Current Date

Search
Close this search box.
Search
Close this search box.

കാലെ കാട്ടിലെ അഭയാര്‍ഥി ജീവിതം

Calais-forest.jpg

സ്ഥലം ഫ്രാന്‍സിലെ കാലെ. ചെറുമരങ്ങള്‍ തള്ളിമാറ്റി ബഡേസ്സ കാടിനുള്ളിലെ ചെളിനിറഞ്ഞ ഒരു സ്ഥലത്തെത്തിച്ചേര്‍ന്നു. അല്‍പം ചുമക്കുകയും കൈയുടെ പിന്‍ഭാഗം കൊണ്ട് മൂക്ക് തുടക്കുകയും ചെയ്ത് അവന്‍ അവിടെ നിന്നു. ഏത്യോപ്യയിലെ ഒറോമിയ പ്രദേശത്തുനിന്ന് ഇവിടെയെത്തിയ പതിനേഴുകാരനാണ് ബഡേസ്സ. ഇരുണ്ട ഒരു വിള്ളലിലൂടെ ഭൂമിക്കടിയിലേക്ക് കാണാവുന്ന പൊട്ടിപ്പൊളിഞ്ഞ പടവുകളിലേക്ക് ചൂണ്ടി അവന്‍ പറഞ്ഞു. ‘ഇതാണ് എന്റെ വീട്.’

ഒന്നര മീറ്ററോളം മാത്രം നീളമുള്ള ആ ഇരുണ്ട സ്ഥലത്ത് പതുങ്ങിനിന്ന് ബഡേസ്സ പറഞ്ഞു. ”എത്രപേരാണ് ഇതിനുള്ളില്‍ കഴിയുന്നതെന്ന് എനിക്ക് കൃത്യമായി അറിയില്ല. ഒരു പത്തിരുപത് ആളുകള്‍ കാണും. അല്ലെങ്കില്‍ അതില്‍ കൂടുതല്‍.” ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന കവറുകളും മുഷിഞ്ഞ വസ്ത്രങ്ങളും കീറിയ പുതപ്പുകളും ചിതറിക്കിടപ്പുണ്ട് നിലത്തെമ്പാടും. കുറേ പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് വമിക്കുന്ന അഴുകിയ ചോറിന്റെയും തക്കാളിയുടെയും ജീരകത്തിന്റെയുമൊക്കെ ദുര്‍ഗന്ധവും അവിടെ നിറഞ്ഞിരിക്കുന്നു. ഏതോ ലോറിയില്‍ നിന്ന് പറിച്ചെടുത്ത, ഞങ്ങളുടെ ലോറി ബ്രിട്ടനിലേക്ക് പോകുന്നതല്ല എന്നെഴുതിയ ബാനറിന്റെ കഷ്ണം കിടക്കുന്നു ഒരു പടവില്‍.

ബഡേസ്സ ആ പാതാളവീട്ടില്‍ നിന്ന് പുറത്ത് കടന്നു. മരങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് ഒറോമിയക്കാര്‍ കൂടി പുറത്ത് വന്നു. നെഗാസുവും ഫെയീസ്സയും. 18ഉം 19ഉം വയസ്സുള്ള അവര്‍ സഹോദരങ്ങളാണ്. കഴിഞ്ഞ ഒക്ടോബറിലാണ്, ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ താവളമാക്കിയ കാലെയിലെ കാടിനുള്ളിലെ ഈ അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികൃതര്‍ ഒഴിപ്പിച്ചത്. ഉട്ടോപ്യ56, കെയര്‍4കാലെ എന്നീ സന്നദ്ധ സംഘടനകളുടെ കണക്കനുസരിച്ച്, 400 അഭയാര്‍ത്ഥികളെങ്കിലും ഇപ്പോഴും കാടിനുള്ളില്‍ തന്നെ കഴിയുന്നുണ്ട്.

റെഫ്യൂജീ കമ്മ്യൂണിറ്റി കിച്ചന്‍ എന്ന സന്നദ്ധ സംഘടന ദിവസേന വാനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികള്‍ തിട്ടപ്പെടുത്തിയാല്‍ കാടിനുള്ളില്‍ എത്രപേരുണ്ടെന്ന ഏകദേശ ധാരണ ലഭിക്കും. ഇവര്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതികളുടെ എണ്ണം ഉട്ടോപ്യ56, കെയര്‍4കാലെ എന്നീ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറുന്ന പതിവുണ്ട്.

കാട്ടിലെ ക്യാമ്പ് ഒഴിപ്പിച്ചതിന് ശേഷം, അറസ്റ്റും തടവും നിഷ്ഠൂരമായ പോലീസ് മുറകളും ഭയന്ന്, പകല്‍ സമയങ്ങളിലൊന്നും അഭയാര്‍ത്ഥികള്‍ പുറത്തിറങ്ങാറില്ലെന്ന് ഉട്ടോപ്യ56 പ്രവര്‍ത്തകര്‍ പറയുന്നു. അങ്ങിങ്ങായുള്ള പാര്‍ക്കുകളിലും മറ്റും ചുറ്റിക്കറങ്ങലാണ് ചിലരുടെ രക്ഷാമാര്‍ഗം. ബഡേസ്സയെപ്പോലുള്ളവരാകട്ടെ കാടിനുള്ളിലെ ചെളിനിറഞ്ഞ തുറസ്സുകളിലുള്ള മാളങ്ങളിലാണ് പകല്‍ കഴിച്ചു കൂട്ടുന്നത്. സന്ധ്യ മയങ്ങുമ്പോള്‍, തളര്‍ന്നവശരായി, കുഴിഞ്ഞ കണ്ണുകളുമായി, ദൂരെ ഒരു മൈതാനത്ത് നിര്‍ത്തിയിരിക്കുന്ന ഭക്ഷണ വണ്ടിയെ ലക്ഷ്യമാക്കി ഈ കുട്ടികള്‍ കാടിന് വെളിയിലിറങ്ങുന്നു.

കൗമാരങ്ങള്‍
ഉട്ടോപ്യ56 എന്ന സന്നദ്ധ സംഘടനയിലെ ഒരു പ്രവര്‍ത്തകയായ പത്തൊമ്പതുകാരിയായ കളാര്‍ജെ സ്മള്‍ഡേര്‍സ് പറയുന്നു. കാലെ (അഭയാര്‍ത്ഥി പ്രശ്‌നം) കഴിഞ്ഞു എന്നാണ് എല്ലാവരുടെയും ധാരണ. എഴുപത് പേരെങ്കിലും ഇന്ന് ഭക്ഷണം വാങ്ങാനെത്തിയിരുന്നു. ഇന്നലെ അത് നൂറ്റിനാല്‍പതായിരുന്നു. പ്രായം കുറഞ്ഞവരാണ് ഇപ്പോള്‍ കൂടുതലായും ഭക്ഷണം വാങ്ങാനെത്തുന്നത് എന്നതാണ് വ്യത്യാസം. ചുരുങ്ങിയത് 150 പേരെങ്കിലും ഇപ്പോഴും ചുറ്റുവട്ടത്തുണ്ട്. കാലെയിലെ കുട്ടികളെ ബ്രിട്ടനിലുള്ള അവരുടെ ബന്ധുക്കളുടെ അടുത്ത് എത്തിക്കാനായി, ബ്രിട്ടീഷ് അഭ്യന്തര വകുപ്പ് ഫ്രഞ്ച് സര്‍ക്കാരുമായി യോജിച്ച് പരിശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു ധാരണ. പക്ഷേ, എല്ലാവരും ചേര്‍ന്ന് കാര്യങ്ങളൊക്കെ അവതാളത്തിലാക്കി.

ബ്രിട്ടീഷ് പാര്‍ലമെന്റ് 2016 മെയ്മാസത്തില്‍ പാസ്സാക്കിയ ഡബ്‌സ് ഭേദഗതിയെ കുറിച്ചാണ് സ്മള്‍ഡേര്‍സ് പറയുന്നത്. യൂറോപ്പില്‍ പലയിടങ്ങളിലായുള്ള അഭയാര്‍ത്ഥി ക്യാംപുകളിലെ 3000 കുട്ടികള്‍ക്കെങ്കിലും സൗകര്യങ്ങളേര്‍പ്പെടുത്തണമെന്ന് എം.പിമാരോടും പ്രാദേശിക നേതാക്കളോടും പാര്‍ലമെന്റില്‍ നിയമം പാസ്സാകുന്നതിന് മുമ്പ്തന്നെ ആക്റ്റിവിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ എണ്ണം നിശ്ചയിക്കാതെ അധികൃതര്‍ ഒഴിഞ്ഞുമാറി. ഇതുവരെയായി 200 കുട്ടികള്‍ക്കാണ് നിയമത്തിന്റെ പ്രയോജനം ലഭിച്ചത്. 150 പേരുടെ കാര്യം ശരിയായി വരുന്നു. ഈ പദ്ധതി തന്നെ റദ്ദാക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

കളാര്‍ജെ സ്മള്‍ഡേര്‍സ് തുടര്‍ന്നു. അവിടെയെത്തി അപേക്ഷ നിരസിക്കപ്പെട്ട പലരോടും നിരസിക്കാനുള്ള കാരണമെന്തെന്ന് പറയാന്‍ പോലും അവര്‍ക്കാവുന്നില്ല. ശൂന്യമായ ഒരു നോട്ടം മാത്രം. അവിടെ ചെന്നപോലെ തന്നെ മടങ്ങേണ്ടിവന്നവരില്‍ പലരും ഫ്രാന്‍സിലെ കേന്ദ്രങ്ങളില്‍ നിന്ന് പോയ കൗമാരക്കാരായിരുന്നു. ഡന്‍കെര്‍ക്കിലുള്ള ക്യാപിലെ 1500 ഓളം അഭയാര്‍ത്ഥികളും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണ്. കാലെയിലുള്ളവരാകട്ടെ ഭൂരിഭാഗവും ആഫ്രിക്കയിലെ എരിത്രിയ, സുഡാന്‍, എത്യോപ്യ തുടങ്ങിയ നാടുകളില്‍ നിന്നുള്ളവരാണ്. ബഡേസ്സയെ പോലുള്ള ഒറോമോ എത്യോപ്യന്‍ കൗമാരക്കാരുടെ എണ്ണം കൂടിവരികയാണ്.

നിലത്ത് കുത്തിയിരുന്ന് ചോറും വെള്ളക്കടലയും കഴിച്ചുകൊണ്ട് ബഡേസ്സ പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് എന്നെ ജയിലില്‍ തള്ളിയത്. ആദ്യം മരുഭൂമിയിലെ ഒരു ജയിലിലായിരുന്നു. ഒരു വര്‍ഷം. രണ്ടാം തവണ ഒമ്പത് മാസം. സര്‍ക്കാര്‍ ഞങ്ങളുടെ ഭൂമി പിടിച്ചെടുത്തു. എന്തിനെന്ന് ചോദിക്കുമ്പോള്‍ പറയുന്നു അതങ്ങനെയാണെന്ന്. ഇപ്പോഴത് അവരുടേതാണെന്ന്. അതിനാല്‍, ഞാനിതാ, ഇവിടെയിങ്ങനെ.

എത്യോപ്യയില്‍ നിന്നുള്ള ഓട്ടം
എത്യോപ്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ് 100 ദശലക്ഷം വരുന്ന അവിടുത്തെ ജനസംഖ്യയുടെ 35 ശതമാനമുള്ള ഒറോമോ വംശം. പക്ഷേ, രാജ്യത്ത് അവരെന്നും രണ്ടാംകിട പൗരന്മാരായിരുന്നു. തലസ്ഥാനമായ അദിസ് അബബയുടെ തെക്ക് ഭാഗത്തെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ഒറോമ വിഭാഗത്തിലെ ആളുകളുടെ ഭൂമി പിടിച്ചെടുക്കാന്‍ 2016 ല്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ദീര്‍ഘകാലമായി പുകഞ്ഞുകൊണ്ടിരുന്ന വംശീയ സംഘര്‍ഷങ്ങള്‍ പാരമ്യത്തിലായി.

എത്യോപ്യയിലുടനീളം 200 പട്ടണങ്ങളില്‍ ഒറോമോ വംശം നടത്തിയ മാര്‍ച്ചുകള്‍ സര്‍ക്കാര്‍ ക്രൂരമായി നേരിടുകയും നൂറോളം പ്രധിഷേധക്കാരെ കൊന്നു തള്ളുകയും ചെയ്തത് വന്‍ പ്രധിഷേധങ്ങള്‍ക്കും കൂടുതല്‍ സമരങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. പ്രധിഷേധങ്ങള്‍-അടിച്ചമര്‍ത്തല്‍-രക്തച്ചൊരിച്ചില്‍, പിന്നെയും പ്രധിഷേധങ്ങള്‍-അടിച്ചമര്‍ത്തല്‍-രക്തച്ചൊരിച്ചില്‍, എന്ന രീതിയില്‍, സമരങ്ങളുടെയും, തീര്‍ത്തും ഒഴിവാക്കപ്പെടാമായിരുന്ന രക്തച്ചൊരിച്ചിലുകളുടെയും ചാക്രിക ദുരന്തം എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിശേഷിപ്പിച്ച അവസ്ഥയിലേക്ക് കാര്യങ്ങള്‍ പരിണമിച്ചു.

2016 ഔക്ടോബര്‍ 2 ന്, ഒറോമോ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ ഒത്തുചേര്‍ന്ന, ഇരുപത് ലക്ഷത്തിലധികം വരുന്ന ജനക്കൂട്ടത്തിനു നേരെ പട്ടാളം നിറയൊഴിച്ചു. ഇതിനെതിരെ നടന്ന സമരങ്ങള്‍ നേരിടാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പിലാക്കി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും, തടവറയും, നാടുകടത്തലും, മനുഷ്യാവകാശ നിഷേധങ്ങളും നാട്ടുനടപ്പായി മാറിയ എത്യോപ്യയിലെ സര്‍ക്കാര്‍ നടപടികളെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിനെതിരെ നടത്തുന്ന നിഷ്ഠൂരമായ അടിച്ചമര്‍ത്തല്‍ എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ചത്.

ഭക്ഷണം കഴിഞ്ഞ് പാക്കറ്റ് വലിച്ചെറിഞ്ഞ് ബഡേസ്സ പറയുകയാണ്. വംശവെറി മൂത്ത ഒരു സര്‍ക്കാറാണത്. ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തിയതുകൊണ്ട് ലോകം ഒന്നും അറിയുന്നില്ല. ഒറോമോ വംശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു യോദ്ധാവാണ് എന്റെ പിതാവ്. ഞാനും അതെ. പിതാവിനെ എരിത്രിയയിലേക്ക് നാടുകടത്തിയതിനു ശേഷം ബഡേസ്സ എത്യോപ്യയില്‍നിന്ന് പാലായനം ചെയ്തു. നീണ്ട യാത്രകള്‍ക്കൊടുവില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കാലെയില്‍ എത്തിച്ചേര്‍ന്നു.

ലണ്ടനിലെ ഒരു സ്‌കൂളില്‍ പഠിക്കാനാണെന്റെ മോഹം. എന്റെ പിതാവിനെ പോലെയല്ല ഞാന്‍. തോക്ക് കൊണ്ടല്ല, ബുദ്ധി ഉപയോഗിച്ച് പോരാടാനാണ് ഞാനുദ്ദേശിക്കുന്നത്. ഒരു നാള്‍ വരും. എല്ലാ കാര്യങ്ങളും അന്ന് ഞാന്‍ ശരിപ്പെടുത്തും. ഇന്നത്തെ പോലെയായിരിക്കില്ല. എല്ലാ ജനങ്ങള്‍ക്കും ഞാന്‍ സ്വാതന്ത്ര്യം നല്‍കും – ഒറോമോ, ടിഗ്‌റിഗ്ന, അങ്ങനെ എല്ലാ ജനങ്ങള്‍ക്കും.

ഓരോ രാത്രിയും ഒരു വന്യമൃഗത്തെ പോലെ ഓട്ടം
തണുത്ത കടല്‍ക്കാറ്റ് വീശുന്നു. ആകാശം ഇരുള്‍ മൂടിക്കഴിഞ്ഞു. എതിര്‍വശത്തെ ചരല്‍പാതയില്‍ രണ്ട് പോലീസ് വാഹനങ്ങള്‍ വന്നുനിന്നു. കളാര്‍ജെ സ്മള്‍ഡേര്‍സ് പറയുന്നു. കഠിനമായ പോലീസ് മുറകളാണ് ഇപ്പോള്‍ നാം കാണുന്നത്. കുരുമുളക് സ്‌പ്രേയും, ഷോക്ക് ദണ്ടും, വാഹനത്തിന് പിറകിലെ ഇടിമുറികളുമൊക്കെയായി, ഓരോ രാത്രിയും കൗമാരക്കാരെ പോലീസ് ഭേദ്യം ചെയ്യുന്നു. ചെറിയ ക്യാമ്പുകളില്‍ ഇടിച്ചുകയറി പുതപ്പും മറ്റും പിടിച്ചെടുക്കുകയും, കിട്ടിയതൊക്കെ കീറിക്കളയുകയും ചെയ്യുന്നു. അഭയാര്‍ത്ഥികളൊക്കെ ഭയന്നുവിറച്ച്, ഏതെങ്കിലും മൂലക്ക് പോയി ഒളിക്കുന്നതുകൊണ്ട്, ഇതൊന്നും ആരും അറിയുന്നുമില്ല.

എത്യോപ്യന്‍ കൊടിയുടെ വര്‍ണ്ണത്തിലുള്ള തൊപ്പി ശരിപ്പടുത്തിക്കൊണ്ട് സഹോദരന്മാരില്‍ മൂത്തവനായ നെഗാസു പറയുന്നു. പോലീസ്! അതാണ് ഏറ്റവും വലിയ പ്രശ്‌നം! എന്തിനാ ഇവിടെ വന്നത്? പ്രശ്‌നമുണ്ടാക്കാനാണോ? എന്നൊക്കെയാണ് അവര്‍ ചോദിക്കുക. പിന്നെ ഇങ്ങനെയൊരു പോക്കാണ്. ലാത്തി ആഞ്ഞുവീശി അടിക്കുന്ന ആംഗ്യം കാട്ടി നെഗാസു പറഞ്ഞു. എന്നിട്ട് ആ പാവം ആത്മഗതം ചെയ്യുകയാണ്. ഒരു വന്യമൃഗത്തെ പോലെ ഓരോ രാത്രിയും ഇങ്ങനെ ഓടുന്നതിനു പകരം, വീട്ടില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നു.

മൈതാനത്തില്‍ വട്ടം കൂടിയിരുന്ന് കുട്ടികള്‍ ഭക്ഷണം കഴിക്കാനൊരുങ്ങുന്ന നേരത്ത് പോലീസ് വന്നു. ഓടിക്കോളാന്‍ കല്‍പന കൊടുത്തു. ചാടിയെഴുന്നേറ്റ് അവരൊക്കെ കുറ്റിക്കാടുകള്‍ വകഞ്ഞുമാറ്റി കാട്ടിലേക്ക് യാത്രയായി. സമയം രാത്രി ഏഴരയായിക്കഴിഞ്ഞു. പക്ഷേ, ഇവരുടെ ദിവസം തുടങ്ങുന്നതേയുള്ളൂ. ഒരു മണിക്കൂര്‍ നടന്നാലെത്തിച്ചേരുന്ന ട്രക് സ്റ്റോപ് ലക്ഷ്യമാക്കി നീങ്ങവെ ബഡേസ്സ പറഞ്ഞു. രാത്രികളില്‍ ഉറക്കമില്ല. കനത്ത കോടമഞ്ഞ് ഞങ്ങളെ മൂടി. ഒരു സൈക്കിള്‍ പാതയിലൂടെ നീങ്ങുന്ന സംഘത്തെ കണ്ട് സമീപത്തെ റോഡിലൂടെ പോയിരുന്ന രണ്ട് കാറുകള്‍ ഹോണടിക്കുകയും കൂവുകയും ചെയ്തു. സ്‌കൂട്ടറില്‍ വന്ന ഒരു യുവാവ് അവരുടെ അടുത്ത് വന്ന് സ്‌കൂട്ടറില്‍ അവരെ വട്ടം ചുറ്റി ചില കസര്‍ത്തുകളൊക്കെ നടത്തി. പിന്നെ നടുവിരല്‍ കാണിച്ച് അവന്റെ പാട്ടിന് പോയി.

ഈയാളുകള്‍ കറുത്തവരെ ഇഷ്ടപ്പെടുന്നില്ല. നെഗാസു പിറുപിറുത്തു. കാശിനുവേണ്ടിയാണ് അഭയാര്‍ത്ഥികള്‍ ഇവിടെ വരുന്നതെന്നാണ് ഇവരൊക്കെ ധരിച്ചിരിക്കുന്നത്. അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍, ഏത് നാട്ടിലാണ് കാശുണ്ടാക്കാനാവാത്തത്!

ഒരു ട്രക് സ്റ്റോപ്പില്‍
ദൂരെ നിന്ന് അടുത്തേക്ക് നീങ്ങുന്ന ഒരു പോലീസ് വാഹനത്തിന്റെ നീല ബീക്കണ്‍ ലൈറ്റ് കണ്ണില്‍ പെട്ടു. പിന്നാലെ മറ്റൊന്നുമുണ്ട്. എല്ലാവരും ഓടിത്തുടങ്ങി. പ്രശ്‌നമാണ്. ബഡേസ്സ പറഞ്ഞു. പാതയുടെ വശത്തായി അല്‍പം മുകളിലുള്ള പുല്ലുവഴിയിലേക്ക് കയറി കമിഴ്ന്നു കിടന്ന് ഇഴയുകയാണ് ഇപ്പോഴവര്‍. പോലീസ് വണ്ടിയുടെ നീലവെളിച്ചം അവരെ കടന്ന് പോയി. പിന്നെയത് കോടമഞ്ഞില്‍ അപ്രത്യക്ഷമായി. ലോറികളുടെ ഞരക്കങ്ങള്‍ മാത്രം കാതില്‍ വീണു.

മറ്റൊരു പോലീസ് വാഹനം വന്നു. വട്ടം ചുറ്റി അല്‍പം തിരച്ചിലൊക്കെ നടത്തി അതും തിരിച്ചുപോയി. ഏഴ് എരിത്രിയന്‍ അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ നമ്മുടെ സംഘവും ചേര്‍ന്നു. അല്പം ദൂരെയുള്ള ട്രക് സ്റ്റോപ്പില്‍ നില്‍ക്കുന്ന പോലീസ് സംഘത്തെ ഞങ്ങള്‍ക്കിവിടെ നിന്നാല്‍ കാണാം. നിശ്ശബ്ദരായി അവരെ നോക്കി നില്‍ക്കുകയാണ് ഈ കുട്ടികളെല്ലാം. സിഗററ്റ് ആഞ്ഞുവലിച്ചുകൊണ്ട് പതിനാലുകാരനായ ഒരു എരിത്രിയക്കാരന്‍ പറഞ്ഞു. ദയവായി ഫോട്ടോ എടുക്കല്ലേ! എന്റെ അമ്മ കണ്ടാല്‍ ദേഷ്യപ്പെടും. ഞാന്‍ പുകവലിക്കുമെന്ന് അവര്‍ക്കറിയില്ല.

ഓരോ ആളുകളായി അവര്‍ ട്രക് സ്‌റ്റോപ്പിലേക്ക് നീങ്ങി. പ്രത്യേകിച്ചൊരു പദ്ധതിയൊന്നും അതിനായി അവര്‍ കണ്ടെത്തിയിട്ടില്ല. അതിര്‍ത്തിയിലെ മുള്ള് കമ്പികള്‍ക്കിടയിലൂടെ പട്ടാളക്കാര്‍ നുഴയുന്നതുപോലെ ഇഴഞ്ഞാണ് ചിലര്‍ നീങ്ങുന്നത്. ചിലര്‍ കൂളായി നടന്നങ്ങനെ പോവുകയാണ്. ചിലരാകട്ടെ ഭയന്ന് വിറച്ച് നിഴലുകളുടെ ഓരംപറ്റി നീങ്ങുന്നു.

അല്‍പം കഴിഞ്ഞപ്പോള്‍ ചില കോലാഹലങ്ങളുയര്‍ന്നു. കാക്കകളെയോ നായ്ക്കളെയോ ആട്ടിപ്പായിക്കുന്നത് പോലെ, ലോറി ഡ്രൈവര്‍മാര്‍ അവരെ ആട്ടിപ്പായിക്കുകയാണ്. തെരുവ് വിളക്കുകളുടെ മഞ്ഞ വെളിച്ചത്തില്‍ മുങ്ങിക്കിടക്കുന്ന ട്രക് സ്‌റ്റോപ്പിനടുത്തുള്ള മൈതാനത്തിന്റെ ഒരോരത്തായി നിര്‍ത്തിയിട്ടിരിക്കുന്ന തന്റെ ലോറിക്കരികില്‍, തല കുലുക്കുകയാണ് റൊമേനിയക്കാരനായ ഒരു ഡ്രൈവര്‍. വണ്ടിയുടെ പിറകില്‍ കൊളുത്തിയ ട്രൈലറിലെ ഗ്യാസ് അടുപ്പില്‍ തയ്യാറാക്കിയ ചായ കുടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. ഇവിടെ നിര്‍ത്തിയിരിക്കുന്ന ഒരു വണ്ടിപോലും ബ്രിട്ടനിലേക്ക് പോകുന്നതല്ല.

എല്ലാവരും കാണ്‍കെ ഒരു വണ്ടിയുടെ ട്രൈലര്‍ വാതില്‍ തള്ളിത്തുറന്ന് കയറിപ്പറ്റാന്‍ നോക്കുന്ന കുട്ടികളോടായി അത്ഭുതത്തോടെ അയാള്‍ പറഞ്ഞു. ബ്രിട്ടനിലേക്ക് പോകുന്ന ഒരു ലോറിയും ഇവിടെ നിര്‍ത്തില്ല. ആരെങ്കിലും അത്ര വലിയ ആപത്തിനൊരുങ്ങുമോ? ഏതെങ്കിലും അഭയാര്‍ത്ഥി നുഴഞ്ഞു കയറിയിട്ടുണ്ടെങ്കില്‍ പാപ്പര്‍സൂട്ടായിപ്പോകും നമ്മള്‍. 6000 യൂറോ (4.15 ലക്ഷം) ആണ് അതിര്‍ത്തിയില്‍ പിഴ!

പോലീസ് നായ്ക്കളുമായി ഒരു സംഘം പോലീസുകാര്‍ അടുത്ത നിമിഷം പ്രത്യക്ഷരായി. അതോടെ കുട്ടികളെല്ലാം അപ്രത്യക്ഷരുമായി. ചെളി തെറിപ്പിച്ച് ഏതോ ഒരു വണ്ടി കടന്നു പോയതിനു പിറകെ, ചെളിയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു ചെറിയ മനുഷ്യ രൂപം, അതിനപ്പുറത്തുള്ള ചെറിയ കയറ്റത്തിലേക്ക് മെല്ലെ നീങ്ങുന്നത് കണ്ടു.

ഈ രാത്രി ഇനിയൊരു സാധ്യതയുമില്ല
കുന്നിന്‍ ചെരുവില്‍ പുതിയ കുട്ടികള്‍ പ്രത്യക്ഷരായി. വണ്ടിയുടെ വെളിച്ചത്തില്‍ മൈതാനം മൊത്തം പരിശോധിക്കാനായി വട്ടം ചുറ്റി, രണ്ട് പോലീസ് വാഹനങ്ങള്‍ രണ്ടറ്റങ്ങളിലായി നിര്‍ത്തി. വണ്ടികളുടെ ചക്രങ്ങളും ട്രൈലറുകളും മണപ്പിച്ചുകൊണ്ട് ഒരു അള്‍സേഷ്യന്‍ നായയും ഊര്‍ജസ്വലനായി തന്റെ ജോലി ചെയ്യുന്നുണ്ട്. ബഡേസ്സയും കൂട്ടരും തണുത്തുറഞ്ഞ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നു. നിഴലുകളില്‍ നിന്ന് പുറത്ത് വന്ന മറ്റൊരു സംഘം കുട്ടികള്‍ കാരണം മൈതാനത്ത് പിന്നെയും കോലാഹലം. പിന്നെയും പോലീസ് വാഹനങ്ങള്‍. ഇപ്പോള്‍ മൊത്തം അഞ്ച് പോലീസ് വണ്ടികളായി.

തന്റെ കോട്ട് ശരീരത്തോട് മുറുക്കിപ്പിടിച്ച്, സിഗററ്റ് ആഞ്ഞുവലിച്ചുകൊണ്ട്, എരിത്രിയക്കാരന്‍ പയ്യന്‍ പറഞ്ഞു. ഇന്നീ രാത്രി ഒരു സാധ്യതയുമില്ല. ഒരിക്കലുമില്ല. താഴെ കടന്നുപോയ്‌ക്കൊണ്ടിരുന്ന ട്രക്കുകളെയും കനത്ത മഞ്ഞില്‍ ടോര്‍ച്ച് തെളിച്ച് നീങ്ങുന്ന മൈതാനത്തെ നീലക്കുപ്പായമിട്ട പോലീസുകാരെയും നോക്കി അവന്‍ നിന്നു. ഉറക്കം അകറ്റാനായി കണ്ണുകള്‍ കൂട്ടിത്തിരുമ്മി അവന്‍ പറഞ്ഞു. എപ്പോഴും ഇങ്ങനെയൊക്കെത്തന്നെ. ഉറങ്ങാനും വയ്യ. ശ്രമിച്ചുകൊണ്ടേയിരിക്കാം. ഓരോ രാത്രിയും. ബ്രിട്ടനിലെത്തിക്കഴിഞ്ഞാല്‍… സുഖമായൊന്നുറങ്ങണം.

കടപ്പാട്: അല്‍ ജസീറ

Related Articles