Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോയില്‍ ഞാനിന്നും നിരാഹാരത്തിലാണ്

guantanamo.jpg

അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചതായി ഞാന്‍ കേട്ടു. ഗ്വാണ്ടനാമോയിലെ അവസാനിക്കാത്ത ഭീകരതയില്‍ ഞാന്‍ ഇഞ്ചിഞ്ചായി നശിച്ചുപോവാനും, കുടുങ്ങി കിടക്കാനും ഇടയായത് ഈ യുദ്ധം കാരണമാണ്. യുദ്ധം അവസാനിച്ചുവെങ്കില്‍ ഞാനെന്തു കൊണ്ടാണ് പിന്നെയും ഇവിടെ തന്നെ കിടക്കുന്നത് എന്ന് ചോദിക്കാനാണ് ഈയ്യുള്ളവന്‍ ഈ കത്തെഴുതുന്നത്. എന്തു കൊണ്ടാണ് ഒരു മാറ്റവും സംഭവിക്കാത്തത്?

2001-ല്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ സൈനിക ഓപ്പറേഷനുകള്‍ക്ക് തുടക്കം കുറിച്ചു. ആഞ്ഞു പതിച്ച് പൊട്ടിത്തെറിച്ച് കൊണ്ടിരിക്കുന്ന ബോംബുകളില്‍ നിന്നും രക്ഷതേടി കൊണ്ടാണ് ഞാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. അമേരിക്കക്കെതിരെയുള്ള യുദ്ധത്തില്‍ ഒരിക്കലും പങ്കെടുക്കാതിരുന്നിട്ട് കൂടി അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി. അമേരിക്കന്‍ സൈനിക കസ്റ്റഡിക്ക് ഞാന്‍ വില്‍ക്കപ്പെട്ടു. പിന്നീട് 2002 മുതല്‍ക്ക് എന്നെ ഗ്വാണ്ടനാമോയില്‍ തടവിലിട്ടു, പീഢിപ്പിച്ചു, അപമാനിച്ചു. പക്ഷെ അപ്പോഴൊന്നും എനിക്കെതിരെ ഒരു ചെറിയ കുറ്റം പോലും ചുമത്തിയിരുന്നില്ല.

ഈ അനീതിക്കെതിരെ നിരാഹാരം കിടന്നും, ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും ഞാന്‍ പ്രതിഷേധിച്ചു. ഗ്വാണ്ടനാമോയിലെ ദീര്‍ഘകാല നിരാഹാര സമരക്കാരനായ ഞാനിന്ന് ഒരു ശോഷിച്ച മനുഷ്യനാണ്. അഞ്ച് അടി അഞ്ചിഞ്ച് പൊക്കക്കാരനായ എനിക്ക് 44 കിലോ മാത്രമാണ് ശരീരഭാരം.
 

അടുത്തകാലത്താണ്, എന്റെ പുതിയ നിരാഹാര സമരം രണ്ടു വര്‍ഷം പിന്നിട്ടത്. ആരോഗ്യ സ്ഥിതി ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. പക്ഷെ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എന്റെ ഉറച്ച തീരുമാനം. ആത്മഹത്യ ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല. എന്റെ മതം ആത്മഹത്യ നിരോധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ചര്‍ദ്ദിയും, കഠിനമായ വേദനയും ദിനേനയെന്നോണം ശരീരത്തെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുകയാണെങ്കിലും, ഇവിടെ നടമാടുന്ന അനീതിക്കെതിരെയുള്ള സമാധാനപരമായ പ്രതിഷേധമെന്ന നിലയില്‍ ഞാനൊരിക്കലും ഭക്ഷണം കഴിക്കില്ല, വെള്ളം കുടിക്കില്ല. സ്വന്തം ജീവിതത്തിന്റെ മുകളില്‍ എനിക്കുള്ള നിയന്ത്രണത്തിന്റെ ഒരു രൂപമാണ് എന്റെ പ്രതിഷേധം. മോചിതനാവും വരേക്കും ഞാനിത് തുടരുമെന്ന് ശപഥം ചെയ്യുന്നു.

ഒരു ദിവസത്തില്‍ 22 മണിക്കൂറും എന്റെ സെല്ലില്‍ ഞാന്‍ ഒറ്റക്കാണ്. എന്റെ ആരോഗ്യാവസ്ഥ ഇങ്ങനെയൊക്കെയാണെങ്കിലും ആറ് തടിമാടന്‍മാരായ ഗാര്‍ഡുകള്‍ വന്നാണ് സെല്ലില്‍ നിന്ന് എല്ലാ ദിവസവും എന്നെ ബലം പ്രയോഗിച്ച് പുറത്തിറക്കുക. ശേഷം അവര്‍ എന്നെ ഒരു കസേരയില്‍ ബന്ധിക്കും. എന്നിട്ട് ദിവസവും അതിക്രൂരമായി ബലംപ്രയോഗത്തിലൂടെ എന്റെ വായിലേക്ക് ഭക്ഷണം കുത്തിനിറക്കും. രക്തംവരുന്നത് വരെ അവര്‍ എന്റെ മൂക്കിലൂടെ ഒരു ട്യൂബ് കുത്തികയറ്റും.

ഈ കിരാത നടപടിക്രമങ്ങളെ കുറിച്ച് അധികമൊന്നും എഴുതപ്പെട്ടിടുണ്ടാവില്ല. പക്ഷെ ഇതാണ് എന്റെ ജീവിതത്തില്‍ ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍. വേദനാജനകമാണിത്. എനിക്കെങ്ങനെ ഈ മനുഷ്യന്‍മാരെ പ്രതിരോധിക്കാന്‍ കഴിയും? വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ഒരു സമാധാനപരമായ വഴിയാണ് നിരാഹാര സമരം. ഇതൊരു കുറ്റകൃത്യമല്ല. പിന്നെന്തു കൊണ്ടാണ് ഞാന്‍ ശിക്ഷിക്കപ്പെടുന്നത്? ട്യൂബിലൂടെ ഭക്ഷണം നല്‍കുമ്പോള്‍ പോലും എന്നോട് ക്രൂരത കാട്ടുന്നത് എന്തിനാണ്?

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമാണ് ഇവിടുത്തെ എന്റെ സമയം കടന്നുപോയി കൊണ്ടിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ നമസ്‌കരിക്കാനായി ഒരുങ്ങിയപ്പോള്‍, പെട്ടെന്നുള്ള ഒരു റെയ്ഡിന് ഉത്തരവിടപ്പെട്ടു. യാതൊരു മുന്നറിയിപ്പോ, പ്രകോപനമോ കൂടാതെ ഒരു ഗാര്‍ഡ് മനഃപ്പൂര്‍വ്വം എന്നെ വെടിവെച്ചു. അവര്‍ റെയ്ഡിന് വന്നപ്പോള്‍ ഞാന്‍ തടസ്സം നിന്നിരുന്നില്ല. പിന്നെ എന്തിനാണ് അയാള്‍ എന്നെ വെടിവെച്ചത്? എന്റെ വസ്ത്രം എന്റെ തന്നെ രക്തത്താല്‍ കുതിര്‍ന്നു.

യാതൊരു പ്രകോപനവുമില്ലെങ്കില്‍ കൂടി വെടിവെക്കുന്നത് അമേരിക്കയില്‍ നിയമവിധേയമാണോ എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. പക്ഷെ, കറുത്ത വര്‍ഗക്കാരെ നിഷ്‌കരുണം വെടിവെച്ച് കൊല്ലുന്ന അമേരിക്കയിലെ പോലിസ് ഉദ്യോഗസ്ഥര്‍ അനായാസം രക്ഷപ്പെടുകയാണ് പതിവെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ജനീവ കണ്‍വെന്‍ഷനോ അല്ലെങ്കില്‍ സ്വന്തം ഭരണഘടനയില്‍ പറയുന്ന നിയമങ്ങള്‍ തന്നെയും അമേരിക്ക അനുസരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ലോകത്തിന് മുന്നില്‍ അവര്‍ അഹങ്കാരത്തോടെ മേനിപറയുന്ന നീതിയും സ്വാതന്ത്ര്യവുമൊക്കെ എവിടെ പോയി?

ജീവനുള്ള, ശ്വാസം കഴിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യനും ജീവിക്കാന്‍ സാധിക്കാത്ത ഒരിടമാണ് ഗ്വാണ്ടനാമോ. ഞങ്ങളെ ശ്വാസം മുട്ടിച്ച്, ഇഞ്ചിഞ്ചായി പതുക്കെ കൊല്ലാനാണ് അമേരിക്ക നോക്കുന്നത്. എന്നെങ്കിലുമൊരിക്കല്‍ മോചിപ്പിക്കപ്പെടുമോ എന്ന് ആശ്ചര്യപ്പെട്ട് അനിശ്ചിതത്വത്തിന്റെ കനത്ത ശൂന്യതയില്‍ ഞങ്ങളങ്ങനെ കാലം കഴിക്കുകയാണ്.

കഴിഞ്ഞ 13 വര്‍ഷം ഈ നിരാശയില്‍ തന്നെയാണ് ഞാന്‍ ജീവിച്ചത്. എന്റെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചെലവിലാണ് അമേരിക്കന്‍ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ നാടകം കളിച്ചത്. അതേസമയം, ഗ്വാണ്ടനാമോയില്‍ അവശേഷിക്കുന്ന 122 മനുഷ്യരുടെ ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചില്ല.

ലോകം ചിലപ്പോള്‍ ഞങ്ങള്‍ക്ക് നേരെ കണ്ണടച്ചേക്കും. ഈ എണ്ണം ലോകത്തെ സംബന്ധിച്ചിടത്തോളം ചെറിയ ഒരു സംഖ്യയായിരിക്കും. പക്ഷെ ഇവിടെയുള്ള ഞങ്ങള്‍ ഓരോരുത്തരെ സംബന്ധിച്ചിടത്തോളം, അനന്തവും അന്യായവുമായ ഈ തടവിന് ഞങ്ങള്‍ ഒടുക്കേണ്ടി വന്ന വില തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. പിതാക്കന്‍മാരെയും, സഹോദരന്‍മാരെയും, ഭര്‍ത്താക്കന്‍മാരെയും, മക്കളെയുമാണ് ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഭൂമിയിലെ ഈ നരകത്തില്‍ നഷ്ടപ്പെട്ടത്. വളരെ കുറച്ച് മാത്രമാണ് ഈ ലോകത്ത് നമ്മുടെ ജീവിതം. ഞങ്ങളില്‍ പലര്‍ക്കും അതിലെ പത്ത് വര്‍ഷത്തിലധികം കാലം ഒരു കാരണവുമില്ലാതെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒന്ന് മോചിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് കൊതിച്ച് പോകുന്നു….

* യമന്‍ പൗരനായ മുആദ് അല്‍ അലവി 2002-മുതല്‍ക്ക് അമേരിക്കയുടെ കസ്റ്റഡിയിലാണ്. ഗ്വാണ്ടനാമോയില്‍ ആദ്യമായി തടവിലിടപ്പെട്ടവരില്‍ ഒരാളാണ് ഇദ്ദേഹം. 028 നമ്പര്‍ തടവുകാരന്‍

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  അല്‍ജസീറ

Related Articles