Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ ഹിന്ദുക്കളും ബീഫേറിയന്‍മാരുമാണ്

beef-fest.jpg

2015 ഡിസംബര്‍ 10 -ന് നടത്താനിരിക്കുന്ന ഉസ്മാനിയ ബീഫ് ഫെസ്റ്റിവല്‍ 2012-ല്‍ നടത്തിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പരിപാടി നടക്കുന്നതിന് മുമ്പ് തന്നെ, ഹിന്ദുത്വശക്തികള്‍ ബീഫ് വിരുദ്ധ സേനകളെ സംഘടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വശക്തികള്‍ തങ്ങളുടെ സാമൂഹിക പ്രവര്‍ത്തന മേഖല പിന്നാക്ക വിഭാഗങ്ങളിലേക്കും, ഗോത്രവിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. കാരണം സങ്കുചിതമായ പരമ്പരാഗത ബ്രാഹ്മണ വെജിറ്റേറിയനിസത്തിനുള്ളില്‍ തങ്ങളുടെ സാമൂഹിക പ്രവര്‍ത്തന മേഖല പരിമിതപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കില്ല. ബനിയകളെയും, ശൂദ്ധ്രന്‍മാരിലെ മേല്‍ജാതികളെയും, ഗോത്ര യുവജന ശക്തിയെയും ഹിന്ദുത്വര്‍ മുന്‍നിരയില്‍ നിര്‍ത്തി. ഇതിന്റെ ഭാഗമായി ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താനും ഹിന്ദുത്വര്‍ തീരുമാനിച്ചു. ഹൈദരാബാദിലെ മുസ്‌ലിം ജനസാമാന്യം ഇതിനെ എതിര്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. പോര്‍ക്ക് ഫെസ്റ്റിവലിനെതിരെ എതിര്‍പ്പൊന്നും ഉയര്‍ന്നില്ല. ബീഫ് ഭക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ഒരു മുസ്‌ലിമിനെ അവര്‍ കൊന്നത് പോലെ, പന്നിമാംസം തിന്നുവരെ ഇന്ത്യയിലെ മുസ്‌ലിംകള്‍ കൊല്ലില്ല എന്ന കാര്യമാണ് ഹിന്ദുത്വ ശക്തികള്‍ തിരിച്ചറിയാതെ പോയത്. ഹിന്ദുത്വ ശക്തികളാണ് വര്‍ഗീയതയും, കലാപങ്ങളും, അക്രമങ്ങളും ഉണ്ടാക്കുന്നതിന് വേണ്ടി ബീഫും, പശുമാംസവും ആയുധമാക്കി കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വിനാശകരമായ രാഷ്ട്രീയത്തെ വെല്ലുവിളിക്കുക എന്നതാണ് ഉസ്മാനിയ ബീഫ് ഫെസ്റ്റിവലിന്റെയും ലക്ഷ്യം.

ശൈശവദശയില്‍ തന്നെ ഇന്ത്യക്കാരെ കുറഞ്ഞ പോഷണമുള്ള പച്ചക്കറി തീറ്റക്കാരാക്കി മാറ്റി, ജനങ്ങളുടെ ബുദ്ധിപരവും ശാരീരികവുമായ വളര്‍ച്ചക്ക് തടയിടുന്നതില്‍ വിജയം വരിക്കാന്‍ ബ്രാഹ്മണിസം എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നത് തുറന്ന് കാട്ടുന്നതിലൂടെ ബ്രാഹ്മണിസത്തിനെതിരെയുള്ള പ്രത്യാശയശാസ്ത്ര സംവാദത്തെ ഉസ്മാനിയ ബീഫ് ഫെസ്റ്റിവല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഗുണമേന്മയേറിയതും, ഭാവനാസമ്പന്നവുമായ തലച്ചോറുകള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും, ബഹുമാംസ സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്നതുമായ യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വികസന രംഗത്തെ മത്സരവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിഷയമാണിത്. എസ്.എസി, എസ്.എസ്.ടി, ഒ.ബി.സി എന്നീ വിഭാഗങ്ങള്‍ക്ക് സ്വതന്ത്ര ഭക്ഷണ സംസ്‌കാര അവകാശങ്ങള്‍ ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തില്‍ മാത്രമുള്ള ബൗദ്ധിക വികാസത്തിന്റെ സാധ്യതയിലാണ് ഉസ്മാനിയ സംവാദം കൃത്യമായും ശ്രദ്ധയൂന്നിയിട്ടുള്ളത്. പാല്‍, വെണ്ണ, നെയ്യ് തുടങ്ങിയ പോഷകാഹാരങ്ങള്‍ കഴിക്കുന്നവരാണ് ആര്‍.എസ്.എസ്സിന്റെ പരമ്പരാഗത അടിത്തറയായ ഇന്ത്യയിലെ ബ്രാഹ്മണന്‍മാരും ബനിയകളും. ഈ വക സാധനങ്ങളുടെ ഉയര്‍ന്ന വില കാരണമായി ആദിവാസികള്‍ക്കും, ദലിത് ബഹുജനങ്ങള്‍ക്കും അവ എളുപ്പം വാങ്ങി കഴിക്കാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് മത്സ്യ-മാംസ്യ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരിച്ചു പിടിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് തുച്ഛമായ വിലക്ക് ലഭിക്കുന്ന ബീഫ്.

ആദിശങ്കരന്റെ നിഷേധാത്മക വെജിറ്റേറിയനിസത്തില്‍ നിന്നാണ് ഗോ സംരക്ഷണ സിദ്ധാന്തം പുറത്ത് വന്നിരിക്കുന്നത്. ഇതിപ്പോള്‍ രാഷ്ടത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജൈന ബനിയ പശ്ചാത്തലത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ മഹാത്മാ ഗാന്ധി വരുന്നത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുവാണെന്ന അര്‍ത്ഥത്തില്‍ താനൊരു ഹിന്ദുവാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹം പശുവിനെ ദേശീയ മൃഗമാക്കി ഉയര്‍ത്തികാട്ടി, അതേസമയം അദ്ദേഹം ആട്ടിന്‍ പാലായിരുന്നു കുടിച്ചിരുന്നത്! ഗാന്ധിയന്‍ ബ്രാന്‍ഡ് എന്നൊക്കെ പറഞ്ഞ് വെജിറ്റേറിയനിസത്തിലൂടെ ഗാന്ധിയേയും കൂടെകൂട്ടാന്‍ ആര്‍.എസ്.എസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ വെജിറ്റേറിയന്‍ അംബേദ്കറിസത്തില്‍ നിന്നും വ്യത്യസ്തമാണ് ബീഫേറിയന്‍ അംബേദ്കറിസം എന്നതാണ് ഉസ്മാനിയ ബീഫേറിയന്‍സ് ഉറപ്പിച്ച് പറഞ്ഞ മറ്റൊരു കാര്യം. ഒരുവേള ആര്‍.എസ്.എസ്സിന്റെ വെജിറ്റേറിയന്‍ അംബേദ്കറിസത്തിലേക്ക് ദലിതുകള്‍ രഹസ്യമായി അടുപ്പിക്കപ്പെട്ടപ്പോള്‍, ഉസ്മാനിയ ആണ് അത് വെളിച്ചത്ത് കൊണ്ടുവന്നത്. വെജിറ്റേറിയന്‍ ഹിന്ദുത്വ ശക്തികളാല്‍ ഏറ്റെടുക്കപ്പെടുന്നതിന്റെ അപകടങ്ങളില്‍ നിന്നും അംബേദ്കറിസത്തെ രക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മേല്‍ജാതികളുടെ താല്‍പ്പര്യങ്ങളെ മാത്രമാണ് അവര്‍ സംരക്ഷിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ സംവാദങ്ങള്‍ നടന്നപ്പോഴൊക്കെ, പ്രത്യേകിച്ച് ടെലിവിഷനില്‍, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ ‘ബീഫ് ടീം’-നെ പ്രതിനിധീകരിച്ചപ്പോള്‍, ലംബാഡാ യുവത്വം ആര്‍.എസ്.എസ്സിന്റെ ‘പന്നിയിറച്ചി രാഷ്ട്രീയത്തെ’യാണ് പ്രതിനിധീകരിച്ചത്. ആര്‍.എസ്.എസ് അണിയില്‍ വിഭാഗീയത ഉണ്ടാക്കുന്നതിന് ഇത് വഴിവെച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്തിന് ശേഷം – ബീഹാറില്‍ ബീഫിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ നന്നായി പരിശ്രമിച്ചിരുന്നു- ഒരുപാട് ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നവരാണെന്ന് പറഞ്ഞു കൊണ്ട് ലാലു പ്രസാദ് യാദവ് ഹിന്ദുത്വ അജണ്ടയുടെ കഥ ശരിക്കും കഴിച്ചു. ഇതിന്റെ പേരില്‍ ലാലു പ്രസാദ് യാദവിനെതിരെ ബീഹാറിലെ യാദവന്‍മാരെ ഇളക്കിവിടാന്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ ശക്തികള്‍ ഒരു കാമ്പയിന് തുടക്കമിട്ടു. പക്ഷെ യാദവര്‍ക്ക് ഹിന്ദുത്വരുടെ കളി മനസ്സിലാവുകയും, സ്വതന്ത്ര ഭക്ഷണ തെരഞ്ഞെടുപ്പിന് വേണ്ടി ഹിന്ദുത്വര്‍ക്കെതിരെ അടിയുറച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഉസ്മാനിയ ബീഫ് സംവാദത്തിലും വെജിറ്റേറിയന്‍ ഹിന്ദുയിസത്തെ എതിര്‍ത്തു കൊണ്ട് ഒരുപാട് യാദവന്‍മാര്‍ മുന്‍നിരയില്‍ തന്നെയുണ്ട്. ‘ഞങ്ങള്‍ ഹിന്ദുക്കളും ബീഫേറിയന്‍സും’ ആണെന്ന് അവര്‍ തുറന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിന്ദുത്വര്‍ക്ക് അതിശക്തമായ അടിയാണ് ഇതിലൂടെ കിട്ടിയത്. തുടര്‍ന്ന് അവര്‍ സ്വരം മാറ്റി, ‘ഞങ്ങള്‍ ബീഫ് തീറ്റക്കെതിരെയല്ല, പിന്നെന്തിനാണ് ഫെസ്റ്റിവല്‍’?

ഈ യുക്തിയെയാണ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ ബീഫേറിയന്‍സ് ചോദ്യം ചെയ്യുന്നത്. പിന്നെന്തിനാണ് ഇന്ത്യയില്‍ ഒന്നടങ്കം ‘ജൈവ പച്ചക്കറി’ ഫെസ്റ്റിവലുകള്‍ നടത്തുന്നത്? ബീഫും മട്ടനും മെച്ചപ്പെട്ട ജൈവികാഹാരങ്ങളാണെന്നിരിക്കെ, എന്തു കൊണ്ട് നിങ്ങള്‍ ജൈവ ബീഫ് ഫെസ്റ്റിവലുകള്‍ നടത്തുന്നില്ല? ഹിന്ദുത്വ ശക്തികളും, പരമ്പരാഗത സസ്യാഹാര ഭൂരിപക്ഷ സൈന്താദ്ധികരും പ്രത്യയശാസ്ത്ര പരാജയത്തെ അഭിമുഖീകരിച്ചു. ഞാനിത് എഴുതുന്ന സമയത്തും ഇതുമായി ബന്ധപ്പെട്ട സംവാദം നടന്നു കൊണ്ടിരിക്കുകയാണ്.

ഒരുപാട് വഴികളിലൂടെ ബ്രാഹ്മണിസത്തെ സംരക്ഷിച്ച് കൊണ്ടിരിക്കുന്ന മൃദു ഹിന്ദുത്വ സസ്യാഹാരികള്‍ക്ക് നേരെയും ഉസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ ബീഫ് സംവാദം വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക വിപ്ലവമാണ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ ബീഫ് സമരം.

 

വിവ : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : www.sabrangindia.in

Related Articles