Current Date

Search
Close this search box.
Search
Close this search box.

ദേശവിരുദ്ധമായ ദേശീയതാ വാദം

nationalism3.jpg

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചെങ്കിലും പോപ്പുലര്‍ വോട്ടില്‍ ഹിലരി ക്ലിന്റനായിരുന്നു മുന്നിട്ടു നിന്നത്. തെരെഞ്ഞെടുപ്പില്‍ കൃത്രിമമോ ബാഹ്യഇടപെടലുകളോ, ചട്ടവിരുദ്ധ വിക്രിയകളോ വല്ല വിധേനയും നടന്നിട്ടുണ്ടാവാനിടയുണ്ടെന്ന നിരീക്ഷണങ്ങള്‍ ഉണ്ട്. ട്രംപിന് വോട്ടു ചെയ്തവരെല്ലാം ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ എല്ലാ നയങ്ങളോടും യോജിക്കുന്നവരല്ല. ട്രംപിന്റെ വിദ്വേഷ തത്വശാസ്ത്രത്തോട് പല നിലക്കും വിയോജിക്കുന്നവര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെയുണ്ട്. തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് നടത്തിയ പല പ്രസ്താവനകളും ഉത്തമ നിലവാരം പുലര്‍ത്തുന്നതായിരുന്നില്ല. പണ്ട് നിക്‌സണ്‍ ഇംപീച്ച് ചെയ്യപ്പെടാനിടയായ വാട്ടര്‍ഗേറ്റ് സംഭവം പോലുള്ള എന്തെങ്കിലും ട്രംപിനെതിരെ ഉരുത്തിരിഞ്ഞു വരാനിടയുണ്ട്. ട്രംപിന്റെ ദുഷിച്ച/പിഴച്ച നിലപാടുകളോട് എല്ലാ നിലക്കും എല്ലായ്‌പ്പോഴും പൂര്‍ണമായി യോജിക്കുന്നവര്‍ അമേരിക്കയില്‍ ന്യൂനപക്ഷമായിരിക്കും.

നല്ലതായ ഒരു മാറ്റത്തിന് വേണ്ടിയുള്ള മോഹം, ഭരണവിരുദ്ധ വികാരം, ഒരു സ്ത്രീ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തുന്നതിലുള്ള ക്രിസ്ത്യന്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പ്, ജൂതലോബി ട്രംപിന് വേണ്ടി നടത്തിയ അതിവിദഗ്ദമായ ലോബിയിങ്ങും പലവിധ ഇടപെടലുകളും എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നതാണ് ട്രംപിന്റെ വിജയം. സ്ത്രീകള്‍ക്ക് വലിയ സ്വാതന്ത്ര്യമുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ പുരുഷ മേധാവിത്തവും സ്ത്രീവിരുദ്ധ ചിന്താഗതികളും വളരെ ശക്തമാണെന്നത് ട്രംപിന്റെ വിജയം നല്‍കുന്ന സന്ദേശമാണ്.

പലവിധ ജീര്‍ണതകളും പോരായ്മകളും അമേരിക്കന്‍ സമൂഹത്തിലുണ്ട്. എന്നാല്‍ അവിടത്തെ സ്വാതന്ത്ര്യവും ജനാധിപത്യ ബോധവും താരതമ്യേന ഭേദപ്പെട്ടതാണെന്ന് സമ്മതിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അറബ് നാടുകളില്‍ നിന്നുള്‍പ്പടെ വിവിധ രാജ്യക്കാര്‍ നിയമാനുസൃതം അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് അവിടേക്ക് കുടിയേറുന്നത്. അമ്പത് സ്റ്റേറ്റുകളുടെ സമുച്ചയമായ അമേരിക്കന്‍ ഐക്യനാടുകള്‍ -യു.എസ്- പല രാജ്യങ്ങളായി വിഘടിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണം ഉണ്ടെങ്കിലും അവിടെ ഇപ്പോഴുള്ള സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് അമേരിക്കന്‍ ഐക്യനാടുകളെ ഒരളവോളം ഭദ്രമായി നിലനിര്‍ത്തിപോരുന്നത്.

ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ട്രംപിനെതിരെ നടന്ന വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും അവയില്‍ മുഴങ്ങിയ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളും അമേരിക്കന്‍ ദേശീയപതാക കത്തിക്കുന്നതുള്‍പ്പടെയുള്ള കൃത്യങ്ങളും അവിടെ യു.എ.പി.എ ചുമത്തപ്പടുന്ന ഒരു കുറ്റമേ അല്ല എന്ന വസ്തുത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പെട്ടന്ന് ഒരു നിശാ പ്രഖ്യാപനത്തിലൂടെ കറന്‍സി മാറ്റം നടപ്പാക്കി വിവരണാതീതമായ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനെ ന്യായമായും എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി മുദ്രയടിക്കുന്ന വിചാരധാരക്ക് വിധേയരായി കഴിയുന്നവര്‍, അമേരിക്കയുടെ പാദസേവകരായി കഴിയുന്നുണ്ടെങ്കിലും അവിടത്തെ നന്മകളെ സ്വാംശീകരിക്കാന്‍ തീരെ ശ്രദ്ധിക്കാറില്ല. ഈച്ചയെ പോലെ മാലിന്യങ്ങളിലേക്ക് ചെന്നുപതിക്കാനാണ് നമ്മുടെ ദേശീയതാ വാദികള്‍ക്ക് സദാ സാധിക്കാറുള്ളത്. തേനീച്ചയെ പോലെ ജനോപകാരപ്രദമായ മധുനുകരാനിവര്‍ക്ക് ഒട്ടും സാധിക്കാറില്ല. അതെ, ഭ്രാന്തമായ ദേശീയത രോഗം പരത്തുന്ന മാലിന്യങ്ങളില്‍ അഭിരമിക്കുന്ന വൃത്തികെട്ട ഈച്ചയുടെ ദൂഷ്യവും ദോഷവും വരുത്തിവെക്കുന്നു. എന്നാല്‍ ദേശവാസികളെ ഉള്ളാലെ സ്‌നേഹിക്കുകയും മാനിക്കുകയും ചെയ്യുന്ന യഥാര്‍ഥ ദേശസ്‌നേഹികള്‍ തേനീച്ചയെ പോലെ ഔഷദമൂല്യമുള്ള മധു ധാരാളമായി സമ്മാനിക്കുന്നു.

അമേരിക്കയില്‍ മുമ്പും ഇങ്ങനെ തന്നെയാണ്. വിയറ്റ്‌നാം യുദ്ധത്തിനെതിരെ ഒട്ടേറെ ‘ദേശദ്രോഹ’ കുറ്റങ്ങള്‍ അവിടത്തെ പൗരന്‍മാര്‍ ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടം ഇറാഖ്, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെ അന്യനാടുകളില്‍ നടത്തിയ അന്യായത്തെയും അക്രമത്തെയും ദേശസ്‌നേഹികളായ അവിടത്തെ പൗരന്‍മാര്‍ വളരെ ശക്തിയായി എതിര്‍ത്തിട്ടുണ്ട്. ഇപ്പോഴും എതിര്‍ക്കുന്നുമുണ്ട്. ഹിംസാത്മകമല്ലാത്ത പ്രതിഷേധങ്ങളെ ജനാധിപത്യത്തിന്റെ ന്യായവും മാന്യവുമായ ആവിഷ്‌കാരങ്ങളായിട്ടാണ് അവിടെ പരിഗണിക്കുന്നത്. അവിടെ ദേശസ്‌നേഹമമെന്നത് തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല. കാപട്യവും കുടിലതയും പ്രകടനാത്മകതയും കലര്‍ന്ന വ്യാജ ദേശസ്‌നേഹത്തിന്റെ വിനാശകരമായ വിക്രിയകളിലൂടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്നവര്‍ക്ക് സങ്കല്‍പിക്കാനാവാത്തതാണ് ഈ നിലപാടും നിലവാരവും. എന്തിനും രാജ്യനിവാസകളെ ദേശദ്രോഹികളായി ചാപ്പകുത്തുന്ന ‘രാജ്യസ്‌നേഹികള്‍’ ദേശസ്‌നേഹത്തെയും ദേശീയതയെയും കൃത്യമായി വേര്‍തിരിച്ച് മനസ്സിലാക്കാത്തവരാണ്. ദേശപ്രേമമെന്നത് ദേശവാസികളോടുള്ള സ്‌നേഹമാണ്. ദേശപൂജയോ ഭൂമിപൂജയോ അല്ല. ഭരണകൂടവും (ഗവണ്‍മെന്റ്) രാഷ്ട്രവും ഒന്നല്ല; രണ്ടാണ്. ദേശീയത ഒരിക്കലും ദേശസ്‌നേഹമല്ല. സ്വപത്‌നി വന്ധ്യയായതിന് മറ്റുള്ളവരുടെ പത്‌നിമാര്‍ക്കെല്ലാം നിര്‍ബന്ധ വന്ധ്യംകരണം വിധിക്കുന്ന വിവേകശൂന്യമായ വിചാരധാര കൊണ്ടുനടക്കുന്നവരും സ്വമാതാവിനോടുള്ള കൂറും സ്‌നേഹവും അയല്‍വാസിയുടെ അമ്മയെ കഠിനമായി ദ്രോഹിച്ചുകൊണ്ട് തങ്ങള്‍ സ്വയംസേവ നടത്തുകയാണെന്ന് വീമ്പ് പറയുന്നവരും യഥാര്‍ഥത്തില്‍ ദേശവിരുദ്ധരും മനുഷ്യവിരുദ്ധരുമാണെന്ന് നാം തിരിച്ചറിയണം.

Related Articles