Current Date

Search
Close this search box.
Search
Close this search box.

കുന്തുസ്; അമേരിക്കന്‍ അധിനിവേശം പരിഹാരമല്ല

kunduz.jpg

രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഖുന്തുസ് പട്ടണം തിരിച്ചു പിടിക്കാന്‍ അഫ്ഗാന്‍ സുരക്ഷാ സൈന്യം പോരാട്ടം തുടരുകയാണ്. അഫ്ഗാന്‍ സര്‍ക്കാറിന്റെ ബലഹീനതയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ്, ഖുന്തുസിലെ അമേരിക്കന്‍ പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാര്‍ നിലംപൊത്തിയത്. നീണ്ട കറുത്ത മുടിയുള്ള, വെളുത്ത ഷൂ ധരിച്ചിരുന്ന, സ്മാര്‍ട്ട് ഫോണുകള്‍ കൈകളിലേന്തിയ 2000-ത്തോളം താലിബാന്‍ കമാണ്ടര്‍മാര്‍ക്ക്, 30000-ത്തിലധികം ആളുകള്‍ വസിക്കുന്ന പട്ടണം പിടിച്ചടക്കാന്‍ കേവലം രണ്ട് മണിക്കൂര്‍ സമയമേ വേണ്ടിവന്നുള്ളു.

ഇങ്ങനെ സംഭവിച്ചതില്‍ അത്ഭുതപ്പെടാനൊന്നും തന്നെയില്ല: ഖുന്തുസ് കൈവിട്ടു പോയതില്‍ സംശയിക്കാനൊന്നുമില്ല; അത് സംഭവിക്കേണ്ടതു തന്നെയാണ്.

താലിബാന്റെ ശക്തിയാണ് ഈ ദുരന്തത്തിലൂടെ വ്യക്തമായതെന്നാണ് ചിലര്‍ പറയുന്നത്. പക്ഷെ താലിബാന്റെ ശക്തിയേക്കാള്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെ ബലഹീനതയെയാണ് ഖുന്തുസിന്റെ തകര്‍ച്ച കൂടുതല്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായുള്ള അഫ്ഗാന്‍ സര്‍ക്കാറിന്റെയും, അന്താരാഷ്ട്ര സഖ്യങ്ങളുടെയും ഭരണപരമായ പരാജയം, പട്ടണത്തിന്റെ ശക്തി ക്ഷയിക്കുന്നതിന് ഇടയാക്കി. ‘ഖുന്തുസാണ് വളരെ എളുപ്പം പിടിച്ചടക്കാന്‍ കഴിയുന്നത്’ എന്നാണ് ഒരു താലിബാന്‍ പോരാളി എന്നോട് പറഞ്ഞത്.

തുടക്കം മുതല്‍ക്ക് തന്നെ ഖുന്തുസ് പോലെയുള്ള പ്രദേശങ്ങളുടെ കാര്യത്തില്‍ പാശ്ചാത്യ സൈനിക അധിനിവേശത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരുന്നു. കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിലൂടെയും, അത്യാധുനിക ആയുധങ്ങളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു അവരുടെ വിചാരം. അവിടം മുതല്‍ക്കാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ഖുന്തുസിന്റെ അപകടസാധ്യത നിരീക്ഷകര്‍ അടുത്തകാലത്ത് ഉയര്‍ത്തികാണിച്ചിരുന്നു. ‘പ്രദേശത്തെ സങ്കീര്‍ണതകളെ കുറിച്ച് സര്‍ക്കാറിന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല’. പ്രദേശിക സര്‍ക്കാറിലെ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായ സങ്കീര്‍ണ്ണതകളാണ് ഖുന്തുസ് പോലെയുള്ള പ്രദേശങ്ങള്‍ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ സൈന്യത്തിന്റെ എണ്ണം കൂട്ടുന്നതിനും കുറക്കുന്നതിനും പകരം, പ്രദേശിക സംഘങ്ങള്‍ക്കിടയിലുള്ള പരസ്പര വൈര്യവും, വിഭാഗീയതയും ഇല്ലാതാക്കാനുള്ള നയതന്ത്ര സാധ്യതകളിലേക്കാണ് അന്താരാഷ്ട്ര സമൂഹം അനിവാര്യമായി ശ്രദ്ധപതിപ്പിക്കേണ്ടത്.

ഇതു തന്നെയാണ് അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രദേശങ്ങളുടെയും അവസ്ഥ. ഖുന്തുസിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. പരസ്പര വൈര്യത്താലും വിഭാഗീയ പോരിനാലും എല്ലായ്‌പ്പോഴും ശിഥിലീകരിക്കപ്പെട്ട് കിടക്കുന്ന അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകളില്‍ ഒന്നാണ് ഖുന്തുസ്. പ്രത്യേകിച്ച് ഏതെങ്കിലുമൊരു വംശത്തിന് ഖുന്തുസില്‍ ഭൂരിപക്ഷം അവകാശപ്പെടാന്‍ സാധിക്കില്ല. ഇതുതന്നെയാണ് കാര്യക്ഷമായ ഒരു നേതൃത്വം സ്ഥാപിച്ചെടുക്കുന്നിനുള്ള മുഖ്യ വെല്ലുവിളിയും.

അഫ്ഗാന്‍ സ്ഥിതിവിവരകണക്കനുസരിച്ച്, 34 ശതമാനം പഷ്തൂണ്‍ വംശവും, 27 ശതമാനം ഉസ്‌ബെക്കുകളും, 23 ശതമാനം താജിക്കുകളും അടങ്ങുന്നതാണ് ഇവിടുത്തെ ജനസംഖ്യ. ഇവര്‍ക്ക് പുറമെ ചെറു വംശങ്ങള്‍ വേറെയുമുണ്ട്. 19-ാം നൂറ്റാണ്ടില്‍ ഖുന്തുസിലേക്ക് അഭയാര്‍ത്ഥികളായി വന്നവരാണ് പഷ്തൂണുകള്‍. ഇതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട്.

1990-കളിലെ ആഭ്യന്തര യുദ്ധവും പ്രവിശ്യയിലെ വിഭാഗീയത വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും, പ്രദേശം ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരുന്നു. അത് പിന്നീട് കെടുകാര്യസ്ഥതക്കും, കവര്‍ച്ചക്കും, ഗോത്രങ്ങള്‍ക്കിടയിലുള്ള തുടര്‍ച്ചയായ സംഖ്യമാറ്റങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു.

ഭൂമിശാസ്ത്രപരമായി ദക്ഷിണേഷ്യയുമായി വളരെ അടുത്തു കിടക്കുന്നത് കാരണം, ഖുന്തുസിലെ പ്രാദേശിക കമാണ്ടര്‍മാരും, സായുധസംഘങ്ങളും മയക്കുമരുന്ന് വ്യാപാരത്തില്‍ അതിശക്തമായി ഇടപെട്ടിരുന്നു. ഇത് പരസ്പര വൈര്യം മൂര്‍ച്ഛിക്കുന്നതിനും, സംഘട്ടനം ശക്തിപ്പെടുന്നതിനും ഇടയാക്കി.

താലിബാന്‍ അധികാരം കൈയ്യാളിയിരുന്ന സമയത്ത്, കുന്തുസ് പിടിച്ചടക്കാന്‍ താലിബാനും പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്റെ ആധിപത്യം ശക്തിപ്പെട്ടപ്പോഴും, 1997-ല്‍ ഏറ്റവും അവസാനം മാത്രമാണ് കുന്തുസ് താലിബാന്റെ വരുതിയില്‍ വന്നത്.

മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുടെ സര്‍ക്കാറുമായി അടുപ്പം പുലര്‍ത്തിയിരുന്ന സംഘങ്ങളെ സഹായിക്കാനായി 2003-ല്‍ അമേരിക്കന്‍-ജര്‍മന്‍ സൈന്യങ്ങള്‍ അഫ്ഗാനില്‍ വന്നിറങ്ങിയതിനെ തുടര്‍ന്നാണ് കുന്തുസില്‍ വീണ്ടും സംഘട്ടനം ശക്തിപ്പെട്ടത്.

തുടര്‍ച്ചയായ ആഭ്യന്തര കലഹങ്ങള്‍ കാരണമായി 2009-ലും 2010-ലും അഫ്ഗാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ വഷളായപ്പോള്‍, അഫ്ഗാന്‍ ലോക്കല്‍ പോലിസ് (എ.എല്‍.പി) എന്ന പേരില്‍ അമേരിക്ക ഒരു പുതിയ സായുധസംഘത്തിന് രൂപംനല്‍കി. കുന്തുസിലെ അഞ്ച് ജില്ലകളില്‍ ഈ സംഘം വന്നിറങ്ങി. ഓരോ സംഘത്തിലും 200 പേരുണ്ടായിരുന്നു.

പ്രവിശ്യയിലെ അരക്ഷിതാവസ്ഥയില്‍ എ.എല്‍.പിക്കും കാര്യമായ പങ്കുണ്ടെന്ന് ദി ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് അടുത്ത കാലത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എ.എല്‍.പിയുടെ സാന്നിധ്യമുണ്ടായിരുന്ന ജില്ലകളില്‍, ആക്രമണ സംഭവങ്ങളുടെ കാര്യത്തില്‍ 20 ശതമാനം വര്‍ദ്ധവുണ്ടായി. അനധികൃതമായ നികുതി ചുമത്തല്‍, കവര്‍ച്ച, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എ.എല്‍.പിയുടെ നേതൃത്വത്തില്‍ നടക്കുന്നതായി ആരോപണമുയര്‍ന്നു.

അങ്ങേയറ്റം ക്ഷയിച്ചു പോയ അഫ്ഗാന്‍ സര്‍ക്കാറിനെ പുനഃപ്രതിഷ്ഠിക്കുന്നതിന് വേണ്ടി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കുന്തുസിലേക്ക് ഇപ്പോള്‍ മടങ്ങി വന്നിട്ടുണ്ട്. അമേരിക്കയിലാകട്ടെ, അഫ്ഗാനിസ്ഥാനിലെ അടുത്ത ഘട്ട സൈനിക വിന്യാസത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് അടുത്തു തന്നെ ചര്‍ച്ചക്ക് തുടക്കിമിടും. പക്ഷെ കാര്യക്ഷമമായ ഒരു അഫ്ഗാന്‍ സര്‍ക്കാറിന്റെ അഭാവത്തില്‍ നടക്കുന്ന പ്രസ്തുത ചര്‍ച്ചകളെല്ലാം തന്നെ നിഷ്ഫലമാണെന്ന് തെളിയുക തന്നെ ചെയ്യും.

അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമില്ലാത്തതോ, അല്ലെങ്കില്‍ അഫ്ഗാന്‍ സുരക്ഷാ സൈന്യത്തിന് കൂടുതല്‍ നല്ല പരിശീലനം ലഭിക്കാത്തതോ അല്ല കുന്തുസിന്റെ യഥാര്‍ത്ഥ പ്രശ്‌നം. സൈനിക അധിനിവേശത്തില്‍ നിന്നും പിന്‍മാറുകയാണ് അമേരിക്ക ചെയ്യേണ്ടത്. എന്നിട്ട് നയതന്ത്രജ്ഞതയിലും, മധ്യസ്ഥതയിലും ഊന്നിയ, മൊത്തം രാജ്യത്തിന് വേണ്ടിയുള്ള ഒരു ബൃഹത്പദ്ധതിയുമായി മുന്നോട്ട് വരികയാണ് വേണ്ടത്.

പ്രാദേശിക സര്‍ക്കാറിന്റെ എല്ലാതലങ്ങളിലുമുള്ള കാര്യക്ഷമമായ രാഷ്ട്രീയ പ്രതിനിധാനത്തെ ആശ്രയിച്ചാണ് അഫ്ഗാനിസ്ഥാന്റെ ഭാവി. ജനങ്ങളെ സേവിക്കുന്ന ഒരു അഫ്ഗാന്‍ സര്‍ക്കാറിന് മാത്രമേ ഭാവിയില്‍ താലിബാന്റെ വിജയങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുകയുള്ളു.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles