Current Date

Search
Close this search box.
Search
Close this search box.

കൊലപാതകത്തോളം ഗുരുതരമായ പാപമാണ് ഈ മൗനം

fake-encounter.jpg

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ സെപ്തംബര്‍ വരെയുളള ആറുമാസക്കാലയളവില്‍ മാത്രം യു.പിയില്‍ 420ല്‍ അധികം ഏറ്റുമുട്ടലുകള്‍ നടന്നതായുള്ള റിപ്പോര്‍ട്ട് ഒരു പ്രമുഖ ദേശീയ മാധ്യമത്തില്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ഇത്രയും ഏറ്റുമുട്ടലുകളില്‍ 15 ഓളം പേര്‍ കൊല്ലപ്പെട്ടതായി പോലീസ് തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, 15 ഓളം പേര്‍ കൊല്ലപ്പെട്ട ഇത്രയും ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത പോലീസുകാരേയും അവര്‍ക്കേറ്റ പരിക്കും താരതമ്യം ചെയ്താല്‍ തന്നെ ഈ ഏറ്റുമുട്ടലുകളുടെ പിന്നാമ്പുറം വ്യക്തമാകും. എന്നാല്‍ കൊല്ലപ്പെടുന്നത് മുസ്‌ലിം ആണെങ്കില്‍ മീഡിയകള്‍ അതിന്റെ പിന്നാമ്പുറം അന്വേഷിക്കാന്‍ മുതിരുകയില്ലെന്ന് മാത്രമല്ല, പോലീസ് ഭാഷ്യം അപ്പടി അച്ചുനിരത്തുകയും ചെയ്യും എന്നതാണ് സത്യം. ഇപ്പോള്‍ യു.പിയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത് അതു തന്നെയാണ്. 15 പേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത പോലീസുകാരില്‍ ആര്‍ക്കും തന്നെ ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല, മറിച്ച് കാലിനും കൈയ്യിനും ചെറിയ പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകളാണുള്ളത്. ഇത് തന്നെ ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന ധാരണ നല്‍കുന്നതാണ്. ഏറ്റുമുട്ടലുകള്‍ വ്യാജമാകാനുള്ള സാധ്യതകള്‍ ഏറെയുണ്ടെങ്കിലും മീഡിയകള്‍ പോലീസ് ഭാഷ്യം ഒന്നാം പേജില്‍ വെണ്ടക്ക നിരത്തുന്നതാണ് യു.പിയില്‍ കാണുന്നത്. അതേസമയം, ദേശീയ മാധ്യമങ്ങള്‍ അത്തരം സംഭവങ്ങള്‍ അറിഞ്ഞ മട്ടുപോലുമില്ല. ഒന്നുകില്‍ സര്‍ക്കാര്‍ പോലീസ് ഭാഷ്യം ഏറ്റുപാടുക അല്ലെങ്കില്‍ മൗനം പാലിക്കുക എന്ന നേറികെട്ട നിലപാടാണ് അധിക മാധ്യമങ്ങളും തുടരുന്നത്.

യു.പിയിലെ ഷംലിയില്‍ നിന്നും ഇത്തരത്തിലുള്ള വ്യാജ ഏറ്റുമുട്ടലിന്റെ റിപ്പോര്‍ട്ടുകള്‍ സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദിര്‍ കഴിഞ്ഞ ദിവസം ഒരു പുറത്ത് വിട്ടിരുന്നു. വ്യാജ ഏറ്റമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ നേരില്‍ സന്ദര്‍ശിച്ച അദ്ദേഹം പരിക്കേറ്റവരുടെ കുടുംബത്തെ ഉദ്ദരിച്ച് പോലീസ് ഭാഷ്യം പൊളിക്കുന്നുണ്ട്. ഷംലി ഗ്രാമത്തില്‍ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോയ യുവാക്കളെ ഒരു കരിമ്പ് തോട്ടത്തില്‍ ഇറക്കി വിട്ട് പോലീസ് അവരോട് ഓടി രക്ഷപ്പെടാന് പറയുകയായിരുന്നു. ഓടിയാല്‍ വ്യാജ ഏറ്റുമുട്ടലായി ചിത്രീകരിച്ച് വധിക്കുമെന്ന ഭയന്ന യുവാക്കള്‍ അതിന് വിസമ്മതിച്ച് തോട്ടത്തില്‍ തന്നെ കിടന്നു. എങ്കിലും പോലീസ് അവരുടെ കാല്‍ മുട്ടിലും ഞെരിയാണിക്കും കൈമുട്ടിലും വെടിയുതിര്‍ത്ത് ഏറ്റുമുട്ടല്‍ ഭാഷ്യം ചമക്കുകയായിരുന്നു. കൊടും കുറ്റവാളികളെയാണ് ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയതെന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പോലീസ് വെടിവെച്ചതെന്നും പോലീസ് പറയുന്നു. എന്നാല്‍ ഓടി രക്ഷപ്പെടാന് ശ്രമിച്ചവരുടെ കാല്‍ മുട്ടിനും ഞെരിയാണിക്കും കൃത്യമായി വെടിവേക്കാന്‍ പോലീസിന് എങ്ങനെ സാധിച്ചുന്നുവെന്ന പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുടെ ചോദ്യത്തിന് മുന്നില്‍ പോലീസിന് ഉത്തരം മുട്ടുന്നു.

യു.പി യില്‍ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ നടക്കുന്ന പോലീസ് വേട്ട ബി.ജെ.പി, ആര്‍.എസ്.എസ് കൂട്ടുക്കെട്ടിന്റെ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വേണം മനസ്സിലാക്കാന്‍. ഷംലി ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ യു.പിയിലെ മുസ്‌ലിംകളെ കൊടും കുറ്റവാളികളായി ചിത്രീകരിച്ച് കൊണ്ടുള്ള പ്രചാരണങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സംഘ്പരിവാര്‍ ശക്തികള്‍ കാര്യമായി നടത്തിയിരുന്നു. ക്രിമിനലുകളായ മുസ്‌ലിംകളുടെ അംഗ സംഖ്യാ വര്‍ധനവാണ് മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായതെന്നും സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു. മുസ്‌ലിംകളെ കൊടും ക്രിമനലുകളായി ചിത്രീകരിച്ച് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് സാധുത നല്‍കുകയാണ് ആര്‍.എസ.എസും ബി.ജെ.പി യും യു.പിയില്‍ ചെയ്യുന്നത്.

യു.പിയില്‍ നിന്നുമുള്ള വ്യാജ ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍ പുറത്തുവന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ബി.ജെ.പി തന്നെ ഭരിക്കുന്ന അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വരുന്നത്. ഹരിയാനയിലെ നൂഹ് ജില്ലയില്‍ മുന്‍ഫദ് എന്ന മുസ്‌ലിം ചെറുപ്പക്കാരനെ പോലീസ് വിളിച്ചുകൊണ്ടു പോയി വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. സംഭവത്തെകുറിച്ച് അന്വേഷിച്ച ക്വില്‍ ഫൗണ്ടേഷന്‍ അടക്കമുള്ള നിയമവിദഗ്ധ സംഘങ്ങള്‍ വ്യക്തമാക്കുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂഹ്, ഫരീദാബാദ് ജില്ലകളില്‍ മാത്രം കൊടും ക്രിമനലുകളായി ചിത്രീകരിച്ച് 11 വ്യാജ ഏറ്റുമുട്ടലുകളില്‍ 15 മുസ്‌ലിം യുവാക്കളെ പോലീസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ മനുഷ്യാവകാശ സംഘടനകളോ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ അതിനെതിരെ രംഗത്ത് വരികയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, സംഭവത്തെ കുറിച്ച് കുറ്റകരമായ മൗനം തുടരുകയും ചെയ്യുകയാണ്.  2008 സെപ്തംബര്‍ 19 ന് ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ വധിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് മുന്‍ഫദിന്റെ കൊലപാതകത്തെ സംഭന്ധിച്ച വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്. രാജ്യ വ്യാപകമായി വലിയ പ്രതിഷേധത്തിന് വഴി വെച്ച ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ വീണ്ടും സംഭവിക്കുമ്പോള്‍ സിവില്‍ സൊസൈറ്റിയുടെ ജാഗ്രതക്കുറവ് കൂടി വ്യക്തമാക്കുന്നുണ്ടത്. രാജ്യത്ത് ഇനിയും വ്യാജ ഏറ്റുമുട്ടലുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതു സമൂഹം കൂടുതല്‍ ജാഗ്രത്തായ ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു എന്ന് വിളിച്ചോതുകയാണ് ഹരിയാനയില്‍ നിന്നും യു.പിയില്‍ നിന്നുമുള്ള വാര്‍ത്തകള്‍. ഈ കൊലപാതകങ്ങളേക്കാള്‍ വലിയ പാപമാണ് ഇനിയും നമ്മള്‍ നിശബ്ദമായിരിക്കുന്നത്.

Related Articles