Current Date

Search
Close this search box.
Search
Close this search box.

തിരിച്ചുനടക്കുന്ന നവോത്ഥാനം

jh.jpg

സേവ്യര്‍ മുതലാളിയുടെ മകളെ പ്രേമിച്ച വീട്ടു ജോലിക്കാരനെ ചെളിയില്‍ താഴ്ത്തി കൊന്ന ഒരു കഥ പണ്ടെങ്ങോ ഞാന്‍ വായിച്ചിട്ടുണ്ട്. കൃത്യമായി ഓര്‍മയില്ല. കേരളം നവോത്ഥാനത്തിലേക്കു കുതിച്ചത് കാരണം പിന്നെ ആ കഥകള്‍ ഞാന്‍ പണ്ടേ മറന്നിരുന്നു. സമൂഹവും. 

കേരളത്തിന്റെ നവോത്ഥാനം ലോകം മുഴുവന്‍ പാടി പുകഴ്ത്തിയതാണ്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്തു എന്നതാണ് കേരള നവോത്ഥാനത്തിന്റെ ബാക്കി പത്രമായി പലരും പൊക്കിപ്പിടിച്ചു നടന്നത്. മതരംഗത്തും അതെ സമയം നവോത്ഥാനം നടന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു പരിധിവരെ പിടിച്ചു നിര്‍ത്താനായി എന്നതാണ് അതിന്റെ പരിണിതി.  

പക്ഷെ കേരളം കൊട്ടിയാഘോഷിച്ച എല്ലാ നവോത്ഥാനങ്ങളില്‍ നിന്നും പതിയെ പിറകോട്ടു പോകുന്ന അവസ്ഥയാണ് നാം കണ്ടത്. ജാതിയും മതവും ഇല്ലാതാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് അതിനെ പൊക്കി നടക്കുന്നവര്‍ക്ക് തന്നെ ബോധ്യമായി. ഒരാളുടെ ജനനമാണ് ജാതിയുടെ അടിസ്ഥാനം. ജനനം ഒരു സത്യമാണെങ്കില്‍ ജാതിയും അങ്ങിനെ തന്നെ. ജാതിയുടെ ഗുണം അനുഭവിക്കുന്നവരും ദോഷം അനുഭവിക്കുന്നവരുമുണ്ട്. ഉയര്‍ന്ന ജാതിയുടെ അടിമകളായി താഴ്ന്ന ജാതിക്കാര്‍ ജീവിക്കണം എന്നത് മാറേണ്ട കാര്യമാണ്. ജാതി മനുഷ്യനെ അകറ്റി നിര്‍ത്താന്‍ ഒരു  കാരണമല്ല എന്ന ബോധമാണ് മാറേണ്ടത് എന്നതാണ് അടിസ്ഥാന വിഷയം.  

കേരള നവോത്ഥാനത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് അവര്‍ എടുത്തു പറയും. വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ വിത്ത് പാകിയ ഭൂമിയില്‍  കമ്യൂണിസം പെട്ടെന്ന് വളര്‍ന്നു എന്നതാണ് ശരി. കേരളം നവോത്ഥാനം നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ  അവസാനത്തിലാണ്. അതിനു ശേഷമാണു കേരളത്തില്‍ ഇടതുപക്ഷ കാറ്റ് വീശുന്നത്. അവിടെ നിന്ന് വേണം ഇന്നലത്തെ ദുരഭിമാന കൊലയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കാണ് വിഷയം.  ഒരു കൂട്ടര്‍ ഉയര്‍ന്ന ജാതിക്കാര്‍ അതെ സമയം ഭര്‍ത്താവിന്റെ കുടുംബം ദളിത് കൃസ്ത്യാനിയും.

രണ്ടു പേരും യേശുവില്‍ വിശ്വസിക്കുന്നു.  അതെ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടു മതത്തില്‍ പെട്ടവരാണ്. ദളിത് എന്ന ജാതിയുടെ വിഷയമാണ് കൊലയില്‍ അവസാനിച്ചതും. പ്രതികളുടെ കൂട്ടത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഭാഗമാണ്. അവരും മനുഷ്യരാണ് എന്നത് കൊണ്ട് മാനുഷിക പ്രശ്‌നങ്ങള്‍ അവര്‍ക്കും ബാധകമാണ്.  പക്ഷെ എവിടെയാണ് നാം കേട്ട് കൊണ്ടിരിക്കുന്ന നവോഥാന ചിന്തകള്‍ക്കു സ്ഥാനം.  മലപ്പുറം, ഫാറൂഖ് കോളേജ്,ചില മതവിഭാഗങ്ങള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതികരണം മറ്റു വിഷയങ്ങളില്‍ ഇടതു പക്ഷത്തില്‍ നിന്നും നാം കേള്‍ക്കില്ല എന്നുറപ്പാണ്.

മതത്തിനു പുറത്തു നിന്നും വിവാഹം കഴിക്കുക എന്നത് ഒരു ആദര്‍ശ വിഷയമാണ്. അതിനെ ആ രീതിയില്‍ നേരിടുക എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. അതിലപ്പുറം ആളുകളെ കൊന്നു തീര്‍ക്കുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല. അടുത്തിടെ നാട്ടില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഒരു പക്ഷത്തു പൊലീസാണ് പ്രതി.

എന്തുകൊണ്ട് പൊലീസിന് മാനുഷിക മുഖം നഷ്ടമാകുന്നു എന്നത് കൂടി പഠന വിധേയമാക്കണം. പരാതിയുമായി ചെല്ലുന്നവരെ പരിഗണിക്കാത്ത രീതി മാറണം. തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞു പരാതിയുമായി വന്ന ഭാര്യയെ പോലീസ് തിരിച്ചയച്ചത് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ്. ഒന്നുകില്‍ മുഖ്യമന്ത്രിക്കു പൊലീസിന് മേലുള്ള പിടി വിട്ടിരിക്കുന്നു. അല്ലെങ്കില്‍ ക്രിമിനലുകളെ അവരുടെ ഇഷ്ടത്തിന് വിഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നു. നാഥനില്ലാ കളരിയാണ് ഇന്ന് കേരളത്തിലെ പോലീസ് ഭരണം. തെറ്റുകള്‍ സംഭവിക്കാം പക്ഷെ അത് നിരന്തരം സംഭവിക്കുക എന്നത് ആരെയും ഭയപ്പെടുത്തണം.

വിവരവും വിദ്യാഭ്യാസവും കൊണ്ട് ജാതി ചിന്തകളെ മറികടക്കാന്‍ കഴിയില്ല എന്നതാണ് വര്‍ത്തമാന അനുഭവം. വടക്കേ ഇന്ത്യയില്‍ നിന്നും നാം ഈ വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കുന്നു. കേരളത്തിലേക്ക് ജാതിയുടെ പേരിലുള്ള കൊലകള്‍ കടന്നു വരുന്നു എന്നത് നാം കൊട്ടിഘോഷിച്ച നവോത്ഥാന ചിന്തകളുടെ പാപ്പരത്തത്തെ ഓര്‍മ്മിപ്പിക്കുന്നു.

മുതലാളി മകളുടെ കാമുകനെ ചെളിയില്‍ താഴ്ത്തിയ കഥക്ക് ഇന്നും പ്രസക്തിയുണ്ട്. അത് കൊണ്ടാണല്ലോ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ഈ കാലത്തും അകമികള്‍ ശ്രമിച്ചത്. കേരളം ലജ്ജിക്കാതിരിക്കാന്‍ പൊതുസമൂഹം ഇനിയും കൂടുതല്‍ ജാഗ്രത കാണിക്കണം. അത് കാണിക്കുന്നില്ല എന്നതാണ് അധികരിച്ചു വരുന്ന ഗുണ്ടാ സംസ്‌കാരം നമ്മെ ബോധിപ്പിക്കുന്നതും.

മതത്തിന്റെ വേലി പൊട്ടിച്ചാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹിതരായത്. അവര്‍ തന്നെ തങ്ങളുടെ മകളുടെ കാര്യത്തില്‍ കുടുസ്സായി ചിന്തിക്കുന്നു. അവര്‍ക്കും ഈ കൊലയില്‍ പങ്കെന്ന് വാര്‍ത്ത വരുന്നു. അപ്പോള്‍ മതത്തിനെ പോലും മാറ്റി നിര്‍ത്താന്‍ ജാതിക്കു കഴിയുന്നു. മതങ്ങള്‍ തമ്മില്‍ വിശ്വാസ കാര്യങ്ങളില്‍ അന്തരം കാണും. ജാതികള്‍ ഒരേ വിശ്വാസത്തിലെ ഘടകമാണ്. അപ്പോള്‍ ജാതിയെയും മതത്തെയും ഒരേ പോലെ കണ്ടു എന്നതാണ് അതിലെ തെറ്റ്. വാസ്തവത്തില്‍ എന്നും ഇന്ത്യന്‍ സമൂഹത്തിലെ വലിയ വില്ലന്‍ ജാതി തന്നെ. അന്നും ഇന്നും.

 

Related Articles