Current Date

Search
Close this search box.
Search
Close this search box.

കറുത്ത പര്‍ദയും വികല ചിന്തയും

hijab.jpg

ഷേക്‌സ്പിയറുടെ ഹാംലെറ്റില്‍ ദൂരയാത്രക്കൊരുങ്ങുന്ന ലേര്‍റ്റിസിനെ അനുഗ്രഹിച്ച് പിതാവ് പോളോത്രയസ് നല്‍കുന്ന പ്രധാന ഉപദേശം വസ്ത്രത്തെ കുറിച്ചാണ്. ‘വസ്ത്രങ്ങള്‍ നല്ലതാകണം, പക്ഷേ, വര്‍ണപ്പകിട്ടുള്ളതാകരുത്. കാരണം വസ്ത്രങ്ങള്‍ മനുഷ്യസ്വഭാവത്തെ വെളിപ്പെടുത്തുന്നു. ഉന്നത സ്വഭാവവും പദവിയുമുള്ളവരെല്ലാം വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവരില്‍ വിവേചനപരമായ കഴിവ് പ്രകടിപ്പിക്കുന്നു’ എന്ന് തുടങ്ങുന്നതാണ് ഉപദേശം.

‘കറുത്ത പര്‍ദക്കുള്ളില്‍’ ‘വികല’മാക്കിയ മുസ്‌ലിം സ്‌െ്രെതണതയെ ചിലര്‍ ഒരിക്കല്‍കൂടി വലിച്ചു പുറത്തിട്ടപ്പോള്‍ ഇത് ഓര്‍ത്തുപോവുക സ്വാഭാവികം. പര്‍ദ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളോടുള്ള ചില പെണ്ണെഴുത്തുകാരുടെ ഉപദേശങ്ങള്‍ ഗുണകാംക്ഷാപൂര്‍വമാണെന്ന് കരുതാന്‍ ഒരു നിവൃത്തിയുമില്ല. അവയില്‍ എഴുന്നള്ളിച്ച വിവരക്കേടുകളും ബാലിശമായ നിരീക്ഷണങ്ങളും അത്രത്തോളം അക്കാര്യം തുറന്നു കാട്ടുന്നുണ്ട്.

പര്‍ദയും മഫ്തയുമെല്ലാം പൊതുസമൂഹത്തില്‍ പ്രസക്തമാവുന്നത് ചൂഷണത്തിനെതിരെയുള്ള ശക്തമായ പ്രതിരോധം എന്ന നിലക്കാണ്. ഐ.പി.എല്‍ ക്രിക്കറ്റിലെ ഇടവേളകളെ ‘സാര്‍ത്ഥക’മാക്കുന്ന ചിയര്‍ ഗേള്‍സ് മുതല്‍ ടീനേജ് മോഡലുകളെ വെച്ച് തായ്പഴം രുചിക്കാന്‍ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്യുന്ന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വരെ പെണ്ണുടലുകളെ സമര്‍ത്ഥമായി കമ്പോളവത്ക്കരിക്കുകയാണ് ചെയ്യുന്നത്.

ചിയര്‍ ഗേള്‍സിന്റെ സാന്നിധ്യം ഐ.പി.എല്ലില്‍ നിന്നു ഒഴിവാക്കുമെന്ന് ക്രിക്കറ്റ് തലവന്‍ ശ്രീനിവാസന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ട് പോലും അത് നടപ്പില്‍ വരുത്താന്‍ കഴിയാത്തത് ഇതേ മാര്‍ക്കറ്റിങ് ഭീമന്മാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ആ പരാമര്‍ശം എന്നതിനാലാണ്. മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണരീതി ഇത്തരം ചൂഷണങ്ങളുടെ കടക്കാണ് കത്തിവെച്ചിരിക്കുന്നത്. കച്ചവടവല്‍കൃത സമകാലിക ലോകത്ത് ചൂഷകരെ ഇത് തെല്ലൊന്നുമല്ല അലോസരപ്പെടുത്തുക. പുരുഷ കേന്ദ്രീകൃത വസ്ത്ര സങ്കല്‍പമായും ചൂഷണോപാധിയായുമെല്ലാംപര്‍ദയെ വിശേഷിപ്പിക്കാന്‍ മുതലാളിത്തത്തിന്റെ കൂലിയെഴുത്തുകാരികള്‍ക്കല്ലാതെ കഴിയില്ല.

കേരളത്തിന്റെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥക്ക് ഒട്ടും യോജിച്ചതല്ല ആ വസ്ത്രമെന്ന് പറയുമ്പോള്‍ അതേ വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന കന്യാസ്ത്രീകളെയും കോട്ടും സ്യൂട്ടുമിട്ട്‌നടക്കുന്ന ഉപരിവര്‍ഗ മലയാളികളെയും വിമര്‍ശകര്‍ കാണാതെ പോകരുത്. കാലാവസ്ഥയാണ് വസ്ത്രത്തിന്റെ അളവ് തീരുമാനിക്കുന്നതെങ്കില്‍ 58 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ഉഷ്ണമേഖലാ പ്രദേശമായ ലിബിയയിലെ ജനങ്ങള്‍ പിറന്നപടി നടക്കേണ്ടിവരും. അല്ലെങ്കില്‍ തന്നെ ശരാശരി 27 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള കേരളത്തില്‍കാണാന്‍ പാടില്ലാത്തതെല്ലാം പുറത്തുകാണിക്കുന്നുണ്ടെങ്കിലും ആറ് മീറ്റര്‍ നീളമുള്ള സാരി ചുറ്റി നടക്കുന്നത് മേല്‍ മാനദണ്ഡം വെച്ച് ഗുണപരമാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.

മനുഷ്യശരീരം പോലെ തന്നെ അത് മറക്കേണ്ട വസ്ത്രവും ദൈവികമായ അനുഗ്രഹത്തിന്റെ ഭാഗമാണ്. അതിന് മനുഷ്യബുദ്ധി പ്രമാണമാക്കിയാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ മനോവികാസത്തിനനുസരിച്ച് വസ്ത്രത്തിന്റെ അളവ് നിര്‍ണയിക്കേണ്ടി വരും. കേരളത്തിലെ തന്നെ മറ്റൊരു എഴുത്തുകാരി കുറച്ചു കൂടി ഔദാര്യവതിയാണ് ഈ വിഷയത്തില്‍. അവരുടെ ഉദാരമനസ്‌കതക്ക് സമൂഹം പച്ചക്കൊടി കാണിക്കുന്നില്ല എന്നതിലാണ് അവരുടെ പരിഭവം.

‘അന്താരാഷ്ട്ര ഫാഷന്‍ ചാനലുകളില്‍ മിക്കവാറും ബിക്കിനി പ്രദര്‍ശനങ്ങള്‍ വരുന്നത് നാം ശ്രദ്ധിച്ചിരിക്കും. നമ്മുടെ നാട്ടിലെ ബ്രാ എന്ന അടിവസ്ത്രം പല വിദേശ രാജ്യങ്ങളിലും അവിടുത്തെ അത്യുഷ്ണകാലാവസ്ഥക്ക് ചേരുന്ന ‘ബ്രാ സ്ട്രിപ്പ്’ എന്ന മേല്‍വസ്ത്രമാണ്. അങ്ങനെ ബ്രായും പാന്റീസും സ്വാഭാവിക വസ്ത്രങ്ങളായി സ്വീകരിച്ച് ഇവര്‍ അണിയുമ്പോള്‍ ഇവിടെ നമ്മുടെ സമൂഹം നമ്മുടെ കാലാവസ്ഥക്ക് ചേര്‍ന്ന വിധം കല്‍പിച്ചു നല്‍കിയ വസ്ത്രത്തിനകത്ത് കഴിയുകയും ആ വിധത്തില്‍ വസ്ത്രങ്ങള്‍ അണിയുന്നവരെ ‘ലൈംഗികജീവി’കളായി കാണുകയും ചെയ്യുന്നു’ (ഫാഷനിലെ സ്ത്രീ ശരീര നിര്‍മാണശാല, ഫ്രീ പ്രസ്സ്: മെയ് 2005)

ഈ വസ്ത്രധാരണമാണ് സ്ത്രീകളുടെ അധമാവസ്ഥക്കും സ്ത്രീപീഡനങ്ങള്‍ക്കും കാരണമാവുന്നതെന്നും ഇതിന് പരിഹാരം പര്‍ദയാണെന്നുമുള്ള തിരിച്ചറിവിനു പകരം ആ വാദമുന്നയിക്കുന്നവരടക്കമുള്ള പുരുഷന്മാരെയാണ് ചികിത്സിക്കേണ്ടത് എന്ന വിചിത്രവാദമാണ് ഇത്തരം എഴുത്തുകാരികള്‍ ഉന്നയിക്കാറുള്ളത്. സ്ത്രീശരീരം പ്രദര്‍ശനവസ്തുവാകുന്നതിന് പുരുഷന് ചികില്‍സ നല്‍കണമെന്ന്! കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് കുറുക്കന്‍മാരെയെല്ലാം വേലികെട്ടി മാറ്റി നിര്‍ത്തണമെന്ന് പറയുന്നതിലപ്പുറം എന്ത് യുക്തിയാണ് ഇതിലുള്ളത്.

നഗ്‌നതാപ്രദര്‍ശനം ബലാത്സംഗത്തിന് കാരണമാകുന്നുവെന്നത് കേവലം ഒരു ആരോപണം മാത്രമല്ല, ഒരു പ്രമുഖ വാരിക നടത്തിയ സര്‍വെ റിപ്പോര്‍ട്ട് ഇങ്ങനെയാണ്: ‘ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ പ്രമോദ്കുമാര്‍ പറയുന്നു: ഐ.ഡി.സി സര്‍വെയില്‍ പങ്കെടുത്ത 52 ശതമാനം പേരും, ബലാത്സംഗത്തിന് വിധേയമാകുന്നവര്‍ ശരിയല്ലാത്ത വസ്ത്രധാരണവും പെരുമാറ്റവും സഞ്ചാരവും മൂലം ബലാത്സംഗത്തെ/മാനഭംഗത്തെ ക്ഷണിച്ചു വരുത്തുന്നതില്‍ അവരെത്തന്നെ കുറ്റപ്പെടുത്തുകയാണുണ്ടായത്. അതുപോലെ 54 ശതമാനം പേരും പുരുഷന്റെ വഴിതെറ്റിയ പോക്കിനേക്കാള്‍ മദ്യത്തെയാണ് ബലാത്സംഗത്തിന് കാരണമായി കണ്ടത്.

അതിനേക്കാളേറെ ശ്രദ്ധേയമാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ആര്‍.കെ ഗുപ്തയുടെ പ്രസ്താവന: വസ്ത്രധാരണാ രീതിയില്‍ സ്ത്രീകള്‍ കുറേക്കൂടി ശ്രദ്ധാലുക്കളാകുകയും തങ്ങളുടെ പരിധി തിരിച്ചറിയുകയും അസുരക്ഷിത സ്വഭാവം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 50 ശതമാനം കുറവുണ്ടാകും’ മറ്റൊരു പ്രധാന വാദം പര്‍ദ കേരളീയമല്ല എന്നതാണ്. ഏതാണ് കേരളീയവസ്ത്രം? അറിയപ്പെട്ടിടത്തോളം മൂഷികവംശജരിലാണ് കേരളത്തിന്റെ വസ്ത്രരംഗത്തെ ആദിമ മാതൃകകള്‍ ദര്‍ശിക്കാനാവുക. യാദവരുടെ പിന്‍ഗാമികളായതിനാല്‍ ഉടുമുണ്ട് മാത്രമായിരുന്നു ഇവരുടെ വേഷം.

തുടര്‍ന്ന് ബ്രാഹ്മണര്‍ ആത്മീയ രംഗത്തും ഭരണരംഗത്തും ആധിപത്യം നേടിയതോടെ വസ്ത്രധാരണത്തിലും മാറ്റങ്ങള്‍ വന്നു. നേരത്തെയുണ്ടായിരുന്ന ഉടുമുണ്ടിന് പുറമെ വക്ഷോജങ്ങള്‍ക്ക് മേലെ മുണ്ടുകൊണ്ട് മറ്റൊരു ചുറ്റിക്കെട്ട് കൂടി കടന്നുവരുന്നത് ഇങ്ങനെയാണ്. വസ്ത്രരംഗത്തെ പാരമ്പര്യം തേടിപ്പോകുന്ന ഒരാള്‍ക്ക് ഈ രണ്ട് മാതൃകകളില്‍ ഏത് സ്വീകരിച്ചാലും പര്‍ദ നല്‍കുന്ന ആത്മവിശ്വാസം നല്‍കില്ല. കേരളീയ വസ്ത്രപാരമ്പര്യത്തിന്റെ മഹിത രേഖയായി പരിചയപ്പെടുത്തുന്ന സാരി പോലും ഇരുപതാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യന്‍ വസ്ത്രധാരണാ രീതിയില്‍ നിന്ന് കടമെടുത്തതാണ്.

ഇതാകട്ടെ, കായികാഭ്യാസ മുറകള്‍ക്കായി പുരുഷന്മാര്‍ കച്ചയും സ്ത്രീകള്‍ ഒന്നരയും ധരിക്കാന്‍ തുടങ്ങിയതിന്റെ പരിഷ്‌കൃതരൂപവുമാണ്. പര്‍ദ ധരിക്കുന്നവരില്‍ സംഘടിത ബോധമുണ്ടാവുന്നുവെന്നും അല്ലാത്തവരില്‍ അധമ ബോധം നിലനില്‍ക്കുന്നുവെന്നതും ഒരു കുറ്റമായി പറയേണ്ടതാണെന്ന് തോന്നുന്നില്ല. എന്നാല്‍ അതിനേക്കാള്‍ പര്‍ദ നല്‍കുന്നത് സുരക്ഷിത ബോധമാണെന്നത് അത് ധരിക്കുന്നവര്‍ അനുഭവത്തിലൂടെ പറയുന്നു. ഐഹികപാരത്രിക സുരക്ഷിതത്വത്തെ പ്രതീക്ഷിച്ച് കൊണ്ട് തന്നെയാണ് യിവോണ്‍ റിഡ്‌ലിയും കമലാ സുരയ്യയും നാഇമ ബി റോബര്‍ട്ടും റുഖിയ്യ ഹില്‍ അബ്ദുസ്സലാമും സുല്‍ത്താന യൂസുഫലിയുമെല്ലാം ‘അടിമത്തത്തിന്റെ മൂടുപടമായ’ പര്‍ദയിലും മഫ്തയിലും അഭയം കണ്ടെത്തിയത്.

അതേ ആദര്‍ശവും മൂടുപടവും തന്നെയാണ് അന്തസും ആഭിജാത്യവുമുള്ള പില്‍ക്കാല ജീവിതത്തിന് ഇവരെയെല്ലാം പ്രാപ്തരാക്കിയതും. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതി നിശ്ചയിക്കുന്നതും പര്‍ദയില്‍ ‘തളച്ചിടുന്ന’തും പുരുഷന്മാരാണെന്നുള്ള വാദം വില കുറഞ്ഞതാണെന്ന് മാത്രമല്ല, സ്ത്രീ വിരുദ്ധത കൂടിയാണ്. സ്വന്തമായി അസ്തിത്വവും ആത്മാഭിമാനവും അവകാശബോധവുമുള്ള സ്ത്രീ സമൂഹം, വസ്ത്രധാരണ രംഗത്തു പോലും സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്തത്ര അബലകളാണെന്ന പരാമര്‍ശം പ്രകോപനപരമായ നിലപാടാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറ പിടിച്ചാണ് പര്‍ദയും ശിരോവസ്ത്രവും വിമര്‍ശിക്കപ്പെടുന്നത്. ഉഷ്ണപ്രദേശമായ ഭാരതത്തില്‍ അറേബ്യന്‍ സംസ്‌കാരമായ പര്‍ദ ധരിക്കാന്‍ മുസ്‌ലിംസ്ത്രീകളെ നിര്‍ബന്ധിക്കുന്നുവെന്നതാണ് വിമര്‍ശനം. യഥാര്‍ത്ഥത്തില്‍ ഇന്ത്യയെപ്പോലുള്ള ബഹുമതജനാധിപത്യരാജ്യത്ത് പര്‍ദ അടിച്ചേല്‍പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും തെറ്റുതന്നെയാണ്; അത് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നതു പോലെത്തന്നെ. മുസ്‌ലിം പേരുള്ള ഏതൊരാളും നിര്‍ബന്ധമായും പര്‍ദയോ ബുര്‍ഖയോ ധരിക്കണമെന്ന് ആരും വാദിക്കുമെന്ന് തോന്നുന്നില്ല. അതേസമയം പരലോകവിജയം പ്രാപിക്കണമെന്നുണ്ടെങ്കില്‍ ശിരോവസ്ത്രം മാറിടത്തിലൂടെ താഴ്ത്തിയിട്ട് നഗ്‌നത പൂര്‍ണമായും മറക്കണമെന്നാണ് ഖുര്‍ആന്‍ (24:30) അനുശാസിക്കുന്നത്. തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും സ്ത്രീകള്‍ക്കതാണ് ഉത്തമമെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. (33:51)

കടപ്പാട്: chandrikadaily

Related Articles