Current Date

Search
Close this search box.
Search
Close this search box.

ഗ്വോണ്ടനാമോ മുസ്‌ലിമാക്കിയ അമേരിക്കന്‍ സൈനികന്‍

Terry-Holdbrooks.jpg

മദ്യവും, ഹാര്‍ഡ് റോക്ക് മ്യൂസികും, ടാറ്റൂകളും അതിയായി ഇഷ്ടപ്പെടുന്ന ദൈവവിശ്വാസം തീരെയില്ലാത്ത ഒരു 19 വയസ്സുകാരനായിട്ടാണ് 2003-ല്‍ ടെറി ഹോള്‍ഡ്ബ്രൂക്‌സ് ഗ്വോണ്ടനാമോ തടവറയില്‍ ജയില്‍ ഗാര്‍ഡായി എത്തുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ഗ്വോണ്ടനാമോയില്‍ നിന്നും അമേരിക്കയിലേക്ക് തിരിച്ച് പോകുമ്പോള്‍, ഹോള്‍ഡ്ബ്രൂക്‌സ് സഹപ്രവര്‍ത്തകര്‍ക്ക് അന്യനും, തടവുകാര്‍ക്ക് ആദരണീയനുമായി മാറികഴിഞ്ഞിരിക്കുന്നു. ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമെന്താണെന്നാല്‍, ഗ്വോണ്ടനാമോയില്‍ നിന്നും മടങ്ങുമ്പോള്‍ ഹോള്‍ഡ്ബ്രൂക്‌സ് മുസ്‌ലിമായി മാറികഴിഞ്ഞിരുന്നു എന്നതാണ്.

അരിസോണയിലാണ് ഹോള്‍ഡ്ബ്രൂക്‌സ് വളര്‍ന്നത്. മയക്കുമരുന്നിന് അടിമകളായ മാതാപിതാക്കളുടെ ഏകമകന്‍. അദ്ദേഹത്തിന് ഏഴ് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പ്പിരിഞ്ഞു. ഹിപ്പികളായിരുന്ന മുത്തച്ഛനും മുത്തശ്ശിയുമാണ് പിന്നീട് അദ്ദേഹത്തെ വളര്‍ത്തിയത്. ദാരിദ്ര്യം തന്നെയാണ് ഹോള്‍ഡ്ബ്രൂക്‌സിനെ സൈന്യത്തില്‍ ചേരാല്‍ നിര്‍ബന്ധിച്ചത്. അങ്ങനെ 9/11-ന് ശേഷം അമേരിക്കയില്‍ ഉണ്ടായ വ്യാപകമായ സൈനിക റിക്രൂട്ടിന്റെ ഭാഗമായി അദ്ദേഹവും സൈന്യത്തില്‍ ചേര്‍ന്നു. ഗ്വോണ്ടനാമോ തടവറയില്‍ നിയമിതനായി കൊണ്ടുള്ള ഉത്തരവ് വരുമ്പോള്‍ ഹോള്‍ബ്രൂക്ക് 253-ാം മിലിറ്ററി പോലിസ് കമ്പനിയിലായിരുന്നു ഉണ്ടായിരുന്നത്.

രണ്ട് ആഴ്ച്ചത്തെ പരിശീലന പരിപാടിയില്‍, പുതുതായി നിയമിതരായ ഗാര്‍ഡുകളെ ഗ്രൗണ്ട് സീറോ സന്ദര്‍ശനത്തിന് കൊണ്ടുപോകുമായിരുന്നു. ‘ഇസ്‌ലാമിനെ കുറിച്ച് ഞങ്ങളെ ഒന്നും തന്നെ പഠിപ്പിച്ചിരുന്നില്ല. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ കുറേ വീഡിയോകള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. മുസ്‌ലിംകള്‍ നമ്മോട് എന്താണ് ചെയ്തതെന്ന് ഓര്‍ക്കുക എന്ന് പട്ടാള മേധാവി ഞങ്ങളോട് പറഞ്ഞു കൊണ്ടിരുന്നു. ഗ്വോണ്ടനാമോയിലെ തടവുകാര്‍ അങ്ങേയറ്റം അപകടകാരികളാണെന്നാണ് ഞങ്ങളോട് പറയപ്പെട്ടത്- അവര്‍ ബിന്‍ലാദന്റെ ഡ്രൈവര്‍മാരാണ്, ബിന്‍ലാദന്റെ പാചകക്കാരാണ്, ഒരവസരം കിട്ടിയാല്‍ ഇവര്‍ നിങ്ങളെ കൊല്ലും എന്നിങ്ങനെയുള്ള കാര്യങ്ങള്‍’ ഹോള്‍ഡ്ബ്രൂക്ക് ഓര്‍ക്കുന്നു.

‘ഗ്വോണ്ടനാമോയിലെ ആദ്യ ദിവസം തന്നെ എന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി. തടവറയില്‍ ഞാന്‍ ആദ്യം കാണുന്നത് 16 വയസ്സുകാരനായ ഒരു പയ്യനെയാണ്. അവന്‍ അന്നേവരെ കടല്‍ കണ്ടിരുന്നില്ല. ഭൂമി ഉരുണ്ടതാണെന്ന് പോലും അവന് അറിയില്ലായിരുന്നു. ഭീകരവിരുദ്ധ യുദ്ധത്തെ പിന്നെ അവന്‍ എങ്ങനെ അറിയാനാണെന്ന് ഞാന്‍ ആലോചിച്ചു?’

ശുദ്ധീകരണം, അവശിഷ്ടങ്ങള്‍ ശേഖരിക്കുക, തടവുകാര്‍ സെല്ലുകളില്‍ പരസ്പരം എന്തെങ്കിലും കൈമാറുന്നുണ്ടോ എന്ന് നോക്കുക, ചോദ്യം ചെയ്യലിന് വേണ്ടി തടവുകാരെ കൊണ്ടുപോകുക, തിരിച്ച് സെല്ലുകളില്‍ കൊണ്ട് ചെന്നാക്കുക തുടങ്ങിയവയായിരുന്നു ഹോള്‍ഡ്ബ്രൂക്കിന്റെ ഡ്യൂട്ടികള്‍. തടവുകാരുമായി സംസാരിക്കാന്‍ ധാരാളം അവസരമുണ്ടായിരുന്നു. തടവുകാരോടുള്ള ഹോള്‍ഡ്ബ്രൂക്കിന്റെ സൗഹര്‍ദ്ദപരമായ സമീപനം സഹപ്രവര്‍ത്തകരുടെ അനിഷ്ടത്തിന് ഇടയാക്കി. അതേസമയം തടവുകാര്‍ ഹോള്‍ഡ്ബ്രൂക്കിനെ ‘നല്ലവനായ ഗാര്‍ഡ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

‘സഹപ്രവര്‍ത്തകര്‍ക്കിടയില്‍ എനിക്ക് വലിയ മതിപ്പുണ്ടായിരുന്നില്ല. ഭൂരിഭാഗം സൈനികരും മദ്യപാനാസക്തരും, പൊണ്ണതടിയന്‍മാരും, വംശീയവാദികളും, അസഹിഷ്ണുക്കളുമായിരുന്നു. മേലധികാരികളുടെ ഉത്തരവുകള്‍ അന്ധമായി അനുസരിക്കുന്നവരായിരുന്നു അവര്‍. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവരുമായുള്ള സംസാര ഞാന്‍ അവസാനിപ്പിച്ചു. സഹപ്രവര്‍ത്തകരുമായി തുടര്‍ച്ചയായ ഉരസലുകള്‍ ഉണ്ടായി. ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു, ‘ഹോള്‍ബ്രൂക്‌സ്, ഇന്ന് ഞങ്ങളെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിനക്കറിയുമോ? ഞങ്ങള്‍ നിന്റെ ഉള്ളിലെ താലിബാനിയെ വലിച്ച് പുറത്തെടുക്കാന്‍ പോകുകയാണ്. അവരോട് അനുകമ്പയുള്ളവനാണ് നീ. ഞങ്ങള്‍ക്കത് ഇഷ്ടമല്ല. അത് പിന്നീട് മറ്റൊരു തല്ലിലാണ് കലാശിച്ചത്.’

മറ്റു ഗാര്‍ഡുകള്‍ മദ്യത്തിലും, പോണ്‍ വീഡിയോസിലും, കളിയിലും അഭിരമിച്ചപ്പോള്‍, ക്രൂരമായ പീഡനത്തിന് ഇരയായി കൊണ്ടിരിക്കുമ്പോഴും പുഞ്ചിരിച്ച് കൊണ്ട് അവയെ നേരിടാന്‍ തടവുകാര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നത് ഹോള്‍ഡ്ബ്രൂക്‌സിലെ അന്വേഷണകുതുകിയെ ഉണര്‍ത്തി. ‘ഗ്വോണ്ടനാമോയിലെ ജീവിതം സന്തോഷകരമാണെന്നും, അല്ലാഹു എന്റെ വിശ്വാസത്തെ പരീക്ഷിക്കുകയാണ്’ എന്നുമായിരുന്നു തടവറയിലെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ വീണുകിട്ടിയിരുന്ന സമയങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന ഒരു തടവുകാരന്‍ ഹോള്‍ഡ്ബ്രൂക്‌സിനോട് പറഞ്ഞത്. പക്ഷെ തടവുകാര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത വിധം നിസ്സഹായനായിരുന്നു അദ്ദേഹം.

‘ഗ്വോണ്ടനാമോയില്‍ എത്തുന്നതിന് തൊട്ടുമുമ്പു വരെ ഇസ്‌ലാമിനെ കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ അവിടത്തെ അനുഭവങ്ങള്‍ എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു. സാധ്യമാകുന്നത്ര പഠിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഞാന്‍ തടവുകാരുമായി സംസാരിക്കാന്‍ തുടങ്ങി. രാഷ്ട്രീയം, ധാര്‍മികത, മൂല്യവിചാരം, അവരുടെ ജീവിതം, സാംസ്‌കാരിക വൈജാത്യങ്ങള്‍ എന്നിവയെ കുറിച്ച് ഞാന്‍ അവരോട് സംസാരിച്ചു. കേവലം കൗതുകത്തില്‍ നിന്നും തുടങ്ങിയ പഠനം പിന്നെ വ്യവസ്ഥാപിതമായി മാറി. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ഞാന്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ ചെലവഴിച്ചു. ഓണ്‍ലൈന്‍ ചാറ്റ്‌റൂമുകളില്‍ ഞാന്‍ ഇസ്‌ലാമിനെ കുറിച്ച് അന്വേഷിച്ചു. ഇങ്ങനെ സംസാരിച്ചവരുടെ കൂട്ടത്തില്‍, അല്‍ഖാഇദയുടെ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തു എന്ന് ആരോപിക്കപ്പെട്ട് അഞ്ചര വര്‍ഷക്കാലത്തോളം ഗ്വോണ്ടനാമോയില്‍ തടവ് അനുഭവിച്ച അഹമദ് അല്‍റാഷിദിയും ഉണ്ടായിരുന്നു. റാഷിദിയെ ജനറല്‍ എന്നായിരുന്നു സഹതടവുകാര്‍ വിളിച്ചിരുന്നത്. 18 വര്‍ഷത്തോളം ബ്രിട്ടില്‍ ഉണ്ടായിരുന്ന അദ്ദേഹം ഒരു ഷെഫ് ആയിരുന്നു. കുറ്റമൊന്നും ചെയ്തില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് വിട്ടയക്കുകയായിരുന്നു.’

‘മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചു. ഗ്രന്ഥങ്ങള്‍, സംഗീതം, തത്വശാസ്ത്രം എന്നിവയെ കുറിച്ചെല്ലാം സംസാരിച്ചു. മതത്തെ കുറിച്ച് സംസാരിച്ച് രാവിലെയാകുന്നത് അറിഞ്ഞിരുന്നില്ല.’

അവസാനം, ഗ്വോണ്ടനാമോയില്‍ ആറ് മാസം പൂര്‍ത്തിയാവുന്ന അവസരത്തില്‍, ഹോള്‍ഡ്ബ്രൂക്‌സ് ആ മഹദ്കര്‍മ്മത്തിന് തയ്യാറെടുത്തു. 2003 ഡിസംബര്‍ 29-ന് റാഷിദിയുടെ സാന്നിധ്യത്തില്‍ ഹോള്‍ഡ്ബ്രൂക്‌സ് ശഹാദത്ത് കലിമ ഉരുവിട്ടു. അതെ, ജയില്‍ ഗാര്‍ഡായി ഗ്വോണ്ടനാമോയില്‍ എത്തിയ ഹോള്‍ഡ്ബ്രൂക്‌സ് മുസ്‌ലിമായി മാറിയിരിക്കുന്നു.

മദ്യപാനമടക്കമുള്ള എല്ലാ ദുശ്ശീലങ്ങളും അദ്ദേഹം അവസാനിപ്പിച്ചു. ‘സഹപ്രവര്‍ത്തര്‍ കാണാതെ അഞ്ച് നേരം നമസ്‌കരിക്കുക എന്നത് എളുപ്പമായിരുന്നില്ല. എന്തെങ്കിലും ഒഴിവ്കഴിവ് പറഞ്ഞ് മാറിനിന്ന് നമസ്‌കാരം നിര്‍വഹിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി.’

ഇസ്‌ലാം മതം മനസ്സറിഞ്ഞ് സ്വീകരിച്ചതോടെ ഗ്വോണ്ടനാമോയിലെ ജോലിയില്‍ ഹോള്‍ഡ്ബ്രൂക്കിന് മനസാക്ഷികുത്ത് അനുഭവപ്പെടാന്‍ തുടങ്ങി. മാനസിക സംഘര്‍ഷം അദ്ദേഹം വേട്ടയാടി. ‘തടവുകാര്‍ സന്തോഷവാന്‍മാരായിരുന്നു. തടവുകാര്‍ക്കായിരുന്നു എന്നേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം. അവര്‍ക്കില്ലാത്ത ഒരുപാട് സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു എന്നത് ശരി തന്നെയാണ്, പക്ഷെ സൈന്യം കല്‍പ്പിക്കുന്നത് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട ഒരു അടിമയായിരുന്നു ഞാന്‍.’

ഇത് ചിലപ്പോള്‍ നിങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷെ ഹോള്‍ബ്രൂക്‌സ് ഇവിടെ പരാമര്‍ശിക്കുന്നത് തടവുകാരുടെ ചിന്താ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. തന്റെ സഹപ്രവര്‍ത്തകരുമായി താരതമ്യം ചെയ്യുമ്പോള്‍, തടവുകാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. ‘ചോദ്യം ചെയ്യലിന് വേണ്ടി തടവുകാരെ കൊണ്ടുപോകുന്നതായിരുന്നു എന്റെ ജോലി. ചിലപ്പോള്‍ ചോദ്യം ചെയ്യല്‍ ഞാന്‍ വീക്ഷിക്കാറുണ്ട്. 50 ഡിഗ്രി മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള മുറികളില്‍ മണിക്കൂറുകളോളം തടവുകാരെ പൂട്ടിയിടുന്നത് എനിക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ ഭാഗമായുള്ള മര്‍ദ്ദനത്തിനിടെ ഒരാള്‍ മലവിസ്സര്‍ജ്ജനം നടത്തുകയുണ്ടായി. അപ്പോഴും ചോദ്യം ചെയ്യുന്നയാള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. എനിക്കൊന്നും പറയാനില്ലെന്ന് തടവുകാരന്‍ ആവര്‍ത്തിച്ചു. ഇതിലൂടെ എന്ത് നല്ല കാര്യമാണ് നേടാന്‍ പോകുന്നത്?

2004-ല്‍ ഹോള്‍ഡ്ബ്രൂക്‌സ് ഗ്വോണ്ടനാമോ വിട്ടു. പിന്നീട് ‘ജനറല്‍ പേഴ്‌സണല്‍ ഡിസോര്‍ഡര്‍’ ഉണ്ടെന്ന് പറഞ്ഞ് സൈന്യം അദ്ദേഹത്തെ പിരിച്ച് വിടുകയും ചെയ്തു. സൈന്യത്തില്‍ ചേരുന്നതിന് മുമ്പുണ്ടായിരുന്ന മദ്യപാനാസക്തി തിരിച്ച് വന്നു. വിവാഹമോചിതനായതോടെ, മദ്യത്തിലും, സംഗീതത്തിലും അദ്ദേഹം അഭയം തേടി. ‘ഗ്വോണ്ടനാമോയിലെ ഓര്‍മകള്‍ ഉറക്കത്തില്‍ ദുഃസ്വപ്‌നമായി എന്നെ പിന്തുടര്‍ന്നു. ഗ്വോണ്ടനാമോ ഓര്‍മകള്‍ മനസ്സില്‍ നിന്നും തുടച്ച് നീക്കുന്നതിനായി ജീവിതത്തിലെ മൂന്ന് വര്‍ഷം ഞാന്‍ മദ്യത്തില്‍ കളഞ്ഞ് കുളിച്ചു.’

ഇന്ന്, ഹോള്‍ഡ്ബ്രൂക്‌സ് ഒരു അടിയുറച്ച ഇസ്‌ലാം മതവിശ്വാസിയാണ്. പക്ഷെ കുട്ടിക്കാലവും, ഗ്വോണ്ടനാമോയും ഏല്‍പ്പിച്ച ആഴത്തിലുള്ള മുറികള്‍ ആ മനസ്സില്‍ ഉണങ്ങാതെ അവശേഷിക്കുന്നുണ്ടെന്ന് ആ കണ്ണുകളിലെ ശൂന്യത നമ്മോട് പറയുന്നുണ്ട്.

‘ഗ്വോണ്ടനാമോയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഭാഗഭാക്കായതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ലോകം ഇന്ന് അമേരിക്കയെ നോക്കികാണുന്ന രീതിയില്‍ എനിക്കും പങ്കുണ്ട്. എല്ലാ അമേരിക്കക്കാരും ചീത്ത മനുഷ്യരല്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ സാക്ഷിയാകേണ്ടി വന്ന പീഡനങ്ങളും, മര്‍ദ്ദനങ്ങളും, അതിക്രമങ്ങളും എന്തുകൊണ്ടാണ്, എങ്ങനെയാണ് അനുവദിക്കപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഈ അതിക്രമങ്ങള്‍ക്ക് ഉത്തരവിടുന്നവരുടെ മനുഷ്യത്വത്തിന് എന്താണ് സംഭവിച്ചത്?’

ഇന്ന് ഗ്വോണ്ടനാമോ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യമാണ് ഹോള്‍ഡ്ബ്രൂക്‌സ്. തന്റെ ഗ്വോണ്ടനാമോ അനുഭവങ്ങള്‍ വിശദീകരിച്ചു കൊണ്ട് ‘ട്രെയ്റ്റര്‍’ (ഒറ്റുകാരന്‍) എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ആളുകളുമായി വസ്തുതകള്‍ പങ്കുവെക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ശേഷം എന്തു വിശ്വസിക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ.’

മൊഴിമാറ്റം: irshad shariathi

Related Articles