Current Date

Search
Close this search box.
Search
Close this search box.

കാശ്മീരിലെ കൊടുംകുറ്റകൃത്യങ്ങള്‍: മൗനം ഭഞ്ജിക്കുക

kashmiris333.jpg

കുപ്‌വാരയില്‍ നിന്നും മൂന്ന് യുവാക്കളെ കാണാതായിട്ടിപ്പോള്‍ രണ്ട് മാസം കഴിഞ്ഞു. സൈന്യത്തില്‍ ജോലിയുണ്ടെന്ന സൈനികന്‍ തന്നെയായ ഒരു ഇടനിലക്കാരന്റെ വാക്കുവിശ്വസിച്ച് കഴിഞ്ഞ നവംബര്‍ 17-ന് വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ മൂന്നു പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സൈനികനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കണാതായവരെ കുറിച്ച് പോലിസിനും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം പോലീസ് അവരുടെ കര്‍ത്തവ്യം യഥാവിധി നിറവേറ്റുന്നില്ലെന്നാണ് ഇരകളുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.

പുരസ്‌കാരങ്ങളും സ്ഥാനകയറ്റങ്ങളും അതുവഴി സാമ്പത്തിക നേട്ടങ്ങളും ലഭിക്കാന്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യം അതിര്‍ത്തികളില്‍ നിഷ്ഠൂരമായി വെടിവെച്ച് കൊന്ന നിരപരാധികളായ മനുഷ്യരെ കുറിച്ച് കിഷാലെയ് ബട്ടച്ചാര്‍ജി തന്റെ ‘Blood on my hands-Confessions of staged encounters’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയത് വെച്ച്‌നോക്കുമ്പോള്‍, മൂന്ന് പേരും സൈന്യത്തിന്റെ പണക്കൊതിയുടെ ഇരകളായി മാറിയിരിക്കാന്‍ എല്ലാവിധ സാധ്യതകളുമുണ്ട്. ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് പോയി, സൈനികരുടെ പണക്കൊതിക്ക് വേണ്ടി ‘മച്ചില്‍ വ്യാജ ഏറ്റുമുട്ടലില്‍’ കൊല്ലപ്പെടേണ്ടി വന്ന മറ്റു മൂന്ന് പേരെയാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്നത്. കുപ്‌വാരയില്‍ നിന്നുള്ള ആ മൂന്ന് പേര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ നിരപരാധികളുടെ ജീവന്‍ രക്ഷിക്കുന്നതിലുള്ള നമ്മുടെ തന്നെ നിസ്സഹായാവസ്ഥക്ക് മുന്നില്‍ നമുക്ക് കണ്ണീര്‍വാര്‍ക്കാം.

ഇത്തരം കൊലപാതകങ്ങള്‍ കാശ്മീരിന്റെ മണ്ണില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം സൈന്യം, ജൂഡീഷ്യറി, എക്‌സിക്യൂട്ടിവ്, മാധ്യമങ്ങള്‍ എന്നിവക്കിടയില്‍ അലിഖിതമായ ഒരു സഹകരണ ഉടമ്പടി നിലനില്‍ക്കുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരെയുള്ള ഏതൊരു നടപടിയെയും ഈ കൂട്ടുകെട്ട് സമര്‍ത്ഥമായി തടഞ്ഞ് നിര്‍ത്തും. ജുഡീഷ്യറിക്ക് ഇതിലുള്ള പങ്കിന് ഒരു ഉദാഹരണം നോക്കാം. നവംബര്‍ 26-ന്, വടക്ക്-കിഴക്ക് ഭാഗത്ത് നിന്നുള്ള ഒരു കൊലപാതക കേസ് വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസ് ലോകാറും യു ലളിതും നേതൃത്വം നല്‍കുന്ന സുപ്രീം കോടതിയുടെ സോഷ്യല്‍ ജസ്റ്റിസ് ബഞ്ചിന് മുമ്പാകെ എത്തി. ആര്‍മി ആക്ട് അനുസരിച്ച് കുറ്റവാളികളായ സൈനികരെ വിചാരണ ചെയ്യണമെന്ന് അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ മുഗുള്‍ രോഹ്താഗി ബഞ്ചിനോട് ആവശ്യപ്പെട്ടു. പക്ഷെ അറ്റോര്‍ണി ജനറലിന്റെ വാദം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ബഞ്ച്, വ്യവസ്ഥാപിത നിയമങ്ങളും മാര്‍ഗരേഖകളും പോലും അനുസരിക്കാത്ത ഒരു സ്ഥാപനത്തിന് എങ്ങനെയാണ് വ്യാജ ഏറ്റുമുട്ടലുകളെയും, കോടതിബാഹ്യ കൊലപാതകങ്ങളെയും കുറിച്ച് സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണങ്ങള്‍ നടത്താന്‍ കഴിയുക എന്നാണ് ചോദിച്ചത്.

ഇതിനെ പാത്രിബാല്‍ കേസുമായി താരതമ്യം ചെയ്ത് നോക്കൂ. ആ അഞ്ച് കാശ്മീരി മുസ്‌ലിംകളെയും സൈന്യം തന്നെയാണ് അതിക്രൂരമായി കൊന്നുതള്ളിയതെന്ന് യാതൊരു സംശയങ്ങള്‍ക്കും ഇടയില്ലാതെ സി.ബി.ഐ തെളിയിച്ചിട്ട് പോലും, കുറ്റവാളികളായ സൈനികരെ ആര്‍മി ആക്ട് അനുസരിച്ച് വിചാരണ ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. പിന്നീട് എന്താണുണ്ടായത്? കുറ്റാരോപിതര്‍ക്കെതിരെ ‘ഒരു തെളിവുമില്ലെന്ന’ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ സൈനിക കോടതി കുറ്റവാളികളെ മുഴുവന്‍ വെറുതെ വിടുന്ന കാഴ്ച്ചയാണ് നമ്മളെല്ലാവരും കണ്ടത്. കുറ്റാരോപിതരായ സൈനികര്‍ക്കെതിരെ ഒരു തെളിവ് പോലുമില്ലെങ്കില്‍, പിന്നെ എന്തടിസ്ഥാനത്തിലാണ് സി.ബി.ഐ പ്രസ്തുത കേസ് ഒരു ‘അരുംകൊലയാണെന്ന്’ വിധിയെഴുതിയതെന്ന് സൈന്യത്തോട് വെറുതെ ഒന്ന് ചോദിക്കാന്‍ പോലും സുപ്രീം കോടതി സന്നദ്ധമായില്ല.

നിയമനിര്‍വഹണ തലത്തില്‍, തെളിവുകള്‍ എത്ര തന്നെയുണ്ടെങ്കിലും കുറ്റാരോപിതരായ സൈനികരെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ നിയമങ്ങള്‍ പ്രാപ്തമല്ല. അവരിനി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജലീല്‍ അന്തറാബിയെ കൊന്ന മേജര്‍ അവ്താര്‍ സിംഗിനെ പോലുള്ള സൈനികരാവട്ടെ അല്ലെങ്കില്‍ തന്റെ പേരിലുള്ള 26 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക നേടിയെടുക്കാനായി, ബാരാമുല്ലയിലെ നാസിര്‍ അഹ്മദിനെ ജീവനോടെ ചുട്ട് കൊന്ന് അത് തന്റെ മൃതദേഹമാണെന്ന് വരുത്തി തീര്‍ക്കാന്‍ തുനിഞ്ഞ 88 ബറ്റാലിയനിലെ ഒരു സാധാരണ ബി.എസ്.എഫ് ശിപായി ഗോരഖ് നാഥിനെ പോലുള്ളവരാകട്ടെ, നിയമം ഇവരുടെയൊന്നും ഒരു രോമത്തെ പോലും തൊടില്ല. സൈനികരുടെ മനോവീര്യം തകരാന്‍ ഇടയാക്കുമെന്നത് കൊണ്ടാണത്രെ അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാത്തത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന ബോധം ശക്തമായതോടു കൂടിയാണ്, സൈനികര്‍ക്കിടയില്‍ ഇത്തരത്തിലുള്ള ക്രൂരതകള്‍ നിരന്തരമായി അരങ്ങേറാന്‍ തുടങ്ങിയത്. സത്യം പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി ഭരണകൂടത്തോട് പടപൊരുതേണ്ടതിന് പകരം, മാധ്യമരംഗത്തെ ഒരു വലിയ വിഭാഗം ഭരണകൂടത്തിന് ദാസ്യപ്പണി ചെയ്തുകൊണ്ട് കുറ്റവാളികളെ സംരക്ഷിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ്. ‘ദേശീയ താല്‍പ്പര്യം’ സംരക്ഷിക്കാന്‍ വേണ്ടിയാണത്രെ ജനാധിപത്യ സ്ഥാപനങ്ങളെന്ന് വിളിക്കപ്പെടുന്ന ഇവയെല്ലാം ഒരുമിച്ച് നില്‍ക്കുന്നത്.

ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തിലെ മൗനമാണ് ഏറെ അമ്പരപ്പിക്കുന്നത്. അന്തസോടെയുള്ള മനുഷ്യജീവിതം ഉറപ്പ് വരുത്തുന്നതിനായി നിലവില്‍ വന്ന ഐക്യരാഷ്ട്രസഭ, 1970-ലെ കംബോഡിയന്‍ വംശഹത്യ തടയുന്നതിലും, 1994-ലെ റുവാണ്ടന്‍ വംശഹത്യ തടയുന്നതിലും, 1995-ലെ സ്രെബ്രനിക്ക കൂട്ടക്കൊല തടയുന്നതിലും പരാജയപ്പെട്ടത് പോലെ കാശ്മീരിന്റെ വിഷയത്തിലും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയിരുന്നെങ്കിലും, തികഞ്ഞ പരാജയമാണെന്ന് സ്വയം തെളിയിച്ച് കഴിഞ്ഞു. 2012-ല്‍, ബാന്‍ കി മൂണ്‍ ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ എത്തിയ സമയത്ത്, ഇന്ത്യന്‍ നേതാക്കളുമായി കൂടികാഴ്ച്ച നടത്തുമ്പോള്‍ അധിനിവിഷ്ട കാശ്മീരില്‍ നടക്കുന്ന വലിയ അളവിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം വാക്ക് പാലിച്ചില്ല. പകരം എഴുപതുകളില്‍ സൗത്ത് കൊറിയയുടെ ഇന്ത്യയിലെ വൈസ് കോണ്‍സുലായിരുന്ന സമയത്ത് ന്യൂഡല്‍ഹിയില്‍ താമസിച്ച വീടുകളും മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കാനാണ് അദ്ദേഹം അധികസമയവും ചെലവഴിച്ചത്. ഒരു ഇന്ത്യക്കാരനെ വിവാഹം ചെയ്ത തന്റെ മകളുടെ വസതിയും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. വിജയകരമായ ഒരു ഇന്തോ-കൊറിയന്‍ സംയുക്ത സംരംഭം എന്നാണ് അദ്ദേഹം ആ ബന്ധത്തെ സന്തോഷപ്പൂര്‍വ്വം വിശേഷിപ്പിച്ചത്. വ്യക്തിപരമായ ചില ബന്ധങ്ങള്‍ ഉള്ള ഇന്ത്യയോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരിഷ്ടമുണ്ടെന്ന് വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ട്. പക്ഷെ സമയം ഇപ്പോഴും വൈകിയിട്ടില്ല. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം രാഷ്ട്രം’ എന്ന തലകെട്ടിന്റെ ചെലവില്‍ കൊടുംകുറ്റകൃത്യങ്ങളെ മണ്ണിട്ട് മൂടാന്‍ അനുവദിക്കാതെ, കാശ്മീരിലെ നിരപരാധികളായ മനുഷ്യരെ തട്ടിക്കൊണ്ടു പോയി കൊന്ന് തള്ളുന്ന വൃത്തികെട്ട കച്ചവടത്തെ കുറിച്ച് ഇന്ത്യയില്‍ നിന്നും വിശദീകരണം തേടാന്‍ ഒരു പേനയും കടലാസും അദ്ദേഹം എടുക്കുക മാത്രമേ വേണ്ടൂ. ഇനി ഇക്കാര്യം ചെയ്യുന്നതിലും അദ്ദേഹം പരാജയം തന്നെയാണെങ്കില്‍, കാശ്മീരികള്‍ക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്ന മറ്റൊരു ഒറ്റുകാരനായി ചരിത്രം അദ്ദേഹത്തെ അവഹേളിക്കും.
(ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ലേഖകന്‍)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: www.countercurrents.org

Related Articles