Current Date

Search
Close this search box.
Search
Close this search box.

കഫീല്‍ ഖാന്‍ ഒരു പ്രതീകമാണ്

uiolop.jpg

കഫീല്‍ ഖാന്‍ ഒരു പ്രതീകമാണ്. നീതി നിഷേധത്തിന്റെ പ്രതീകം. ഗോരഖ്പൂര്‍ ആശുപത്രിയില്‍ ശിശുക്കളുടെ മരണ നിരക്ക് കുറയാന്‍ കാരണം ആ മനുഷ്യനാണ്. സ്വന്തം ചെലവിലും അധ്വാനത്തിലും അദ്ദേഹം ആശുപത്രിയിലേക്ക് ആവശ്യമുള്ള സിലിണ്ടര്‍ എത്തിച്ചു എന്നത് ലോകം മനസ്സിലാക്കിയതാണ്. എന്നിട്ടും അദ്ദേഹം നീതിക്കു വേണ്ടി യാചിക്കുന്നു. ഒരു വ്യാജ ഏറ്റുമുട്ടലില്‍ താന്‍ കൊല്ലപ്പെടാമെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തുന്നു. കഴിഞ്ഞ എട്ടു മാസമായി അദ്ദേഹം വിചാരണ തടവിലാണ്. തന്റെ ജോലിയില്‍ അനാസ്ഥ കാണിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

ഭരണകൂടം ഭീകരമായാല്‍ അതിലും വലിയ ദുരന്തം ലോകത്തു മറ്റൊന്നില്ല എന്നതിന്റെ കൂടി തെളിവാണ് കഫീല്‍ ഖാന്‍. മുഖ്യമന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിലെ കെടുകാര്യസ്ഥത ലോകമറിഞ്ഞു എന്നതാണ് അദ്ദേഹം ചെയ്ത കുറ്റം. ഒരു രാത്രിയില്‍ ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ കുട്ടികള്‍ പിടഞ്ഞു മരിച്ചപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ധീര നടപടികള്‍ ചരിത്രം എന്നും ഓര്‍ത്ത് വെക്കും. അധികാരമുപയോഗിച്ചു ഭരണകൂടങ്ങള്‍ എങ്ങിനെ കാര്യങ്ങളെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് കഫീല്‍ ഖാന്‍. സംസ്ഥാനം ഭരിക്കുന്നത് സംഘപരിവാറും ഇപ്പുറത്തു ഒരു പ്രത്യേക സമുദായക്കാരനായിപ്പോയി എന്നത് കൂടി പുതിയ സംഭവ വികാസങ്ങള്‍ക്കു കാരണമാകും.

ഒരു ജനതയെ മുഴുവന്‍ ഗുജറാത്ത് തെരുവില്‍ വെട്ടിയും കുത്തിയും ചുട്ടുകരിച്ചും കൊലപ്പെടുത്തിയവരും പള്ളിയില്‍ ബോംബ് വെച്ച് ആളുകളെ കൊന്നുതള്ളിയവരും പരിശുദ്ധരായി കോടതികളില്‍ നിന്നും ഇറങ്ങി പോരുന്ന കാലത്ത് സേവനം ചെയ്തവര്‍ കുറ്റവാളികളായി തീരുന്ന പ്രതിഭാസം നാം കണ്ടുവരുന്നു. നാട് കടന്നു പോകുന്ന ഭീകര അവസ്ഥ നമ്മെ ഭയപ്പെടുത്തണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കാലമാണ്. അദ്ദേഹത്തെ പോലും ഇംപീച്ച് ചെയ്യണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി പോയിരിക്കുന്നു.

വിചാരണ തടവ് ഒരു ദുരന്തമാണ്. എത്ര കൊല്ലം നീട്ടി കൊണ്ടുപോകാനും അതിനു കഴിയും. മഅ്ദനി അതിന്റെ നമ്മുടെ മുന്നിലുള്ള ഇരയാണ്. നാം അറിയുന്നതിനെക്കാള്‍ അനേകം ഇരട്ടിയാണ് നാം അറിയാത്തവ. പക്ഷെ നമ്മുടെ പൊതുബോധം ഇതൊന്നും കാര്യമാക്കില്ല. അതിന്റെ സ്വഭാവം പലപ്പോഴും സ്വാര്‍ത്ഥതയാണ്. എന്റെയും എന്റെ കുടുംബത്തിന്റെയും വിഷയമല്ലെങ്കില്‍ മറ്റൊന്നും എന്റെ വിഷയമല്ല എന്ന നിലയിലേക്ക് നമ്മുടെ പൊതുബോധം താഴ്ന്നു പോയിരിക്കുന്നു. കഫീല്‍ഖാന്‍ ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത്. അതൊരു ഭരണകൂട ഭീകരതയായി കാണണം. നാളെ നമ്മെയും തേടി വരാന്‍ സാധ്യതയുള്ളത്.

 

Related Articles