Current Date

Search
Close this search box.
Search
Close this search box.

ചരിത്രം കെട്ടിച്ചമക്കുന്ന ആര്‍.എസ്.എസ്

patel-statue3.jpg

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഉടനെ തന്നെ ഗുജറാത്തിലെ വഡോദരക്ക് സമീപമുള്ള നര്‍മദ ഡാമിന് അഭിമുഖമായുള്ള സാധു ബേട്ട് ദ്വീപില്‍, ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമയുടെ നിര്‍മാണം ആരംഭിക്കുകയുണ്ടായി. 3000 കോടി രൂപ ചെലവിട്ട്, 182 മീറ്റര്‍ ഉയരമുള്ള, ഈ ചൈനീസ് നിര്‍മിത വെങ്കല പ്രതിമ, നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി മാറും. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി സ്മൃതിമണ്ഡപം, രാജ്ഘട്ട് എന്നിവ പോലെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ ആരാധനാ കേന്ദ്രമായി ഈ പ്രതിമ മാറും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ ഒരു ടൂറിസ്റ്റ് കേന്ദ്രമെന്നതിന് അപ്പുറം മറ്റു ചില മാനങ്ങളും ഈ പ്രതിമക്കുണ്ട്. സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ഇല്ലാത്ത ഒരു ജനിതകബന്ധം ഇതിലൂടെ ആര്‍.എസ്.എസ്സിന് നേടിയെടുക്കാം എന്നതാണത്. ജനിതകബന്ധം കൃത്രിമമായി നിര്‍മിച്ചെടുക്കല്‍ നമ്മുടെ ചരിത്രത്തിന്റെ ഒരു സവിശേഷതയാണല്ലൊ.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി കൊടുത്ത ദേശീയ പ്രസ്ഥാനവുമായി തങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ജനിതകബന്ധത്തിന് വേണ്ടിയുള്ള അന്വേഷണത്തിലും, തിരച്ചിലിലുമാണ് ഇന്നും തീവ്രദേശീയവാദികളായ ആര്‍.എസ്.എസ്. എന്നാല്‍, അക്കാലഘട്ടത്തിലെ അവരുടെ നേതാക്കളുടെ എഴുത്തുകളും, പ്രഭാഷണങ്ങളും മറ്റൊന്നാണ് പറയുന്നത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ അന്നത്തെ ആര്‍.എസ്.എസ് നേതാക്കള്‍ യാതൊരു താല്‍പര്യവും കാണിച്ചിരുന്നില്ല. അതേസമയം, ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാറിന് ആദ്യകാലത്ത് കോണ്‍ഗ്രസ്സുമായും, ഭഗത് സിംഗിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ തുടങ്ങിയ മറ്റു ദേശീയ പ്രസ്ഥാനങ്ങളുമായും ബന്ധമുണ്ടായിരുന്നെങ്കിലും, ആര്‍.എസ്.എസ് രൂപീകരിക്കുന്നതിന് വേണ്ടി അദ്ദേഹം അവയുമായുള്ള ബന്ധമെല്ലാം ഉപേക്ഷിക്കുകയാണ് ചെയ്തത്.

ദേശീയപ്രസ്ഥാന പാതയില്‍ സഞ്ചരിക്കുന്നതില്‍ നിന്നും അദ്ദേഹം തന്റെ അനുയായികളെ തടഞ്ഞു. ‘തന്നെയും, മറ്റുള്ളവരെയും ഭഗത് സിംഗിന്റെയും കൂട്ടാളികളുടെയും പാതിയില്‍ നിന്നും ഡോ. ഹെഡ്‌ഗെവാറാണ് രക്ഷിച്ചത്’ എന്ന് ആര്‍.എസ്.എസ്സിന്റെ മൂന്നാമത്തെ സര്‍സംഘ്ചാലക് എം.ഡി ദേവറസ് എഴുതുന്നുണ്ട്.

1940-ല്‍ ഹെഡ്‌ഗെവാര്‍ മരണപ്പെട്ടതോടെ, സ്വാതന്ത്ര്യസമരത്തിലുള്ള ആര്‍.എസ്.എസ്സിന്റെ എല്ലാ താല്‍പര്യവും നഷ്ടപ്പെട്ടു. പുതിയ നേതാവ് എം.എസ് ഗോള്‍വാള്‍ക്കര്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ വംശശുദ്ധി എന്ന ആശയത്തില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടത്. വൈരുദ്ധ്യമെന്ന് പറയട്ടെ, ‘തങ്ങളുടെ മതവും, സംസ്‌കാരവും, ഭാഷയും സംരക്ഷിച്ച് പോന്നതിന്റെ പേരില്‍’ ഗോള്‍വാള്‍ക്കര്‍ ജൂതന്‍മാരെ പ്രകീര്‍ത്തിക്കുന്നുമുണ്ട്.

ഗോള്‍വാള്‍ക്കറുടെ ഫോക്കസ് മതം, വംശശുദ്ധി, പുറംന്തള്ളല്‍ എന്നിവയിലായിരുന്നു. ഗാന്ധിജിയെയും കോണ്‍ഗ്രസ്സിനെയും പോലെയുള്ള സാധുക്കള്‍ക്ക് പറഞ്ഞതായിരുന്നു സ്വാതന്ത്ര്യസമരം. ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് ‘സ്ഥിരം ജോലിയില്‍’ മാത്രം മുഴുകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഗോള്‍വാള്‍ക്കറുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍: ‘സ്ഥിരം ജോലിയില്‍ മാത്രം മുഴുകാന്‍ പറഞ്ഞതിന് മറ്റൊരു കാരണം കൂടിയുണ്ട്. രാജ്യത്തെ സംഭവവികാസങ്ങള്‍ മനസ്സുകളില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരമൊരു അസ്വാസ്ഥ്യം 1942-ല്‍ ഉണ്ടായിരുന്നു. അതിന് മുമ്പ് 1930-31-ല്‍ സ്വാതന്ത്ര്യ പ്രക്ഷോഭമുണ്ടായി. അന്ന് ഒരുപാടാളുകള്‍ ഡോക്ടര്‍ജിയുടെ (ഹെഡ്‌ഗെവാര്‍) അടുക്കലേക്ക് വന്നു. കോണ്‍ഗ്രസ്സ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി കൊടുക്കുമെന്നും, സംഘ് ഒരിക്കലും പിറകോട്ട് പോകരുതെന്ന് ഈ ‘സംഘം’ ഡോക്ടര്‍ജിയോട് അഭ്യാര്‍ത്ഥിച്ചു. അന്നേരം, ഒരാള്‍ മുന്നോട്ട് താന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ഡോക്ടര്‍ജിയോട് പറഞ്ഞപ്പോള്‍, ഡോക്ടര്‍ജി പറഞ്ഞു: ‘തീര്‍ച്ചയായും, താങ്കള്‍ക്ക് പോകാം. പക്ഷെ, പിന്നെ ആരാണ് താങ്കളുടെ കുടുംബത്തിന്റെ കാര്യം നോക്കുക?’ അപ്പോള്‍ അയാള്‍ പറഞ്ഞു: ‘രണ്ട് വര്‍ഷത്തേക്ക് കുടുംബത്തിന് കഴിയാനുള്ള വിഭവങ്ങളെല്ലാം ഞാന്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആവശ്യാനുസരണം പിഴയടക്കാനുള്ള സംഖ്യയും ഞാന്‍ കരുതിയിട്ടുണ്ട്.’ ശേഷം ഡോക്ടര്‍ജി അയാളോട് പറഞ്ഞു: ‘കുടുംബത്തിന് വേണ്ടതെല്ലാം താങ്കള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ പിന്നെ രണ്ട് വര്‍ഷം സംഘിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വരൂ.” ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് വളരെ കൃത്യവും വ്യക്തവുമാണ്. ധാര്‍മിക ബാധ്യതയേക്കാള്‍ വലുത് മതമാണ്.

സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ്സും പങ്കെടുത്തിട്ടുണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള തിടുക്കത്തിലാണ് ബി.ജെ.പി നേതൃത്വം. ആര്‍.എസ്.എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത് ഒരു നാണക്കേടായിട്ടാണ് ബി.ജെ.പി (ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും, ബി.ജെ.പിയിലെ ഭൂരിപക്ഷം അണികളും ആര്‍.എസ്.എസ്സുകാരാണ്) മനസ്സിലാക്കുന്നത്. തങ്ങള്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്തിട്ടില്ലെന്നും, കാരണം തങ്ങളുടെ പ്രത്യയശാസ്ത്രം അതിന് അനുവദിച്ചില്ലെന്നും തുറന്ന് പറയാനുള്ള ധൈര്യം ആര്‍.എസ്.എസ്സിന് ഇല്ല.

1942 ക്വിറ്റ് ഇന്ത്യ സമരത്തിലെ അടല്‍ ബിഹാരി വാജ്‌പെയുടെ പങ്ക് മഹത്വവത്കരിച്ച് കാണിക്കാന്‍ ഇല്ലാക്കഥയുണ്ടാക്കി കൊണ്ടുള്ള ആര്‍.എസ്.എസ്സിന്റെ ശ്രമം എല്ലാവര്‍ക്കുമറിയുന്നതാണ്. ഇത് വലിയ നാണക്കേടിലാണ് കലാശിച്ചത്. പ്രക്ഷോഭപരിപാടിയില്‍ നിന്നും സ്വയം വിട്ടുനിന്നതില്‍ കുറ്റസമ്മതം നടത്തുകയാണ് യഥാര്‍ത്ഥത്തില്‍ വാജ്‌പെയ് ചെയ്തത്.

ഇപ്പോഴിതാ, ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാന ചരിത്രത്തില്‍ എങ്ങനെയെങ്കിലും കടന്ന് കൂടുന്നതിന് വേണ്ടി സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി തങ്ങളെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്‍.എസ്.എസ്. ഇതേ സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് 1948-ല്‍, മഹാത്മ ഗാന്ധി വധിക്കപ്പെട്ടതില്‍ സന്തോഷിക്കുകയും, മധുരം വിതരണം ചെയ്യുകയും ചെയ്ത ആര്‍.എസ്.എസ്സിനെ ഇന്ത്യയില്‍ നിരോധിച്ചത് എന്ന കാര്യം അവര്‍ മറന്നു.

2014-ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത്, സര്‍ദാര്‍ വല്ലഭായ് പാട്ടേല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞു കൊണ്ട് നരേന്ദ്ര മോദി ചരിത്രത്തിലുള്ള തന്റെ അറിവില്ലായ്മ, അല്ലെങ്കില്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള തന്റെ ഉളുപ്പില്ലായ്മ തുറന്ന് പ്രകടിപ്പിക്കുകയുണ്ടായി. മൗലാന ആസാദ് സ്വയം പിന്‍മാറിയതിനെ തുടര്‍ന്നാണ് 1946-ല്‍ ജവഹര്‍ ലാല്‍ നെഹ്‌റു കോണ്‍ഗ്രസ് പ്രസിഡന്റായത് എന്നതാണ് വസ്തുത. പട്ടേല്‍ മത്സരരംഗത്ത് ഒരിക്കല്‍ പോലും ഉണ്ടായിരുന്നില്ല. ഇനി പട്ടേല്‍ മത്സരിച്ചിരുന്നെങ്കില്‍ തന്നെ, വന്‍ജനപിന്തുണയുള്ള നെഹ്‌റു അദ്ദേഹത്തെ തോല്‍പ്പിക്കുകയും ചെയ്യുമായിരുന്നു.

നെഹ്‌റുവിനും പട്ടേലിനും ഇടയില്‍ ഒരു അകല്‍ച്ചയുണ്ടായിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ മോദിയും എല്‍.കെ അദ്വാനിയും ശ്രമിച്ചിട്ടുണ്ട്. അഭിപ്രായ വൈവിധ്യവും, അഭിപ്രായ വ്യത്യാസവും തമ്മില്‍ തിരിച്ചറിയാതെ കുഴങ്ങി പോയതായിരിക്കാം ബി.ജെ.പി നേതാക്കള്‍. അഭിപ്രായ വൈവിധ്യങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നവരായിരുന്നു നെഹ്‌റുവും പട്ടേലും. രണ്ട് സ്വതന്ത്ര മനസ്‌കരായ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സ്വഭാവികമായും ഉണ്ടാകുന്ന ഒന്നാണത്.

ഇതുമായി ബന്ധപ്പെട്ട് പട്ടേല്‍ എഴുതി: ‘ചില തല്‍പ്പര കക്ഷികള്‍ പറഞ്ഞ് പരത്തിയതിന് വിരുദ്ധമാണ് കാര്യങ്ങള്‍. ജീവിതകാലം മുഴുവന്‍ തുടരുന്ന കൂട്ടുകാരെയും, സഹപാഠികളെയും പോലെയാണ് ഞങ്ങള്‍ (സര്‍ദാറും, നെഹ്‌റുവും) പ്രവര്‍ത്തിച്ചത്. രണ്ട് പേരും പരസ്പരം ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. പരസ്പരം വിശ്വാസമുണ്ടെങ്കില്‍ മാത്രം സാധ്യമാകുന്ന കാര്യമാണത്.’

ഇപ്പോള്‍ സര്‍ദാര്‍ പട്ടേലിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ആര്‍.എസ്.എസ്. സംഘ് പരിവാറിന്റെ ചരിത്രം മാറ്റി എഴുതുക എന്നതാണ് സര്‍ദാര്‍ പട്ടേലിന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കുന്നതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. ചരിത്രത്തെ സംബന്ധിച്ച് മോദിക്ക് വലിയ ധാരണയൊന്നുമില്ല. അല്ലെങ്കില്‍ ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് വെച്ചാണ് അലക്‌സാണ്ടര്‍ മരണപ്പെട്ടത് എന്ന് അദ്ദേഹം കരുതില്ലായിരുന്നു!

കടപ്പാട്: scroll
മൊഴിമാറ്റം: irshad shariathi

Related Articles