Current Date

Search
Close this search box.
Search
Close this search box.

ഐയാം ദി ഗ്രേറ്റസ്റ്റ്

muhammedali-clay.jpg

എനിക്ക് പന്ത്രണ്ടുവയസ്സുള്ളപ്പോഴേ ഞാന്‍ ഒരു അധികപ്രസംഗി ആയിരുന്നു. എന്റെ കാര്യത്തില്‍ എന്റെ മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. എവിടെ പോകുമ്പോഴും ഞാനെന്റെ ഗോള്‍ഡന്‍ ഗഌസ് ജാക്കറ്റും ധരിച്ചാണ് പോയിരുന്നത്. അമ്പതുകളില്‍ ലൂയിസ് വില്ലിയിലെ മറ്റു കറുത്തവര്‍ഗ്ഗക്കാരെപോലെയായിരുന്നില്ല ഞാന്‍. നല്ല വായാടിയായിരുന്നു.

അക്കാലത്താണ് ഞാന്‍ റെസ്‌ലിംഗ് ചാമ്പ്യനായിരുന്ന ജോര്‍ജിയസ് ജോര്‍ജിന്റെ ഗുസ്തിമത്സരം കാണാന്‍ പോയത്. വെള്ളക്കാരനായ ആ ഗുസ്തിക്കാരന്‍ അക്കാലത്തെ ഒരു വലിയ സംഭവമായിരുന്നു. റിംഗില്‍ ഗുസ്തിപിടിക്കുന്നതിനേക്കാള്‍ റിംഗിന് പുറത്ത് പരേഡ് നടത്താനാണ് അദ്ദേഹം കൂടുതല്‍ സമയമെടുത്തിരുന്നത്. കാണികളെ ആകര്‍ഷിപ്പിക്കും വിധം മനോഹരമായ വസ്ത്രം ധരിച്ചാണ് അദ്ദേഹം ഇടിക്കൂട്ടില്‍ എത്തുക. ‘എന്റെ മുടി കുഴമ്പരുത്. ഞാന്‍ അത് ഭംഗിയായി ചീകിവച്ചിരിക്കയാണ്’ ഇങ്ങനെ പറഞ്ഞാണ് അദ്ദഹം എതിരാളിയെ നേരിടാനിറങ്ങുക. മത്സരം കാണാന്‍ കൂടുതല്‍ കൂടുതല്‍ കാണികളെ ആകര്‍ഷിക്കും വിധം പല വേലകളും അയാള്‍ റിംഗില്‍ ഇറക്കും.

വീട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും ഞാനും അതുപോല പലതും എന്നെകുറിച്ച് വീമ്പു പറയും. മുമ്പത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരിക്കും. ഇതു കേള്‍ക്കുമ്പോള്‍ എന്റെ പാവം മാതാപിതാക്കള്‍ കൂടുതല്‍ പരിഭ്രമിക്കും. മനസ്സില്‍ ഒരു എതിരാളിയെ സങ്കല്‍പ്പിച്ച് ഞാന്‍ ‘I am gonna be the greatest of all time’  ഞാന്‍ ലോകത്തിലെ എറ്റവും മഹാന്‍ ആകും എന്നു പറഞ്ഞുകൊണ്ടിരിക്കും. ഇന്നും അത് തന്നെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്റെ കമ്പനിയുടെ പേര് തന്നെയും അതാണ്. GOAT, Greatest of All Time.

എനിക്കു 12 വയസ്സുള്ളപ്പഴേ ഞാന്‍ മനസ്സിലാക്കി, ഞാന്‍ ലോകത്തിലെ ഏറ്റവും മഹാനാകുമെന്ന്. എന്റെ മത്സരങ്ങളിലെല്ലാം ഞാന്‍ വിജയിച്ചുപോന്നു. എന്റെ നെഞ്ചളവ് വര്‍ധിച്ചുവരുന്നത് കണ്ടു ഞാന്‍ എത്ര വലുതായെന്ന് സ്വയം പറഞ്ഞു. ക്രമേണ ജോര്‍ജിയസ് ജോര്‍ജിനേക്കാള്‍ ചന്തം എനിക്കാണെന്നും എനിക്ക് തോന്നി. ഇനിയിപ്പോള്‍ അദ്ദേഹം വിറ്റതിനേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ എന്റെ മത്സരത്തിന് വില്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി.

ഞാന്‍ മാത്രമല്ല, നാളെത്തെ ചാമ്പ്യനാകാന്‍ കൊതിച്ചു നടക്കുന്ന വേറെ പലരും സ്‌കൂളില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ ഒരു ടീച്ചര്‍ക്ക് ഞാന്‍ വെറുമൊരു വായാടിയായിരുന്നു. ഞാനടക്കമുള്ളവരുടെ വായടക്കലായിരുന്നു അവരുടെ പ്രധാന പരിപാടി. ഞങ്ങളുടെ ബോക്‌സിംഗ് കമ്പം അവര്‍ക്ക് തീരെ ദഹിച്ചിരുന്നില്ല. ആരുടെ കഴിവിലും അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. തലച്ചോറില്ലാത്ത ഒരാളായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. ഒരിക്കല്‍ ഞങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ, അവര്‍ എന്റെ അടുത്ത് വന്നിട്ടു പറഞ്ഞു. ‘നീയൊന്നും ഒന്നുമാകാന്‍ പോകുന്നില്ല.’

എനിക്ക് 17 വയസ്സുള്ളപ്പോള്‍ ലൂയിസ് വില്ലയിലെ ബോക്‌സിംഗില്‍ ഗോള്‍ഡന്‍ ഗ്ലോവ് ഞാന്‍ നേടി. അതിന്റെ പിറ്റേ വര്‍ഷമാണ് അത് സംഭവിച്ചത്. 1960 ലെ റോം ഒളിമ്പിക്‌സില്‍ ഞാന്‍ സ്വര്‍ണം നേടി. ഓഹ് ലോകത്തിലെ ഏറ്റവും മഹാനായിരിക്കുന്നു ഞാന്‍. റോമില്‍ നിന്ന് മടങ്ങിയെത്തിയ ഞാന്‍ ആദ്യം ചെയ്തത് ആ ടീച്ചറുടെ ക്ലാസിലേക്കു പോവുകയായിരുന്നു. ‘ഞാനൊന്നും ഒന്നും ആകാന്‍ പോകുന്നില്ല എന്ന് നിങ്ങള്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? ക്ലാസില്‍ കയറി ഞാന്‍ ടീച്ചറോട് ചോദിച്ചു. അവര്‍ അതിശയത്തോടെ എന്നെ നോക്കിനിന്നു. ഐയാം ദി ഗ്രേറ്റസ്റ്റ് ഇന്‍ ദി വേള്‍ഡ്, ലോകത്തിലെ കേമന്‍ ഞാനാണ്. എന്റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ഗോള്‍ഡ് മെഡല്‍ അവരുടെ കണ്‍മുമ്പില്‍ ചേര്‍ത്തു പിടിച്ചു ഞാന്‍ വീണ്ടും പറഞ്ഞു. ഐയാം ദി ഗ്രേറ്റസ്റ്റ് ഇന്‍ ദി വേള്‍ഡ്. മെഡല്‍ പോക്കറ്റലിട്ട് ഞാന്‍ ക്ലാസ് മുറിയില്‍ നിന്നു ഞാന്‍ തിരിഞ്ഞുനടന്നു. ക്ലാസ് മുറിയില്‍ നിന്നുള്ള എന്റെ പടിയിറങ്ങലായിരുന്നു അത്.

ഒരു വര്‍ഷം കഴിയുന്നതിനു മുമ്പേ, നേഷന്‍ ഓഫ് ഇസ്‌ലാമില്‍ ഞാന്‍ അംഗമായി. അധികം താമസിയാതെ ഡെട്രോയിട്ടില്‍ 1962-ല്‍ ഞാന്‍ മാല്‍കം എക്‌സുകമായി കൂടിക്കാഴ്ച നടത്തി. നീഗ്രോ എന്നാല്‍ രാജ്യമല്ലെന്ന് അന്നദ്ദേഹം എന്നോടു പറഞ്ഞു. ചൈനീസ് ചൈനയില്‍ നിന്നാണ്. റഷ്യന്‍സ് റഷ്യയില്‍ നിന്നുമാണ്. എന്നാല്‍ നീഗ്രോസ് എവിടെ നിന്നും വന്നവരാണ്?

എന്റെ നാട്ടില്‍ എല്ലാ നല്ലകാര്യങ്ങളോടും വെളുപ്പ് ചേര്‍ത്തു പറയുന്നത് എങ്ങനെയാണെന്ന് മാല്‍കം ആണ് എന്നെ പഠിപ്പിച്ചത്. ജീസസ് വെളുത്തവനാണ്. ഇടയന്‍മാര്‍ വെളുത്തവരാണ്. അവര്‍ വെളുത്ത തൊപ്പിയണിഞ്ഞ് വെള്ളക്കുതിരമേല്‍ സഞ്ചരിക്കുന്നു. മാലാഖമാരും മാലാഖമാരുടെ കേക്കും വെളുത്തതാണ്. ആഫ്രിക്കന്‍ കാട്ടുരാജാവ് ടാര്‍സണ്‍ പോലും വെളുത്തവനാണ്.

അമേരിക്കയില്‍ കറുപ്പിന്റെയും വെളുപ്പിന്റെയും സത്യം മാല്‍കം എക്‌സാണ് എനിക്ക് പറഞ്ഞുതന്നത്. കറുത്തവയെല്ലാം ചീത്തയാണ്. ചെകുത്താന്‍മാരുടെ ഭക്ഷണമാണ് കറുത്തകേക്ക്. കറുത്ത തൊപ്പി, കരിമ്പൂച്ച, ഇങ്ങനെ കറുത്തതെല്ലാം ചീത്ത. കറുപ്പിനെ കുറിച്ച് ജനങ്ങളുടെ മനസ്സില്‍ രൂഢമൂലമായിരിക്കുന്ന വിശ്വാസത്തെ കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.

എനിക്ക് സ്വന്തം പേരു പോലും അറിയില്ലെന്ന് എനിക്കു മനസ്സിലായി. എന്നെ അറിയാത്ത ഒരു വെള്ളക്കാരന്‍ എനിക്ക് ഇട്ടിരിക്കുന്ന പേരാണ് കാഷ്യസ് ക്ലേ. അതുകൊണ്ടാണ് ഞങ്ങള്‍ കറുത്ത കുട്ടികള്‍ക്ക് സ്‌കൂളില്‍ ജോര്‍ജ് വാഷിംഗ്ടണ്‍ എന്ന് പേര് വീണത്. ഞങ്ങളെ അധ്യാപകര്‍ ഒരിക്കലും വിശ്വസിക്കാത്തതിന്റെ കാരണവും ഞങ്ങള്‍ കറുമ്പന്‍മാരായി എന്നതാണ്. നീയൊന്നും ഒന്നും ആകാന്‍ പോകുന്നില്ല എന്ന് പറയാന്‍ എന്റെ ടീച്ചറെ പ്രേരിപ്പതും ഞാന്‍ കറുത്തവര്‍ഗക്കാരനാണ് എന്നതാണ്.
മാല്‍കം എക്‌സാണ് എന്നെ ഒരു അഭിമാനിയാക്കിയത്. അദ്ദേഹമാണ് എന്നെ ഒരു ദൈവവിശ്വാസിയാക്കിയത്. ജോര്‍ജിയസ് ജോര്‍ജ് മത്സരത്തില്‍ എങ്ങനെ ടിക്കറ്റുകള്‍ വിറ്റഴിക്കാം എന്ന് എന്നെ പഠിപ്പിച്ചു. എന്റെ ആ സ്‌കൂള്‍ ടീച്ചറിന് എന്നെ സംബന്ധിച്ചുണ്ടായിരുന്ന ആ ആത്മവിശ്വാസകുറവും സംശയവുമാണ് എക്കാലത്തെയും മഹാനാകാന്‍ എനിക്ക് പ്രചോദനമായത്. ഇത് സത്യമാകുമെന്ന് എന്റെ പന്ത്രണ്ടാം വയസ്സിലേ ഞാന്‍ അറിഞ്ഞിരുന്നു.

വിവ: മുനീര്‍ മുഹമ്മദ് റഫീഖ്

Related Articles