Current Date

Search
Close this search box.
Search
Close this search box.

തടവറക്കുള്ളില്‍ നിന്നും സലാഹ് സുല്‍ത്താന്‍…

salah-sultan.jpg

മൂന്ന് വര്‍ഷമായി ഈജിപ്തിലെ ജയിലില്‍ കഴിയുന്ന പ്രമുഖ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവും ലോക മുസ്‌ലിം പണ്ഡിതവേദി അംഗവുമായ ഡോ. സലാഹ് സുല്‍ത്താന്‍ ജയിലില്‍ നിന്നും അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങള്‍:

പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍,
”നീ ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി നീ ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട. സംശയമില്ല; അല്ലാഹു ഭക്തന്മാരോടൊപ്പമാണ്. സച്ചരിതരായിക്കഴിയുന്നവരോടൊപ്പം.” (ഖുര്‍ആന്‍ – 16: 127, 128)

കാരുണ്യവാനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന, മനുഷ്യന്റെയും നാടുകളുടെയും വിമോചനം ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരോട്,
നീചന്റെ വിരുന്നിനെത്തിയ അനാഥര്‍ക്ക് സമാനരായ നൂറ്റി എഴുപത് കോടി വരുന്ന സമുദായത്തോട്,
പ്രിയ പത്‌നിയോടും കരളിന്റെ കഷ്ണങ്ങളായ മക്കളോടും, അധ്യാപക, വിദ്യാര്‍ഥി, നല്ലവരും ശുദ്ധരുമായ സഹോദരീ സഹോദരങ്ങളോടും,
ഖുദ്‌സിലും ഫലസ്തീനിലും സയണിസത്തിനും സയണിസ്റ്റുകള്‍ക്കുമെതിരെ നിലകൊള്ളുന്ന ഗാര്‍ഡുകളോടും,
അല്ലാഹുവിന്റെ കരുണാ കടാക്ഷങ്ങള്‍ നിങ്ങളിലേവരിലും വര്‍ഷിക്കുമാറാകട്ടെ,

എന്റെ മനസ്സിന്റെ ആഴത്തിലുള്ള മോഹങ്ങള്‍ നിങ്ങളിലെത്തിക്കുന്നതിന് ഈജിപ്ഷ്യന്‍ മരുഭൂമിയിലെ വാദി നത്‌റൂനിലെ ലേമാന്‍ ജയിലിലെ 12-ാം നമ്പര്‍ സെല്ലില്‍ നിന്നാണ് ഞാനിത് എഴുതുന്നത്. അല്ലാഹുവിന്റെ പേരില്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ‘നിങ്ങള്‍ കണ്ട പോലെ ലജ്ജയാണ് എന്റെ വായിലെ സംസാര ഭാഷ, സ്‌നേഹമില്ലായിരുന്നുവെങ്കില്‍ ഞാന്‍ സംസാരിക്കുമായിരുന്നില്ല’ എന്ന് കവി സൂചിപ്പിച്ചത് പോലെയാണ് എന്റെ അവസ്ഥ.

എന്റെ മേലുള്ള അതിക്രമവും അന്യായവുമായ തടവിന് മൂന്ന് വര്‍ഷം തികയുന്ന 23/09/2016നാണ് ഞാനിത് എഴുതുന്നത്. ജയിലിന്റെ മതില്‍ക്കെട്ടുകള്‍ക്കും അഴികള്‍ക്കും വാര്‍ഡന്‍മാരുടെ പാരുഷ്യത്തിനുമിടയില്‍ ഞാന്‍ ജീവിച്ചു. പീഡനങ്ങളും പട്ടിണിക്കിടലും വെല്ലുവിളിയും ഭീഷണികളും എത്രയോ അനുഭവിച്ചു. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എല്ലാ അതിക്രമങ്ങളെയും ധിക്കാരത്തെയും ഞങ്ങള്‍ വെല്ലുവിളിക്കുന്നു. ”അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ.” കാരണം ഞങ്ങള്‍ ”ഞങ്ങളുടെ നാഥനില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു; അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാന്‍.” അഭിമാനത്തോടെ വളരെ ശക്തമായി ഞങ്ങളത് ആവര്‍ത്തിക്കുന്നു.

വധശിക്ഷ വിധിച്ച് ഇടുങ്ങിയ സ്ഥലത്താണ് അവരെന്നെ പാര്‍പ്പിച്ചിരിക്കുന്നത്. വൈദ്യുതിയോ മറയോ കുളിമുറിയോ വെള്ളമോ അവിടെയില്ല. വുദുവെടുക്കാനോ കുടിക്കാനോ പോലും തികയാത്ത ഒരു ബോട്ടില്‍ വെള്ളമല്ലാതെ ലഭിക്കുന്നില്ല. പ്രതിസന്ധികള്‍ക്ക് മുന്നില്‍ ഞാന്‍ തലകുനിച്ചിട്ടില്ല. ശക്തനും പ്രതാപവാനുമായി അല്ലാഹുവിലല്ലാതെ പ്രതീക്ഷ വെച്ചിട്ടുമില്ല. ”എന്റെ റബ്ബ് സൂക്ഷ്മവും സമര്‍ഥവുമായ നടപടികളിലൂടെ അവന്റെ ഉദ്ദേശ്യം നടപ്പാക്കുന്നു എന്നതത്രെ സത്യം. നിസ്സംശയം, അവന്‍ സര്‍വജ്ഞനും യുക്തിമാനുമല്ലോ.” എന്നത് ഞങ്ങളുടെ പരീക്ഷണങ്ങളുടെ തലക്കെട്ടായി മാറിയിരിക്കുന്നു. ”എന്നെ പ്രയാസം ബാധിച്ചിരിക്കുന്നു. നീയോ, കരുണയുള്ളവരിലേറ്റം കരുണയുള്ളവനല്ലോ.” എന്നത് ഞങ്ങളുടെ പ്രാര്‍ഥനയും. അപ്പോള്‍ അല്ലാഹു ഔദാര്യത്തിന്റെ പുഴകള്‍ ഞങ്ങള്‍ക്ക് മേല്‍ ഒഴുക്കിയിരിക്കുന്നു. അതില്‍ ചിലത് ചുവടെ പറയാം:

1) ഏറ്റവും വലിയ ആത്മീയാനുഗ്രഹം: കാരുണ്യവാനും സ്‌നേഹസമ്പന്നനുമായ റബ്ബിനെ ഞാന്‍ ഇവിടെ വെച്ച് തിരിച്ചറിഞ്ഞു. അവന്റെ സ്‌നേഹത്തിന്റെയും സാമീപ്യത്തിന്റെയും മാധുര്യം ഞാനനുഭവിച്ചു. മുമ്പെങ്ങുമില്ലാത്ത ശാന്തതയും സമാധാനവും എന്റെ മനസ്സ് അനുഭവിക്കുന്നു. അതെന്റെ ഹൃദയത്തെ വിശാലമാക്കുകയും മനസ്സിന് വെളിച്ചമേകുകയും ബുദ്ധിക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. എപ്പോള്‍, എങ്ങനെ പുറത്തു കടക്കുമെന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. ഞാന്‍ എന്നെ തന്നെ എന്റെ നാഥന് വിറ്റിരിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും അവനെ ഏല്‍പിച്ചിരിക്കുന്നു. എങ്ങനെ എന്റെ റബ്ബിനെ തൃപ്തിപ്പെടുത്താമെന്നല്ലാത്ത മറ്റൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ എല്ലാ മോഹങ്ങളും റബ്ബിലേക്കുള്ള പ്രയാണത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതിലൂടെ നബിമാര്‍ക്കും രക്തസാക്ഷികള്‍ക്കും സാലിഹീങ്ങള്‍ക്കും ഒപ്പം എത്തിപ്പെടണമെന്നതാണ് എന്റെ മോഹം.

2) ഏറ്റവും വലിയ ധാര്‍മികാനുഗ്രഹം: പരീക്ഷണങ്ങള്‍ ഞങ്ങളുടെ വിശ്വാസത്തെയും ധാര്‍മിക കരുത്തിനെയും ഇരട്ടിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ പിന്നോട്ടടിക്കുകയോ നിന്ദ്യരാവുകയോ ദുര്‍ബലരാവുകയോ ചെയ്തിട്ടില്ല. ”ഞങ്ങള്‍ അല്ലാഹുവില്‍ത്തന്നെ കണ്ണുനട്ടവരാകുന്നു” എന്നത് ഞങ്ങളുടെ മുദ്രാവാക്യമായി മാറിയിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിസ്സാരമായ ഈ സമര്‍പ്പണത്തിനും പൗരുഷത്തോടെ പ്രയാസങ്ങളെ സഹിക്കാനും അവസരം നല്‍കിയ അല്ലാഹുവിനെ ഞങ്ങള്‍ സ്തുതിക്കുകയാണ്. ഞങ്ങള്‍ ആവശ്യമുണ്ടായിട്ടും മറ്റുള്ളവരെ പരിഗണിക്കുന്നവരായി ഞങ്ങള്‍ മാറി. ഐഹിക വിഭവങ്ങളെ വെടിയുന്നതിലുള്ള ഉന്നതമായ ധാര്‍മിക ഔന്നിത്യത്തിന്റെ മാധുര്യം രുചിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഞങ്ങള്‍ തളരുകയില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിജയിക്കുമെന്നതാണ് ഞങ്ങളുടെ ഉറപ്പ്.

3) ഏറ്റവും ഗാഢമായ വൈജ്ഞാനികാനുഗ്രഹം: വിജ്ഞാനത്തിന്റെയും ആരാധനയുടെ ചിറകുകളാല്‍ വിശാലമായ ചക്രവാളങ്ങളില്‍ വട്ടമിടാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്ക് കഴിഞ്ഞു. പല വിഷയങ്ങളിലുമായി ആയിരക്കണക്കിന് പേജുകള്‍ ഞാന്‍ എഴുതി. ഏതാനും ചെറുകഥകളും ഞാന്‍ രചിച്ചു. അന്താരാഷ്ട്ര നിയമത്തില്‍ ബിരുദാനന്തര ബിരുദത്തിന് ഞാന്‍ വായിച്ചു. തഫ്‌സീറില്‍ പുതിയൊരു ഡോക്ടറേറ്റ് നേടുന്നതിന്റെ വക്കില്‍ ഞാന്‍ എത്തിയിരിക്കുന്നു. സാഹിത്യവും രാഷ്ട്രീയവും മാനേജ്‌മെന്റ് വിഷയങ്ങളും ഏറെ വായിച്ചു.

4) കുടുംബപരമായ ദൈവികാനുഗ്രഹം: അല്ലാഹുവിന്റെ കാരുണ്യത്താല്‍ ഞങ്ങള്‍ക്ക് ഒരു രക്തസാക്ഷിയെ ലഭിച്ചിട്ടുണ്ട്. അക്രമികള്‍ അദ്ദേഹത്തെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കുടുംബത്തില്‍ നിന്നും ആശീര്‍വാദം അറിയിച്ചു കൊണ്ട് എനിക്ക് സന്ദേശം വന്നു. ”അഭിനന്ദനങ്ങള്‍, താങ്കളുടെ സഹോദരീ ഭര്‍ത്താവ് ഉന്നതമായ ഫിര്‍ദൗസിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.” സ്വഭാവത്തിലും മതനിഷ്ഠയിലും ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവുമധികം വിശുദ്ധിയും ഔന്നിത്യവും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നാഥന് നന്ദി രേഖപ്പെടുത്തി കൊണ്ട് ഞാന്‍ സുജൂദ് ചെയ്ത് പ്രാര്‍ഥിച്ചു. അല്ലാഹു ഞങ്ങളോട് വലിയ ഔദാര്യമാണ് കാണിച്ചിരിക്കുന്നത്. കാന്‍സര്‍ ബാധിച്ച എന്റെ പ്രിയതമയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. എന്റെ കണ്‍മുന്നില്‍ മരണത്തിന്റെ വക്കിലെത്തിയിരുന്ന മകന്‍ മുഹമ്മദ് ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടു. എന്റെ മക്കള്‍ അവരുടെ ജോലികളിലും പഠനത്തിലും മുന്നിട്ടു നില്‍ക്കുന്നു. നേരത്തെയുണ്ടായിരുന്ന ഒരു കൊച്ചുമകനൊപ്പം ഒരു കൊച്ചുമകനെയും കൊച്ചുമകളെയും കൂടി അല്ലാഹു നല്‍കിയിരിക്കുന്നു. സഹനം കൈക്കൊണ്ടിരിക്കുന്ന കുടുംബവുമായുള്ള എന്റെ ബന്ധം എത്രയോ ശക്തിപ്പെട്ടിരിക്കുന്നു. കുടുംബവും മക്കളും എനിക്ക് കണ്‍കുളിര്‍മയായി മാറിയിരിക്കുന്നു.

5) പ്രബോധനമെന്ന അനുഗ്രഹം: ജയിലില്‍ വെച്ച് എത്രയോ കൊടും കുറ്റവാളികള്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. അവരില്‍ പലരും നോമ്പിലും നമസ്‌കാരത്തിലും എന്നോട് മത്സരിക്കുന്നവരായി മാറിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തുള്ള എല്ലാറ്റിനേക്കാളും വിലപ്പെട്ടതാണത്. ജയിലിന് പുറത്ത് എന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുന്ന ബുദ്ധിമാന്‍മാരിലൂടെയും സമര്‍ഥന്‍മാരിലൂടെയും അത് നടക്കുന്നു. ലോകമുസ്‌ലിം പണ്ഡിതവേദിയിലെ ആദരണീയരായ പണ്ഡിതന്‍മാരുടെ കൂട്ടത്തിലേക്ക് ഞാനും തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വധശിക്ഷയില്‍ കഴിയുന്ന ഞാന്‍ റബ്ബിനെ കുറിച്ച് സദ്‌വിചാരം മാത്രമാണ് വെച്ചുപുലര്‍ത്തുന്നത്. എന്റെ വിടവിലേക്ക് പ്രഗല്‍ഭരും നിപുണരുമായ യുവതീ യുവാക്കള്‍ കടന്നു വന്ന് എന്റെ സന്ദേശങ്ങള്‍ ലോകര്‍ക്ക് പ്രചരിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഒരു മനുഷ്യനെന്ന നിലക്ക് ജയില്‍ ചുമരുകളുടെയും അഴികളുടെയും വാര്‍ഡന്‍മാരുടെയും പാരുഷ്യം എന്നെ ഞെരുക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം നിങ്ങളോട് പറയുകയാണ്. അല്ലാഹുവിന്റെ ഭവനവും ലോകത്ത് അല്ലാഹുവിലേക്കുള്ള പ്രബോധനവുമായി ചുറ്റിക്കറങ്ങുന്നതും എനിക്ക് വിലക്കപ്പെട്ടിരിക്കുന്നു. പ്രിയ പത്‌നിക്കും കരളിന്റെ കഷ്ണങ്ങളായ മക്കള്‍ക്കും എന്റെ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കും പ്രബോധകര്‍ക്കും ഒപ്പമുള്ള ജീവിതം എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്കുള്ള യാത്രയുടെ ആനന്ദങ്ങളെല്ലാം തടയപ്പെട്ടിരിക്കുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും ഒരിക്കല്‍ പോലും പ്രതിഫലം കാംക്ഷിച്ച് ഞാന്‍ ചെയ്ത നന്മയുടെ പേരില്‍ ഒരിക്കലും ഖേദിച്ചിട്ടില്ല. കൊളമ്പസ് കൊട്ടാരവും ഗള്‍ഫ് കൊട്ടാരവും ഉപേക്ഷിച്ച് ജനുവരി-25 വിപ്ലവത്തിന്റെ ഭാഗമാകാന്‍ എനിക്കേറെ പ്രിയപ്പെട്ട ഈജിപ്തിന്റെ മടിത്തട്ടാണ് ഞാന്‍ തെരെഞ്ഞെടുത്തത്. എന്റെ അധ്യാപകനും ഇസ്‌ലാമിക് കാര്യ ഉന്നതതല സമിതിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന (അതിന് അദ്ദേഹം പ്രതിഫലം പറ്റിയിരുന്നില്ല) 11/2/2011ന് തഹ്‌രീര്‍ സ്‌ക്വയറിലെ ഖതീബ് റാബിഅയിലെയും അന്നഹ്ദയിലെയും എന്റെ പങ്കാളിത്തത്തില്‍ അഭിമാനം കൊണ്ടു. ജയിലോ ജയില്‍ വാര്‍ഡന്‍മാരോ അല്ല എന്നെ വേട്ടയാടുന്നതും എന്റെ മനസ്സിനെ പ്രയാസപ്പെടുത്തുന്നതും. മറിച്ച് ഈജിപ്തിലും സിറിയയിലും മറ്റിടങ്ങളിലും തെമ്മാടികളാല്‍ അഭിമാനം പിച്ചിചീന്തപ്പെട്ട സഹോദരിമാരുടെ രോദനമാണ് എന്നെ വേട്ടയാടുന്നത്. അഖ്‌സക്കും ഖുദ്‌സിനും ഫലസ്തീനും മേല്‍ സയണിസ്റ്റുകളും അവരുടെ ഏജന്റുമാരും നടത്തുന്ന അതിക്രമങ്ങളാണ് എന്നെ വേട്ടയാടുന്നത്. എന്റെ സഹോദരങ്ങളുടെയും മക്കളുടെയും ശരീരത്തില്‍ കാണുന്ന പീഡനത്തിന്റെ അടയാളങ്ങളാണ് എന്നെ പ്രയാസപ്പെടുത്തുന്നത്. എന്റെ സമുദായം കഠിന ശത്രുവിനോട് വസ്ത്രത്തിനും മരുന്നിനും കേഴുന്നതാണ് എന്നെ ദുഖിപ്പിക്കുന്നത്. സദ്‌വൃത്തരുടെ മൗനവും പ്രബോധകര്‍ക്കിടയിലെ മൗനവും കഴിഞ്ഞ സംഭവങ്ങളെ വിലയിരുത്തുന്നതിലും പ്രതിസന്ധിയില്‍ നിന്ന് പുറത്തു കടക്കുന്നത് സംബന്ധിച്ച കാഴ്ച്ചപ്പാടിലും ഭാവി പ്രവര്‍ത്തന പദ്ധതിയിലുമുള്ള മെല്ലപ്പോക്കും വേദനയുണ്ടാക്കുന്നു.

പ്രിയ സഹോദരങ്ങളേ, ഞാന്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്:
1) നാം ഒരിക്കലും കുഴപ്പങ്ങളുടെ ഭാഗമായി മാറരുത്. മുന്‍ഗാമികളുടെ മഹത്വത്തെ വിസ്മരിക്കരുത്. നാം പാപസുരക്ഷിതരൊന്നുമല്ല, അതുകൊണ്ട് തന്നെ തെറ്റുകളെ കുറിച്ച് പുനരാലോചനക്ക് നാം തയ്യാറാവണം. തെറ്റുകളെ ധീരമായി അംഗീകരിച്ച് റബ്ബിന് ഏറ്റവും ഇഷ്ടപ്പെടുന്ന, ദീനിനും അതിന്റെ പ്രബോധനത്തിനും സമുദായത്തിനും നാടിനും ഏറ്റവും ഗുണം ചെയ്യുന്ന മാര്‍ഗത്തില്‍ സ്ഥൈര്യത്തോടെ നാം മുന്നോട്ടു പോവണം.

2) ഇസ്‌ലാമിന്റെ സന്ദേശം ആത്മാര്‍ഥമായി വഹിക്കുകയും ദൗര്‍ബല്യം ബാധിക്കാതെ മുഴുവന്‍ ഇടങ്ങളിലും അത് പ്രചരിപ്പിക്കാനും സാധിക്കണം. ജയിലുകളില്‍ കഴിയുന്ന ഞങ്ങളുടെ വിടവുകള്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കണം. മനുഷ്യരുടെയും നാടുകളുടെയും അഖ്‌സയുടെയും ഫലസ്തീന്റെയും മോചനത്തിന് സാധിക്കുന്ന തലമുറയെ വിദ്യാഭ്യാസത്തിലൂടെയും പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയും നിര്‍മിച്ചെടുക്കണം.

3) അല്ലാഹു നമുക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടുമെന്ന തെളിഞ്ഞ ബോധ്യം നമുക്കുണ്ടാവേണ്ടതുണ്ട്. ”ധിക്കാരം കാണിച്ചവരോടു നാം പ്രതികാരം ചെയ്തു. എന്നാല്‍, സത്യവിശ്വാസികളെ സഹായിക്കുക നമ്മുടെ ബാധ്യതയായിരുന്നു.” ”ഞെരുക്കത്തിനു പിമ്പെ അല്ലാഹു സമൃദ്ധിയേകും.”

4) ആത്മാര്‍ഥമായ പ്രാര്‍ഥന: ”എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍, അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ.” പ്രബോധനത്തിന്റെയും മനുഷ്യരുടെയും നാടുകളുടെയും ഫലസ്തീന്റെയും വിമോചന രംഗങ്ങളില്‍ കണ്ടുമുട്ടും വരെ..
അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു.

വിവ: നസീഫ്

Related Articles