Current Date

Search
Close this search box.
Search
Close this search box.

ഗോരക്ഷകരോട് ഗോമാതാവിന് പറയാനുള്ളത്

gou-raksha.jpg

പ്രിയ ഗോ രക്ഷകരേ,
എന്റെ വര്‍ഗക്കാരെ സംരക്ഷിക്കാന്‍ നിങ്ങള്‍ കാണിക്കുന്ന ജാഗ്രത കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ഒരു ചത്ത പശുവിന്റെ തോലുരിച്ചതിന് നിങ്ങള്‍ പാവപ്പെട്ട ചില ആളുകളെ വസ്ത്രമുരിഞ്ഞ് മര്‍ദിക്കുകയും നടത്തിക്കുകയും ചെയ്തതായി ഞാന്‍ കേട്ടു. നിങ്ങളവരുടെ വസ്ത്രം ഉരിഞ്ഞ് കൈകള്‍ ചേര്‍ത്ത് കെട്ടി വാഹനത്തിന് പിന്നില്‍ കെട്ടിയിട്ട് മര്‍ദിച്ചു. യഥാര്‍ഥത്തില്‍ ഞങ്ങളുടെ നന്മയും സുരക്ഷയും ഉദ്ദേശിക്കുന്നവരാണെങ്കില്‍ ദയയുള്ളവരും നല്ലവരുമായിരിക്കും നിങ്ങള്‍. ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ എങ്ങനെയാണ് ദയയുള്ളവര്‍ തന്റെ സഹജീവിയുടെ വസ്ത്രമുരിഞ്ഞ് മര്‍ദിക്കുക? തുകല്‍ സംസ്‌കരണ ശാലകളും തുകല്‍ വ്യവസായവുമുള്ള നാടാണ് ഇന്ത്യയെന്ന് നിങ്ങള്‍ക്കറിയില്ലേ? പശുക്കള്‍ കൊല്ലപ്പെടുന്നതും അവയുടെ തൊലിയുരിക്കപ്പെടുന്നതും അവയുടെ തൊലിക്ക് വിലയുള്ളത് കൊണ്ടാണ്. നിങ്ങള്‍ നിത്യവും ഉപയോഗിക്കുന്ന പല വസ്തുക്കളും ഞങ്ങളുടെ തൊലി കൊണ്ടുണ്ടാക്കിയതാണ്. ഞങ്ങളുടെ തൊലിയും മാംസവും കയറ്റിയയച്ച് നിങ്ങള്‍ വലിയ ലാഭമുണ്ടാക്കുന്നു. അത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുകയാണെങ്കില്‍ സ്വാഭാവികമായും ഞങ്ങളുടെ തൊലിക്കുള്ള ആവശ്യകത കുറയും. അപ്പോള്‍ ആരും ഞങ്ങളെ കൊല്ലുകയോ തൊലിയുരിക്കുകയോ ചെയ്യില്ല. പശുക്കള്‍ കൊല്ലപ്പെടുകയും തൊലിയുരിക്കപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന രോഷം എല്ലാറ്റിനെയും വില്‍പന ചരക്കാക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ നേര്‍ക്കാണ് പ്രകടിപ്പിക്കേണ്ടതെന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. അന്നത്തിനുള്ള വക കണ്ടെത്താന്‍ ചത്ത പശുവിന്റെ തോലുരിക്കുന്ന പാവപ്പെട്ടവരെ വസ്ത്രുമുരിഞ്ഞ് മര്‍ദിച്ച് പരേഡ് നടത്തിക്കുന്നതിന് പകരം തുകല്‍ വ്യവസായ രംഗത്തെ മുതലാളിമാരോട് അത് നിര്‍ത്തിവെക്കാനാണ് നിങ്ങളാവശ്യപ്പെടേണ്ടത്. അതിനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ? അതിന് നിങ്ങള്‍ക്കാവില്ലെങ്കില്‍ ദയവായി ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പീഡിപ്പിച്ചു കൊണ്ട് ഞങ്ങള്‍ക്ക് തരുന്ന സംരക്ഷണം അവസാനിപ്പിക്കുമോ?

രാജ്യം ഭരിക്കുന്നവര്‍ കോര്‍പറേറ്റ് മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാണിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ സ്വയം ജീവനൊടുക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? കൃഷിക്ക് പ്രഥമ പരിഗണ നല്‍കപ്പെടുകയാണെങ്കില്‍ കാലികള്‍ക്കും ആളുകള്‍ക്കുമിടയില്‍ ശക്തമായ ഒരു ബന്ധമുണ്ടാവും. സ്വാഭാവികമായും അത് ഞങ്ങള്‍ക്ക് സംരക്ഷണമാവും. കാര്‍ഷിക മേഖലയെയും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തെയും തകര്‍ക്കുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ നിങ്ങളെന്തു കൊണ്ട് പ്രതിഷേധിക്കുന്നില്ല? നിങ്ങളുടെ ഭരണാധികാരികളുടെ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ കാരണം കാര്‍ഷിക സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുമ്പോള്‍ ഞങ്ങള്‍ കാലികള്‍ മാംസത്തിനും തുകല്‍ വ്യവസായത്തിനും മാത്രമുള്ള അസംസ്‌കൃത ഉല്‍പന്നങ്ങളായി മാറുന്നു. അതുകൊണ്ട് കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ലെതര്‍ ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാനും ശ്രമിക്കുക. ഞങ്ങളുടെ മാംസവും തുകലും കൊണ്ട് മാത്രം നിലനില്‍ക്കുന്ന വ്യവസായങ്ങള്‍ അവസാനിപ്പിക്കാനും ശ്രമിക്കുക. ഇത്തരം ലക്ഷ്യങ്ങള്‍ക്കായി നയങ്ങളില്‍ മാറ്റം വരുത്താന്‍ നിങ്ങളുടെ സര്‍ക്കാറിനോട് ആവശ്യപ്പെടുക. അങ്ങനെ ചെയ്യാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടോ? അതിനാവില്ലെങ്കില്‍ ഗോരക്ഷയുടെ പേരില്‍ നിസ്സഹായരായ ആളുകളെ പീഡിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കുമോ?

ആ നിരപരാധികളെ നിങ്ങള്‍ മര്‍ദിച്ചപ്പോള്‍ നിങ്ങളില്‍ പലരും ധരിച്ചിരുന്നത് ലെതര്‍ ചെരിപ്പുകളായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. മിക്കവാറും ഞങ്ങളുടെ തുകല്‍ കൊണ്ടുണ്ടാക്കിയതായിരിക്കുമത്. അതുകൊണ്ട് നിങ്ങളുടെ ഗോ സംരക്ഷണത്തിന് പാവപ്പെട്ടവരുടെ മേല്‍ അതിക്രമം കാണിക്കുക എന്ന് മാത്രമേ അര്‍ഥമുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിങ്ങള്‍ ഞങ്ങളെ ‘സംരക്ഷിക്കുകയും’ ദലിതുകളോടും ആദിവാസികളോടും മോശമായി പെരുമാറുകയുമാണ് ചെയ്യുന്നതെങ്കില്‍ വളരെ നീചമായ കാര്യമാണത്. നിങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളുമുള്ള മനുഷ്യരാണ് അവരും എന്നത് നിങ്ങള്‍ മനസ്സിലാക്കണം. പശുക്കള്‍ക്കും കാളകള്‍ക്കും സംരക്ഷണം നല്‍കാന്‍ ഇറങ്ങിപ്പുറപ്പെടും മുമ്പ് നിങ്ങളിലെ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് വേണ്ടത്.

സര്‍ദാര്‍ സരോവര്‍ പ്രൊജക്ടിന്റെ ഫലമായി നര്‍മദ നദി ചുരുങ്ങിയത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ? നേരത്തെ 1.5 കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന ബറൂച്ചില്‍ അതിന് ഇന്ന് 400 മീറ്റര്‍ വീതി മാത്രമാണുള്ളത്. പാരിസ്ഥിതികവും സാമൂഹികവുമായ വലിയ ദുരന്തമാണ് അതുണ്ടാക്കുന്നത്. ഒരു നദിയുടെ മരണത്തിന് കാരണക്കാരായവരുടെ കൈകള്‍ ചേര്‍ത്ത് കെട്ടി അവരെ അടിക്കാന്‍ നിങ്ങളെന്താണ് തയ്യാറാവാത്തത്? അങ്ങനെ ചെയ്യാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ? പാവപ്പെട്ടവര്‍ക്ക് നേരെ അതിക്രമം കാണിക്കുന്നത് പോലെ എളുപ്പമുള്ള ഒന്നായിരിക്കില്ല അത്. നീയടക്കമുള്ള മനുഷ്യരുടെ (നിന്നെ പോലുള്ള സംരക്ഷകരുടെ മനുഷ്യത്വത്തെ കുറിക്ക് എനിക്ക് സംശയമുണ്ടെങ്കിലും) നിലനില്‍പിന് ആവശ്യമായ നദികളെയും വനങ്ങളെയും ഭരണകൂട പിന്തുണയോടെ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ഗോരക്ഷയുടെ പേരില്‍ പാവപ്പെട്ടവരെ മര്‍ദിക്കുന്നത്? ഗോരക്ഷയുടെ പേരില്‍ നിങ്ങള്‍ പാവങ്ങളെ ആക്രമിക്കുന്നത് ഞങ്ങള്‍ ഗോക്കളെ പോലും ലജ്ജിപ്പിക്കുകയാണ്. നിങ്ങള്‍ ഗോരക്ഷകരല്ല, സമൂഹത്തിലെ സമാധാനവും സൗഹാര്‍ദവും തകര്‍ക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികളാണ്.

നിങ്ങളെ പോലുള്ളവരാണ് 1992ല്‍ അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകം തകര്‍ത്തത്. രാജ്യത്ത് വ്യാപകമായ വര്‍ഗീയ കലാപങ്ങള്‍ക്കത് കാരണമായി. നമ്മുടെ രാജ്യത്ത് അധിനിവേശം നടത്തി ആളുകളെ അവരുടെ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിച്ച മുസ്‌ലിം ഭരണാധികാരികളോടുള്ള പ്രതികാരമായിട്ടാണ് അവരുടെ സൗധം തകര്‍ത്തതെന്നാണ് നിങ്ങള്‍ പറയുന്നത്. മധ്യകാലത്ത് വിദേശ ഭരണാധികാരികള്‍ ഇന്ത്യയില്‍ അധിനിവേശം നടത്തുകയോ കീഴടക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള കാരണമാണോ അത്? ആളുകള്‍ കൂട്ടത്തോടെ മതം മാറിയിട്ടുണ്ടെങ്കില്‍ അതിന് കാരണം നിങ്ങളുടെ മതം അവര്‍ക്കം ശ്വസിക്കാനുള്ള ഇടവും അന്തരീക്ഷവും നിഷേധിച്ചതല്ലേ? നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ക്ക് നിങ്ങള്‍ ചെവി കൊടുക്കാത്തതെന്താണ്? ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യില്‍ അദ്ദേഹം പറയുന്നു: ”ബ്രിട്ടീഷുകാരുടെ ഇന്ത്യയിലേക്കുള്ള കടന്നു വരവിനെ ക്രിസ്ത്യന്‍ അധിനിവേശമെന്നോ, ബ്രിട്ടീഷ് ഭരണകാലത്തെ ക്രിസ്ത്യന്‍ ഭരണകാലം എന്നോ പ്രയോഗിക്കുന്നത് തെറ്റായത് പോലെ ഇന്ത്യയിലെ മുസ്‌ലിം അധിനിവേശം എന്നോ ഇന്ത്യയിലെ മുസ്‌ലിം ഭരണകാലമെന്നോ പറയുന്നത് തെറ്റിധരിപ്പിക്കുന്നതും തെറ്റായതുമായ പ്രയോഗമാണ്. ഇസ്‌ലാം ഇന്ത്യയില്‍ അധിനിവേശം നടത്തിയിട്ടില്ല.”

നിങ്ങളിലുള്ള പഴുപ്പ് നീക്കം ചെയ്യുന്നതിന് പകരം ഏറ്റവും ദുര്‍ബലരായവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ മുഷ്ടിചുരുട്ടുന്നത് അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. നിങ്ങള്‍ക്കിടയിലെ ഹതഭാഗ്യരായ ആളുകളെ സംരക്ഷിക്കാനാവാത്ത നിങ്ങള്‍ക്ക് എങ്ങനെയാണ് ഞങ്ങള്‍ മൃഗങ്ങളെ ‘സംരക്ഷിക്കാന്‍’ സാധിക്കുക?                              
എന്ന്
നിങ്ങളുടെ സ്വന്തം ഗോമാതാവ്‌

പിന്‍കുറി: വിവിധ രക്ഷാഗ്രൂപ്പുകളുടെ ഉപരോധത്തിലെന്ന പോലെയാണ് ഇന്ത്യന്‍ ജനാധിപത്യം. ഗോക്കളെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിന്റെ പേരില്‍ ശിക്ഷാഭീതിയില്ലാതെ അഴിഞ്ഞാടുന്ന വിവിധ വര്‍ണങ്ങളുള്ള ഇവര്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ്. ജനാധിപത്യത്തില്‍ സമൂഹത്തിലെ പ്രബല വിഭാഗങ്ങള്‍ക്കെന്ന പോലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സംരക്ഷണവും സുരക്ഷിതത്വവും ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ മുമ്പത്തേതിനേക്കാള്‍ കൂടുതലായി ശിക്ഷാഭീതിയില്ലാതെ ദലിതുകള്‍ക്കും ആദിവാസികള്‍ക്കും നേരെ അക്രമങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. കര്‍ണാടകയിലെ കല്‍ബുര്‍ഗി, ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ്, ഗുജറാത്തിലെ ദലിതുകള്‍ക്ക് നേരെയുള്ള മര്‍ദനം തുടങ്ങിയവയെല്ലാറ്റിന്റെ സ്രോതസ്സ് ഒന്നാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്ക് നേര്‍വിരുദ്ധമായ സാംസ്‌കാരിക അസഹിഷ്ണുതയോ ഫാഷിസമോ ആണത്.

ആളുകളുടെ, പ്രത്യേകിച്ചും അടിച്ചമര്‍ത്തപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നത് കാണുന്നില്ലെന്നതാണ് അടിസ്ഥാന പ്രശ്‌നം. പ്രവര്‍ത്തനങ്ങളിലൂടെ കോര്‍പറേറ്റുകളെ സംരക്ഷിക്കുന്ന സര്‍ക്കാറില്‍ നിന്നും ചില വര്‍ത്തമാനങ്ങള്‍ മാത്രമാണ് സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്ക് ലഭിക്കുന്നത്. അതില്‍ നിന്നെല്ലാം ആളുകളുടെ ശ്രദ്ധ തെറ്റിക്കാനാണ് ഇത്തരം ജാഗ്രതാ ഗ്രൂപ്പുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നത്. 2014 മെയ് 20ന് പാര്‍ലമെന്റില്‍ നടത്തിയ 32 മിനുറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ മോദി പറഞ്ഞു: ”പാവങ്ങള്‍ക്ക് ചെവികൊടുക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന, അവര്‍ക്ക് വേണ്ടിയുള്ള ഒരു സര്‍ക്കാറാണിത്. പാവങ്ങള്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചിരിക്കുകയാണ് പുതിയ സര്‍ക്കാര്‍. ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും ദലിതുകള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവരുടെ അഭിലാഷങ്ങള്‍ക്കും വേണ്ടിയാണ് ഈ സര്‍ക്കാര്‍. അത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.” എത്രത്തോളം സത്യസന്ധതനാണ് മിസ്റ്റര്‍ മോദി!

അവലംബം: countercurrents.org
വിവ: നസീഫ്

Related Articles