Current Date

Search
Close this search box.
Search
Close this search box.

ഗസ്സ സംസാരിക്കുന്നു; ഇതാണ് ഉപരോധം ഞങ്ങളോട് ചെയ്തത്

gaza0214.jpg

2006-ലാണ് ഗസ്സക്ക് മേല്‍ ആദ്യമായി ഉപരോധമേര്‍പ്പെടുത്തപ്പെടുന്നത്. ഇതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് മര്‍യമിന് മൂന്ന് കുഞ്ഞുങ്ങള്‍ പിറക്കുന്നത്; ജമാല്‍, ലിന, സാറ. കഴിഞ്ഞ തവണ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഇവരൊക്കെയും സാക്ഷികളാണ്.

‘കറണ്ട് പോകുമ്പോഴേക്ക് എന്റെ കുട്ടികള്‍ പേടിക്കാന്‍ തുടങ്ങും. എല്ലാ സമയത്തും ഇതുതന്നെയാണ് അവസ്ഥ,’ നുസൈരിയത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ 33 വയസ്സുകാരിയായ ഉമ്മയുടെ വാക്കുകളാണിത്. കമ്മ്യൂണിക്കേഷനില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള അവരിപ്പോള്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തിലാണ്. ‘2014-ല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ കെടുതികളില്‍ നിന്നും അവര്‍ ഇപ്പോഴും മോചിതരല്ല. യുദ്ധം ഇപ്പോഴും എന്റെ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി മാറിക്കഴിഞ്ഞു.’

ഒരുപാട് വര്‍ഷം ശ്രമിച്ചെങ്കിലും മര്‍യമിന് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. ലോക ബാങ്കിന്റെ കണക്ക് പ്രകാരം ലോകത്ത് തന്നെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഗസ്സ.

2006-ലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഫലസ്തീന്‍ വിമോചന ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഹമാസ് വിജയം വരിച്ചത്. 2006 മുതല്‍ക്കാണ് ഘട്ടം ഘട്ടമായി ഗസ്സക്ക് മേല്‍ ഉപരോധമേല്‍പ്പെടുത്താന്‍ തുടങ്ങിയതും. അതോടെ ഗസ്സയിലേക്കുള്ള സാമ്പത്തിക സഹായങ്ങള്‍ പിടിച്ചുവെക്കപ്പെട്ടു, ഇക്കാരണത്താല്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ ഹമാസ് സര്‍ക്കാറിന് കഴിയാത്ത ഒരു അവസ്ഥ സംജാതമായി. സര്‍ക്കാര്‍ ഉടനടി നിലംപൊത്തുമെന്നും, ഹമാസിന്റെ രാഷ്ട്രീയ എതിരാളികളായ ഫതഹ് ഫലസ്തീന്‍ അതോറിറ്റിക്ക് മേലുള്ള അധികാരത്തിലേറുമെന്നും എല്ലാവരും കരുതി.

എന്നാല്‍, ഇസ്രായേലിന്റെയും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെയും പ്രതീക്ഷകള്‍ പൂവണിഞ്ഞില്ല. പദ്ധതി പ്രകാരമുള്ള ഹമാസ് ഭരണകൂടത്തിന്റെ തകര്‍ച്ചക്ക് വേഗം കൂട്ടാനായി ഇസ്രായേല്‍ ഗസ്സയില്‍ ബോംബാക്രമണം ആരംഭിക്കുന്ന കാഴ്ച്ചയാണ് പിന്നീട് നമുക്ക് കാണാന്‍ സാധിച്ചത്. ഹമാസിന്റെ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 2007-ഓടെ ഹമാസും ഫതഹും തമ്മിലുള്ള വൈരും തെരുവ് യുദ്ധത്തിലേക്ക് വ്യാപിച്ചു.

അന്നാണ് ഉപരോധം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിലവില്‍ വന്നത്. ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ സമയമൊക്കെയും വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണം ഫതഹിന്റെ കൈയ്യില്‍ തന്നെയാണ്. ഹമാസും ഫതഹും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ അധികവും പരാജയപ്പെട്ടു. റഫാ അതിര്‍ത്തി അടഞ്ഞ് തന്നെ കിടന്നു. ഇതിനിടെ ആയിരകണക്കിന് നിരപരാധികളെ കൊന്നു കൊണ്ട് ഇസ്രായേല്‍ മൂന്ന് തവണ ഗസ്സയില്‍ ബോംബാക്രമണം നടത്തി.

മൂന്ന് തുടര്‍ച്ചയായ യുദ്ധങ്ങള്‍ (2008-9, 12, 14) ഗസ്സക്ക് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വളരെ കനത്തതായിരുന്നു. അത് ഗസ്സയെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടു. ഉദാഹരണമായി വൈദ്യുതി ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ പോലും 8 – 10 മണിക്കൂര്‍ മാത്രമേ ഫലസ്തീനികള്‍ക്ക് വൈദ്യുതി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ബാക്കി സമയം ഇരുട്ടില്‍ കഴിയേണ്ടി വരും. 2020-ഓടെ ഗസ്സ ‘ജീവയോഗ്യമല്ലാത്ത’ ഒരിടമായി മാറുമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു കഴിഞ്ഞു.

പക്ഷെ നമ്മള്‍ ശ്രദ്ധിക്കാത്ത ചില വശങ്ങള്‍ കൂടിയുണ്ട്. ഒരു ജനതയുടെ മാനുഷിക പുരോഗതിയെ ഉപരോധം എങ്ങനെയാണ് തടസ്സപ്പെടുത്തുന്നതെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ല.

ഉപരോധം ആരംഭിച്ച ഘട്ടത്തില്‍, അഹ്മദ് ഗസലിന് 13 വയസ്സാണ് പ്രായം. 23 വയസ്സുകാരനായ അദ്ദേഹമിപ്പോള്‍ ഗസ്സയിലെ ഒരു പ്രാദേശിക ലൈബ്രറിയില്‍ ജോലി ചെയ്യുകയാണ്. ‘ജീവിതം ഇവിടെ തീരെ സുഖകരമല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി നല്ല ഭക്ഷണവും, ശുദ്ധജലവും, മികച്ച വൈദ്യസഹായവും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. ഇതിനേക്കാളുപരി സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്റെ കൂടുതല്‍ ക്ഷുഭിതനാക്കുന്നത്. ഇസ്രായേല്‍-ഈജിപ്ഷ്യന്‍ സര്‍ക്കാറുകള്‍ അവരുടെ അതിര്‍ത്തികള്‍ അടച്ച് പൂട്ടിയതോടെ ഗസ്സയില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഞങ്ങള്‍ ശരിക്കും കുടുങ്ങിപ്പോയി. ഒരു തരം കെണിയിലകപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോള്‍.’ അദ്ദേഹം പറഞ്ഞു.

21 വയസ്സുകാരനായ മാഹിര്‍ അസ്സാം ഇംഗ്ലീഷ് അധ്യാപകനാണ്. ഒരു എഴുത്തുകാരനാവണമെന്നാണ് അവന്റെ ആഗ്രഹം. പക്ഷെ ഗസ്സയിലെ ജീവിതം ഇഞ്ചിഞ്ചായുള്ള മരണമാണെന്നാണ് അവന്‍ പറയുന്നത്.

‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗസ്സയില്‍ രക്തസാക്ഷികളായവരുടെ എണ്ണം 4000-ത്തില്‍ കവിയും. ഗസ്സയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും ഓരോ ദിവസം മരിച്ച് ജീവിച്ചു കൊണ്ടിരിക്കുന്നവരാണ്. പക്ഷെ ഞങ്ങള്‍ പ്രതീക്ഷ കൈവിടുന്നില്ല. സര്‍ഗാത്മകതയിലൂടെ അതിജീവിക്കാന്‍ ഞങ്ങള്‍ പഠിച്ച് കഴിഞ്ഞു. ഇസ്രായേല്‍ അവരുടെ ക്രൂരചെയ്തികള്‍ തുടരുകയും, അന്താരാഷ്ട്രസമൂഹം നിശബ്ദരായി ഇരിക്കുകയും ചെയ്തുകൊള്ളട്ടെ, കീഴടങ്ങാന്‍ ഞങ്ങള്‍ ഒരിക്കലും തയ്യാറല്ല.’ മാഹിര്‍ അസ്സാം പറഞ്ഞു.

ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ 21 വയസ്സുകാരി ഹിബ സഹറിന് പ്രതീക്ഷനഷ്ടപ്പെടാതിരിക്കുന്നതിന്റെ പ്രാധാന്യം ശരിക്കറിയാം. ‘പ്രതീക്ഷ കൈവിടാതെയാണ് ഈ വര്‍ഷങ്ങളൊക്കെയും ഞങ്ങള്‍ അതിജീവിച്ചത്. പത്ത് വര്‍ഷത്തെ കഠിന ജീവിതം ശക്തിയോടെ നിലകൊള്ളാനും, ജീവിതത്തെ സ്‌നേഹിക്കാനും, ഉപരോധത്തെ തോല്‍പ്പിക്കാനുമാണ് ഞങ്ങളെ പഠിപ്പിച്ചത്.’ പക്ഷെ ഉപരോധത്തെ പരാജയപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല, കാരണം അത് ‘ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു കഴിഞ്ഞു. വിദേശത്ത് പഠിക്കാനുള്ള അവസരങ്ങള്‍ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായി. അതിര്‍ത്തി തുറക്കുന്നതും കാത്ത് കിടന്ന ഒരുപാട് രോഗികള്‍ മരണപ്പെട്ടു. അതിര്‍ത്തി തുറക്കുന്നതിനെ ആശ്രയിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജീവിത ചെലവ് മുമ്പെങ്ങും കാണാത്ത വിധം ഉയര്‍ന്നിരിക്കുകയാണ്’ ഹിബ പറഞ്ഞ് നിര്‍ത്തി.

20 വയസ്സുകാരിയായ ഗദ അബൂ മിസ്ബാഹ് പറയുന്നത് കേള്‍ക്കുക, ‘ഉപരോധവുമായി ഗസ്സയിലെ ആളുകള്‍ പൊരുത്തപ്പെട്ട് കഴിഞ്ഞു. അത് ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായത് പോലെയാണ്. സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്ന, എല്ലാ സമയത്തും വൈദ്യുദി ലഭിക്കുന്ന ഒരു ഗസ്സയെ കുറിച്ച് എനിക്കിപ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ഉപരോധത്തിന് മുമ്പുള്ള ജീവിതം ഇന്ന് ഓര്‍ത്തെടുക്കാന്‍ പോലും ബുദ്ധിമുട്ടാണ്’.

എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഹനാ സലാഹ് ഗസ്സക്ക് പുറത്തേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. പക്ഷെ വിജയിച്ചില്ല. ‘പിന്നീടൊരിക്കലും ഞാനതിന് ശ്രമിച്ചിട്ടില്ല. കാരണം മറ്റുള്ളവര്‍ നിരന്തരം പരാജയപ്പെടുന്നത് എന്നെ മാനസികമായി തളര്‍ത്തി കളിഞ്ഞിരുന്നു. ഒരു കൂട്ടിലടച്ചത് പോലെയാണ് ഞങ്ങളുടെ ജീവിതം. ഈ കൂടിന് പുറത്ത് എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കൊരു നിശ്ചയവുമില്ല. എന്താണിനി വരാനിരിക്കുന്നതെന്ന് അറിയില്ല. പ്രതീക്ഷ കൈവിടാതെ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.’

വിദ്യാഭ്യാസാവശ്യത്തിന് ചിലര്‍ക്കൊക്കെ ഗസ്സക്ക് പുറത്തേക്ക് പോകാന്‍ സാധിച്ചിരുന്നു, പക്ഷെ തിരിച്ച് ഗസ്സയിലേക്ക് വരാന്‍ കഴിയാതെ അവിടെ കുടുങ്ങാനായിരുന്നു അവരുടെ വിധി. പി.എച്ച്.ഡി ചെയ്യാനായി 2012-ല്‍ മലേഷ്യയിലേക്ക് പോയതാണ് റാഫത്ത് അല്‍അരീര്‍. എഴുത്തുകാരനും, ലെക്ച്ചററുമായ അദ്ദേഹം 2014 മുതല്‍ക്ക് ഗസ്സയില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്. 2014-ല്‍ ഇസ്രായേല്‍ ഗസ്സയില്‍ ബോംബാക്രമണം നടത്തിയപ്പോള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അന്ന് തന്റെ സഹോദരനെയും വീടും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. റഫ അതിര്‍ത്തി അടച്ചുപൂട്ടിയതിനാല്‍ പിന്നീട് അദ്ദേഹത്തിന് മലേഷ്യയിലേക്ക് തിരിച്ച് പോകാന്‍ സാധിച്ചിട്ടില്ല.

ശിഫ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന യുവ ഡോക്ടര്‍ ബിലാല്‍ ദബൂറിന്റെ അവസ്ഥയും ഇതുതന്നെയാണ്. ‘2014-ല്‍ ഇസ്രായേല്‍ ബോംബാക്രമണം തുടങ്ങി സമയത്താണ് ഞാന്‍ ബിരുദം പൂര്‍ത്തിയാക്കിയത്. വേദനാജനകമായിരുന്നു അവസ്ഥ. മറ്റു ഡോക്ടര്‍മാര്‍ ഒരുപാട് വര്‍ഷത്തെ പ്രാക്ടീസിലൂടെ നേടിയെടുക്കുന്ന കാര്യങ്ങളേക്കാള്‍ കൂടുതലായിരുന്നു യുദ്ധത്തിന്റെ സമയത്ത് അല്‍ശിഫ ഹോസ്പിറ്റലില്‍ ഒരുമാസം ജോലി ചെയ്തപ്പോള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍. പക്ഷെ ഇപ്പോളെനിക്ക് ജോലിയില്ല. എന്റെ കൂട്ടുകാരെ പോലെ തന്നെ കാര്യമായ ഒരു വരുമാന മാര്‍ഗമില്ലാതെ അലയുകയാണ് ഞാനും.’

ഗസ്സക്ക് മേല്‍ ക്രൂരമായ ഉപരോധം നിലനില്‍ക്കുന്നുണ്ടെന്ന് ഇപ്പോഴാണ് ആളുകള്‍ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നതെങ്കിലും അന്നും ഇന്നും ഗസ്സയുടെ അവസ്ഥ ഒന്നുതന്നെയാണെന്നാണ് അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി വലാ അല്‍ഹുസൈന്‍ പറയുന്നത്. ‘പ്രതിഷേധ പ്രകടനങ്ങള്‍ മാത്രമല്ല ഞങ്ങള്‍ക്ക് വേണ്ടത്. ഉപരോധം നീക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ശക്തമായ സമര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. നൂറു കണക്കിന് രോഗികളാണ് മരിച്ച് കൊണ്ടിരിക്കുന്നത്, വിദേശ പഠിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു, ജനജീവിതം നിലച്ച് കൊണ്ടിരിക്കുന്നു.’ വലാ അല്‍ഹുസൈന്‍ കൂടുതലൊന്നും പറയാതെ അവസാനിപ്പിച്ചു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles