Current Date

Search
Close this search box.
Search
Close this search box.

ഏകലവ്യന്റെ വിരലു ഛേദിച്ചവര്‍ നജീബിനെ എന്തുചെയ്തു?

najeeb-mother.jpg

രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ ജെ.എന്‍.യു വില്‍ നിന്നും നജീബ് അഹ്മദ് എന്ന മുസ്‌ലിം വിദ്യാര്‍ഥിയെ കാണാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് നജീബ് അഹമ്മദിനെ കാണാതാകുന്നത്. അതിന് തലേ ദിവസം രാത്രി അഥവാ ഒക്ടോബര്‍ 14ന് നജീബ് താമസിച്ചിരുന്ന ജെ.എന്‍.യുവിലെ മാഹി മാണ്ഡവി ഹോസ്റ്റലില്‍ വെച്ച് ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി യുടെ ഇരുപതോളം പ്രവര്‍ത്തകര്‍ നജീബിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റിന്റെയും ഹോസ്റ്റല്‍ വാര്‍ഡന്റെയും മറ്റു നിരവധി വിദ്യാര്‍ഥികളുടെയും കണ്‍മുന്നില്‍ വെച്ചാണ് സംഘ്പരിവാറിന്റെ ക്യാമ്പസ് ഗുണ്ടകള്‍ നജീബിനെ അക്രമിച്ചതും വധഭീഷണി മുഴക്കിയതും. തൊട്ടടുത്ത ദിവസമാണ് നജീബിനെ കാണാതാകുന്നതും.

രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വിദ്യാര്‍ഥി ഗുണ്ടകള്‍ പ്രതിസ്ഥാനത്തുള്ളതിനാല്‍ തുടക്കം മുതല്‍ കേസ് അന്വേഷിക്കുന്നതില്‍ ഡല്‍ഹി പോലീസ് വിമുഖത കാണിച്ചിരുന്നു. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് വിടുവേല ചെയ്യുന്ന യൂണിവേഴ്‌സിറ്റി അധികൃതരും സമാന നിലപാട് തന്നെയാണ് തുടക്കം മുതല്‍ സ്വീകരിച്ചു വന്നത്. ശക്തമായ വിദ്യാര്‍ഥി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി തന്നെ നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ നജീബിനെ അക്രമിച്ചവരെന്ന് കണ്ടെത്തിയ എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ നിലവിലെ ഹോസ്റ്റലില്‍ നിന്നും മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റുക എന്ന ചെറിയ അച്ചടക്ക നടപടി മാത്രം എടുത്ത് സര്‍വകലാശാല വിഷയത്തില്‍ നിന്നും തടിയൂരുകയായിരുന്നു. അതുതന്നെ നജീബിന് നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നിരന്തരം സമരം നടത്തിയത് കൊണ്ട് മാത്രം. എന്നാല്‍ നജീബിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും നജീബിനെ അക്രമിച്ച വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാന്‍ പോലും ആദ്യം കേസ് അന്വേഷിച്ച ഡല്‍ഹി പോലീസോ തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ യോ തയ്യാറായിട്ടില്ലെന്നത് അന്വേഷണ ഏജന്‍സികളുടെ സംഘി വിധേയത്വം ബോധ്യപ്പെടുത്തുന്നതാണ്. നജീബിനെ കണ്ടെത്താനും നജീബിനെ അക്രമിച്ച വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ ഉറപ്പു വരുത്താനും ശ്രമിക്കേണ്ട പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ സംവിധാനങ്ങള്‍ നജീബിനെ തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് ആദ്യം മുതല്‍ ശ്രമിച്ചു കൊണ്ടിരുന്നത്. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് നജീബിന് ഐ.എസുമായി ബന്ധമുണ്ടായിരുന്നു എന്ന് പോലീസിനെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം. പോലീസ് ഈ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നുവെങ്കിലും മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പടച്ചുണ്ടാക്കുന്നതില്‍ അന്വേഷണ ഏജന്‍സികളുടെ കരങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെടുത്തി തരുന്നതാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം. നജീബിനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി പോലീസിനെ മാറ്റി ഡല്‍ഹി ഹൈകോടതി അന്വേഷണ ചുമതല സി.ബി.എക്ക് കൈമാറിയിട്ട് അഞ്ച് മാസമായിട്ടും കേസന്വേഷണത്തില്‍ ഇതുവരെയും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

അറിവും അധികാരവും കുത്തകയാക്കി വെച്ചിരുന്ന ബ്രാഹ്മണാധീശത്വത്തിന് കീഴൊതുങ്ങാത്തവരെയും വെല്ലുവിളി ഉയര്‍ത്തുന്നവരേയും ഉന്മൂലനം ചെയ്യുക എന്നതാണ് കാലങ്ങളായി തുടര്‍ന്ന് വരുന്ന ബ്രാഹ്മണ നീതി. അമ്പൈത്ത് വിദ്യയില്‍ തന്റെ അരുമ ശിഷ്യനായ അര്‍ജുനനേക്കാള്‍ വൈദഗ്ധ്യം കാണിച്ച കീഴാളനായ ഏകലവ്യന്റെ വിരല്‍ ഗുരു ദക്ഷിണയായി ഛേദിച്ചായിരുന്നല്ലോ ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഗുരുവായ ദ്രോണാചാര്യര്‍ നീതി നടപ്പിലാക്കിയതും അര്‍ജുനന്റെ അധികാരം നിലനിര്‍ത്തിയതും. അതേ ദ്രോണാചാര്യന്റെ പേരിലാണ് ഇന്നും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച കായിക പരിശീലികനുള്ള അവാര്‍ഡ് നല്‍കുന്നതെന്നത് എന്തുമാത്രം ആഭാസമാണ്! ബ്രാഹ്മണ അധീശ സംസ്‌കാരം ഇന്നും അതിശക്തമായി നിലനില്‍ക്കുന്ന ഇന്ത്യയിലെ ഉന്നത കലാലയങ്ങളില്‍ അഭിനവ ദ്രോണാചാര്യന്മാരും അവരുടെ സില്‍ബന്ധികളുമാണ് വാഴുന്നതെന്ന് തന്നെയാണ് പുരോഗമന കലാലയമെന്ന് മേനി നടിക്കാറുള്ള ജെ.എന്‍.യു വിലെ നജീബ് അഹമ്മദിന്റേയും ഹൈദരാബാദ് എച്ച്.സി.യു വിലെ രോഹിത് വെമുലയുടേയും അനുഭവങ്ങള്‍ നമുക്ക് വെളിപ്പെടുത്തി തരുന്നത്.

2006ല്‍ യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ഒ.ബി.സി സംവരണം നടപ്പിലാക്കിയതിന് ശേഷം ജെ.എന്‍.യു, എച്ച്.സി.യു പോലുള്ള രാജ്യത്തെ ഉന്നത സര്‍വകലാശാലകളുടെ ഡെമോഗ്രാഫിയിലും അതിനെ തുടര്‍ന്ന് അവിടത്തെ രാഷ്രീയ സംസ്‌കാരത്തിലും ഉണ്ടായിട്ടുള്ള മാറ്റം വളരെ വ്യക്തമാണ്. ദളിത് ആദിവാസി മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാലകളില്‍ തങ്ങളുടെ രാഷ്ട്രീയവും മുദ്രവാക്യങ്ങളും ഉയര്‍ത്താന്‍ തുടങ്ങിയത് തീര്‍ച്ചയായും പുരോഗമനത്തിന്റെ മേല്‍ കുപ്പായമിട്ടിരുന്ന അധീശ ബ്രാഹ്മണ ജാതി വംശീയ ബോധത്തെ ചെറുതൊന്നുമല്ല ഉലച്ചത്. അംബേദ്കറും ഫൂലെയും പെറിയാറും കാന്‍ഷിറാമും മൗദൂദിയും മാല്‍ക്കം എക്‌സും ക്യാമ്പസുകളില്‍ മുഖ്യ ചര്‍ച്ചയാകുന്നതും, ജെയ് ഭീമും നീല്‍ സലാമും അസ്സലാമും ഇന്‍ഷാ അല്ലായും മുദ്രവാക്യമായും ഉയരുമ്പോള്‍ ഭീതിക്കടിപ്പെടുന്നത് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകളും പുരോഗമന മേല്‍കുപ്പായമിട്ട ഹിന്ദുത്വത്തിന്റെ വക്താക്കളുമാണ്. സര്‍വകലാശാലകളില്‍ അക്കാദമിക മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി തങ്ങളുടെ സില്‍ബന്ധികളെ കുടിയിരുത്തിയും, ഫീസ് വര്‍ധിപ്പിച്ചും ഗവേഷണ രംഗത്ത് വലിയ തോതില്‍ സീറ്റുകള്‍ വെട്ടിക്കുറച്ചും പൊതു വിദ്യാഭ്യാസത്തെ തകര്‍ത്ത് കീഴാള ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഭാവി തകര്‍ക്കാനും ക്യാമ്പസുകളില്‍ നിന്നും ഉയര്‍ന്നു വരുന്ന ദലിത് മുസ്‌ലിം ബഹുജന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പുതു ജനാധിപത്യ മുന്നേറ്റങ്ങളെ മുനയൊടിക്കാനുമുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തുന്നുണ്ട്. ദലിത് മുസ്‌ലിം വിദ്യാര്‍ഥികളെ കാണാതാക്കിയും ഇന്‍സ്റ്റിറ്റ്യൂട്ടല്‍ മര്‍ഡറിനു വിധേയമാക്കിയും ക്യാമ്പസുകളില്‍ ബ്രാഹ്മണാധികാരം നടത്തുന്ന വയലന്‍സിനു പുറമെയാണിത്.

നജീബ് വിഷയത്തിലുള്ള ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ദലിത് മുസ്‌ലിം ബഹുജന്‍ വിദ്യാര്‍ഥികളുടെ നേതൃത്തില്‍ ക്യാമ്പസുകളില്‍ ഉയര്‍ന്നു വരുന്ന നവ ജനാധിപത്യ മുന്നേറ്റങ്ങളെ വര്‍ഗീയ, തീവ്രവാദ ചാപ്പ കുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നതില്‍ ഹിന്ദുത്വ ശക്തികളെ പോലെയോ അല്ലെങ്കില്‍ അതിനേക്കാളോ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നജീബ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് മുസ്‌ലിം വിഷയങ്ങളിലെ ഇടതുപക്ഷത്തിന്റെ കാപട്യം വ്യക്തമാക്കുന്നത് കൂടിയാണ്. എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ അക്രമിച്ച രാത്രി തന്നെ നജീബിനെ കുറ്റവാളിയായി ചിത്രീകരിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പു വെച്ചത് ജെ.എന്‍.യു വിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ നേതാക്കളാണ്. ജെ.എന്‍.യു വിലെ പ്രബല വിദ്യാര്‍ഥി സംഘടനകളായ ഐസയും എസ്.എഫ്.ഐ യും ഉള്‍പ്പെടുന്ന ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നജീബ് വിഷയത്തില്‍ ആദ്യ ഘട്ടത്തില്‍ സമരങ്ങളില്‍ സജീവമായിരുന്നെങ്കിലും പതിയെ സമര രംഗത്ത് നിന്ന് പിന്മാറുകയും നജീബിനെ മറവിക്ക് വിട്ടുകൊടുക്കുകയുമായിരുന്നു. എന്നു മാത്രമല്ല നജീബ് വിഷയം ദേശീയ തലത്തില്‍ ഉയര്‍ത്തികൊണ്ടുവന്ന എസ്.ഐ.ഒ പോലുള്ള മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍ വിഷയം വര്‍ഗീയ വല്‍ക്കരിക്കുകയാണെന്നാണ് ജെ.എന്‍.യു വിലെ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പ്രചരിപ്പിച്ചത്. കന്‍ഹയ്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ട ഫെബ്രുവരി 9 ഇഷ്യൂവിന്റെ സമയത്ത് ക്യാമ്പസിനകത്തും പുറത്തും വലിയ സമര പരമ്പരകള്‍ നടത്തിയ ഇടതുപക്ഷ സംഘടനകള്‍ നജീബ് എന്ന മുസ്‌ലിം വിദ്യാര്‍ഥിയുടെ തിരോധാനത്തെ കേവലമൊരു വിദ്യാര്‍ഥി പ്രശ്‌നം മാത്രമായി ചിത്രീകരിച്ച് മറവിക്ക് വിട്ടു കൊടുക്കുകയാണ് ചെയ്തത്.

നജീബ് എവിടെയെന്ന് നിരന്തരം ചോദിച്ചു കൊണ്ടിരിക്കല്‍ ഈ സാഹചര്യത്തില്‍ വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനവും പ്രതിരോധവും പ്രതിഷേധവുമാണ്. ഫാഷിസത്തിന് അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ മറവിയുടെ അഗാധ ഘര്‍ത്തങ്ങളില്‍ അതിവേഗം മുങ്ങിമരിക്കുന്ന കാലത്ത് നജീബിനേയും രോഹിതിനെയുമെല്ലാം വീണ്ടും വീണ്ടും ഓര്‍മ്മിക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. നജീബ് എവിടെ, നജീബിന് എന്തുപറ്റി, നജീബിനെ നിങ്ങള്‍ എന്തു ചെയ്തു എന്ന് നാം നിരന്തരം ചോദിച്ചു കൊണ്ടേയിരിക്കുക.

Related Articles