Current Date

Search
Close this search box.
Search
Close this search box.

ദേശീയതയല്ല ദേശസ്‌നേഹം

national.jpg

ആരാണ് ദേശസ്‌നേഹി, ആരാണ് ദേശദ്രോഹി എന്ന തര്‍ക്കം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. ചരിത്രത്തില്‍ പലപ്പോഴും രാജ്യദ്രോഹികളായി ഭരണകൂടത്താല്‍ മുദ്രയടിക്കപ്പെട്ടവര്‍ പിന്നീട് രാജ്യസ്‌നേഹികളായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹികളെയും രാജ്യസ്‌നേഹികളെയും വേര്‍തിരിക്കുന്ന മാനദണ്ഡം മിക്കപ്പോഴും അമൂര്‍ത്തവും ആപേക്ഷികവുമാണ്. ഇന്നലത്തെ രാജ്യദ്രോഹികള്‍ ഇന്നത്തെ ദേശസ്‌നേഹികളായും ഇന്നത്തെ ദേശദ്രോഹി നാളത്തെ ദേശസ്‌നേഹികളായും മാറിമാറി വിലയിരുത്തപ്പെടുന്ന അനുഭവങ്ങള്‍ ധാരാളമുണ്ട്. ബാലഗംഗാധര തിലകനും ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഭഗത് സിംഗും മൗലാനാ മുഹമ്മദലിയും മൗലാനാ ആസാദും മറ്റും അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹികളായിരുന്നു. അന്നത്തെ ഭരണത്തോട് ചേര്‍ന്നു നില്‍ക്കുന്നരായ കുറേ ഇന്ത്യക്കാര്‍ അഥവാ വാഴുന്നവര്‍ക്ക് സ്തുതി പാടുന്നവര്‍ മേല്‍ പറഞ്ഞവരെ ദേശദ്രോഹികളായി ഗണിച്ചു. എന്നാല്‍ മഹാഭൂരിപക്ഷം ഭാരതീയര്‍ക്കും അവര്‍ വളരെ നല്ലവരായ ദേശസ്‌നേഹികളാണ്.

പലപ്പോഴും ദേശസ്‌നേഹികളെയും ദേശദ്രോഹികളെയും നിശ്ചയിക്കുന്നത് ഭരണകൂടമാണ്. രാജ്യവും ഭരണകൂടവും ഒന്നല്ല, രണ്ടാണ്. ഭരണകൂടം രാജ്യമല്ല; രാജ്യം ഭരണകൂടവുമല്ല. ഭരണകൂട സേവകര്‍ അഥവാ വാഴുന്നോര്‍ക്ക് സ്തുതിയോതുന്നവര്‍ ദേശസ്‌നേഹികളാവണമെന്നില്ല. ദേശസ്‌നേഹികള്‍ അതാതു കാലത്തെ ഭരണകൂടത്തിന് ജയ് വിളിക്കുന്നവരാവണമെന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടം അടക്കി വാണപ്പോള്‍ മഹാഭൂരിപക്ഷം ക്രൈസ്തവരും ആ ഭരണത്തോട് ചേര്‍ന്നു നിന്നതിനാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും സ്‌കൂളുകള്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കും ധാരാളം ഭൂമി വാരിക്കോരി നല്‍കുകയും ചെയ്തു. മുസ്‌ലിംകളും ഹിന്ദുക്കളും മറ്റും വൈദേശികാധിപത്യത്തെ അങ്ങേയറ്റം എതിര്‍ത്തതിനാല്‍ അവഗണനയും പീഢനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു.

യഥാര്‍ത്ഥ ദേശസ്‌നേഹത്തിന്റെ ഉള്ളടക്കം വിശാലമായ ജനസ്‌നേഹമായിരിക്കണം. വിദ്വേഷ രഹിതവും മാനവികവുമായ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ നിന്നേ ജനപക്ഷ ചിന്തകള്‍ ഉണ്ടായിത്തീരുകയുള്ളൂ. അല്ലാത്ത പക്ഷം രാജ്യസ്‌നേഹം നാട്ടിലെ പൗരന്മാരെ തമ്മിലടിപ്പിച്ച് നാശവും നഷ്ടവുമുണ്ടാക്കുന്ന സംഘബലത്തിന്റെ കൊലവിളിയായി മാറും. വഴിതെറ്റിയ ദേശസ്‌നേഹമാണല്ലോ ഗോഡ്‌സെമാര്‍ക്ക് ജന്മമേകുന്നത്.

ഉപര്യുക്ത വസ്തുത മുന്നില്‍ വെച്ച് വേണം ദേശസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ദേശസ്‌നേഹത്തെ വിലയിരുത്തുവാന്‍. അഡോള്‍ഫ് ഹിറ്റ്‌ലറും മുസോളിനിയും രാജ്യസ്‌നേഹം നന്നായി അഭിനയിച്ചിട്ടാണ് രംഗം കയ്യടക്കിയത്. ദുഷിച്ച പൗരോഹിത്യവും ചൂഷകരായ സമ്പന്നവര്‍ഗവും ഇവര്‍ക്ക് പാദസേവ ചെയ്തു ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടി. നൂറ് ഏക്കറോളം വരുന്ന വത്തിക്കാന്‍ സിറ്റി മുസോളിനിയുടെ സംഭാവനയാണ്. ജനാധിപത്യത്തിന്റെ പഴുതുകളിലൂടെയാണ് അവര്‍ ഉയര്‍ന്നുവന്നതെങ്കിലും പിന്നീടവര്‍ ജനാധിപത്യത്തെ കൊല ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീകരമാം വിധം അടിച്ചമര്‍ത്തി. ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്തു.

ഭരണകൂടമാണ് രാഷ്ട്രമെന്ന പ്രതീതി വളര്‍ത്തിയിട്ടാണ് സകല സ്വേച്ഛാധിപതികളും ഫാസിസ്റ്റുകളായി മാറിയത്. കറകളഞ്ഞ, വിശാലമായ ജനസ്‌നേഹത്തിന്റെ അകമ്പടിയില്ലാത്ത സങ്കുചിത രാജ്യസ്‌നേഹം ഫലത്തില്‍ ഭരണകൂട സേവ മാത്രമാണ്. രാജ്യസ്‌നേഹവും രാജ്യവാസികളോടുള്ള സ്‌നേഹവും ഒരു നാണയത്തിന്റെ ഇരുപുറം കണക്കെ അഭേദ്യമാണ്; പരസ്പര പൂരകവുമാണ്. സങ്കുചിതവും വിദ്വേഷ പൂര്‍ണവുമായ വിചാരധാര രാജ്യസ്‌നേഹത്തെ ഭസ്മീകരിച്ചു കളയും.

ഒന്നും രണ്ടും  ലോകയുദ്ധങ്ങളുടെയും മറ്റിതര യുദ്ധങ്ങളുടെയും മുഖ്യ ഹേതു ദേശീയതയാണെന്ന് അര്‍നോള്‍ഡ് ടോയന്‍ബി ഉള്‍പെടെ ഒട്ടേറെ ചരിത്ര പണ്ഡിതന്മാരും ബുദ്ധിജീവികളും പ്രസ്താവിച്ചിട്ടുണ്ട്. ദേശീയതയെ ദേശസ്‌നേഹമെന്ന അര്‍ത്ഥത്തില്‍ വ്യാപകമായി വ്യവഹരിച്ചുകൊണ്ട് ‘ദേശീയത’ക്ക് സ്വീകാര്യത ഉണ്ടാക്കിയെടുക്കാനുള്ള ബഹുമുഖ യത്‌നങ്ങള്‍ പല മാര്‍ഗേണ നടക്കുന്നുണ്ട്. ഭ്രാന്തന്‍ ദേശീയതയെ എതിര്‍ക്കുന്നവരെ ദേശസ്‌നേഹമില്ലാത്തവരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുമുണ്ട്.

ദേശമെന്നത് പല കാലങ്ങളില്‍ പലതാണ്. കറാച്ചിയിലുള്ള ഒരാള്‍ 1947-നു മുമ്പ് ഇന്ത്യക്കാരനായിരുന്നു. 1947-നു ശേഷം അന്യനായി എന്നു മാത്രമല്ല കഠിന ശത്രുവായി മാറി അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ത്തു. 1947-ല്‍ ധാക്കയിലുള്ളവന്‍ പാകിസ്ഥാനി. 1971-ന് ശേഷം അവന് കറാച്ചിയിലുള്ളവന്‍ അന്യനും ശത്രുവുമായി മാറി. സ്വാതന്ത്ര്യത്തിന് മുമ്പ് ‘ഇന്ത്യ’ ഒരൊറ്റ ദേശീയതയായിരുന്നില്ല. ആയിരക്കണക്കിന് ഭിന്നവിരുദ്ധ ദേശീയതകളായിരുന്നു. ഇന്ന് നാം അതിനെ സൗകര്യപൂര്‍വം ‘ഉപദേശീയതകള്‍’ എന്നു വിളിക്കുന്നു. പല ഭാഷയും സംസ്‌കാരവും വ്യത്യസ്ത വിശ്വാസാചാരങ്ങളും പാരമ്പര്യവും വേറിട്ട വ്യക്തിത്വവും പുലര്‍ത്തുന്ന നിരവധി ദേശീയതകളെ ബലാല്‍ക്കാരേണ ഏകീകരിച്ചെങ്കിലും ഓരോന്നിന്റെയും തനിമകള്‍ക്ക് (സ്വത്വം) അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിന്റെ പ്രശ്‌ന സങ്കീര്‍ണതകള്‍ പല മാര്‍ഗേണ പ്രത്യക്ഷപ്പെടുന്നുണ്ട്.

രണ്ടായിരുന്ന ജര്‍മനികള്‍ ഒന്നായി. രണ്ട് യമനുകളും ഇപ്പോള്‍ ഒന്നാണ്. പല നാടുകളും ചേര്‍ന്ന് ഒരൊറ്റ റിപ്പബ്ലിക്ക് ആയിരുന്ന സോവിയറ്റ് യൂണിയന്‍ ഇന്ന് പല രാജ്യങ്ങളാണ്. ചെക്കോസ്ലോവാക്ക്യ വിഭജിതമായി ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്കിയയുമായി. ഗള്‍ഫ് നാടുകളുടെ കൂട്ടായ്മയായ ജി.സി.സി കറന്‍സി ഉള്‍പ്പെടെ ഏകീകരിച്ച് വിശാല സഹകരണം വളര്‍ത്തി ക്രമാനുഗതമായി സാദ്ധ്യമാകുന്നത്ര ഏകീകരണത്തിനായി ചിന്തിക്കുന്നു. പല രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ ദേശീയതയുടെ കര്‍ക്കശ അതിര്‍വരമ്പുകളെ പരമാവധി അതിജീവിക്കാനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യയും പാകിസ്ഥാനും മറ്റിതര നാടുകളും ചേര്‍ന്നുള്ള ‘സാര്‍ക്ക്’ ദേശീയത സൃഷ്ടിച്ച/ സൃഷ്ടിക്കുന്ന പ്രശ്‌നസങ്കീര്‍ണതകളെ അതിജീവിക്കാനുള്ള ഫലപ്രദമായ സംവിധാനമായി വികസിക്കേണ്ടതുണ്ട്. റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെ പലരും പലപ്പോഴായി പറഞ്ഞ ആശയം ‘ഇന്തോ-പാക്-ബംഗ്ലാ കോണ്‍ഫെഡറേഷന്‍’ എന്ന രൂപത്തില്‍ മൂന്ന് നാടുകളിലും ഇടക്കിടെ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇത്തരം രചനാത്മക ചിന്തകളെ നന്മേച്ഛുക്കള്‍ അകമഴിഞ്ഞു പിന്തുണക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ ദേശ-രാഷ്ട്രങ്ങള്‍ (Nation State) എന്നതിന് വലിയ അര്‍ഥം ഇപ്പോള്‍ ഇല്ല. അത് സ്ഥായിയല്ല. മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുമുണ്ട്. കാലം മാറിവരും; കാലത്തിന്റെ ഗതിമാറി വരും; കടല്‍ വറ്റി കരയാകും; കര പിന്നെ കടലാകും; കഥയിതു തുടര്‍ന്നു വരും എന്ന കവിവാക്യമാണ് അനുഭവ സത്യം. അതുകൊണ്ടായിരിക്കാം ‘വിശ്വമേ തറവാട്’ എന്ന ആശയത്തില്‍ പല തത്വചിന്തകരും ഉദ്‌ബോധിപ്പിച്ചത്. വിശ്വപൗരന്മാരായി വളരുകയെന്നതാണ് സാംസ്‌കാരിക വളര്‍ച്ചയും ഔന്നത്യവും.

ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത് വിവരസാങ്കേതിക വിദ്യ വിസ്മയകരമാം വിധം വികസിച്ച ലോക സാഹചര്യത്തില്‍ കര്‍ക്കശമായ, വരണ്ട, ഭ്രാന്തന്‍ ദേശീയതയെ താലോലിക്കാന്‍ വിവേകമതികള്‍ മുതിരുകയില്ല. ഗള്‍ഫില്‍ പാകിസ്ഥാനിയും ബംഗ്ലാദേശിയും ഇന്ത്യക്കാരനും ഒരുമിച്ച് ഒന്നായി ഉണ്ണുകയും ഉറങ്ങുകയും ജീവിതാനുഭവങ്ങള്‍ പങ്ക് വെക്കുകയും ചെയ്യുമ്പോള്‍ അയല്‍ പ്രദേശങ്ങളോട് കടുത്ത ശത്രുത പുലര്‍ത്തിക്കൊണ്ടുള്ള സ്വരാജ്യ സ്‌നേഹത്തെ ആരും വിലമതിക്കുകയില്ല. ഇന്ത്യാ പ്രേമം പാക് വിരോധം പുലര്‍ത്തുന്നതിലല്ല. ദേശീയതയെ പല മാര്‍ഗേണ ഭീകരമാം വിധം വളര്‍ത്തുന്നത് യുദ്ധം ആഗ്രഹിക്കുന്ന ആയുധനിര്‍മ്മാതാക്കളും ആയുധകച്ചവടക്കാരുമായ ദുഷ്ടന്മാരാണ്. രാജ്യരക്ഷ, പ്രതിരോധം എന്നിവക്കാണ് പട്ടിണിപ്പാവങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട രാഷ്ട്രസമ്പത്ത് അധികമായി ഉപയോഗിക്കുന്നത്. ഒരു യുദ്ധവും ആര്‍ക്കും ഒരു നന്മയും ഉണ്ടാക്കിയിട്ടില്ല. പ്രതിരോധ ബഡ്ജറ്റ് അഴിമതികളുടെയും തട്ടിപ്പിന്റെയും കമ്മീഷന്റെയും ലാവണമാണ്. ദേശീയതയെ ഊതിവീര്‍പ്പിച്ചും അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഉണ്ടാക്കിയും ഒരുതരം അരക്ഷിതബോധം ഉണ്ടാക്കാന്‍ ദുര്‍ബല രാഷ്ട്രങ്ങളെ ചൂഷണം ചെയ്യുന്ന ആയുധ നിര്‍മാതാക്കളായ ദുഷ്ടശക്തികള്‍ സമര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്.

ദേശസ്‌നേഹം ഭൂമിയോടുള്ള അന്ധവും ഭ്രാന്തവുമായ സ്‌നേഹമല്ല. മറിച്ച് ദേശവാസികളോടുള്ള സ്‌നേഹമാണ്. നിലവിലുള്ള ദേശീയതയുടെ വാഹകരും വക്താക്കളും ദേശവാസികളെ സ്‌നേഹിക്കുന്നവരല്ലെന്ന് മാത്രമല്ല നല്ലൊരു വിഭാഗം ദേശവാസികളെ ശത്രുക്കളായി കാണുകയും കൊന്നൊടുക്കുകയും ചെയ്യുന്നു. ദേശവാസികളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനും ശ്രമിക്കുന്നു. നിലവിലുള്ള ഭ്രാന്തന്‍ ദേശീയതയില്‍ ദേശസ്‌നേഹമില്ല. എന്നാല്‍ അവരുയര്‍ത്തിപ്പിടിക്കുന്ന ദേശീയതയാണ് യഥാര്‍ത്ഥ ദേശസ്‌നേഹമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ഈ ഭ്രാന്തന്‍ ദേശീയതയെ യുക്തിയുക്തം എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയും ചെയ്യുന്നു. സ്വപത്‌നി പ്രസവിക്കാത്തതിന് അന്യരുടെ ഭാര്യമാര്‍ക്കെല്ലാം നിര്‍ബന്ധ വന്ധ്യംകരണം ക്രൂരമാംവിധം അടിച്ചേല്‍പിക്കുന്ന ശുദ്ധ ഭ്രാന്തിനെ ദേശീയതയുടെ കുപ്പായമിട്ട് അവതരിപ്പിക്കുന്നതിനെ തിരിച്ചറിയാന്‍ ഇനിയും വൈകരുത്. സ്വമാതാവിനെ സ്‌നേഹിക്കേണ്ടത് അന്യരുടെ അമ്മമാരെ ഉപദ്രവിച്ചുകൊണ്ടല്ല. മറിച്ച് സ്വന്തം അമ്മക്ക് സ്‌നേഹപൂര്‍വം സേവനങ്ങളര്‍പ്പിക്കുന്നതൊടൊപ്പം മറ്റുള്ളവരുടെ മാതാക്കളെ സ്വന്തം അമ്മയെ പോലെ ആദരിച്ചുകൊണ്ടായിരിക്കണം.

അസൂയ എന്നത് മാരകമായ മാനസിക ദീനമാണ്. വര്‍ഗീയത, വംശീയത, ദേശീയത ഇതൊക്കെ അടിസ്ഥാനപരമായി അസൂയയുടെ രൂപഭേദങ്ങളാണ്. ഇന്നത്തെ ദേശീയത പ്രസരിപ്പിക്കുന്നത് അന്യരോടുള്ള അസഹിഷ്ണുതയും അസഹ്യതയുമാണ്. അന്തിമ വിശകലനത്തില്‍ ഇതിലൊക്കെ അസൂയ എന്ന രോഗമുണ്ട്. അസൂയ അഗ്നിയാണ്. അത് നമ്മുടെ നന്മകളെ നശിപ്പിച്ച് ഇല്ലാതാക്കും.

Related Articles