Current Date

Search
Close this search box.
Search
Close this search box.

കാശ്മീര്‍ എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല, അവിടത്തെ ജനങ്ങളാണ്

kashmir-uvs.jpg

കഴിഞ്ഞ ഏപ്രില്‍ 17 ന് ഒരു ട്വീറ്റിലൂടെ സുബ്രമണ്യന്‍ സ്വാമി കാശ്മീര്‍ പ്രശ്‌നത്തിന് ലളിതമായ ഒരു പരിഹാരം തൊടുത്തുവിട്ടു. കാശ്മീരിനെ ജനശൂന്യമാക്കുക. കാശ്മീരികളെ എല്ലാവരെയും അല്‍പകാലത്തേക്ക് തമിള്‍നാട്ടില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കുടിയിരുത്തുക. നമുക്കിടയിലുള്ള ഒരു കോമാളിയാണ് ഇയാളെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ഇയാളെപ്പോലെ അസാധാരണ കഴിവുകളില്ലാത്ത സാധാരണ രാഷ്ട്രീയക്കാര്‍ക്ക് ലഭ്യമല്ലാത്ത ചില ഉപായങ്ങളിലൂടെ, പറയപ്പെടാത്തതും പറഞ്ഞുകൂടാത്തതുമായ ചിലതൊക്കെ വിളിച്ചുപറയാന്‍, ഷെയ്ക്‌സ്പിയര്‍ നാടകങ്ങളിലെ ചില കോമാളികളെ പോലെ, ഇയാള്‍ക്ക് സാധിക്കുന്നു.

കൃത്രിമമായി ക്ഷാമവും ദാരിദ്ര്യവുമുണ്ടാക്കി, അയര്‍ലന്റിലെ ആയിരക്കണക്കിന് കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനേക്കാള്‍ ലാഭകരമല്ലേ, അവരെ നന്നായി തീറ്റി വളര്‍ത്തുകയും, പിന്നീട് അവരെത്തന്നെ നല്ല രുചിയുള്ള പലവിധ ഭക്ഷണരൂപങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് എന്ന് ചോദിച്ചിരുന്നു മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോനഥന്‍ സ്വിഫ്റ്റ്. (A Modest Proposal കാണുക) എന്തൊക്കെയായാലും, അദ്ദേഹം പറഞ്ഞുവെച്ച കാര്യം ഔദ്യോഗിക ഇന്ത്യന്‍ നിലപാടിലെ ക്രൂരമായൊരു വൈരുദ്ധ്യം വെളിവാക്കുന്നതിന് സഹായകരമായിട്ടുണ്ട്. കാശ്മീര്‍ താഴ്‌വര നമുക്കിഷ്ടമാണ്. പക്ഷേ, കാശ്മീരികളാരും അവിടെയുണ്ടാവരുത്!

പക്ഷേ, സ്വാമിയുടെ അഭയാര്‍ത്ഥി ക്യാമ്പ് നിര്‍ദ്ദേശം വളരെ ക്രൂരമായ കാരുണ്യമായിപ്പോയി – കാശ്മീര്‍ പണ്ഡിറ്റുകളെ കൂടി ഉള്‍ക്കൊള്ളുന്ന അഭയാര്‍ത്ഥി ക്യാമ്പുകളല്ല സ്വാമി ഉദ്ദേശിച്ചതെങ്കില്‍. മറിച്ച്, പണ്ഡിറ്റുകളെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു നിര്‍ദ്ദേശമാണെങ്കില്‍, വെറുതേ ചുറ്റിക്കറങ്ങാന്‍ പറ്റിയ ഒരു നോണ്‍ റസിഡന്റ് കാശ്മീരായി താഴ്‌വാരത്തെ പട്ടാളത്തിന് വിട്ടുകൊടുക്കുന്ന നല്ലൊരു നിര്‍ദ്ദേശം തന്നെ! പാവം എന്റെയോരോ പേടിസ്വപ്‌നങ്ങള്‍! അഭയാര്‍ത്ഥി ക്യാമ്പെന്ന് പറഞ്ഞത് ഹിറ്റ്‌ലറുടെ കോണ്‍സെന്റ്രേഷന്‍ ക്യാമ്പ് പോലെന്തെങ്കിലുമായിരിക്കുമോ? ഏയ്! സ്വാമി അങ്ങനെയൊന്നും വിചാരിക്കില്ലായിരിക്കും!

സഹോദരന്‍ രാം കുമാറുമൊത്ത് താമസിച്ചിരുന്ന കരോള്‍ ബാഗിലെ വീട് മാറിപ്പോകാന്‍ സമയമടുത്തപ്പോള്‍, തങ്ങള്‍ കശാപ്പ് നടത്താന്‍ പോകുന്ന ബലിമൃഗത്തിന്റെ വില നിശ്ചയിക്കാന്‍ വെമ്പുന്ന മൊട്ടക്കണ്ണുകളുമായി വാതില്‍ക്കലെത്തിയ ആളുകളെ കുറിച്ച് ഹിന്ദി എഴുത്തുകാരന്‍ നിര്‍മല്‍ വര്‍മ്മ വിവരിച്ചത് ഓര്‍മ്മയിലെത്തുന്നു. തങ്ങളുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്നിരുന്ന ഒരു വീട് ഉപേക്ഷിച്ച് പോകേണ്ടിവരുന്ന ഒരു കുടുംബത്തിന്റെ നൊമ്പരങ്ങളൊന്നും അവര്‍ ഗൗനിച്ചതേയില്ല. മാര്‍ക്കറ്റ് വാല്യു മാത്രമായിരുന്നു അവരുടെ ചിന്താവിഷയം. കാശ്മീരുമായി ബന്ധപ്പെട്ട എല്ലാ വര്‍ത്തമാനങ്ങളിലും ഈ സംഭവം എന്റെ മനസ്സിലേക്കോടിയെത്തും. എന്താണ് ഇന്ത്യയുടെ കാശ്മീര്‍ പ്രശ്‌നം? അവിടെ കാശ്മീരികളുണ്ട്! അത് തന്നെ, അത് മാത്രമാണ് പ്രശ്‌നം! സുഹൃത്തുക്കളുമായി കാശ്മീര്‍ വിഷയം സംസാരിക്കുമ്പോഴൊക്കെ ഞാനാലോചിച്ചിട്ടുണ്ട്. കാശ്മീരെന്താ റിയല്‍ എസ്‌റ്റേറ്റ് ഭൂമിയോ! ചില ചരിത്രങ്ങള്‍ സംഭവിച്ചത് പോയത് കാരണം ജനശൂന്യമായി ലഭിക്കാതെ പോയ ഒരു റിയല്‍ എസ്‌റ്റേറ്റ് ഭൂമി! ചില സ്ഥലങ്ങളും വീടുകളുമൊക്കെ നോട്ടമിടുന്ന റിയല്‍ എസ്‌റ്റേറ്റ് സ്രാവുകളും അവിടെ പാര്‍പ്പുള്ളവരെ കുറിച്ച് ഇങ്ങനെ തന്നെയാണ് ചിന്തിക്കുക. ഇവന്മാര്‍ക്കൊക്കെ എന്തറിയാം! ഞങ്ങളുടെ കയ്യിലായിരുന്നെങ്കില്‍ കാണാമായിരുന്നു ഇതിന്റെയൊക്കെ വില!

പുതിയ സൂപ്പര്‍ ദേശഭക്തരുടെ കമനീയ മുദ്രാവാക്യങ്ങളിലൊന്ന് ഈ സ്വാമി എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍ വളരെ യോജിക്കുന്നതാണെന്ന് തോന്നുന്നു. ഏതോ ആദിമ കവിയുടെ വരപ്രസാദം അതില്‍ മുഴങ്ങുന്നുണ്ടെന്ന് മാത്രമല്ല, ഹിംസയുടെ സവിശേഷമായ ഒരു താളവും അതിനുണ്ട്. ദൂദ് മാംഗോഗെ ഖീര്‍ ദേംഗെ, കാശ്മീര്‍ മാംഗോഗെ ചീര്‍ ദേംഗെ (പാല് ചോദിച്ചാല്‍ പായസം തരും, കാശ്മീര്‍ ചോദിച്ചാല്‍ വലിച്ചുകീറും). കാശ്മീരിലേക്ക് പട്ടാളത്തെ അയക്കുന്നതിന് പകരം ഇതൊക്കെ എഴുതിയുണ്ടാക്കുന്ന കവികളെ അയച്ചാല്‍ മതിയായിരുന്നു! പെല്ലറ്റ് തോക്കുകള്‍ക്കാവാത്തത് ഇവര്‍ നേടിത്തന്നേനേ! പക്ഷേ, ഒരു കാര്യം മാത്രം മനസ്സിലാവുന്നില്ല. ഈ പാലും കാശ്മീരുമൊക്കെ ചോദിക്കുന്നവര്‍ ആരാണ്? അതിലുപരി, ആരോടാണിതൊക്കെ ചോദിക്കുന്നത്? അത്ഭുതം തന്നെ! ഈ പാലും കാശ്മീരുമൊക്കെ കയ്യിലിങ്ങനെ പിടിച്ചുവെച്ചിരിക്കുന്നവന്‍, അവനാരാണ്!

ഇങ്ങനെയുള്ള കയ്യിലിരിപ്പ് മനഃസ്ഥിതി ചിലരുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയ ഒരു രോഗമാണെന്ന് തോന്നുന്നു. നോയിഡയിലെ ആഫ്രിക്കന്‍ വിരുദ്ധ വംശീയ അക്രമണത്തെ കുറിച്ചുള്ള ആരോപണത്തിന് മറുപടി പറയവെ, എം.പി. തരുണ്‍ വിജയ് തീര്‍ത്ത പ്രധിരോധം ഇങ്ങനെയായിരുന്നു. ഈ രാജ്യത്ത് ഞങ്ങളുടെ കൂടെ കറുത്ത തെക്കേ ഇന്ത്യക്കാരുമുണ്ടല്ലോ! അവരുടെ കൂടെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് പോകുന്നില്ലേ! പിന്നെന്താ ഞങ്ങളെ കുറിച്ച് ഇതുപോലൊരാരോപണം! ഇതൊക്കെ കേട്ട് രോഷം മൂത്ത തെക്കേ ഇന്ത്യക്കാരുടെ കാര്യമോര്‍ത്ത് ആ പാവം ആശ്ചര്യപ്പെട്ടു കാണും. ഞങ്ങളുടെ കയ്യിലിരിപ്പൊന്നും ഇവര്‍ക്കറിയില്ലേ! തെക്കേ ഇന്ത്യക്കാര്‍ക്ക് ഇതൊന്നും അറിയില്ലെങ്കില്‍ പിന്നെ കാശ്മീരികളുടെ കാര്യം എന്തായിരിക്കും! അതിനിടെയാണ് അഭയാര്‍ത്ഥി ക്യാമ്പുമായി സ്വാമിയുടെ അരങ്ങേറ്റം.

ജനങ്ങള്‍ തന്നെയാണ് എവിടെയും പ്രശ്‌നം! പൈജാമ ധരിക്കുന്ന താടിക്കാരായും, കയ്യില്‍ കല്ലുകളേന്തിയ താടിയില്ലാത്ത സ്‌കൂള്‍ കുട്ടികളായും, മഴു കയ്യിലേന്തിയ വെടിപ്പില്ലാത്ത ആദിവാസികളായും, ആത്മഹത്യാ പ്രവണത കാണിക്കുന്ന തലപ്പാവണിഞ്ഞ കര്‍ഷകരായും, അങ്ങനെ പല കോലങ്ങളില്‍ അവര്‍ വരുന്നു. മഹത്തായ വികസനവണ്ടിയുടെ തേരോട്ടത്തിന് വഴിമാറിക്കൊടുക്കാത്ത മര്‍ക്കടമുഷ്ടികള്‍! അത് തന്നെയാണ് കാശ്മീര്‍ പ്രശ്‌നത്തിന്റെയും മര്‍മ്മം. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍, പാകിസ്ഥാന്‍, അന്താരാഷ്ട്ര സമൂഹം – അതൊക്കെ അപ്രസക്തം! ഈ വിഷയങ്ങളിലൊക്കെ നമുക്ക് മാതൃകയായി പുതിയൊരു ചങ്ങാതിയുമുണ്ട്. ഇസ്രയേല്‍! പക്ഷേ, കാശ്മീര്‍ ജനത അങ്ങനെയൊന്നും ഒഴിഞ്ഞ് പോകുമെന്ന് തോന്നുന്നില്ല. തര്‍ക്കം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍, അവരുടെ സജീവമായ പങ്കാളിത്തം ഉറപ്പ് വരുത്തിയേ തീരൂ. പാകിസ്ഥാന് ജനാധിപത്യത്തോടുള്ള മമതയെ കുറിച്ച് നമുക്കറിയാമെന്നിരിക്കെ, കാശ്മീര്‍ ജനതയോട് സംവദിക്കുന്നതിന് പകരം, തര്‍ക്കം പരിഹരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ചര്‍ച്ച നടത്തുന്നത് എന്തൊരു തമാശയാണ്!

ഞാന്‍ മുന്നോട്ട് വെക്കുന്നത് വളരെ ലളിതമായ ഒരു പോംവഴിയാണ്. കാശ്മീര്‍ ജനതയോട് സംവദിക്കുക. തങ്ങളുടെ ശബ്ദം കേള്‍പ്പിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. നല്ല വഴികള്‍, ചിലപ്പോള്‍ തീര്‍ത്തും നല്ലതല്ലാത്ത വഴികളും, അതിനായി അവര്‍ തേടിയെന്നുമിരിക്കും. സത്യസന്ധമായും ആത്മാര്‍ത്ഥമായും നമ്മള്‍ കാശ്മീര്‍ ജനതയോട് എത്രത്തോളം സംവദിക്കുന്നുവോ, അടിസ്ഥാനമില്ലാത്ത ദ്വിരാഷ്ട്ര വാദവുമായി കാശ്മീരിന് വിലപേശുന്ന പാകിസ്ഥാന്റെ വാദങ്ങളും അത്രത്തോളം ദുര്‍ബ്ബലപ്പെടും. ഞാന്‍ പറയുന്നു! കാശ്മീര്‍ ജനതയോട് സംവദിക്കൂ! പാകിസ്ഥാനെ തുരത്തിവിടൂ! ഇനിയെങ്ങാനും പാകിസ്ഥാന്റെ ഭാഗമാകണമെന്ന് ആത്മാര്‍ത്ഥമായും കരുതുന്ന വല്ലവരുമുണ്ടെങ്കില്‍, അവര്‍ക്ക് അങ്ങോട്ട് ചേക്കേറാനുള്ള എല്ലാ സഹായങ്ങളും നമുക്ക് ചെയ്ത് കൊടുക്കാമല്ലോ.

പാകിസ്ഥാന് കാശ്മീരിലുള്ള അവകാശ വാദം പഴകിയ ദ്വിരാഷ്ട്ര വാദമായത് പോലെ, ഇന്ത്യക്ക് കാശ്മീരിലുള്ള അവകാശ വാദം നിലനില്‍ക്കേണ്ടത് കുടിയായ്മയോ കൈവശാവകാശമോ ആയിരിക്കരുത്. മറിച്ച്, നമ്മുടെ നിലനില്‍പിന്റെ ആധാരവും ഭരണഘടനയുടെ അടിസ്ഥാനവുമായ മതേതരത്വമായിരിക്കണം. രാജ്യത്തിന്റെ മതേതരത്വ സ്വഭാവം ശക്തിപ്പെടുത്തിയും ഉയര്‍ത്തിപ്പിടിച്ചും മാത്രമേ, കാശ്മീര്‍ മാത്രമല്ല, ഇന്ത്യ എന്ന രാജ്യത്തെ തന്നെ നിലനിര്‍ത്താന്‍ നമുക്കാവൂ. അതിന്റെ അഭാവത്തില്‍, കാശ്മീരില്‍ നാം കളിക്കുന്ന കളികളൊക്കെയും, വെറുമൊരു റിയല്‍ എസ്റ്റേറ്റ് സ്രാവിന്റെ കളികള്‍ മാത്രമായിരിക്കും.

അവലംബം: ദ വയര്‍

Related Articles