Current Date

Search
Close this search box.
Search
Close this search box.

ഐ.എസിനെ ചെറുക്കാന്‍ എച്ച്.എസ്!

hind.jpg

സ്വാമി നരസിംഗാനന്ദ് സരസ്വതി എന്ന ആള്‍ദൈവത്തിന്റെ കീഴില്‍ ഐ.എസിനെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ 15,000-ത്തോളം വരുന്ന ‘ഹിന്ദു സ്വാഭിമാന്‍ സേന’ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 2020-ഓടു കൂടി പടിഞ്ഞാറന്‍ യു.പി ഐ.എസ് പിടിച്ചടക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ പടിഞ്ഞാറന്‍ യു.പിയില്‍ ഇത്തരം 50-ഓളം ട്രെയിനിംഗ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടു. അതില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെയുണ്ട്. മീററ്റ് നഗരത്തിലും മുസഫര്‍നഗറിലും മാത്രം എട്ട് പരിശീനന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശത്രുവിനെതിരെ സ്വരക്ഷക്കും സ്വന്തക്കാരുടെ രക്ഷയ്ക്കും സജ്ജരായിരിക്കുക എന്നതാണ് ഇവരുടെ മുദ്രാവാക്യം. പശ്ചിമ ബംഗാളില്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഖില ഭാരത ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരി സ്വാമി സരസ്വതിയുടെ അനുയായിയാണ്.  

ഹിന്ദു സ്വാഭിമാന്‍ സേനയുടെ വനിതാ നേതാവ് ചേതനാ ശര്‍മ പറയുന്നു, ”കുട്ടികളെ ചെറുപ്രായത്തിലേ ക്യാമ്പിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ രീതി. പടിഞ്ഞാറന്‍ യു.പിയിലൊന്നാകെ 50 പരിശീലന ക്യാംപുകള്‍ ഞങ്ങള്‍ക്കുണ്ട്. എട്ട് വയസ്സ് മുതല്‍ 30 വയസ്സു വരെയുള്ളവരാണ് ഞങ്ങളുടെ ക്യാംപുകളില്‍ പങ്കെടുക്കുന്നത്. തുടക്കം മുതല്‍ തന്നെ അവരുടെ കൈയ്യില്‍ വാളും തോക്കും കൊടുത്തല്ല പരിശീലിപ്പിക്കുന്നത്. ആദ്യത്തെ ആറു മാസം മാനസിക പരിശീലനമാണ് നല്‍കപ്പെടുന്നത്. അവര്‍ക്ക് ഭഗവദ്ഗീത പഠിപ്പിക്കപ്പെടും. ഹിന്ദുക്കള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നത് കൊണ്ടു തന്നെ അവര്‍ക്ക് മരണഭയം വേണ്ടതില്ല. ഇവിടെയുള്ള കുട്ടികളൊക്കെ ഒട്ടും ഭയമില്ലാത്തവരാണ്”. എട്ടു വയസ്സുകാരിയായ സീമാ കുമാരി പറയുന്നു, ”ഞാന്‍ പോരാടാന്‍ പഠിക്കുന്നത് ഞങ്ങളുടെ മാതാക്കളും സഹോദരിമാരും ഭീഷണിയിലായതു കൊണ്ടാണ്. അവരെ സംരക്ഷിക്കുന്നതൊടൊപ്പം സ്വന്തത്തേയും സംരക്ഷിക്കേണ്ടതുണ്ട്.”

സ്വാഭിമാന്‍ സേനയുടെ ആചാര്യനായ സ്വാമി സരസ്വതി താമസിക്കുന്ന ക്ഷേത്രത്തിന് പുറത്ത് ഇങ്ങനൊരു ബോര്‍ഡ് കാണാം, ”യേ തീര്‍ത്ഥ് ഹിന്ദുവോം കാ പവിത്ര സ്ഥല്‍ ഹേ. മുസല്‍മാനോം കാ പ്രവേശ് വര്‍ജിത് ഹേ. ആദേശ് മഹന്ത് ബാബാ നരസിംഗാനന്ദ് സരസ്വതി” (ഇത് ഹിന്ദുക്കളുടെ പവിത്ര സ്ഥലമാണ്. മുസ്‌ലിംകള്‍ ഇവിടെ പ്രവേശിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. ബാബാ നരസിംഗാനന്ദയുടെ ഉത്തരവു പ്രകാരം). ദീപക് ത്യാഗി എന്ന് യഥാര്‍ത്ഥ നാമമുള്ള സ്വാമി 1995 വരെ സമാജ്‌വാദി പാര്‍ട്ടി അംഗവും മുലായം സിംഗ് യാദവിന്റെ വലിയ ആരാധകനുമായിരുന്നു. എന്നാല്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ സമുദായത്തിലെ ഒരു യുവതി പെണ്‍വാണിഭ സംഘത്തില്‍ പെട്ട് ആത്മഹത്യ ചെയ്തതിന് ശേഷം ഇദ്ദേഹം പാര്‍ട്ടി ഭക്തി അവസാനിപ്പിച്ച് ഒരു സന്യാസിയാവുകയായിരുന്നു. ഇന്ന് സരസ്വതിയുടെ ഹീറോ ഹിന്ദുത്വ എന്ന ആശയം പടച്ചുവിട്ട വീര സവര്‍ക്കറാണ്. കമലേഷ് തിവാരിയെ പോലുള്ള ശിഷ്യഗണങ്ങളും സ്വാമിക്ക് സ്വന്തം. ദയൂബന്ദിലെ ദാറുല്‍ ഉലൂമാണ് ഐ.എസിന്റെ പ്രഭവകേന്ദ്രമാവുകയെന്ന് സ്വാമി ഉറച്ചുവിശ്വസിക്കുന്നു.

ഐ.എസിനോടുള്ള കടുത്ത എതിര്‍പ്പ് സ്വാമിയുടെ വാക്കുകളില്‍ പ്രകടമാണ്. അദ്ദേഹം പറയുന്നു, ”ഐ.എസിന്റെ ഒരു ഹിന്ദു പതിപ്പ് തീര്‍ച്ചയായും ഉണ്ടാവേണ്ടിയിരിക്കുന്നു. ഐ.എസിനുള്ള മറുപടി എന്നത് ഒരു എച്ച്.എസ് ആണ്, ഹിന്ദു സ്റ്റേറ്റ്. തീവ്രതയില്‍ നാമവരോട് മത്സരിക്കേണ്ടതുണ്ട്. തീയെ തീകൊണ്ട് തന്നെ നേരിടണം. ഐ.എസിനെ പോലെ ഒരു വലിയ പ്രസ്ഥാനമാക്കി ഇതിനെ മാറ്റാന്‍ സാധിക്കുമോ എന്നറിയില്ല. എന്നിരുന്നാലും എന്നില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളുടെ സഹായത്തോടെ ഞാന്‍ അത് നേടിയെടുക്കുക തന്നെ ചെയ്യും. അവര്‍ക്ക് റോക്കറ്റ് വിക്ഷേപിണികളുണ്ടെങ്കില്‍ ഞങ്ങളുടെ കൈയ്യില്‍ തോക്കുകളുണ്ട്. ഞങ്ങള്‍ക്ക് സേനയെ പരിശീപ്പിക്കുന്നതിനായി മെച്ചപ്പെട്ട ആയുധങ്ങള്‍ ആവശ്യമുണ്ട്. ബിസിനസ് ഭീമന്മാരുടെ സഹായങ്ങള്‍ കൊണ്ടാണ് ഐ.എസ് ഇത്രയും വളര്‍ന്നത്. ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളും ഞങ്ങളെ സഹായിക്കും.’

സ്വാഭിമാന സേനയുടെ കീഴില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞതായി സ്വാമി വ്യക്തമാക്കുന്നു. ”മാസത്തില്‍ രണ്ടു പഞ്ചായത്തുകളെ ഞങ്ങള്‍ അഭിസംബോധന ചെയ്യുന്നുണ്ട്. പഞ്ചായത്ത് പരിപാടികളില്‍ സദാ ധീരരായിരിക്കാനാണ് ഞാന്‍ എന്റെ ഹിന്ദു സിംഹങ്ങളോട് ആവശ്യപ്പെടാറുള്ളത്. സദാ സമയവും ആയുധധാരികളായിരിക്കാനും. മുസഫര്‍നഗര്‍ കലാപ സമയത്ത് ഞങ്ങള്‍ നേരിട്ട് രംഗത്തിറങ്ങി ഹിന്ദു സഹോദരന്മാര്‍ക്ക് വീര്യം പകരുകയുണ്ടായി. ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് വാദിക്കുന്ന രാഷ്ട്രീയക്കാരൊക്കെ പച്ചകള്ളമാണ് പറയുന്നത്.” മതിലില്‍ എഴുതിവെച്ച ഒരു മുദ്രാവാക്യം സ്വാമി വായിക്കുന്നു, ”ഹിന്ദു ഷേറോം, ഷാന്‍ സേ ജീനാ ഹേ തോ ഷാന്‍ സേ മര്‍നാ സീഖോ” (അല്ലയോ ഹിന്ദു സിംഹങ്ങളേ, അഭിമാനത്തോടെ ജീവിക്കണമെങ്കില്‍ അഭിമാനത്തോടെ മരിക്കാന്‍ പഠിക്കൂ). ഞാന്‍ എന്റെ ജനങ്ങളെ തയ്യാറാക്കുന്നത്  ഒരു ആഭ്യന്തരയുദ്ധത്തിനാണ്. സംസ്ഥാന സര്‍ക്കാറിനോ മോദി ഭരണകൂടത്തിനോ ഈ യുദ്ധഭേരിയെ തടുക്കാനാവില്ല. സ്വന്തക്കാര്‍ക്ക് വേണ്ടി പോരാടി മരിക്കുന്നതാണ് ഭയന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദം, സ്വാമി നയം വ്യക്തമാക്കുന്നു.

ഇത്രയും ഗംഭീരമായ കോപ്പുകൂട്ടലുകളൊക്കെ നടക്കുന്നത് ഭരണകൂടത്തിന്റെ മൂക്കിന് താഴെയാണ്. എന്നാല്‍ മീററ്റ് സോണ്‍ ഐ.ജി അലോക് ശര്‍മയുടെ അഭിപ്രായത്തില്‍ ഇങ്ങനെയൊരു കാര്യം തങ്ങള്‍ അറിഞ്ഞിട്ടേയില്ല. ഇക്കാര്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവും ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കും, അലോക് ശര്‍മ പറഞ്ഞു. എന്നാല്‍ ഗാസിയാബാദില്‍ സ്വാഭിമാന്‍ സേന ക്യാംപ് നടത്തുന്ന മുന്‍ ഗുസ്തിക്കാരനായ അനില്‍ യാദവിന്റെ അഭിപ്രായത്തില്‍ ഇത്തരം ക്യാംപുകളില്‍ യാതൊന്നും നിയമവിരുദ്ധമായിട്ടില്ല. ”ഞങ്ങള്‍ നടത്തുന്ന ഇത്തരം ക്യാംപുകളില്‍ അധികവും ഗോദകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്, അതാകട്ടെ നിയമവിരുദ്ധവുമല്ല. പോലീസ് അവ അടച്ചുപൂട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്റെ വിദ്യാര്‍ഥികള്‍ അവിടെ അഭ്യസിക്കുന്നത് ആയോധന കലകളാണ്. പല തരത്തിലുള്ള ആയുധങ്ങളുടെ പ്രയോഗവും അവര്‍ അവിടെ പഠിപ്പിക്കപ്പെടുന്നുണ്ട്. ചെറിയ കുട്ടിക്ക് പോലും എങ്ങനെ തോക്ക് ഉപയോഗിക്കണമെന്ന് പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കും. ആറു മാസങ്ങള്‍ കൊണ്ട് സ്വന്തമായി ഒരു ക്യാംപ് തുടങ്ങാന്‍ പാകത്തില്‍ അവന്‍ സജ്ജനായി കഴിഞ്ഞിരിക്കും. ഇതുവരെ കേവലം രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് 15,000-ത്തോളം കുട്ടികളെ ഞങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ എത്ര പുരോഗതി പ്രാപിക്കും’, അനില്‍ യാദവ് ആത്മവിശ്വാസത്തോടെ ചോദിക്കുന്നു.  

അവലംബം: countercurrents.org

വിവ: അനസ് പടന്ന

Related Articles