Current Date

Search
Close this search box.
Search
Close this search box.

കാശ്മീരികള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ദോഷം ചെയ്യുമത്രെ

harmony333.jpg

‘സെക്കുലര്‍’ ഇന്ത്യയിലെ മുസ്‌ലിംകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി, കാശ്മീരികളെ ബന്ദികളാക്കി തടങ്കലില്‍ പാര്‍പ്പിക്കേണ്ടതുണ്ട്’. ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ എം.ജെ അക്ബറിന്റെ വാക്കുകളാണിത്.

എ.ജെ അക്ബറിന് മറുപടി കൊടുക്കുന്നതിന് മുമ്പ് ഇന്ത്യ ഒരു ‘സെക്കുലര്‍’ രാഷ്ട്രം തന്നെയാണോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും നേരിട്ട് ഈ വസ്തുത പരിശോധിച്ചറിയാന്‍ സാധിക്കും. മതവുമായി ബന്ധപ്പെട്ട 25-ാം വകുപ്പ് ചുവടെ ചേര്‍ക്കുന്നു.

25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.
1) ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്.

2) ഈ വകുപ്പ്
a. മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലും കാര്യങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയുള്ളതോ
b. സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള്‍ ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങള്‍ക്കുമായി തുറന്ന് കൊടുക്കുന്നതിന് വേണ്ടിയിട്ടുള്ളതോ ആയ ഏതെങ്കിലും നിയമനിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നില്ല.
വിശദീകരണം 1 : കൃപാണ്‍ ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2 : 2(b) യിലെ ഹിന്ദുമതത്തെ കുറിച്ചുള്ള പരാമര്‍ശം ബുദ്ധ, ജൈന, സിഖ് മതങ്ങള്‍ക്കും ബാധകമാണ്.

ഇത് എല്ലാ കാലത്തും ഒരു ‘ഹിന്ദു’ രാഷ്ട്രമായിരിക്കുമെന്ന് ഉറപ്പില്ലെങ്കില്‍ പിന്നെങ്ങനെയാണ് ‘ഹിന്ദു’ സ്വഭാവമുള്ള മതസ്ഥാപനങ്ങള്‍ തുറക്കാന്‍ മാത്രം ഭരണഘടന സ്റ്റേറ്റിന് അധികാരം നല്‍കിയത് എന്നതാണ് പ്രധാന ചോദ്യം. കൂടാതെ, വിവിധ തരത്തിലുള്ള ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കാന്‍ ഹിന്ദു ആചാരങ്ങളും പൂജകളും തന്നെയാണ് സ്റ്റേറ്റ് ഉപയോഗിച്ച് വരുന്നത്. രാഷ്ട്രത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും അതിന്റെ ചലനങ്ങളിലും ഹിന്ദുയിസം രഹസ്യമായും പരസ്യമായും പ്രതിഫലിക്കുന്നുണ്ട്. ഇന്ന് ഭരണത്തിലിരിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

നിലവിലെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത് വരേക്കും, മുസ്‌ലിംകള്‍ക്കെതിരെയുള്ള വിവേചനം കൂടിയോ കുറഞ്ഞോ രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നു. എന്നാലും ബാബരി മസ്ജിദ് ധ്വംസനം പോലുള്ള പരസ്യമായ മുസ്‌ലിം വിരുദ്ധത ഉണ്ടായിട്ടുമുണ്ട്. പക്ഷെ, ഇപ്പോഴത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന്റെ മിക്ക പ്രവര്‍ത്തനങ്ങളിലും പരസ്യമായി തന്നെ മുസ്‌ലിം വിരുദ്ധത പ്രകടിപ്പിക്കുന്നതാണെന്ന് കാണാന്‍ കഴിയും. ആര്‍.എസ്.എസ്സിന്റെ ഒരു ഘടകമെന്ന പോലെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ സ്ഥാപകന്‍ ഗോള്‍വല്‍ക്കര്‍ ഒരു തികഞ്ഞ മുസ്‌ലിം വിരുദ്ധനായിരുന്നല്ലോ. ശ്രീ ഗുരുജി എന്ന നാമത്തിലും മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ അറിയപ്പെട്ടിരുന്നു. ആര്‍.എസ്സ്.എസ്സിന്റെ സമുന്നത നേതാവായിരുന്നു ഗോള്‍വല്‍ക്കര്‍. ‘വിചാരധാര’, ‘നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതുകയുണ്ടായി. ‘ജ്യോതിപുഞ്ച്’ എന്ന തന്റെ പുസ്തകത്തില്‍ ഗോള്‍വല്‍ക്കറിന്റെ ഒരു ലഘുജീവചരിത്രം നരേന്ദ്ര മോദി ചേര്‍ത്തിട്ടുണ്ട്. തനിക്ക് പ്രചോദനം നല്‍കിയ വ്യക്തികളില്‍ മോദി ഗോള്‍വല്‍ക്കറിന് മുഖ്യസ്ഥാനം തന്നെയാണ് നല്‍കിയിട്ടുള്ളത്. 1947-48-ലെ യുണൈറ്റഡ് പ്രൊവിന്‍സ്സസിന്റെ ചീഫ് സെക്രട്ടറി രാജേശ്വര്‍ ധയാല്‍, ഗോള്‍വല്‍ക്കര്‍ മുസ്‌ലിം കൂട്ടക്കൊല നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പറഞ്ഞിരുന്നു. അഹിന്ദുക്കളെ കുറിച്ച് തന്റെ പുസ്തകത്തില്‍ ഗോള്‍വല്‍ക്കര്‍ എഴുതുന്നത് കാണുക: ‘അഹിന്ദുക്കള്‍ ഹിന്ദുസ്ഥാനില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമത്തെ ബഹുമാനിക്കാനും അതിനോട് ഭയഭക്തി പുലര്‍ത്താനും പഠിക്കണം. ഹിന്ദുവിന്റെ വംശീയതെയും സംസ്‌കാരത്തെയും ഉജ്ജ്വലമായി പ്രോത്സാഹിപ്പിക്കുകയല്ലാതെ മറ്റൊരു ചിന്തയേയും പ്രോത്സാഹിപ്പിക്കരുത്. അതായത് അവര്‍ ഈ നാടിനോട് ദീര്‍ഘനാളായി പുലര്‍ത്തിവരുന്ന അസഹിഷ്ണുതയും അനാദരവും അവസാനിപ്പിക്കുക. പകരം അതിനെ സ്‌നേഹിക്കാനും പൂജിക്കാനും തയ്യാറാവണം. ഒറ്റ വാക്കില്‍, അവര്‍ വിദേശികളാണെന്ന് മറക്കണം. അതിന് കഴിയുന്നില്ലെങ്കില്‍ ഒരു ആനുകൂല്യവും ആവശ്യപ്പെടാതെ ഒരു പ്രത്യേക പരിഗണനയും ആഗ്രഹിക്കാതെ (പൗരാവകാശം പോലും ചോദിക്കാതെ) ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമായി അവര്‍ക്കിവിടെ ജീവിക്കാം.’ ഗോള്‍വാള്‍ക്കറുടെ ഈ ആശയങ്ങള്‍ നരേന്ദ്ര മോദിയെന്ന തങ്ങളുടെ പ്രതിനിധിയിലൂടെ പ്രയോഗവല്‍ക്കരിക്കുകയാണ് ഇന്ന് ആര്‍.എസ്.എസ്.

തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും സംസാരങ്ങളിലൂടെയും ‘രാജാവിനേക്കാള്‍ വലിയ രാജഭക്തി’ കാണിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രത്യേക മുസ്‌ലിം വിഭാഗം ഇന്ന് ഇന്ത്യയിലുണ്ട്. തങ്ങളുടെ മുസ്‌ലിം സഹോദരങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചിലപ്പോള്‍ അവര്‍ കണ്ടിട്ടില്ലായിരിക്കാം. രജീന്ദര്‍ സച്ചാറാണ് ഏറ്റവും വിശ്വസനീയമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദലിതുകളേക്കാള്‍ മോശപ്പെട്ട അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്‌ലിംകളെന്ന് അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയിലെ മുസ്‌ലിംകള്‍ സാമൂഹികവും, സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നുണ്ട്. 2001-ലെ കണക്ക് പ്രകാരം 138 മില്ല്യണ്‍ വരുന്ന മുസ്‌ലിംങ്ങള്‍ക്ക്, സിവില്‍ സര്‍വ്വീസ്, പോലീസ്, സൈന്യം, രാഷ്ട്രീയരംഗം തുടങ്ങിയ മേഖലകളില്‍ മതിയായ പ്രാധിനിത്യമില്ല. മുസ്‌ലിംകള്‍ ദേശവിരുദ്ധരായും, തീവ്രവാദികളായും മുദ്രകുത്തപ്പെടുകയും അവരെ സഹായിക്കുന്ന രാഷ്ട്രീയക്കാര്‍ ‘ന്യൂനപക്ഷപ്രീണനത്തിന്റെ’ പേരില്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് സച്ചാര്‍ റിപ്പോര്‍ട്ട് തെളിവുകള്‍ സഹിതം വിശദീകരിക്കുന്നുണ്ട്.

കാശ്മീരികളുടെ ചരിത്രം എല്ലാവര്‍ക്കുമറിയുന്നതാണ്. ഇന്ത്യ-പാക്ക് വിഭജനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ജനവിഭാഗമാണ് കാശ്മീരികള്‍. ബ്രിട്ടീഷുകാരുടെയും ചില ഇന്ത്യന്‍ നേതാക്കളുടെയും കുത്സിതശ്രമങ്ങളുടെ ഭാഗമായി ഹിന്ദു-മുസ്‌ലിം വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ അതിലേക്ക് അനാവശ്യമായി വലിച്ചിഴക്കപ്പെടാനായിരുന്നു കാശ്മീരികളുടെ വിധി. ഇന്ത്യന്‍ നേതാക്കള്‍ മാത്രമല്ല മറിച്ച് വിവിധ പ്രമേയങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും നടപടികളിലൂടെയും ഐക്യരാഷ്ട്രസഭ വരെ അംഗീകരിച്ചതാണ് കാശ്മീരികളുടെ സ്വയം നിര്‍ണയാവകാശം.

മുമ്പ് കാശ്മീരികളുടെ അവകാശത്തിന് വേണ്ടി ഉറക്കെ ശബ്ദിക്കുകയും കാശ്മീരികളെ പിന്തുണക്കുകയും ചെയ്തിരുന്ന ഒരാള്‍ ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയുന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭാവി സംരക്ഷിക്കാനെന്ന പേരില്‍ ഇന്ത്യയുടെ കപടമതേതരമുഖത്തിന് വേണ്ടി കാശ്മീരികളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് എതിരെയാണ് അദ്ദേഹമിപ്പോള്‍ സംസാരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ-‘മതേതര’ റിപ്പബ്ലിക്കിനെ സംബന്ധിച്ചിടത്തോളം ഇതിലും മോശപ്പെട്ട പ്രസ്താവന വേറെയില്ലെന്ന് തന്നെ പറയാം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles