Current Date

Search
Close this search box.
Search
Close this search box.

ജാതി കണ്ടില്ലെന്ന് നടിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല

Dontha-Prashanth.jpg

ആറ് ദിവസത്തെ ജയില്‍വാസത്തെ കുറിച്ചും അതിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ദൊന്ത പ്രശാന്ത് വളരെ ശാന്തമായി ഉത്തരങ്ങള്‍ നല്‍കി.

അറസ്റ്റ് ചെയ്യപ്പെട്ട ദിവസം, കുടുംബവുമായി ബന്ധപ്പെടാന്‍ പ്രശാന്ത് ആവുംവിധം ശ്രമിച്ചിരുന്നു. ‘അതൊക്കെ സംഭവിക്കുമ്പോള്‍, എന്റെ പിതാവുമായി ബന്ധപ്പെടണമെന്ന് ഞാന്‍ അവരോട് (പോലിസിനോട്) പറഞ്ഞു കൊണ്ടിരുന്നു. എനിക്കദ്ദേഹത്തെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. എന്റെ അച്ഛന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്, അദ്ദേഹമൊരു രക്തസമ്മര്‍ദ്ദരോഗിയാണ്. രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അമ്മക്കുമുണ്ട്. അറസ്റ്റിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എന്റെ മുത്തച്ഛന്‍ മരണപ്പെട്ടത്. ഇതെല്ലാം സംഭവിച്ചത് ഒരേ സമയമാണ്. ഈ ടെന്‍ഷനെല്ലാം താങ്ങാന്‍ ഒരാള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാവുമോ എന്ന് ഞാന്‍ ഭയപ്പെട്ടു, പക്ഷെ ‘നിനക്ക് വേറെയൊരു വഴിയുമില്ലെന്നും, നിന്റെ മനുഷ്യാവകാശങ്ങളെല്ലാം ഇല്ലാതായിരിക്കുന്നെന്നും’ അവര്‍ എന്നോട് പറഞ്ഞു.

ഒരിക്കല്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു, അങ്ങനെ അച്ഛന്‍ പ്രശാന്തിനെ കാണാനായി ജയിലില്‍ വന്നു. വളരെയധികം വൈകാരികമായ ഒരു മുഹൂര്‍ത്തമായിരുന്നു അതെന്ന് പ്രശാന്ത് പറഞ്ഞു. ‘എന്നെ പ്രത്യേകം തെരഞ്ഞുപിടിച്ച് ലക്ഷ്യമിട്ടതാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത്. ഇന്നത്തെ ഈ അവസ്ഥയിലെത്താന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.’

കരിംനഗര്‍ ജില്ലയിലെ അര്‍കോണ്ട ഗ്രാമത്തില്‍ ജനിച്ച പ്രശാന്തിന്റെ അച്ഛന് കനാലുകള്‍ കുഴിക്കുന്ന ജോലിയായിരുന്നു ആദ്യം. ഇന്ന് അദ്ദേഹം ഒരു ഡ്രൈവറാണ്. അദ്ദേഹത്തിന്റെ അമ്മ ഒരു ചെറിയ കഷ്ണം ഭൂമിയില്‍ പരുത്തികൃഷി ചെയ്യുന്നുണ്ട്.

‘എന്റെ മുത്തച്ഛന് ഭൂമിയുണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ എന്റെ അച്ഛന് ഒരു തൊഴിലാളിയായി പണിയെടുക്കേണ്ടി വന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും അദ്ദേഹം തയ്യാറായില്ല.’

ഗ്രാമത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് പ്രശാന്തും അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരന്‍ പ്രേം കുമാറും പഠിച്ചത്. എട്ടാം ക്ലാസ് വരെ തെലുങ്കിലായിരുന്നു പഠിച്ചതെങ്കിലും, അഞ്ചാം ക്ലാസ് മുതല്‍ക്ക് ഇംഗ്ലീഷ് പഠിച്ചിരുന്നു. പിന്നെ പതുക്കെ പതുക്കെ ആ ഭാഷയില്‍ പ്രാവീണ്യം നേടി.

‘അച്ഛനും ഞങ്ങളുടെ കൂടെയിരുന്ന് പഠിച്ചു തുടങ്ങി. ഞങ്ങളോടൊപ്പമിരുന്നാണ് അദ്ദേഹം ഇംഗ്ലീഷ് അക്ഷരമാലയും, തെലുങ്ക് അക്ഷരമാലയും പഠിച്ചത്. ഇപ്പോള്‍ അദ്ദേഹം തെലുങ്കില്‍ എഴുതാന്‍ തുടങ്ങിയിട്ടുണ്ട്.’

സ്‌കൂള്‍ ആപേക്ഷികമായി ജാതി മുക്തമായിരുന്നു. പക്ഷെ മറ്റു ആണ്‍കുട്ടികളുമായി കളിക്കുമ്പോള്‍, ചിലപ്പോള്‍ അവരുടെ മുത്തശ്ശിമാര്‍ വന്ന് ‘എന്തിനാണ് നിങ്ങള്‍ ഇവരോടൊപ്പം കളിക്കുന്നതെന്ന്’ ചോദിക്കും.’

അവര്‍ ദലിത് കോളനിയിലാണോ ജീവിക്കുന്നതെന്ന് ചോദിക്കും, പ്രശാന്ത് പറഞ്ഞു: ‘തീര്‍ച്ചയായും, ഞങ്ങള്‍ എസ്.സി കോളനിയിലാണ് ജീവിച്ചത്.’ കുട്ടികാലത്ത് ഒരു കുടിലിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പിന്നീട് ഇരുമ്പ് ചട്ടകൊണ്ട് മേല്‍ക്കൂര മറച്ച കുടിലിന് അത് വഴിമാറി. 2011-ലാണ് ഒരു വാര്‍പ്പുവീട്ടിലേക്ക് കുടുംബം താമസം മാറിയത്.

പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം, പ്ലസ്ടുവിന് കൊമേഴ്‌സ് എടുത്ത് പഠിച്ച പ്രശാന്ത്, 2006-ല്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ എക്കണോമിക്‌സ് പ്രവേശനം ഉറപ്പുവരുത്തി. പക്ഷെ അദ്ദേഹത്തിന്റെ ആദ്യത്തെ ചോയിസ് ഹിസ്റ്ററിയായിരുന്നു. ‘2004-ല്‍, നായിഡു സര്‍ക്കാര്‍ ഹിസ്റ്ററി കോഴ്‌സുകള്‍ എടുത്ത് കളയുമെന്ന ഒരു അഭ്യൂഹം പരന്നിരുന്നു (തെലങ്കാന പ്രക്ഷോഭ സമയത്ത്).’

2013-ല്‍, സാമ്പത്തികശാസ്ത്ര വിഷയത്തില്‍ പി.എച്ച്.ഡിക്ക് അദ്ദേഹം രജിസ്റ്റര്‍ ചെയ്തു. ജാതിയുടെ കണ്ണിലൂടെ ഭൂമിയെയും, ഉല്‍പ്പാദനക്ഷമതയെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ഇന്ന് പൊതുവെ ചുരുക്കം ചില ജാതികളുടെ കൈകളിലാണ് ഭൂമി ഉള്ളത്. ഭൂമിയുള്ള ദലിതന്‍മാരാവട്ടെ കൂട്ടുകൃഷിക്കാരും അല്ലെങ്കില്‍ പാട്ടഭൂമിയില്‍ കൃഷിചെയ്യുന്നവരുമായിരിക്കും. ‘ഭൂമിയില്‍ നിന്നും ലഭിക്കുന്ന ഒന്നാണ് ഉല്‍പ്പാദനക്ഷമത, അത് പക്ഷെ എസ്.സി വിഭാഗങ്ങള്‍ക്ക് ഇല്ല,’ പ്രശാന്ത് പറയുന്നു, തന്റെ തിസീസ് പൂര്‍ത്തിയാക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്തുതീര്‍ക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ സാമൂഹിക ഘടന ജാതിയധിഷ്ഠിതമാണ്, ജാതിയധിഷ്ഠിതമായാണ് സാമ്പത്തികബന്ധങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, പക്ഷെ സാമ്പത്തികശാസ്ത്രം പൊതുവെ ജാതിയുടെ വീക്ഷണകോണില്‍ നിന്നും വിശകലനം ചെയ്യപ്പെടാറില്ല. സാമ്പത്തികരംഗം കൃഷിയില്‍ നിന്നും ആധുനികതയിലേക്ക് മാറ്റപ്പെട്ടപ്പോള്‍, ഭൂപ്രഭുക്കള്‍ക്കാണ് അതുകൊണ്ട് ഗുണമുണ്ടായത്. കാരണം ഭൂമിയാണ് മൂലധനം, അത് അവരുടെ കൈയ്യിലുണ്ട്. ജാതി എന്ന യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.’

‘2006-ല്‍ ഞാന്‍ ഇവിടെ വന്ന സമയത്ത്, എ.എസ്.എ എന്നെ സഹായിക്കുകയും, എന്റെ സ്വത്വം അംഗീകരിക്കുകയും ചെയ്തു. ഇല്ല, പോലിസ് കേസിന് എന്നെ തളര്‍ത്താന്‍ കഴിയില്ല. ജനാധിപത്യം പരിഹസിക്കപ്പെടുമ്പോള്‍, ഏതെങ്കിലുമൊരാളുടെ താല്‍പര്യത്തിന് അനുസൃതമായി നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമ്പോള്‍, തന്റെ സ്വത്വത്തിന്റെ പേരില്‍ അഥവാ താന്‍ ജനിച്ചു വീണ ജാതിയുടെ പേരില്‍ ഒരാള്‍ക്ക് തന്റെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍, അതിനെല്ലാമെതിരെ പോരാടേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമായി മാറുന്നു. ആ പോരാട്ടത്തിന്റെ ഭാഗമായാണ് ഞാന്‍ ജയിലില്‍ അടക്കപ്പെട്ടത്.’ പ്രശാന്ത് പറയുന്നു.

ഇതെല്ലാം ഒന്ന് അവസാനിച്ചാല്‍, ഒരു അസിസ്റ്റന്റ് പ്രൊഫസ്സറായി മാറുക എന്നതാണ് പ്രശാന്തിന്റെ സ്വപ്നം.

‘എനിക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണം. അവ എന്റേതു മാത്രമായി സൂക്ഷിച്ച് വെക്കാന്‍ എനിക്ക് ആഗ്രഹമില്ല. സാമൂഹിക ജീവിതവും, പ്രൊഫഷണല്‍ ജീവിതവും സമാന്തരമായി മുന്നോട്ട് പോകണം. എന്റെ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്ക് ഉയര്‍ത്തികാണിക്കണം. ജീവിതം ഇങ്ങനെ ആയിത്തീരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles