Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യം ഒരിക്കല്‍ കൂടി വഞ്ചിക്കപ്പെട്ടു

hashimpura.jpg

തന്റെ പിതാവിനെ കാക്കിധാരികള്‍ വലിച്ചിഴച്ച് ഒരു ട്രക്കില്‍ കയറ്റിക്കൊണ്ട് പോയി കനാല്‍ തീരത്ത് നിറുത്തി വെടിവെച്ചുകൊന്ന് വെള്ളത്തിലേക്ക് തള്ളിവിട്ട കാളരാത്രിയിലായിരുന്നു ഉസ്മയുടെ ജനനം. നാല്‍പത്തി ഒന്ന് പേര്‍ വേറെയും ആ രാത്രി കൊല്ലപ്പെട്ടിരുന്നു. അവരുടെ ഒരേ ഒരു കുറ്റം അവര്‍ വിശ്വസിച്ച ജീവിത ദര്‍ശനമായിരുന്നു.

ഇന്ന് ഇരുപത്തിയെട്ട് വയസ്സ് പ്രായമായ ഉസ്മായുടെ ജീവിതം ഐതിഹാസികമായ രണ്ട് വ്യവഹാരങ്ങളുടെ നിഴലിലാണ്. ഒന്ന് വിധവയായ തന്റെ മാതാവിന്റെ തീവ്രമനോവേദനയും ദാരിദ്ര്യവും സഹിച്ച് സന്താനങ്ങളെ വളര്‍ത്താനുള്ള പ്രയത്‌നവും മറ്റൊന്ന് ഉത്തര്‍പ്രദേശിലെ പി.എ.സി. എന്ന (പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) കുറ്റാരോപിതരായ 19 പട്ടാളക്കാര്‍ക്ക് എതിരായ ക്രിമിനല്‍ കേസിലെ വഞ്ചനാപരമായ നീക്കങ്ങളും. ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കസ്റ്റഡി മരണം സംബന്ധിച്ച കേസ്സില്‍ ഈ മാര്‍ച്ച് 21-ന്ന് വിചാരണ കോടതി വിധി പ്രസ്താവിച്ചു. വാസ്തവത്തില്‍ ഈ വ്യക്തികള്‍ (PAC) കൊല ചെയ്തിട്ടുണ്ടെന്ന് മജിസ്‌ട്രേട്ട് സ്ഥിരീകരിച്ചു. എങ്കിലും പ്രതികളില്‍ പതിനാറുപേരെയും (3 പേര്‍ വിചാരണകാലത്ത് മരണപ്പെട്ടു) സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടു. കൊല്ലപ്പെട്ട നാല്‍പ്പത്തിരണ്ടുപേരുടെ കുടുംബത്തിനും ഉസ്മാക്കും ഒരിക്കല്‍കൂടി വഞ്ചിക്കപ്പെട്ടതിന്റെയും നഷ്ടബോധത്തിന്റെയും കൊടും വേദന മാത്രമാണ് ശേഷിച്ചത്.
    
ഇന്ന് ഈ കൂട്ടക്കൊലയുടെ കാര്യം തന്നെ പൊതു ബോധത്തില്‍നിന്ന് മറവിയിലേക്ക് മാറിക്കഴിഞ്ഞു. 1987-ല്‍ ആയിരുന്നു അയോധ്യയിലെ ബാബരിമസ്ജിദ് തര്‍ക്കം കാരണം കലുഷമായിരുന്ന സാമുദായികാന്തരീക്ഷം അങ്ങേയറ്റം സ്‌ഫോടനാത്മകമായത്. രാജീവ് ഗാന്ധി ഭരണകൂടം പള്ളിയുടെ പൂട്ട് ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കാന്‍ കല്‍പിച്ചു. തുടര്‍ന്നുണ്ടായ മുസ്‌ലിം പ്രതിഷേധവും പ്രത്യാഘാതവും മീറത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങങ്ങളില്‍ രൂക്ഷമായ സാമുദായിക ലഹളയായിമാറി. കണ്ടാല്‍ വെടിവെക്കാനള്ള ഉത്തരവും കര്‍ഫ്യൂവും പാസ്സാക്കി. മേയി 22-ന് പി.എ.സി. ക്കാര്‍ നെയ്ത് തൊഴിലാളികളും കുടിയേറ്റക്കാരുമായ അമ്പത് പാവപ്പെട്ട മുസ്‌ലിംകളെ  കസറ്റഡിയിലെടുത്തു. അവരെ പോലീസ് സ്റ്റേഷനുപകരം ഗംഗാകനാല്‍ തീരത്തേക്കാണ് കൊണ്ടുപോയത്. രക്ഷപ്പെട്ട നാലുപേരുടെ ദൃക്‌സാക്ഷിമൊഴിപ്രകാരം പി.എ.സി. ഇരുട്ടില്‍ തുരുതുരെ വെടിയുതിര്‍ത്ത് മൃതശരീരങ്ങള്‍ നദിയില്‍ തള്ളി തിരിച്ചുപോയി.

തുടര്‍ന്നുണ്ടായ അധികൃതരുടെ മുഴുവന്‍ ശ്രദ്ധയും മനപൂര്‍വം തെളിവുകള്‍ നശിപ്പിക്കാനും സംഭവം മൂടിവെക്കാനുമുള്ള ഏര്‍പ്പാടുകളിലായിരുന്നു. ആരോപിത കുറ്റകൃത്യത്തിനുപയോഗിച്ച വാഹനം മുഴുവന്‍ കഴുകി വൃത്തിയാക്കി റിപ്പയര്‍ ചെയ്തു. നിര്‍ണായക ഫോറന്‍സിക് തെളിവുകള്‍ ഒന്നായി നശിപ്പിച്ചു. സേന ഉപയോഗിച്ച തോക്കുകള്‍ പതിവ് ഉപയോഗങ്ങള്‍ക്കായി ഇതര വകുപ്പുകളിലേക്കെല്ലാം വിതരണം ചെയ്ത് ഒഴിവാക്കി. പൊതുജന സമ്മര്‍ദ്ദം ഏറിവന്നപ്പോള്‍ ഭരണമേധാവികള്‍ 1988-ല്‍ ഒരു സി.ഐ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടു. ആറു വര്‍ഷങ്ങള്‍ക്കു ശേഷം 1994-ലാണ് അന്വേഷണം പൂര്‍ത്തിയായതെങ്കിലും പ്രോസിക്യൂഷന്ന് ആവശ്യമായ  നിര്‍ണായക തെളിവുകള്‍ അടങ്ങിയ ആ റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടില്ല. 1996-ല്‍ മാത്രമാണ് പത്തൊമ്പത് പോലീസുകാര്‍ക്കെതിരെ ഗാസിയാബാദ് കോടതിയില്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കപ്പെട്ടത്. ഇതേവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നും ആ ചാര്‍ജ്ഷീറ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല, 1996-നും 2000-നും മധ്യേ താഴേകിട പോലീസുകാരുടെ പേരില്‍ ജാമ്യം അനുവദിക്കാവുന്ന ഇരുപത്തിമൂന്ന് വാറണ്ടുകളും ജാമ്യമില്ലാത്ത പതിനേഴ് വാറണ്ടുകളും ഇറക്കിയപ്പോള്‍ അവരെല്ലാം ഒളിച്ചോടി കഴിഞ്ഞതിനാല്‍ കണ്ടെത്തനായില്ല എന്ന് പ്രഖ്യാപിച്ച് വാറണ്ടുകള്‍ മടക്കിയെങ്കിലും അവരെല്ലാവരും സര്‍വീസില്‍ തുടരുന്നുണ്ടായിരുന്നു. അവസാനം 2000-ല്‍ ശക്തിയേറിയ പൊതു സമ്മര്‍ദ്ദം കാരണം പതിനാറുപേര്‍ കീഴടങ്ങി അറസ്റ്റ് വരിച്ചുവെങ്കിലും ഉടനെ ജാമ്യത്തിലിറങ്ങി പൂര്‍വ്വ ജോലിയില്‍ തുടരുകയാണുണ്ടായത്. മനസ്സാക്ഷിയില്ലാത്ത ഭരണകൂടത്തിന്റെ പക്ഷപാതിത്വം ഇരകളുടെ വിവരാവകാശ ഹരജിയെത്തുടര്‍ന്ന്, മുഴുവന്‍ പ്രതികളും ഇപ്പോഴും സര്‍വ്വ അവകാശങ്ങളും ആനുകൂല്യങ്ങളും നേടി സര്‍വീസില്‍ തന്നെ തുടരുന്നുണ്ടെന്ന് മാത്രമല്ല അവരുടെ സേവന രേഖകളില്‍ കുറ്റാരോപണത്തെക്കുറിച്ച ഒരു പരാമര്‍ശം പോലും ചേര്‍ത്തിട്ടില്ലെന്നുമുള്ള കാര്യം പുറത്തുവന്നപ്പോഴാണ് ജനങ്ങളറിഞ്ഞത്. നഗ്നമായ പക്ഷപാതിത്വം തുടരുന്നതിനാല്‍ ഈ കേസ് ഡല്‍ഹി കോടതിയിലേക്ക് മാറ്റാന്‍ ഇരകളും കുടുംബങ്ങളും സുപ്രീം കോടതിയോട് അപേക്ഷിച്ചത് 2002-ലാണ് അനുവദിക്കപ്പെട്ടത്. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ താമസം വരുത്തി ഭരണകൂടം വീണ്ടും നാലു വര്‍ഷം വൈകിച്ചു. വാസ്തവത്തില്‍ വിചാരണ ആരംഭിച്ചത് പത്തൊമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2006-ലായിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷം എല്ലാവരേയും കുറ്റമോചിതരാക്കിക്കൊണ്ട് ഇപ്പോഴാണ് വിധി പറഞ്ഞത്.

ഞാന്‍ അവരുടെ അഭിഭാഷകരായ വൃന്ദ ഗ്രോവറും റെബേക്കാജോണുമൊപ്പം ഡല്‍ഹി തീസ് ഹസാരി കോടതിയിലെ വിചാരണ സന്ദര്‍ശിച്ചിരുന്നു. ഇരകളും കുടുബവും ബന്ധുക്കളും ഉള്‍പ്പെട്ട ഇരുപതുപേര്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ട ഓരോ വിചാരണക്കും ഐക്യദാര്‍ഡ്യതയോടെ കോടതിയിലെത്തിയിരുന്നത് എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. അവര്‍ക്ക് ഒരു എന്‍.ജി.ഒ. യുടെയും പിന്തുണ ഉണ്ടായിരുന്നില്ല.  പകരം ഈ പാവപ്പെട്ട മനുഷ്യര്‍ അവരുടെ നിത്യക്കൂലിയില്‍നിന്ന് സ്വരൂപിച്ച സംഖ്യ ചിലവാക്കി ജോലി മുടക്കിയാണ് എത്തിയിരുന്നത്. ഇതിനകം ബാലികയായിരുന്ന ഉസ്മാ ഡല്‍ഹികോടതിയുടെ നിഴലില്‍ വളര്‍ച്ചയെത്തിയ ഒരു സ്ത്രീയായി മാറിക്കഴിഞ്ഞിരുന്നു.

സ്വന്തം കുടുംബത്തേയും ബന്ധുജനങ്ങളേയും കൂട്ടക്കൊല ചെയ്തവര്‍ ശിക്ഷിക്കപ്പെടാനായി ഇരുപത്തിയെട്ട് വര്‍ഷക്കാലം  ഐതിഹാസിക പോരാട്ടം തുടരാന്‍  ഇന്ത്യന്‍ ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസമാണ് പ്രേരിപ്പിച്ചത്. പക്ഷെ എത്ര നീചമായാണ് നാം അവരെ കൈവെടിഞ്ഞത്!

മൊഴിമാറ്റം: മുനഫ്ഫര്‍ കൊയിലാണ്ടി
അവലംബം: ദ ഹിന്ദു

Related Articles