Current Date

Search
Close this search box.
Search
Close this search box.

ഞാനൊരു ദേശവിരുദ്ധയാണ്

meena-kandasamy.jpg

ഞാനൊരു 100% അഗ്മാര്‍ക്ക് ദേശവിരുദ്ധയാണ്. അതെ, ഞാനൊരു ദേശവിരുദ്ധയാണ്. ദയവായി എനിക്ക് വേണ്ടിയൊരു ജയില്‍ മുറി തയ്യാര്‍ ചെയ്തു കൊള്ളുക. ഏകാന്ത തടവറയോട് എനിക്കൊരല്‍പ്പം ഇഷ്ടക്കൂടുതലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ഒറ്റ രാത്രി കൊണ്ട് ഒരു ദലിത് ഗ്രാമം മുഴുവന്‍ കൂട്ടക്കൊല ചെയ്ത ഒരു ജാതീയ സമൂഹത്തിന് വേണ്ടി, ആ കൂട്ടക്കൊലക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുത്ത പോലീസിന് വേണ്ടി, ഈ അതിക്രമങ്ങളെയെല്ലാം ന്യായീകരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടി, കുറ്റവാളികളെ വെറുതെവിട്ട കോടതി മാഫിയക്ക് വേണ്ടി, ഈ ദുസ്വപ്‌നം വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന ഒരു രാഷ്ട്രത്തിന് വേണ്ടി ഓശാന പാടാനും ജയ് വിളിക്കാനും ഞാന്‍ തയ്യാറല്ല. ഈ രോഗാതുരമായ അവസ്ഥയില്‍ നിന്നും എനിക്ക് പുറത്ത് പോകണം.

കാശ്മീരിലെ കൂട്ടക്കുഴിമാടങ്ങളും, ബസ്തറിലെ കൂട്ടബലാത്സംഗങ്ങളും നടന്നിട്ടേയില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിവുള്ള ഒരു രാഷ്ട്രം. നിങ്ങളുടെ മിലിറ്ററിയും പാരാമിലിറ്ററിയും ചേര്‍ന്ന് നടത്തിയ കൊലപാതകങ്ങളാണ് ഇന്ത്യയെ ഒരുമിച്ച് നിര്‍ത്തുന്നത്. അതിന്റെ പേരിലാണ് നിങ്ങള്‍ അഭിമാനപുളകിതരാവുന്നത്. നിങ്ങളുടെ ദേശീയ ഗാനത്തിന് പകരം ശവസംസ്‌കാര സമയത്തെ വിലാപ ഗാനങ്ങളാണ് ഉയരേണ്ടത്.

ഈ രാഷ്ട്രത്തിന്റെ പിതാവിനെ കുറിച്ചുള്ള ഒരു കവിതയുടെ പേരു പറഞ്ഞ് എന്റെ പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. കവിതയിലൂടെ ഞാനിപ്പോള്‍ ഗാന്ധിയെ അഭിസംബോധന ചെയ്യാറില്ല. മാതൃഭാഷ എനിക്ക് അനുവദിച്ച പരുക്കന്‍ ശാപവാക്കുകളില്‍ ഞാന്‍ അഭയം തേടുന്നു. ഇന്ത്യ കണ്ട മഹാനായ സ്വാതന്ത്ര്യ പോരാളിയെന്ന് ഗാന്ധി വാഴ്ത്തപ്പെട്ടത് പോലെ, ഇന്ത്യയിലെ ഏറ്റവും വലിയ ദേശസ്‌നേഹികളായിട്ടാണ് അദ്ദേഹത്തെ കൊന്നവര്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്.

ഭരണഘടന ചിലപ്പോള്‍ അഭിമാനിക്കാന്‍ വകനല്‍കുന്നതായിരിക്കാം, പക്ഷെ ഒരു ദിവസം, മനുസൃമതി ഉയര്‍ത്തിപിടിക്കുകയും, അതില്‍ നിന്ന് എടുത്ത് ഉദ്ദരിക്കുകയും ചെയ്യുന്ന ഒരു ജുഡീഷ്യറിയെ ആശ്രയിച്ചായിരിക്കും അതിന്റെ പ്രയോഗവല്‍ക്കരണം നടക്കുക. ദലിതുകളെയും, ആദിവാസികളെയും, മുസ്‌ലിംകളെയും ലക്ഷ്യമിടുന്ന ഈ കോടതികളോടും നിയമവാഴ്ച്ചയോടും എനിക്ക് പുച്ഛമല്ലാതെ മറ്റൊന്നും തോന്നുന്നില്ല.

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും, ഫാക്ടറികളില്‍ തൊഴിലാളികള്‍ മര്‍ദ്ദിക്കപ്പെടുകയും, സര്‍വകലാശാല കാമ്പസുകള്‍ പോലിസ് ഉപരോധിക്കുകയും ചെയ്യുന്ന മഹത്തായ രാഷ്ട്രമാണിത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഇവിടെ ബാങ്കുകള്‍ നിലനില്‍ക്കുന്നത്. അവരുടെ കൈയ്യിലാണ് രാഷ്ട്രത്തിന്റെ നിയന്ത്രണം. ഇന്ത്യയിലെ പകുതിയിലധികം സമ്പത്തും 1% ശതമാനം ആളുകളുടെ കൈയ്യിലാണ്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒന്നാണ് ദേശസ്‌നേഹം.

ജനിക്കാന്‍ അനുവദിക്കപ്പെടാതെ പൊലിഞ്ഞ് പോയ പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണരക്തത്തില്‍ മുങ്ങിയ ഇന്ത്യയുടെ മൂവര്‍ണ്ണ പതാകക്ക് അതിന്റെ ധാര്‍മിക ഗുണം നഷ്ടപ്പെട്ടിരിക്കുന്നു. പെണ്‍ കൂട്ടക്കുരുതിയുടെ രാഷ്ട്രം, നിന്റെ നാണം മറക്കാന്‍ ഒരു പതാകക്കും കഴിയില്ല.

ഇന്ത്യന്‍ രാഷ്ട്രം എന്ന ആശയവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജ്യസ്‌നേഹത്തിന്റെ പേരില്‍, നിങ്ങളുടെ അന്ത്യമില്ലാത്ത കുറ്റകൃത്യങ്ങളില്‍ കൂട്ടുപ്രതിയാവാന്‍ എന്നോട് ആവശ്യപ്പെടരുത്. എന്നെ എന്റെ പാട്ടിന് വിട്ടേക്കുക.

അവലംബം: www.outlookindia.com

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles