Current Date

Search
Close this search box.
Search
Close this search box.

ചേതന്‍ ഭഗതിന് കാശ്മീരി യുവാവിന്റെ തുറന്ന കത്ത്

kashmiri-852.jpg

പ്രിയപ്പെട്ട ചേതന്‍ ഭഗത്,

കാശ്മീരിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കര്‍ഫ്യൂ പോലെയുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരികയും, മൊബൈല്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായി നിലക്കുകയും, മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഭയം ഇന്ത്യന്‍ ഭരണകൂടം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് താങ്കള്‍ക്കായി ഈ കത്ത് ഞാന്‍ എഴുതുന്നത്.

ശ്രീനഗര്‍ എന്‍.ഐ.ടി-യിലെ സംഭവവികാസങ്ങളോടെയാണ് താങ്കളുടെ കത്ത് ആരംഭിക്കുന്നത്. തീര്‍ച്ചയായും, താങ്കളുടെ ദേശീയ താല്‍പര്യത്തിന് യോജിച്ച ആ കത്തിന് ദേശീയ ശ്രദ്ധ കിട്ടുകയും ചെയ്തു. പക്ഷെ താങ്കള്‍ കത്തിലൂടെ അഭിസംബോധന ചെയ്ത ഒരു സാധാരണ കാശ്മീരി യുവാവിനെ സംബന്ധിച്ചിടത്തോളം, അമിത പ്രധാന്യം നല്‍കപ്പെട്ട ഈ നിസ്സാര വിഷയം അപ്രധാനമാണ്.

ഒരു സാധാരണ കാശ്മീരി യുവാവിനെ സംബന്ധിച്ചിടത്തോളം, അവന്‍ ഭയപ്പെടേണ്ട മറ്റൊരുപാട് കാര്യങ്ങളുണ്ട്, അതില്‍ ഏറ്റവും അടിസ്ഥാനപരമായത് അവന്‍/ അവള്‍ ജീവനോടെയാണോ വീട്ടിലെത്തുക അതോ ശവമഞ്ചത്തിലാണോ വീട്ടിലെത്തുക എന്നതാണ്. ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ പുറത്ത് നിന്നുള്ള ആളുകള്‍ മര്‍ദ്ദിക്കപ്പെട്ടു എന്ന് താങ്കള്‍ എഴുതുകയുണ്ടായി, പക്ഷെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്ന അഞ്ച് കാശ്മീരികളെ കുറിച്ച് താങ്കള്‍ ഒന്നും മിണ്ടിയില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എപ്പോഴുമെന്ന പോലെ, താങ്കള്‍ക്കും ഞങ്ങള്‍ കേവലം സംഖ്യകള്‍ മാത്രമാണല്ലോ.

രണ്ട് സംഭവങ്ങളെ പരസ്പരം ബന്ധിപ്പിച്ചേടത്ത് തന്നെ താങ്കള്‍ ആ കത്ത് എഴുതുന്നത് നിര്‍ത്തേണ്ടതായിരുന്നു. ഇവിടെ കാശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് താങ്കള്‍ക്കൊന്നും അറിയില്ലെന്ന് ആ കത്ത് ഞങ്ങളോട് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശ്രീനഗര്‍ എന്‍.ഐ.ടി ഒരു വിഷയമേ അല്ലായിരുന്നു. എന്നാല്‍ താങ്കള്‍ക്കത് നേരെ മറിച്ചായിരുന്നു. കാശ്മീരിന് നേര്‍ക്കുള്ള താങ്കളുടെ അസ്വസ്ഥതകള്‍ അത് ഞങ്ങളോട് പറഞ്ഞു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യഥാര്‍ത്ഥത്തില്‍ നിരായുധരായ അഞ്ച് കാശ്മീരികളുടെ മരണമായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം വിഷയം. നാല് യുവാക്കളെയും 70 വയസ്സ് പിന്നിട്ട ഒരു വൃദ്ധയേയുമാണ് ഇന്ത്യന്‍ സൈന്യം നിഷ്ഠൂരമായി കൊന്ന് തള്ളിയത്. പക്ഷെ താങ്കളും താങ്കളുടെ ഇഷ്ടക്കാരും ‘നിങ്ങളേക്കാള്‍ പരിശുദ്ധരായ’ സൈന്യത്തെ സംരക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു.

ഇന്ത്യക്കാരും കാശ്മീരികളും തമ്മിലുള്ള വിടവിനെ ഇത് അടിവരയിടുന്നുണ്ട്. നമുക്ക് വ്യത്യസ്തമായ മുന്‍ഗണനാക്രമങ്ങളും, കൂറുപുലര്‍ത്തലുമാണ് ഉള്ളത്. കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായ സൈന്യത്തോട് താങ്കള്‍ കൂറ് പുലര്‍ത്തുമ്പോള്‍, അടിച്ചമര്‍ത്തപ്പെട്ടവരോടാണ് ഞങ്ങള്‍ കൂറ് പ്രഖ്യാപിക്കുന്നത്.

ഡല്‍ഹിയിലൊ അല്ലെങ്കില്‍ മുംബൈയിലൊ ഉള്ള ആഢംബര സൗധങ്ങളില്‍ ഇരുന്നുകൊണ്ട്, കാപ്പി നുണഞ്ഞ്, ഭരണകൂടത്തിന് ഓശാന പാടുന്ന ഇന്ത്യന്‍ മീഡിയ വിളമ്പുന്നതെല്ലാം അപ്പടി തൊണ്ട തൊടാതെ വിഴുങ്ങുന്ന നിങ്ങളെ പോലുള്ളവര്‍ എത്ര എളുപ്പമാണ് കാശ്മീരിനെ കുറിച്ച് ആധികാരികമായി സംസാരിക്കുന്നവരായി മാറുന്നത് എന്നതാണ് ഞങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്.

കാശ്മീര്‍ പ്രശ്‌നത്തെ കുറിച്ച് താങ്കള്‍ താങ്കളുടെ പതിപ്പ് നല്‍കിയ സ്ഥിതിക്ക്, സത്യമെന്താണെന്ന് താങ്കള്‍ക്ക് പറഞ്ഞ് തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജമ്മു കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിട്ടില്ല. നിങ്ങളുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വാഗ്ദാനം ചെയ്തത് പോലെ, ഹിതപരിശോധന നടത്തുമെന്ന വാഗ്ദാനത്തോടൊപ്പം നടത്തിയ ഒരു താല്‍ക്കാലിക കൂട്ടിച്ചേര്‍ക്കലായിരുന്നു അത്. പിന്നീട് സ്വയംഭരണാധികാരവും മറ്റും വന്നു, എന്നാല്‍ അതൊന്നും തന്നെ കാശ്മീര്‍ ജനതക്ക് സ്വീകാര്യമായിരുന്നില്ല.

കാരണം ഇന്ത്യയുടെ ഭാഗമാവാന്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹവുമുണ്ടായിരുന്നില്ല. 1947 മുതല്‍ക്കുള്ള ചുവരെഴുത്തുകളില്‍ അത് കാണാന്‍ കഴിയും. പക്ഷെ താങ്കളെ പോലുള്ള, കപട ദേശസ്‌നേഹത്താല്‍ അന്ധരായി മാറിയ ആളുകള്‍ യഥാര്‍ത്ഥ വസ്തുതകളെ മനപൂര്‍വ്വം അവഗണിക്കുകയാണ്.

താങ്കളെ പോലുള്ള ആളുകള്‍ അന്ധമാരെ പോലെ അഭിനയിക്കുകയാണോ അതോ യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണോ എന്ന് മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു.

എല്ലാ സ്വയം പ്രഖ്യാപിത കാശ്മീര്‍ പ്രശ്‌ന പരിഹാരക്കാരെ പോലെ തന്നെ, കഠിന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് യാതൊരു നേര്‍അറിവുമില്ലാതെ അല്ലെങ്കില്‍ മനപ്പൂര്‍വ്വം അവയെ അവഗണിച്ചു കൊണ്ടാണ് താങ്കളും ഞങ്ങളോട് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറയുന്നത്.

കാശ്മീര്‍ പ്രശ്‌നം ഒരു പാകിസ്ഥാന്‍ സൃഷ്ടിയാക്കി കൊണ്ടാണ് താങ്കള്‍ തുടങ്ങുന്നത്. ഒരു വലതുപക്ഷ എഴുത്തുകാരനായ താങ്കള്‍ അതിനെ ഇസ്‌ലാമുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. താങ്കളുടെ ബുദ്ധി അപാരം തന്നെ.

കാശ്മീര്‍ ഫ്രീഡം മൂവ്‌മെന്റ് തദ്ദേശീയമാണ്. അതങ്ങനെ തന്നെ തുടരുകയും ചെയ്യും. പക്ഷെ യാതൊരു ബോധവുമില്ലാത്ത ആളുകള്‍ അതിനെ പാകിസ്ഥാന്റെ കണ്ണിലൂടെ നോക്കുന്നത് തുടരും. താങ്കളുടെ അനുഭവസമ്പത്തില്ലായ്മയെ ഞാന്‍ കുറ്റം പറയുന്നില്ല; കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ ഒരു വിഢ്ഡി ഉണ്ടാവുന്നത് വലിയ അത്ഭുതമൊന്നുമല്ല.

വിഷമിക്കേണ്ടതില്ല, താങ്കള്‍ ഒറ്റക്കല്ല ; ഇന്ത്യയിലെ മില്ല്യണ്‍ കണക്കിന് വരുന്ന ജനങ്ങളും കാശ്മീര്‍ പ്രശ്‌നം പാക് സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവരാണ്. താങ്കള്‍ എന്ത് വിശ്വസിക്കണം എന്നാണോ ഭരണകൂടം ആഗ്രഹിക്കുന്നത് അതു തന്നെയാണ് താങ്കള്‍ വിശ്വസിക്കുന്നത്.

സൈന്യം സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചതാണ്, തീവ്രവാദികളെയും സിവിലിയന്‍മാരെയും വേര്‍തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ് എന്നിങ്ങനെ പറഞ്ഞ് കൊണ്ട് ഇന്ത്യന്‍ ആര്‍മിയുടെ കുറ്റകരമായ അനാസ്ഥകളെ എത്ര എളുപ്പമാണ് താങ്കള്‍ പൊറുത്തുകൊടുക്കുന്നത്.

ചുരുങ്ങിയത് 90000 കാശ്മീരികള്‍ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും സിവിലിയന്‍മാരെന്നോ മിലിറ്റന്റ്‌സ് എന്നോ ഉള്ള യാതൊരു വ്യത്യാസവും ഇന്ത്യന്‍ ആര്‍മി കാണിച്ചിട്ടില്ല. അവര്‍ യാതൊരു കരുണയും കാണിക്കാതെ, നിഷ്ഠൂരമായി, ഉത്തരവാദിത്വ ബോധമില്ലാതെ കാശ്മീരികളെ കൊന്ന് തള്ളി.

ഇന്ത്യന്‍ ആര്‍മിയുടെ വിവേചനരഹിതമായ ബുള്ളറ്റുകള്‍ തുളച്ച് കയറി മരിച്ച് വീണ സിവിലിയന്‍മാരുടെ പേരു വിവരങ്ങള്‍ എഴുതാന്‍ തുനിഞ്ഞാല്‍, പേജുകള്‍ തികയാതെ വരും. താങ്കളുടെ വിവരക്കേടിന്റെ വാത്മീകം പൊട്ടിച്ചതില്‍ ഞാന്‍ ക്ഷമചോദിക്കുന്നു, പക്ഷെ ഇവിടെ ഇന്ത്യന്‍ ആര്‍മിയുടെ പട്ടാളക്കാര്‍ രക്ഷകരല്ല.

താങ്കള്‍ സ്വതന്ത്രാനന്തര സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. എന്നെ വിശ്വസിക്കൂ.. ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ സ്വയംപ്രാപ്തി കൈവരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ചരിത്രപരമായ സില്‍ക്ക് റൂട്ടിന്റെ ഭാഗമാണ് ഞങ്ങള്‍. ഹൈഡ്രോ എകണോമിക്‌സ്, ടൂറിസം, സാഹസിക കായിക മേഖല തുടങ്ങിയ മേഖലകളില്‍ ഞങ്ങള്‍ക്ക് അനന്ത സാധ്യതകളുണ്ട്. പക്ഷെ ഇന്ത്യന്‍ അധിനിവേശത്തോട് ഞങ്ങള്‍ നന്ദി പറയുന്നു, ഈ മേഖലകളില്‍ നിന്നെല്ലാം ഞങ്ങള്‍ പിന്നോട്ട് വലിക്കപ്പെട്ടു. ഞങ്ങളുടെ വിഭവങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം കൊള്ളയടിക്കുകയും, നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

എന്നിട്ടും, ഇന്ത്യന്‍ സാമ്പത്തികമേഖല അഭിവൃദ്ധി പ്രാപിച്ചില്ല. ഇന്ത്യയിലെ വരേണ്യ വര്‍ഗം മാത്രമാണ് പുഷ്ടിപ്പെട്ടു കൊണ്ടിരിക്കുന്നത്, അതേസമയം ജനസംഖ്യയിലെ ബഹുഭൂരിഭാഗവും ദാരിദ്ര്യരേഖകള്‍ താഴെയാണ് ജീവിതം തള്ളിനീക്കുന്നത്. കൂടാതെ നിങ്ങളുടേത് 68 വയസ്സ് പിന്നിട്ട ഒരു രാഷ്ട്രം കൂടിയാണ്.

താങ്കള്‍ ഇസ്‌ലാമിക മതമൗലികവാദത്തെ കുറിച്ചും സംസാരിക്കുകയുണ്ടായി. ഞാന്‍ കാര്യമായിട്ട് ചോദിക്കുകയാണ്, താങ്കള്‍ ഏത് ലോകത്താണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കുറിച്ച് ഞാന്‍ താങ്കള്‍ക്ക് പറഞ്ഞ് തരേണ്ടതുണ്ടോ? മതമൗലികവാദം ഇന്ത്യയിലെ പ്രശ്‌നമാണ്, കാശ്മീരിലെ അല്ല. പരസ്പരം സഹവര്‍ത്തത്തില്‍ കഴിയുന്നവരാണ് കാശ്മീരിലെ മതവിഭാഗങ്ങള്‍. ബീഫ് കഴിച്ചതിന്റെ പേരില്‍ ഞങ്ങള്‍ ആരെയും ഇതുവരെ കൊന്നിട്ടില്ല. കന്നുകാലി കച്ചവടക്കാരെ ഞങ്ങള്‍ തൂക്കിലേറ്റിയിട്ടില്ല. ജാതിവ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നില്ല. പരസ്പര ഐക്യത്തിലും, മൈത്രിയിലുമാണ് ഇവിടുത്തെ മുസ്‌ലിംകളും, സിഖുകാരും, പണ്ഡിറ്റുകളും ജീവിക്കുന്നത്. മിലിറ്റന്റ് പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നടക്കുന്ന ട്രാല്‍ പ്രദേശത്ത് ഒരുപാട് സിഖുകാര്‍ ജീവിക്കുന്നുണ്ട്, അവരെല്ലാം തന്നെ വളരെയധികം സമാധാനത്തോടെയാണ് അവിടെ കഴിയുന്നത്.

മതമൗലികവാദത്തിന്റെ പുഴുകുത്ത് താങ്കളുടെ രാജ്യത്തിനാണ്. വരാനിരിക്കുന്നത് എന്താണെന്ന് തീരെ മനസ്സിലാക്കരുത്. ജഗ്‌മോഹനാണ് പണ്ഡിറ്റുകളുടെ പലായനത്തിന്റെ സൂത്രധാരന്‍. ഗാവ് കദാലിലെ മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെയാണ് അത് സംഭവിച്ചത്. കാശ്മീര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന നേതാക്കളെല്ലാം തന്നെ പണ്ഡിറ്റുകളുടെ തിരിച്ച് വരാനുള്ള അവകാശത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്.

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള താങ്കളുടെ സംസാരം തമാശ തന്നെയാണ്. സ്ത്രീകളുടെ അവകാശത്തെ കുറിച്ച് എവിടെ നിന്ന് തുടങ്ങണം എന്നെനിക്ക് അറിയില്ല. കുനാന്‍ പോഷ്‌പോറയില്‍ നിന്ന് തുടങ്ങട്ടെ. അവിടെ ഒരു ഗ്രാമം മുഴുവന്‍ ഇന്ത്യന്‍ ആര്‍മിയുടെ ബലാത്സംഗത്തിന് ഇരയായി മാറുകയുണ്ടായി, മുബീന ഗനി എന്ന കാശ്മീരി മുസ്‌ലിം പുതുമണവാട്ടിയെ, അവളുടെ ഗര്‍ഭിണിയായ അമ്മായിയോടൊപ്പമാണ് താങ്കളുടെ ജവാന്‍മാര്‍ ബലാത്സംഗം ചെയ്തത്. ആസിയയും നിലോഫറും അവകാശങ്ങളുള്ള സ്ത്രീകളായിരുന്നു, പക്ഷെ സൈന്യം അവരെ ബലാത്സംഗം ചെയ്ത് കൊല്ലുകയാണ് ചെയ്തത്.

ഇനി നമുക്ക് ഹന്ദ്വാരാ പീഢന കേസിലേക്ക് വരാം. 16-കാരിയായ ഒരു സ്‌കൂള്‍കുട്ടിയെയാണ് താങ്കളുടെ വീരജവാന്‍മാര്‍ ലൈംഗികമായി ആക്രമിച്ചത്, എന്നിട്ട് ബലപ്രയോഗത്തിലൂടെ കുറ്റസമ്മതം നടത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി, ‘പ്രിവന്റീവ് ഡിറ്റന്‍ഷനിലാണ്’ അവളെ ഇന്നും പാര്‍പ്പിച്ചിരിക്കുന്നത്.

ആ പെണ്‍കുട്ടിയുടെ മാതാവ് നടത്തിയ പത്രസമ്മേളനം താങ്കള്‍ കണ്ടിരുന്നോ? തീര്‍ച്ചയായും സ്ത്രീകളുടെ അവകാശങ്ങള്‍! അതെ, അവരുടെ കാര്യത്തില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ മാനാഭിമാനം പിച്ചിചീന്തപ്പെടുന്നത് കൈയ്യുംകെട്ടി കണ്ടു നില്‍ക്കാന്‍ കാശ്മീരി യുവതക്ക് സാധിക്കാത്തത്. ഒരു വിധത്തിലുള്ള ആയുധങ്ങളും കൈയ്യിലേന്താതെ, വളരെ സമാധാനപരമായാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്, നിങ്ങള്‍ ഞങ്ങളെ കൊന്നു. ഒരിക്കല്‍ കൂടി നിങ്ങളുടെ ബുള്ളറ്റുകള്‍ തുളഞ്ഞ് കയറി ഞങ്ങളുടെ കൂട്ടത്തിലെ അഞ്ചു പേര്‍ വീണു. പക്ഷെ എന്നത്തേയും പോലെ, നിങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ കേവലം അക്കങ്ങള്‍ മാത്രമാണ്.

‘ഭീകരവാദി’ എന്ന പദത്തിന് നമുക്ക് വ്യത്യസ്ത നിര്‍വചനങ്ങളാണ് ഉള്ളതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കാരണം, ഒരാളുടെ കണ്ണില്‍ ഭീകരവാദിയുടെ സ്ഥാനമുള്ളവന്‍, മറ്റൊരാളുടെ കണ്ണില്‍ വീരപുരുഷനാണ്.

നിങ്ങള്‍ക്കെല്ലാം വളരെ ലളിതമാണ്: ‘ഇന്ത്യയോട് ചേരുക’. നിങ്ങള്‍ എന്തുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി തുടരാഞ്ഞത്? ഒന്നുമല്ലെങ്കിലും, അവര്‍ നിങ്ങള്‍ക്ക് റെയില്‍പ്പാതകളും, ആധുനിക വിദ്യാഭ്യാസവും മറ്റു പല നല്ലകാര്യങ്ങളും നല്‍കിയില്ലേ. ഉത്തരം വളരെ ലളിതമാണ്: നിങ്ങള്‍ അടിമത്തം സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

നിങ്ങള്‍ എന്തിനെതിരെയാണോ തീക്ഷണമായി പോരാടിയത്, ആ സംഗതി ഞങ്ങള്‍ ചെയ്യണമെന്ന് നിങ്ങള്‍ വാശിപിടിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?

മിസ്റ്റര്‍ ഭഗത്, കാശ്മീരിലെ ക്രൂര യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് താങ്കള്‍ക്ക് ഒന്നുമറിയില്ലെങ്കില്‍ അതിനെ കുറിച്ച് എഴുതുന്നത് നിര്‍ത്തുക. കാശ്മീരി യുവതയുടെ ജീവിത സമരങ്ങളെ കുറിച്ച് താങ്കള്‍ക്ക് ഒന്നുമറിയില്ല. താങ്കളുടെ അധിനിവേശ സൈന്യത്തിന്റെ കാരണത്താല്‍ ഞങ്ങളുടെ സ്വദേശത്ത് ഞങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അപമാനങ്ങള്‍. ദിനംപ്രതി ഞങ്ങളുടെ മാതാപിതാക്കള്‍ കടന്ന് പോകുന്ന മനഃസംഘര്‍ഷങ്ങള്‍. ഒരു മാംസകഷ്ണമായിട്ടാണോ, അതോ ശവമഞ്ചത്തിലാണോ, അല്ലെങ്കില്‍ ഞങ്ങള്‍ കാശ്മീരികള്‍ക്ക് നേരെ താങ്കളുടെ സൈന്യം സന്തോഷത്തോടെ ഉതിര്‍ക്കുന്ന വെടിയുണ്ട തറഞ്ഞ് കയറി അന്ധത പടര്‍ന്ന കണ്ണുമായിട്ടാണോ സ്വന്തം മക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്തുക എന്ന ആധിയാണ് മാതാപിതാക്കള്‍ കഴിയുന്നത്.

താങ്കള്‍ ഏത് യുവതയെയാണോ അഭിസംബോധന ചെയ്തത് ആ യുവതയുടെ രക്തം ചിന്തുന്ന, അവരെ കൊന്ന് തള്ളുന്ന, താങ്കള്‍ ഏത് സ്ത്രീകളുടെ അവകാശത്തെ കുറിച്ചാണോ സംസാരിച്ചത്, ആ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന, താങ്കള്‍ ഏത് മതന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തെ കുറിച്ചാണോ ആശങ്കപ്പെട്ടത്, ആ മതന്യൂനപക്ഷത്തെ കൊന്ന് തള്ളിയ ഒരു രാഷ്ട്രത്തിന്റെ ഭാഗമാവാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല.

അല്ല, യഥാര്‍ത്ഥ പ്രശ്‌നം പാകിസ്ഥാന്‍ സൈന്യമല്ല. ഞങ്ങളെ നശിപ്പിക്കാന്‍, അടിച്ചമര്‍ത്താന്‍, കൊന്ന് കളയാന്‍ എല്ലാവിധ ശക്തിയും ഉപയോഗിക്കുന്ന ഇന്ത്യന്‍ ഭരണകൂടമാണ് യഥാര്‍ത്ഥ പ്രശ്‌നം.

ഇന്ത്യക്കാരോട് ഞങ്ങള്‍ക്ക് യാതൊരു ശത്രുതയുമില്ല. പക്ഷെ കാശ്മീരികളോട് നിങ്ങള്‍ക്കും അങ്ങനെ തന്നെയാണെന്ന് പറയാന്‍ എനിക്ക് കഴിയില്ല.

കാശ്മീരിലെ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഇന്ത്യക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. ക്രിക്കറ്റ് കളിയില്‍ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച ഞങ്ങളുടെ കാര്യത്തില്‍ മാത്രമാണ് നിങ്ങള്‍ക്ക് ആധി.

മനുഷ്യ ജീവനേക്കാള്‍ ക്രിക്കറ്റ് കളിക്കാണ് ഏറെ പ്രധാന്യം എന്നത് നിങ്ങളുടെ കാര്യത്തില്‍ വളരെ വ്യക്തമായി.

2008 മുതല്‍ക്ക്, നൂറുകണക്കിന് യുവാക്കളെയാണ് ഇന്ത്യന്‍ ഭരണകൂടം മാത്രം കൊന്ന് തള്ളിയത്. താങ്കളുടെ സൈന്യം ഇത് ഇനിയും തുടര്‍ന്നാല്‍, താങ്കള്‍ക്ക് അഭിസംബോധന ചെയ്യാനായി കാശ്മീരില്‍ ഒരു യുവാവ് പോലും അവശേഷിക്കുകയില്ല.
ഞങ്ങളുടെ സ്വാതന്ത്ര്യം പുലരുന്നത് വരെ…

– അടിച്ചമര്‍ത്തപ്പെട്ട ഒരു കാശ്മീരി യുവാവ്

മൊഴിമാറ്റം: ഇര്‍ഷാദ് കാലാചാല്‍
അവലംബം: dailyo.in

Related Articles