുത്തുള്ള കിണറില്‍ വലിച്ചെറിഞ്ഞു.മായ കൊട്‌നാനിക്കു പുറമെ ബി.ജെ.പി എം.എല്‍.എയായ ജയദീപ് പട്ടേല്‍, വി.എച്ച്.പിയുടെ ഗുജറാത്തിലെ ജനറല്‍ സെക്രട്ടറി എന്നിവരാണ് കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രധകരെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവരാണ് അക്രമികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തത്.

എങ്ങനെയാണ് കൊട്‌നാനി കുറ്റവിമുക്തയാവുന്നത് ?

2007ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിയായിരുന്ന ഇവര്‍ക്കെതിരെ വിചാരണ കോടതി 28 വര്‍ഷം തടവിനു വിധിച്ചിരുന്നു. 2009ലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി കൊട്‌നാനിയെ വെള്ള പൂശാന്‍ രംഗത്തു വന്നു. പൊളിറ്റിക്കല്‍ ഗെയിമിന്റെ ഫലമാണ് കൊട്‌നാനിക്കു മേല്‍ കുറ്റം ചുമത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് 2014 ജൂലൈയില്‍ മോദി പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെ ഗുജറാത്ത് ഹൈക്കോടതി കൊട്‌നാനിയുടെ തടങ്കല്‍ റദ്ദാക്കി ജാമ്യം അനുവദിച്ചു. അസുഖം ഉണ്ടെന്ന മറവിലായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇതേ ഹൈക്കോടതി കൊട്‌നാനിയെയും മറ്റു 17 പേരെയും കുറ്റവിമുക്തരാക്കി. സാക്ഷിമൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി ഇവരെ വെറുതെവിട്ടത്. ജസ്റ്റിസുമാരായ ഹര്‍ഷ ദേവാനി,എ.എസ് സുപാഹിയ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണ കോടതിയുടെ തടവുശിക്ഷയാണ് ഇതോടെ റദ്ദായത്. പിന്നാലെ തന്നെ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പ്രസ്താവനയും വന്നു, കൊട്‌നാനിക്ക് വേണമെങ്കില്‍ വീണ്ടും ഗുജറാത്ത് രാഷ്ട്രീയത്തിലേക്ക് കടന്നുവരാമെന്നായിരുന്നു അത്.

അവലംബം: scroll.in

 

Related Articles