Current Date

Search
Close this search box.
Search
Close this search box.

കശാപ്പുകാരെ കാത്തിരിക്കുന്ന മറാത്ത്‌വാദ

maratwada.jpg

ഇരുപത് വര്‍ഷമായി കാത്തുകെട്ടി കിടന്ന 1976-ലെ മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രസിഡന്റ് ഭേദഗതി അനുവദിച്ചത്. ഈ നിയമപ്രകാരം കാള, പശുക്കുട്ടി എന്നിവയെ കൊല്ലുന്നതും പശുവിറച്ചിയോ കാളയിറച്ചിയോ കൈവശം വെക്കുന്നതും ക്രിമിനല്‍ കുറ്റമായി മാറി. നിയമം പ്രാബല്യത്തില്‍ വന്ന് ആറുമാസം കഴിഞ്ഞപ്പോള്‍ മഹാരാഷ്ട്രയിലെ മറാത്ത്‌വാദ പ്രദേശത്തെ അഷ്ടി ഗ്രാമത്തില്‍ താമസിക്കുന്ന ഹയ്യാസ് ഖുറൈശി എന്ന കശാപ്പുകാരന്‍ ആത്മഹത്യ ചെയ്തു. ഹയ്യാസ് രണ്ടു ലക്ഷത്തോളം രൂപ കടബാധിതനായിരുന്നു അപ്പോള്‍. കാരണം, നാട്ടിലെ മറ്റ് കര്‍ഷകരുടെ പ്രായമായ പശുക്കളെ അറുക്കാനായി കരാര്‍ ഏറ്റെടുത്തിരിക്കുകയായിരുന്നു ഹയ്യാസ്. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ രണ്ടു ലക്ഷം രൂപയോളം കര്‍ഷകര്‍ക്ക് ഹയ്യാസ് കടക്കാരനായി. ഹയ്യാസും സഹോദരനും ചേര്‍ന്ന് മറാത്ത്‌വാദ പ്രദേശത്തെ അഷ്ടി ബസ്സ്റ്റാന്‍ഡിനടുത്ത് അറവുശാലയും ഹോട്ടലും നടത്തിവരികയായിരുന്നു. എന്നാല്‍ കടം വീട്ടാനാവാതെ വന്നതോടെ ഭാര്യയെയും നാലു മക്കളെയും അനാഥരാക്കി ഹയ്യാസ് ആത്മഹത്യ ചെയ്തു.

50 വര്‍ഷത്തോളം ഒരു കുടുംബത്തെ പുലര്‍ത്തിയ ബസ്റ്റാന്‍ഡിനടുത്ത ആ ചെറിയ കട ഇന്ന് അനാഥമാണ്. ഹയ്യാസിന്റെ സഹോദരന്‍ സാകിറിന് കട പൂട്ടേണ്ടിയും വന്നു. ഇപ്പോള്‍ ദിവസ വരുമാനത്തിനാണ് സാകിര്‍ ജോലി ചെയ്യുന്നത്. ഇനി ആട്ടിറച്ചിയോ കോഴിയിറച്ചിയോ വില്‍പന നടത്താമെന്ന് വിചാരിച്ചാലും ആളുകള്‍ അങ്ങോട്ടു വരാന്‍ സാധ്യതയില്ല. കാരണം, ഞങ്ങള്‍ പശുവിറച്ചി വിളമ്പുമോ എന്നവര്‍ സംശയിക്കും, സാകിര്‍ പറയുന്നു. അഷ്ടിയിലെ ഖുറൈശി ഗല്ലിയില്‍ 60-ഓളം വീടുകളുണ്ട്. പരമ്പരാഗതമായി കശാപ്പു ജോലികള്‍ ചെയ്യുന്ന ആയിരത്തോളം ഖുറൈശികളും ഇവിടെ അധിവസിക്കുന്നു. ഇത് ഞങ്ങളുടെ പരമ്പരാഗത തൊഴിലാണ്, എന്നാല്‍ ഇന്ന് ഞങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരാണ്, ഖുറൈശി വിഭാഗത്തില്‍ പെട്ട 60-കാരനായ നിസാര സൗദാഗര്‍ പറയുന്നു. എനിക്ക് ഓട്ടോറിക്ഷ ഓടിക്കാനെങ്കിലും അറിയാം. എന്നാല്‍ ഖുറൈശി സമുദായത്തിലെ പലരും അറവു ജോലികള്‍ മാത്രമറിയുന്നവരാണ്. അവര്‍ ഇനി എന്തു ചെയ്യും?, സാകിര്‍ ആശങ്ക പങ്കുവെക്കുന്നു.

ബീഫ് നിരോധനം വരുന്നതിനും മുമ്പും കശാപ്പു ജോലികള്‍ ലാഭകരമായിരുന്നില്ല. എന്നാല്‍ ഖുറൈശി സമൂഹത്തിന് അത് മാത്രമേ വശമുള്ളൂ. അഷ്ടിയിലെ പരമ്പരാഗത മാംസാഹാരികള്‍ ദളിതരും ആദിവാസികളും ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ്. എന്നാല്‍ ദീപാവലിക്കും ഹോളിക്കുമിടയിലെ ആറുമാസക്കാലയളവില്‍ കരിമ്പ് വിളവെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ദളിതര്‍ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും കുടിയേറി. ഇത് സ്വാഭാവികമായും ഖുറൈശിയുടെ ഇറച്ചിക്കടയിലെ ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവുവരുത്തി. ഖുറൈശികള്‍ മാത്രമല്ല ഈ ബീഫ് നിരോധനം കൊണ്ട് വലഞ്ഞത്. തുകല്‍ വ്യാപാരികളും കന്നുകാലികളുടെ എല്ലുകള്‍ മരുന്നകള്‍ക്കായി ഉപയോഗിച്ചിരുന്ന നാട്ടുവൈദ്യന്മാരുമൊക്കെ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചു, സൗദാഗര്‍ പറയുന്നു. ദിവസവും 120 രൂപക്ക് ഒരു കിലോ ഇറച്ചി വാങ്ങിയിരുന്ന തന്റെ കുടുംബം ഇന്ന് 200 രൂപ കൊടുത്ത് ആഴ്ചയില്‍ നാലു ദിവസം കോഴി വാങ്ങേണ്ട അവസ്ഥയിലാണ്, നിര്‍മാണത്തൊഴിലാളിയായ സയ്യിദ് ഹുസൈന്‍ പറയുന്നു. ഞങ്ങള്‍ പോത്തിറച്ചി തിന്നാറില്ല. ഇവിടെ പോത്തിറച്ചി ലഭിക്കുകയുമില്ല. അത് ലഭ്യമാണെങ്കില്‍ തന്നെ തിന്നാന്‍ ഞങ്ങള്‍ക്കാവില്ല. ബീഫാണ് ഞങ്ങളുടെ പ്രിയപ്പെട്ട ആഹാരം. ഈ നിരോധനം ഒരിക്കലും ശരിയല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഒരു അതിഥി വീട്ടില്‍ വരികയാണെങ്കില്‍ നാലു കിലോ കോഴിയിറച്ചി വാങ്ങാന്‍ 800 രൂപ ചിലവാക്കേണ്ടി വരും. എന്നാല്‍ രണ്ടു കിലോ ബീഫിന് 240 രൂപ മാത്രം മതിയായിരുന്നു എന്നു ഹുസൈന്‍ പറയുന്നു.

ബീഫ് നിരോധനത്തിന്റെ ഫലങ്ങള്‍ സംസ്ഥാനത്തുനടീളമുള്ള കന്നുകാലി മാര്‍ക്കറ്റുകളില്‍ ദൃശ്യമാണ്. ബീഡില്‍ നിന്നും നൂറു കിലോമീറ്റര്‍ അപ്പുറത്തുള്ള ജല്‍ന എന്ന ചെറുപട്ടണത്തില്‍ എല്ലാ ചൊവ്വാഴ്ചയും കാലി വില്‍പന ചന്ത നടക്കാറുണ്ട്. ചൊവ്വാഴ്ചകളില്‍ കാലി വില്‍പനക്കാരും കര്‍ഷരുമായി ധാരാളം പേരാല്‍ ഈ ചന്തകള്‍ സജീവമാണ്. തങ്ങളുടെ പാടങ്ങളില്‍ പണിയെടുക്കുന്നതിനോ പാലിനോ വേണ്ടിയാണ് കര്‍ഷകര്‍ ഇവിടെ കാലികള്‍ക്കായി എത്തുന്നത്. എന്നാല്‍ ഇന്ന് കാലികള്‍ വിറ്റുപോകുന്നില്ലെന്ന പരാതിയാണ് വില്‍പനക്കാര്‍ പങ്കുവെക്കുന്നത്. കര്‍ഷകര്‍ക്കാവശ്യം ഇളം പ്രായത്തിലുളള പശുക്കളെയും കാളകളെയുമാണ്. പ്രായമായ പശുക്കളെയും കാളകളെയും ഇത്തരം ചന്തകളില്‍ കൊണ്ടുവന്ന് കശാപ്പുകാര്‍ക്ക് പകുതി വിലക്ക് വില്‍ക്കുകയാണ് അവര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ആരും ഇവയെ വാങ്ങാനില്ല. ഇളം പ്രായത്തിലുള്ള പശുവിനെയോ കാളകളെയോ വാങ്ങാനുള്ള പകുതി കാശു പോലും കര്‍ഷകര്‍ക്ക് ലഭിക്കാതെയുമായി. ഒരു ബണ്ടില്‍ പച്ചപ്പുല്ലിന് 100 രൂപയാണ് വില. ദിവസം അഞ്ചു ബണ്ടില്‍ കാലികള്‍ക്ക് ആവശ്യമായി വരും. എന്നാല്‍ പ്രായമായ മൃഗങ്ങളെ വെറുതെ തീറ്റിപ്പോറ്റാന്‍ കര്‍ഷകര്‍ ഇന്ന് തയ്യാറാവില്ല. അതിനാല്‍ പല കാലികളെയും അവര്‍ ഉപേക്ഷിക്കുകയാണ്. അവയൊക്കെ വഴിവക്കില്‍ അലഞ്ഞുതിരിഞ്ഞ് ചാവാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നു, കാലി വില്‍പ്പനക്കാരനായ ഷൗകത്ത് ദബാദി പറയുന്നു. എന്നാല്‍ ജല്‍ന മാര്‍ക്കറ്റില്‍ രഹസ്യമായി കശാപ്പു നടക്കുന്നുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

പല കര്‍ഷകരും ജാതികേന്ദ്രീകൃതമായാണ് ഈ ബീഫ് നിരോധനത്തെ കാണുന്നത്. മറാത്തകളില്‍ പെട്ട കര്‍ഷകര്‍ പ്രായമായ തങ്ങളുടെ കാലികളെയും സംരക്ഷിക്കുമ്പോള്‍ മാലികളെ പോലുള്ള വിഭാഗങ്ങള്‍ പ്രായമായ കാലികളെ കശാപ്പുകാര്‍ക്ക് നല്‍കാന്‍ തയ്യാറുള്ളവരാണ്. അഷ്ടിയില്‍ നിന്നുള്ള മാലി വിഭാഗക്കാരനായ ബി.ജെ.പി എം.എല്‍.എയായ ഭീംറാവു ധോണ്ഡെ പോലും ഈ നിരോധനം ഒരു ദുരന്തമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പ്രദേശത്തെ ബാധിച്ചിരിക്കുന്ന കടുത്ത വരള്‍ച്ച പാല്‍വില്‍പ്പനക്കാരെ ബാധിച്ചിരിക്കുന്നു. മൃഗങ്ങളില്‍ പാലുല്‍പാദനം കുറഞ്ഞതും മൃഗങ്ങളെ ആരും വാങ്ങാന്‍ തയ്യാറാവാത്തതും അവര്‍ക്ക് വിനയാണ്. കാര്‍ഷിക വൃത്തിയുമായി മുന്നോട്ടുപോകുന്ന മഹാരാഷ്ട്രന്‍ ജനതയെ അവിടുത്തെ ബീഫ് നിരോധനം സാരമായി ബാധിച്ചിരിക്കുന്നു.

വിവ: അനസ് പടന്ന

Related Articles