Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ ഓതുന്നവരെ തടയുന്നതെന്തിന്!

quran-recita.jpg

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ചില റമദാന്‍ ക്ലാസുകള്‍ കേട്ട അനുഭവത്തില്‍ നിന്ന് ചിലത് കുറിക്കുകയാണ്. ഖുര്‍ആന്‍ അര്‍ത്ഥം അറിഞ്ഞ് പഠിക്കണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിന്റെ പ്രാധാന്യത്തെ കുറിച്ച് വിശ്വാസികളേ ബോധവല്‍കരിക്കുകയും വേണം. പക്ഷേ പല പ്രാസംഗികരും ഈ ബോധവല്‍കരണം നടത്തുന്നത് നിഷേധാത്മക രീതിയിലായി പോകുന്നുവെന്നത് സങ്കടകരമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ നിസ്സാരവല്‍കരിക്കുന്ന രീതിയിലാണ് പലരും പ്രസംഗം തുടങ്ങുന്നത്. ചില തീവ്രവാദികള്‍ അവിടേയും നില്‍ക്കാതെ അര്‍ത്ഥമറിയാതെയുള്ള ഖുര്‍ആന്‍ പാരായണത്തിന് പ്രതിഫലമേ ഇല്ലെന്ന് വരെ പറഞ്ഞ് കളയും. ഈ രീതി സാധാരണക്കാരില്‍ യാതൊരു സ്വാധിനം ചെലുത്തുകയില്ലെന്ന് മാത്രമല്ല നിഷേധാത്മക ഫലമുണ്ടാക്കുകയും ചെയ്യും. കാരണം ഖുര്‍ആന്‍ പാരായണമെന്നത് ഇസ്‌ലാമിക സമൂഹം തുടര്‍ച്ച മുറിയാതെ ചെയ്ത് കൊണ്ടിരുന്ന ഒരു മഹത്തായ സംസ്‌കാരമാണ്. ഇസ്‌ലാം കടന്ന് ചെന്ന എല്ലാ നാട്ടിലും അതുണ്ട്. റമദാന്‍ മാസത്തില്‍ ആ പ്രവണത കൂടും. കുട്ടികള്‍ പോലും ഓതി തീര്‍ത്ത ഖതമിന്റെ എണ്ണത്തില്‍ മേനി നടിക്കുന്നതും അതിനായി മത്സരിക്കുന്നതും എവിടേയും കാണാം. ഇസ്‌ലാമിക സമൂഹം അതിജീവനത്തിനായി എവിടെയും കൈവിടാതെ സൂക്ഷിച്ച ഒരു സാംസ്‌കാരിക മൂലധനമാണത്.

പ്രവാചകന്റെ കാലത്തെ അറബികളായ സഹാബികളെല്ലാവരും ഖുര്‍ആന്‍ ആശയം പൂര്‍ണമായും ഗ്രഹിച്ചവരായിരുന്നുവെന്നത് നമ്മൂടെ വലിയൊരു തെറ്റിദ്ധാരണയാണ്. എല്ലാവരും ഖുര്‍ആന്‍ മുഴുവനായി കണ്ടിട്ടുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഓരോത്തരും അവരുടേ ബൗദ്ധിക നിലവാരമനുസരിച്ച് അവര്‍ക്ക് ആവശ്യമുള്ളത് മാത്രം പ്രവാചകനില്‍ നിന്ന് പഠിക്കുകയായിരുന്നു പതിവ്. അതേ സമയം തങ്ങള്‍ക്ക് അറിയുന്ന ഭാഗങ്ങള്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുകയും ചെയ്തിരുന്നു. ഖുര്‍ആന്‍ മുസ്വ്ഹഫ് രൂപത്തില്‍ ക്രോഡീകരിക്കപെട്ടതോടെ ഈ പാരായണം എളുപ്പമായി. അത് വെറുതേ പാരായണം ചെയ്യുന്നതിന് പോലും പ്രതിഫലം നിശ്ചയിച്ചതിന്റെ യുക്തി അതിന്റെ സംരക്ഷണം കൂടിയായിരുന്നു. എത്ര ശ്രമിച്ചാലും ഖുര്‍ആന്റെ ആശയം എല്ലാവരും ഗ്രഹിക്കുക അസാധ്യമാണ്. എങ്കിലും ആവര്‍ത്തിച്ചുള്ള ഖുര്‍ആന്‍ പാരായണത്തിലൂടെ ഖുര്‍ആനികമായ ഒരു സംസ്‌കാരം എല്ലാം വീടുകളിലും ഉണ്ടാകണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. എഴുത്തും വായനയും സാര്‍വത്രികമായിട്ടില്ലാത്ത കാലത്ത് പോലും മുസ്‌ലിം താമസിക്കുന്ന എല്ലാ പ്രദേശങ്ങളിലും ഓത്ത് പള്ളികള്‍ ഉണ്ടായിരുന്നത് അത് കൊണ്ടാണ്. അതിനാല്‍ ഖൂര്‍ആന്‍ ഓതാന്‍ അറിയാത്ത മുസ്‌ലിംകള്‍ ഏത് കാലത്തും എവിടേയും വളരേ വിരളമേ കാണൂ. ഖുര്‍ആന്‍ ഓത്തിനുള്ള കൂലിയാണ് അതിന് കാരണം. പിന്നേ ഒരു സംസ്‌കാരം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപെടുന്നത് ആ സംസ്‌കാരത്തിന്റെ അടിത്തറകളെ മുഴുവനായും എല്ലാവരും ഗ്രഹിച്ച് കൊണ്ടൊന്നുമല്ല. അത് അസാധ്യവുമാണ്. എല്ലാ മത സമൂഹങ്ങളിലും വേദ പാരായണം ഒരു പുണ്യകര്‍മമായി മനസ്സിലാക്കപെടുന്നതും നില നില്‍ക്കുന്നതും ഈ സംസ്‌കാര കൈമാറ്റം ലക്ഷ്യം വെച്ച് കൂടിയാണ്. തിലാവതുല്‍ ഖുര്‍ആന്‍ ഈ ഒരു തലം കൂടിയുണ്ട്. അതിനാല്‍ ആ സംസ്‌കാരത്തെ നാം അങ്ങനെ തന്നെ അടുത്ത തലമുറയിലേക്ക് കൈമാറുക. ഒപ്പം ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍കരണം നടത്തുകയും ചെയ്യുക. ആദ്യത്തേതിനെ നിരുത്സാഹപെടുത്തി കൊണ്ടല്ല അത് ചെയ്യേണ്ടത് എന്നേ പറയുന്നുള്ളൂ. പല കാരണങ്ങളാല്‍ ഖുര്‍ആന്‍ പഠനം അസാധ്യമായവര്‍ക്ക് ഈ നിരുത്സാഹപെടുത്തല്‍ എന്ത് മാത്രം മനോവിഷമം ഉണ്ടാക്കും എന്ന കാര്യം കൂടി ആലോചിക്കേണ്ടതുണ്ട്.

Related Articles