Current Date

Search
Close this search box.
Search
Close this search box.

ഗ്രീസിലെ ആടുജീവിതം

goat-life.jpg

പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ തോട്ടപ്പണിക്കാരായ ഒരു സംഘം കുടിയേറ്റ ജോലിക്കാര്‍ക്കും അവരുടെ മേല്‍നോട്ടക്കാരനായ ഫൈസല്‍ റാസക്കും വിശ്രമം ലഭിക്കുന്ന അപൂര്‍വ്വമായ ഒരു ദിവസം. ആഴ്ചയില്‍ ഏഴ് ദിവസം, ദിവസം പത്ത് മണിക്കൂര്‍ എന്നതാണ് അവരുടെ സാധാരണ ജോലിസമയം. ഓറഞ്ചിന്റെ വിളവെടുപ്പ് കാലം അവസാനിച്ചതും കനത്ത മഴയും കാരണം വിശ്രമിക്കാനുള്ള ഒരവസരം വീണുകിട്ടിയിരിക്കുന്നു. സീസണുമായി ബന്ധപ്പെട്ടതാണ് അവരുടെ ജോലികള്‍. അതിനാല്‍ തന്നെ എവിടെയെങ്കിലും താമസമുറപ്പിക്കാനുള്ള ഭാഗ്യമില്ല. കഴിഞ്ഞ അഞ്ച് മാസങ്ങളായി ആര്‍ഗോലീസ് താഴ്‌വാരത്ത് ജോലി ചെയ്ത് ജീവിക്കുകയാണവര്‍. ഏഥന്‍സില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിപ്പെടുന്ന ആര്‍ഗോസ് പട്ടണത്തെ വലയം ചെയ്ത് കിടക്കുന്ന ആര്‍ഗോലീസ് താഴ്‌വാരം നിറയെ ഓറഞ്ച് തോട്ടങ്ങളാണ്. സ്‌ട്രോബെറിപ്പാടങ്ങളിലെ വിളവെടുപ്പിനായി ഗ്രീസിലെ മറ്റൊരു ഗ്രാമപ്രദേശത്തേക്ക് അടുത്ത് തന്നെ അവര്‍ പുറപ്പെടും.

പൊല്ലോക്കിട് എന്ന ഗ്രാമത്തിന്റെ ഒരറ്റത്തുള്ള സെമിത്തേരിയുടെ പിന്നിലൂടെയുള്ള ചെളിനിറഞ്ഞ വഴിയോരത്താണ് റാസയും കൂട്ടുകാരും വീട് എന്ന് വിളിക്കുന്ന ആ ഇടം. ഒരു പഴയ ലോഹപ്പെട്ടിയാണ് അതിന്റെ പകുതി ഭാഗം. പിന്നെയുള്ള സിമന്റ് കട്ടകളുടെ ചുമരുകളും തകിട് മേല്‍ക്കൂരയുമായാല്‍ വീടെന്ന സങ്കല്‍പമായി. ഏതോ ഒരു കാലത്ത് വെളുത്ത നിറമായിരുന്ന ചുമരുകളൊക്കെ കറുപ്പടിച്ചിരിക്കുന്നു. കുളിയും മറ്റ് കര്‍മ്മങ്ങളും നിറവേറ്റാനാവുന്ന പിറകിലുള്ള ചെറിയൊരു മുറിയുടെ മേല്‍ക്കൂരയില്‍ ഷവറെന്ന് വിളിക്കപ്പെടുന്ന ഒരു റബ്ബര്‍ പൈപ്പ് തൂങ്ങിക്കിടപ്പുണ്ട്.

നിശ്ശബ്ദരായി അവരവരുടെ ഫോണുകളില്‍ നോക്കിയിരിപ്പാണ് കീറിപ്പറിഞ്ഞ പുതപ്പുകള്‍ക്കുള്ളില്‍ കുത്തിയിരിക്കുന്ന പത്ത് പാകിസ്ഥാനി ചെറുപ്പക്കാര്‍. തുറന്ന വാതിലിലൂടെ കിട്ടുന്ന സൂര്യപ്രകാശമാണ് വെളിച്ചത്തിനുള്ള ഒരേയൊരു വഴി. ഉച്ചഭക്ഷണത്തിനുള്ള ചപ്പാത്തി ഉണ്ടാക്കുകയാണ് പുറത്ത് മൂന്നാളുകള്‍. ചെരിച്ചു കിടത്തിയ ഒരു ഇരുമ്പ് വീപ്പയുടെ അകത്ത് വിറക് കത്തിച്ചിരിക്കുന്നു. വീപ്പയുടെ പുറത്ത് അല്‍പം ഉപ്പുവെള്ളം തളിച്ച് ശുദ്ധിയായി എന്ന് സങ്കല്‍പിച്ച് അതിന്റെ പുറത്ത് തന്നെയാണ് ചപ്പാത്തി ഉണ്ടാക്കുന്നത്.

പാകിസ്ഥാനിലെ ഗുജറാത്തുകാരനായ ഇരുപത്തഞ്ചുകാരന്‍ ആമിര്‍ അലി ഈ അവസ്ഥയില്‍ അല്‍പം നര്‍മ്മം കലര്‍ത്താനൊരു ശ്രമം നടത്തി. ഇത് പത്തൊമ്പതാം നൂറ്റാണ്ടിലെ പാചക രീതിയാണ്. പാകിസ്ഥാനില്‍, പക്ഷേ, നമ്മളിങ്ങനെയൊന്നുമല്ല പാചകം ചെയ്യുന്നത് കേട്ടോ. അവിടെ ഞങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറും മറ്റ് സന്നാഹങ്ങളുമൊക്കെയുണ്ട്. താന്‍ വിട്ടേച്ചു പോന്നിരിക്കുന്ന വീട്ടിലെ അടുക്കളയുടെ ചിത്രങ്ങള്‍ ഒരു ചെറുപ്പക്കാരന്‍ മൊബൈലില്‍ കാട്ടിത്തന്നു. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ഒരു അടുക്കള! ചപ്പാത്തി വേവുന്ന വീപ്പയിലേക്ക് നോക്കി ചിരിക്കാനൊരു വിഫല ശ്രമവും അവന്‍ നടത്തുകയുണ്ടായി.

ഗ്രീസിലെ കൃഷിപ്പണിക്കാരില്‍ 90 ശതമാനവും ഇങ്ങനെയുള്ള കുടിയേറ്റക്കാരാണെന്നാണ് കണക്കാക്കപ്പെടുന്നത്. പണമോ താമസ സൗകര്യങ്ങളോ നിയമത്തിന്റെ പിന്തുണയോ ഇല്ലാത്ത ഈ ആളുകളുടെ മുന്നില്‍ വേറെ വഴികളൊന്നുമില്ല എന്നതാണ് സത്യം.

ഞങ്ങള്‍ക്ക് ഇടപഴകാന്‍ സാധിച്ച ഇതേ ഗ്രാമത്തിലെ നാല് കുടിയേറ്റ സംഘങ്ങളില്‍ ഒന്ന് മാത്രമാണ് റാസയും കൂട്ടുകാരും. മുന്‍കാലങ്ങളില്‍ ഇത്‌പോലുള്ള തോട്ടപ്പണികള്‍ ചെയ്ത മറ്റ് പലരുമായും സംസാരിക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. ആധികാരിക രേഖകളില്ലാത്ത കുടിയേറ്റ ജോലിക്കാര്‍ നേരിടുന്ന ചൂഷണങ്ങളുടെയും അപമാനങ്ങളുടെയും ദയനീയ ചിത്രമാണ് എല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത്.

ചതിയും ചൂഷണവും
ഇരുപതുകാരനായ അദ്‌നാന്‍ അഹ്മദ് മൂന്ന് മാസക്കാലം റാസയോടൊപ്പം ജോലി ചെയ്തു. മെച്ചപ്പെട്ട അവസരങ്ങള്‍ തേടിയാണ് നഴ്‌സിംഗ് യോഗ്യതയുള്ള അദ്‌നാന്‍ യൂറോപ്പിലെത്തിയത്. പക്ഷേ, കിടക്കാനൊരിടമോ കയ്യില്‍ പണമോ ഇല്ലാതെ ഏഥന്‍സിലെ അടഞ്ഞ അതിര്‍ത്തികള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ് ഇപ്പോഴയാള്‍. ഇഷ്ടം പോലെ ജോലിയും പാര്‍ക്കാന്‍ നല്ലൊരിടവും വാഗ്ദാനം ചെയ്താണ് കുടിയേറ്റക്കാരെ തോട്ടങ്ങളിലേക്ക് എത്തിക്കുന്നതെന്ന് അദ്‌നാന്‍ പറയുന്നു. ധാരാളം കാശുണ്ടാക്കാം, മിച്ചം വെച്ച് നാട്ടിലേക്കയക്കാനുള്ളത്ര കിട്ടും എന്നൊക്കെയാണ് അവിടെയെത്തും മുമ്പ് എന്നോടവര്‍ പറഞ്ഞത്. നല്ല ഭക്ഷണവും താമസ സ്ഥലവുമൊക്കെയുണ്ട്, അല്‍പം പണം അതിന് കൊടുക്കേണ്ടിവരും എന്നും.

തോട്ടങ്ങളില്‍ ആപ്പിള്‍ പറിച്ച് നൂറ് പെട്ടികള്‍ നിറച്ചു കൊടുത്താല്‍ 22 യൂറോ (1500 രൂപ) കിട്ടുമെന്ന് പാകിസ്ഥാന്‍ തൊഴിലാളികള്‍ പറയുന്നു. ഇത് ഒരു ദിവസത്തെ ജോലിയാണ്. ഇതേ ജോലി ചെയ്യുന്ന അല്‍ബേനിയക്കാര്‍ക്ക് 28 യൂറോ (1900 രൂപ) കിട്ടുമത്രേ. ചങ്ങാതിമാരെയും ബന്ധുക്കളെയുമൊക്കെ കൂട്ടിക്കൊണ്ടുവന്നാല്‍ ബോണസ് തരാമെന്നൊക്കെ പറഞ്ഞ് പുതുതായെത്തുന്ന കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്ന പതിവുമുണ്ട്. താമസവും ഭക്ഷണവുമൊക്കെ ചേര്‍ന്ന് ഒരാളില്‍ നിന്നും മാസം തോറും 50 യൂറോ (3500 രൂപ) വീതം ഈടാക്കുന്നതു കാരണം മാസാവസാനം പലരും അവരുടെ മേല്‍നോട്ടക്കാരുടെ അടുത്ത് കടക്കാരായി മാറുന്നു.

അവരുടെ കടം തീരുന്നതുവരെ ജോലി ചെയ്യാന്‍ മേല്‍നോട്ടക്കാര്‍ പറയും. പക്ഷേ, ചെയ്ത ജോലിക്ക് മതിയായ കൂലിയോ, അല്ലെങ്കില്‍ നമുക്ക് വേണ്ടത്ര ജോലിയോ അവര്‍ തരികയുമില്ല. നവീദ് അഹ്മദിന്റെ വാക്കുകള്‍.

ഇതിനു മുമ്പ് മറ്റൊരു സംഘത്തിന്റെ കൂടെ ഒരു മാസം ജോലി ചെയ്തിരുന്നു, പാകിസ്ഥാനിലെ ചെനാബ് നഗറില്‍ നിന്നുള്ള ഈ ഇരുപത്തേഴുകാരനായ ഫാര്‍മസിസ്റ്റ്. ആര്‍ഗോസിനടുത്തുള്ള ഒരു തോട്ടത്തില്‍ നല്ല ജോലിയും താമസ സൗകര്യവുമുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആദ്യം വലിയ സന്തോഷത്തിലായിരുന്നു നവീദ്. ഒരു മാസം കഴിഞ്ഞിട്ടും കാശൊന്നും കിട്ടാതായപ്പോള്‍ നവീദും മറ്റ് മൂന്ന് പേരും മേല്‍നോട്ടക്കാരനോട് പിരിഞ്ഞ് പോകാനുള്ള അനുമതി തേടി. അയാളും മറ്റ് രണ്ട് തടിയന്മാരും കൂടി ഞങ്ങളെ ഞങ്ങളുടെ മുറിയില്‍ പൂട്ടിയിട്ടു. നവീദ് പറയുന്നു. ഞങ്ങളുടെ ഒരു ചങ്ങാതി അയാള്‍ക്ക് കാശ് കൊടുക്കാനുണ്ടെന്നും അതയാള്‍ക്ക് കിട്ടാതെ ആര്‍ക്കും പോകാനാവില്ലെന്നുമായിരുന്നു അയാളുടെ വാദം.

നാല് ദിവസം അവരെ പൂട്ടിയിട്ടു. വിസര്‍ജനത്തിന് പോകാനായി പുറത്തിറക്കുമ്പോള്‍ ഓടിപ്പോകാതിരിക്കാനായി രണ്ട് തടിയന്മാരും അകമ്പടിയായി നിന്നു. എന്നിട്ടും ഒരാള്‍ രക്ഷപ്പെട്ടു കളഞ്ഞു. മൊബൈല്‍ ഫോണ്‍ പണയം വെച്ച് ഏഥന്‍സിലേക്കുള്ള ബസ്സിന് അയാള്‍ കാശുണ്ടാക്കി. തന്റെ കഥകള്‍ വിവരിക്കുമ്പോള്‍ നവീദ് സങ്കടമടക്കാനാവാതെ വിതുമ്പുന്നുണ്ടായിരുന്നു പലപ്പോഴും. ഏഥന്‍സിലുള്ള ഒരു സുഹൃത്ത് പണമടച്ചതിനു ശേഷമാണ് അവര്‍ക്ക് മോചനമായത്.

നിങ്ങളീ പറയുന്ന യൂറോപ്പ് എവിടെയാണ്?
തങ്ങള്‍ക്ക് കിട്ടേണ്ട കൂലി ഒരിക്കലും കിട്ടിയില്ലെന്നാണ് ഭൂരിഭാഗം കുടിയേറ്റക്കാരും പറയുന്നത്. പക്ഷേ, മെച്ചപ്പെട്ട മറ്റെന്തെങ്കിലും വഴി കാണാത്തതിനാലും, അറസ്റ്റും നാടുകടത്തലും ഒഴിവാക്കാനും അവര്‍ ക്ഷമിച്ചു കഴിയുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം തനിക്ക് കിട്ടേണ്ടിയിരുന്ന 300 യൂറോ (20,000 രൂപ) കിട്ടിയതേയില്ലെന്ന് അദ്‌നാന്‍ അഹ്മദ് പറയുന്നു. കിട്ടേണ്ടിയിരുന്നതില്‍ ചെറിയൊരു വിഹിതം മാത്രം കിട്ടിയെന്നാണ് മറ്റ് പലരും പറഞ്ഞത്.

ഉടമസ്ഥന് വാടകയായി മാസം തോറും 30-50 യൂറോ (2000 – 3500 രൂപ) നല്‍കി, വൃത്തിഹീനമായ താത്കാലിക ഷെഡ്ഡുകളിലും കൂരകളിലും ആളുകളെ കുത്തിനിറച്ച കെട്ടിടങ്ങളിലുമൊക്കെയാണ് പൊല്ലോക്കിട് പ്രദേശത്തുള്ള പല കുടിയേറ്റക്കാരും കഴിയുന്നത്. അദ്‌നാന്‍ അഹ്മദ് ദുഃഖത്തോടെ പറഞ്ഞു. പാകിസ്ഥാനില്‍ ഞങ്ങളുടെ കന്നുകാലികള്‍ പോലും ഇതിനേക്കാളും നല്ല ചുറ്റുപാടിലാണ് കഴിയുന്നത്.

ഒരേ വരിയില്‍ തട്ടുകളായി 30 കട്ടിലുകല്‍ വരെ അടുക്കിയ ഇത്തരം പാര്‍പ്പിടങ്ങളുടെ ഉടമസ്ഥര്‍ക്ക് ചാകര തന്നെ. മിക്കവാറും ആളുകളോട് വാടക പിരിക്കുന്നത് മേല്‍നോട്ടക്കാരാണ്. ഉടമസ്ഥന്‍ ആവശ്യപ്പെട്ട വാടകയേക്കാള്‍ കൂടുതല്‍ ഈ മേല്‍നോട്ടക്കാര്‍ ഈടാക്കുന്നതിനുള്ള സാധ്യതയുമുണ്ടെന്ന് ചില അന്തേവാസികള്‍ തന്നെ പറയുന്നു. താനും തന്റെ കൂട്ടത്തിലുള്ളവരും കഴിയുന്ന പൊളിഞ്ഞു വീഴാറായ മുറിയിലെ ഏറ്റവും പിന്നിലെ തട്ടുകിടക്കകളില്‍ ഏറ്റവും മുകളിലാണ് ഫൈസല്‍ റാസ കിടക്കുന്നത്.

19 വയസ്സ് മാത്രമാണ് അവന്റെ പ്രായമെങ്കിലും, മട്ടും ഭാവവുമൊക്കെ കാണുമ്പോള്‍ അതിലെത്രയോ അധികം പ്രായമുള്ളതായി തോന്നും. അക്രമാസക്തമായ ഒരു വാദപ്രതിവാദം കഴിഞ്ഞപ്പോള്‍, സ്വയരക്ഷയെ കുറിച്ച് ഉള്‍ഭയം തോന്നിയാണ് കൗമാര പ്രായത്തില്‍ പാക്‌സഥാനില്‍ നിന്ന് ഒറ്റക്ക് അവന്‍ ഗ്രീസിലെത്തിയത്. പഴങ്ങള്‍ പറിക്കുന്ന ജോലിയിലേര്‍പ്പെട്ട അവന്‍ പെട്ടെന്ന് തന്നെ പ്രാദേശിക ഭാഷ വശമാക്കി. ഒരു വര്‍ഷത്തിനകം ഉടമസ്ഥന്റെ പ്രീതി കരസ്ഥമാക്കി മേല്‍നോട്ടക്കാരന്റെ പദവിയിലേക്കുയര്‍ന്നു. ഇപ്പോഴവന്‍ ഒരു അല്‍ബേനിയന്‍ മേല്‍നോട്ടക്കാരന്റെ മകളുമായി പ്രേമത്തിലാണ്. അവളെ വിവാഹം ചെയ്യണം എന്നാണ് അവന്റെ മോഹം.

ജോലിക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞു പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, എല്ലാവര്‍ക്കും ന്യായമായ കൂലി നല്‍കുന്നുണ്ടെന്നുമാണ്, പഴ്‌സ് തലയിണക്കടിയില്‍ വെച്ച് ഉറങ്ങുന്ന റാസ പറയുന്നത്. എന്നാലും ചില ചോദ്യങ്ങള്‍ക്കൊന്നു ഉത്തരം പറയാന്‍ അവന്‍ തയ്യാറല്ലായിരുന്നു.

നാട്ടിലെ നല്ല ജോലികള്‍ ഉപേക്ഷിച്ചാണ് പലരും യൂറോപ്പിലെത്തിയത്. മലേഷ്യയില്‍ ഒരു ഇലക്ട്രീഷ്യനായി നല്ല രീതിയില്‍ 10 വര്‍ഷം ജോലി ചെയ്തിട്ടാണ് താന്‍ ഇവിടെ എത്തിയതെന്ന് അദ്‌നാന്‍ അഹ്മദിന്റെ ബന്ധു ഇംറാന്‍ അഹ്മദ് പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം ജര്‍മ്മനിയിലെ ഒരു സുഹൃത്ത് വിളിച്ച് പറയുന്നു, അതിര്‍ത്തികളൊക്കെ തുറന്നിരിക്കുന്നു, വേഗം യൂറോപ്പിലേക്ക് പുറപ്പെട്ടോളൂ എന്ന്.

നന്നായി മലയ് ഭാഷ സംസാരിക്കാനറിയുന്ന ആളാണ് ഇംറാന്‍ അഹ്മദ്. എന്നാലിപ്പോള്‍ നിയമത്തിന്റെ തുണയോ കാശോ ഭാഷയോ ഇല്ലാതെ ഇവിടെ പെട്ടിരിക്കുകയാണിയാള്‍. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഞാന്‍ ചെയ്തത്. അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയിലെ ഒരു കടയില്‍ 1500 യൂറോ (ഒരു ലക്ഷം രൂപ) മാസശമ്പളം ലഭിക്കുന്ന ഒരു ജോലിയിലായിരുന്നു താനെന്ന് പൊല്ലോക്കിട് പ്രദേശത്തെ മറ്റൊരു സംഘത്തിന്റെ കൂടെയുള്ള മുജാഹിദ് എന്ന പാകിസ്ഥാനി പറയുന്നു. ആ ശമ്പളമാകട്ടെ അയാള്‍ക്ക് വളരെ നല്ലൊരു തുകയുമായിരുന്നു. ഇപ്പോള്‍ ദിവസക്കൂലി 20 യൂറോ (1400 രൂപ) മാത്രമാണ്. അതാകട്ടെ പലപ്പോഴും കിട്ടുന്നുമില്ല.

യൂറോപ്പിലെ എന്റെ ജീവതത്തേക്കാളും എത്രയോ മെച്ചമായിരുന്നു സൗദിയിലെ എന്റെ ജീവിതം. മുജാഹിദിന്റെ വാക്കുകള്‍. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് യൂറോപ്പ് എന്നൊക്കെയായിരുന്നു എന്റെ കേട്ടറിവ്. നിങ്ങളൊക്കെ പറയുന്ന ആ യൂറോപ്പ് എവിടെയാണ്?

അവര്‍ക്ക് അവകാശങ്ങളൊന്നുമില്ല
സമാധാന കാലത്ത് ഒരു വികസിത രാജ്യം നേരിടാത്ത അസാധാരണമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികള്‍ക്കാണ് കഴിഞ്ഞ ഒരു ദശകത്തോളമായി ഗ്രീസ് സാക്ഷ്യം വഹിച്ചത്. ഗ്രീസിലെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നടിഞ്ഞു, ജീവിത നിലവാരം താഴ്ന്നു, തൊഴിലില്ലായ്മയും ദാരിദ്ര്യവും വ്യാപകമായി. ഔദ്യോഗികമായി നടപ്പിലാക്കിയ കഠിനമായ ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് പുറമെ, തുടരെ വന്നു കൊണ്ടിരുന്ന അഭയാര്‍ത്ഥികളും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇതിനൊക്കെ നടുവിലും ഗ്രീസിലെ കാര്‍ഷിക രംഗം ലാഭകരമായി പരിണമിച്ചതാണ് സമീപകാലത്തെ അനുഭവം.

ഗ്രീക് കാര്‍ഷിക വകുപ്പിന്റെ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കാരലമ്പോസ് കാസിമിസ് പറയുന്നു. 1990 കളില്‍ ഗ്രീക്ക് കാര്‍ഷിക മേഖല രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിട്ടു. കിഴക്കന്‍ യൂറോപ്പില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ കാര്‍ഷിക മേഖലക്ക് രക്ഷയായി. കയറ്റുമതിയിലും തൊഴില്‍ ഉല്‍പാദനത്തിലും ഇപ്പോള്‍ മികച്ചുനില്‍ക്കുന്നത് കാര്‍ഷിക മേഖലയാണ്. കാസിമിസ് പറയുന്നു. സമീപകാല പ്രതിസന്ധിയുടെ നാളുകളില്‍ ഞങ്ങളുടെ കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി ധ്രുതഗതിയില്‍ വര്‍ധിക്കുകയാണ് ചെയ്തത്.

കുടിയേറ്റ ജോലിക്കാരുടെ സുപ്രധാനമായ ഈ സംഭാവന ഒരു വശത്ത് ഉണ്ടായിരിക്കെ തന്നെയാണ് അവരിപ്പോഴും ചൂഷണത്തിന് ഇരകളാവുന്നത്. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ ഇങ്ങനെ എത്തിപ്പെട്ടവരൊക്കെ ഇവിടെ നിയമവിരുദ്ധമായി പാര്‍ക്കുന്നവരാണ്. കുടുംബങ്ങളൊന്നും കൂടെയില്ലാതെ അവരൊക്കെ ഒറ്റക്കുമാണ്. അപ്പോള്‍ കൂലി, താമസാവകാശം, അവകാശങ്ങള്‍ എന്നിവയിലൊക്കെ അവരുടേത് അല്‍പം താഴ്ന്ന പദവിയാവുന്നത് സ്വാഭാവികം മാത്രം. പ്രത്യേകിച്ചും അവരുടെ അവകാശങ്ങളുടെ കാര്യം. അവര്‍ക്ക് അവകാശങ്ങളൊന്നും തന്നെയില്ല! കാരലമ്പോസ് കാസിമിസിന്റെ വാക്കുകള്‍.

സ്‌ട്രോബെറിയുടെ വിളവെടുപ്പിലേര്‍പ്പെട്ടിരുന്ന ജോലിക്കാരെ ഉടമസ്ഥന്‍ വെടിവച്ച സംഭവത്തില്‍ കഴിഞ്ഞ മാര്‍ച്ച് 30 ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി വിധിക്കുകയുണ്ടായി. ദക്ഷിണ ഗ്രീസിലെ ഒരു പ്രദേശമായ മാനോലാദില്‍ 2013 ലായിരുന്നു സംഭവം. മുകളില്‍ നാം കണ്ടതിന് സമാനമായ അവസ്ഥകളില്‍, സായുധരായ മേല്‍നോട്ടക്കാരുടെ കീഴില്‍ പണിയെടുത്തിരുന്ന ഒരു സംഘമാളുകള്‍, തങ്ങള്‍ക്ക് കൂലിയിനത്തില്‍ ബാക്കിയുണ്ടായിരുന്ന തുകയെ കുറിച്ച് ഉടമസ്ഥനോട് തര്‍ക്കിച്ചുകൊണ്ടിരിക്കെ, മേല്‍നോട്ടക്കാരിലൊരാള്‍ അവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 35 പേര്‍ക്ക് വെടിയേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമായിരുന്നു. തോട്ടം ഉടമസ്ഥനെയും രണ്ട് മേല്‍നോട്ടക്കാരെയും ഗ്രീക് കോടതി വെറുതെ വിട്ടു. മറ്റ് രണ്ടുപേരില്‍ ഒരാള്‍ക്ക് പതിനാല് കൊല്ലവും അപരന് എട്ട് കൊല്ലവും തടവു ശിക്ഷ ലഭിച്ചു. പക്ഷേ, അപ്പീല്‍ തീരുമാനമാവുന്നതു വരെ അവര്‍ സ്വതന്ത്രരായിരുന്നു. ഓരോ ജോലിക്കാരനും 43 യൂറോ (3000 രൂപ) വീതം ഉടമസ്ഥന്‍ നല്‍കണമെന്നും വിധിയായി.

ഇരകളെ സംരക്ഷിക്കുന്നതിലും, കുറ്റകൃത്യത്തെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിലും, മനുഷ്യക്കടത്തും നിര്‍ബന്ധിത തൊഴിലും തടയുന്നതിലും പരാജയപ്പെട്ടതിന്, 12,000-16,000 യൂറോ (8 ലക്ഷം – 11 ലക്ഷം രൂപ) വീതം ഓരോ തൊഴിലാളിക്കും ഗ്രീസ് നഷ്ടപരിഹാരം നല്‍കണമെന്നാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ പുതിയ വിധി. കേസിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുര്‍സദ് ചൗധരി പറയുന്നു. വിധിയില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങളുടെ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഗ്രീക് സമ്പദ് വ്യവസ്ഥയില്‍ ഞങ്ങള്‍ നല്‍കിവരുന്ന സുപ്രധാന സംഭാവനകള്‍ ഗ്രീക് ഗവണ്‍മെന്റ് അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

നിയമത്തിന്റെ അംഗീകാരമില്ലെന്ന അസ്വസ്ഥകളില്ലാതെ, ന്യായമായ കൂലിയും, ചില തൊഴില്‍ അവകാശങ്ങളും കുടിയേറ്റക്കാര്‍ക്ക് ലഭിക്കാനുതകുന്ന ഒരു വൗച്ചര്‍ സമ്പ്രദായം കഴിഞ്ഞ വര്‍ഷം ഗ്രീക് സര്‍ക്കാര്‍ നടപ്പിലാക്കുകയുണ്ടായി. പക്ഷേ, ഇതിന്റെ പ്രയോജനം അധികമാളുകള്‍ക്കൊന്നും ലഭിക്കുകയുണ്ടായില്ല. തൊഴിലാളിക്ക് ഒരു മിനിമം കൂലി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ സമ്പ്രദായത്തോട് ജോലി നല്‍കുന്ന ഉടമസ്ഥരിലധികപേര്‍ക്കും താത്പര്യമില്ല എന്നത് തന്നെ കാരണം. ഈ വര്‍ഷം കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കാരലമ്പോസ് കാസിമിസ് പറയുന്നു. പക്ഷേ, ഇതൊരു താത്കാലിക പരിഹാരം മാത്രമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ശാശ്വത പരിഹാരം. അതാകട്ടെ, ഇപ്പോള്‍ അസാധ്യമാണെന്നും അദ്ദേഹം പറയുന്നു. ഒന്നാമതായി, കുടിയേറ്റക്കാക്കാര്‍ക്ക് നിയമ പരിരക്ഷ നല്‍കുന്ന പരിപാടികളോട് യൂറോപ്യന്‍ യൂനിയന് എതിര്‍പ്പാണ്. രണ്ടാമതായി, ഗ്രീസില്‍ ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണ്. കാസിമിസിന്റെ വാക്കുകള്‍.

അവലംബം: അല്‍ ജസീറ

Related Articles